എല്ലാ കലകളുമെന്ന പോലെ നല്ല  കഥയും മൗലികമായിരിക്കുന്നത്രയും തന്നെ പ്രതിരോധാത്‌മകവുമാണ്. സാങ്കേതികവിദ്യയുടെ വ്യാപനത്തിന്റേതായ പുതുകാലത്ത് യന്ത്രങ്ങളുടെ അധീശത്വം, ആഗോളവൽക്കരണം, വിപണി ശൃംഖലകൾ ഊറ്റിയെടുക്കുന്ന മാനവികത തുടങ്ങി അത്യന്തം സങ്കീർണമായ ജീവിത യാഥാർത്ഥ്യങ്ങളും അതിനനുരോധമായ പ്രമേയ പരിസരങ്ങളും കഥയിലേക്കു യുക്‌തിഭദ്രമായിത്തന്നെ കടന്നു വരുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പ്രതിരോധാത്‌മക മൂല്യങ്ങൾ കൊണ്ടാണ് മിക്കവാറും അത്തരം കഥകൾ ശ്രദ്ധേയമാവുന്നതും. നവസാങ്കേതിക വിദ്യ തുറന്നിടുന്ന സാധ്യതകൾ വിസ്‌മയിപ്പിക്കുമ്പോൾത്തന്നെ അവയുടെ നൈതികവും സാംസ്‌കാരികവും രാഷ്‌ട്രീയവുമായ മൂല്യങ്ങളും നീതികളും മനുഷ്യ വിരുദ്ധമാണെന്ന ധാരണയിൽ നിന്നാവാം ആന്തരിക ഘടനയിലെങ്കിലും അവ സാങ്കേതികതയ്ക്കു പുറം തിരിഞ്ഞു നിൽക്കുന്നതും പലപ്പോഴും പ്രതിലോമപരമായ നിലപാടുകൾ സ്വീകരിക്കുന്നതും. അതാണ്  സുരക്ഷിതമായ രാഷ്‌ട്രീയ ഭൂമികയെന്നും എഴുത്തുകാർക്കറിയാം. ഇത്തരം തനതു വഴിയിൽ നിന്ന് അൽപ്പമൊന്നു മാറി നടക്കുന്നു. അമിത് കുമാർ സമകാലിക മലയാളത്തിലെഴുതിയ മഹാമായ എന്ന കഥ. മഹാമായ വളരെ കൗതുകകരമായും സ്വാഭാവികമായും യന്ത്രവൽക്കരണത്തിന്റെ സാംസ്‌കാരിക യുക്‌തികളെ വിശകലനം ചെയ്യുന്നുണ്ട്. മൂല്യങ്ങളുടെ, ധാർമ്മികതയുടെ പരമ്പരാഗതധാരണകളിൽ നിന്നുള്ള വേർപെടലൊന്നുമല്ല കഥയെ ശ്രദ്ധേയമാക്കുന്നത്. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള ഭേദങ്ങളില്ലാതാവുന്ന, യന്ത്രംതന്നെ മനുഷ്യനാവുന്ന – തിരിച്ചാണ് വിവര സാങ്കേതിക വിദ്യയുടെ ആഗോളതലത്തിലുള്ള അതിദ്രുത പ്രചാരകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് – ഒരുതരം വിമോചന സങ്കൽപ്പവും സ്വാതന്ത്ര്യ തൃഷ്‌ണയുമാണ് ഈ കഥയുടെ സവിശേഷതയെന്നു തോന്നാം.

ബാങ്കിലേക്ക് ഉപഭോക്‌താക്കളെ ആകർഷിക്കാനും അവരെ കൈകാര്യം ചെയ്യാനും ഇറക്കുമതി ചെയ്യപ്പെട്ട മായയെന്ന യന്ത്രയുവതിയാണ് കഥാനായിക. മനുഷ്യനല്ല, എന്നാൽ എല്ലാത്തരത്തിലും മനുഷ്യനാണ്. ഈയൊരവസ്ഥ, ഒരു സാംസ്‌കാരികോൽപ്പന്നമായി യന്ത്രസ്‌ത്രീയെ മാറ്റുന്നു. യന്ത്രമനുഷ്യരെയാണ് നമുക്കു പരിചയം. അവയ്ക്കു ലിംഗമില്ല, ഉണ്ടെങ്കിൽ അതു പുരുഷന്റേതാണുതാനും. അത്തരത്തിലാണ് സമൂഹമനസ് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.  യന്ത്രസ്‌ത്രീ എന്ന പരികൽപ്പന അതുകൊണ്ടുതന്നെ പുതുമയുള്ളതാണ്.

യന്ത്രത്തിന്റെ ലിംഗപദവി (ജെൻഡർ) സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. മനുഷ്യനല്ലാതിരിക്കുക, എന്നാൽ എല്ലാത്തരത്തിലും മനുഷ്യനായിരിക്കുക എന്ന സ്വത്വ സംഘർഷവും ഭീകരമാണ്. അവളെ വിശേഷിപ്പിക്കാൻ ഭാരതീയ തത്വചിന്തയിൽ നിന്ന് മായ എന്ന വാക്കു സ്വീകരിക്കുന്നു. മായയെ പരിശീലിപ്പിക്കാനും നിർദ്ദേശങ്ങൾ കൊടുക്കാനും നിയോഗിക്കപ്പെട്ട മനുഷ്യ സ്‌ത്രീയുടെ പേരും മായയെന്നാണ്. മനുഷ്യമായയാണ് അവൾക്ക് ഉണ്ണിമായയെന്ന ഓമനത്തമുള്ള പേരു നൽകുന്നത്. അതിബുദ്ധിമതിയായ  ഉണ്ണിമായ എല്ലാവരാലും ആകർഷിക്കപ്പെടുന്നു. അവളുടെ ശരീരം സാധാരണ യന്ത്രമനുഷ്യരുടേതു പോലെ നിർജീവമോ പരുക്കനോ അല്ല.  മനുഷ്യരുടേതു പോലെ, ഒരു പക്ഷേ അതിനേക്കാൾ മൃദുവാണ്. മായയെപ്പോലും ഒരു മാത്ര ഭ്രമിപ്പിക്കുന്നു അവളുടെ ശരീരം. നിറം, ഭാവം ഇവയിലെല്ലാം ഉണ്ണിമായയുടെ ശരീരം സവർണാഭിരുചികൾക്കിണങ്ങും വിധം സ്വാഭാവികവല്ക്കരിക്ക (Normalised) പ്പെട്ടതാണ്. പുരുഷന്റെ നോട്ടങ്ങൾക്കനുരൂപമാം വിധം പരുവപ്പെട്ട പ്രദർശനവസ്‌തുവെന്ന പദവികൂടി ഉണ്ണിമായയ്ക്കുണ്ട്. ആ യന്ത്ര ശരീരവും സാംസ്ക്കാരികമായ മുദ്രകൾ പതിഞ്ഞതാവുന്നുവെന്നു ചുരുക്കം. ജൈവ ശരീരമല്ലാതിരിക്കുമ്പോൾത്തന്നെ അത് സാമൂഹിക ശരീരമാവുന്നുവെന്നതാണ് കഥ സൂചിപ്പിക്കുന്ന വൈരുദ്ധ്യം. തന്റെ ഭർത്താവിന്റെതടക്കം അവളെ നോക്കുന്ന ആൺ കണ്ണുകളിലെല്ലാം കാമം കണ്ടെടുക്കാൻ മായയ്ക്കു കഴിയുന്നു. അതിനെ പ്രതിരോധിക്കാൻ ഉണ്ണിമായയ്ക്കു കഴിയില്ലെന്നത് അവളെ അലട്ടുന്ന വലിയ പ്രശ്‌നമായിത്തീരുന്നു. അപ്‍ഡേഷനിൽ ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാനുള്ള സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യിക്കുന്നതും അതുകൊണ്ടാണ്. മഹാമായ യന്ത്രസ്‌ത്രീകൾ വ്യാപകമാവുന്ന സമീപ ഭാവിയിൽ അവ നേരിടാനിടയുള്ള ഗുരുതരമായ ചില ആക്രമണങ്ങളെക്കുറിച്ചും മലയാളി പുരുഷന്റെ ലൈംഗികവിശപ്പിനെക്കുറിച്ചുമാണ് വ്യംഗ്യമായി സംസാരിക്കുന്നത്. സ്വന്തമായി തീരുമാനമുള്ള, ബാഡ് ടച്ചിനെതിരെ ആരുടേയും നിർദ്ദേശമില്ലാതെ പ്രതികരിക്കാൻ കെൽപ്പുള്ള കർത്തൃത്വ പദവിയിലേക്ക് ഉയരുമ്പോഴും ഉണ്ണിമായയ്ക്ക് ലൈംഗികവസ്‌തുവെന്ന ചിരന്തനമായ സ്‌ത്രീയവസ്ഥയിൽ നിന്നു പരിവർത്തനമുണ്ടാകുന്നില്ലെന്ന് ഈ കഥ  മലയാളി പൊതുബോധത്തെ മുറിപ്പെടുത്തുന്നു. ടെക്‌നോഫാസിസം, ടെക്‌നോഫോബിയ പോലെ സമകാല കഥകളിൽ കടന്നു വരുന്ന സാങ്കേതികതയുടെ പതിവ് ആഖ്യാന പാതകളിലൂടെയല്ല മഹാമായയുടെ സഞ്ചാരമെന്നത് കൗതുകകരമാണ്.

ചന്ദ്രിക ആഴ്‌ച്ചപ്പതിപ്പിൽ ഷിജു ചെറുതാഴം എഴുതിയ മാങ്കാച്ചി എന്ന കഥ രണ്ടു ലോകങ്ങളിലൂടെ, മനുഷ്യാവസ്ഥകളിലൂടെയുള്ള ഇടവിട്ടുള്ള യാത്രയാണ്. ചെക്ക്ണ്യൻ എന്ന വൃദ്ധന്റെ, ആദിമ വാസനകളിലേക്കും  പ്രകൃതിയിലേക്കുമുള്ള ഒളിച്ചോട്ടമാണ് അതിലൊന്ന്. മകന്റെ നഗരത്തിലെ ഫ്ലാറ്റ് തടവറയിൽ നിന്നും ചെക്ക്ണ്യൻ തന്റെ ചങ്ങാതികൾക്കടുത്തേക്ക്, അവരഞ്ചുപേരും ചേർന്ന് കാടിന്റെ നിഗൂഢതകളിലേക്ക് ഓടിപ്പോവുന്നു. അച്ഛൻ പോയതിനു ശേഷമുള്ള അനിരുദ്ധന്റെ നഗരജീവിതവും അതിന്റെ സ്വാഭാവികമായ ഒഴുക്കുമാണ് കഥയുടെ മറ്റൊരടര്. അച്ഛനെ കാണാതാവൽ അത്രയൊന്നും ആഴത്തിൽ അനിരുദ്ധനെ തൊടുന്നില്ല. മകൻ സത്യപ്രകാശിനു മാത്രമാണ് മുത്തച്ഛന്റെ തിരോധാനം വേദനയുണ്ടാക്കുന്നത്. ചെക്ക്ണ്യന്റെ കാട്ടുയാത്ര, തേടലുകൾ, സത്യപ്രകാശിന്റെ ഡെങ്കിപ്പനി, ആശുപത്രിവാസം എന്നിങ്ങനെ കഥ നീളുന്നു. കാട്ടിനുള്ളിൽ മാമ്പഴം പറിച്ചുകൂട്ടി നീരെടുത്ത് മാങ്കാച്ചിയുണ്ടാക്കി ജീവന്റെ നിലനിൽപ്പിന് അനിവാര്യമായ നെടുനീളൻ ശ്വസനത്തിന്റെ ആശ്വാസവുമായി അതു നുണയുന്നു ചെക്ക്ണ്യനും കൂട്ടുകാരും. ഫ്ലാറ്റിൽ നിന്ന് കാടിന്റെ സ്വച്ഛതയിലേക്കും വിശാലതയിലേക്കുമുള്ള വിമോചനം അവർക്കതൊരു പുനർജന്മമാണ്. പക്ഷേ അതേ സമയം നഗരത്തിൽ സത്യപ്രകാശ് മരണത്തിനു കീഴടങ്ങുന്നു. അവന്റെ നാവും ഏതോ മാങ്കാച്ചിയുടെ പ്രാചീനമായ രുചി തേടി ചുണ്ടുകളെ ഉഴിയുന്നു. രണ്ടു കാലങ്ങളെ, സാമൂഹിക സാംസ്‌കാരിക കാലാവസ്ഥകളെ സമന്വയിപ്പിക്കാനുള്ള ശ്രമം ശ്രദ്ധേയമാവുന്നുണ്ട്. പ്രത്യക്ഷത്തിൽ പരസ്‌പര വിരുദ്ധമെങ്കിലും ആന്തരികമായ സമാനതകൾ പുലർത്തുന്ന രണ്ടിഴകളെ കൂട്ടിപ്പിന്നുന്ന കഥനതന്ത്രം പലപ്പോഴും പാളിപ്പോവുന്നുവെന്നതാണ് കഥയുടെ പരിമിതി. ചെക്ക്ണ്യന്റെ പ്രയാണത്തേയോ സത്യപ്രകാശന്റെ മരണത്തേയോ ആഴത്തിലനുഭവിപ്പിക്കുന്നില്ല ഒരിടത്തും ഈ കഥ. രണ്ടും രണ്ടായിത്തന്നെ നിൽക്കുന്നു, രണ്ടിടത്തു തന്നെ നിൽക്കുന്നു.

വിരസമായ കഥ ദീർഘവും കൂടിയാവുന്നതുകൊണ്ട് വായനക്കാർക്ക് കൊടിയ പീഡാനുഭവം ആയിത്തീരുന്നുവെന്നതിനു മികച്ച ദൃഷ്‌ടാന്തങ്ങളാണ് യു.കെ കുമാരൻ (ദേശാഭിമാനി), വർഗീസ് അങ്കമാലി (മാധ്യമം) എന്നിവരുടെ കഥകൾ .

മലയാള കഥയിലെ തീവ്രശോഭയാർന്ന ഒരു കാലത്തെ സ്വയം സൃഷ്‌ടിക്കാൻ കഴിഞ്ഞ എം. സുകുമാരന്റെ കഥകൾ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്‌മരണ ലേഖനങ്ങളോടൊപ്പം മിക്ക വാരികകളും പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് അനായാസമായ, സുഖകരമായ  ആത്‌മാവിഷ്‌കാരമല്ല, സ്വയം കത്തുന്ന ആത്‌മപ്രകാശനമെന്നു തെളിയിക്കുന്ന കഥകൾ.

– ജിസാ ജോസ്

5 Comments
 1. V Thomas 6 months ago

  Reading pleasure…. true to words..

 2. Babu Raj 6 months ago

  മനോഹരമായ റിവ്യൂ, പതിവുപോലെ!

 3. Jayakumar 6 months ago

  Good reviews…

 4. Priya 6 months ago

  Wonderful review..

 5. George 6 months ago

  എഴുത്തുകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അതിനെ വിശകലനം ചെയ്യാനുമുള്ള താങ്കളുടെ അറിവിനെയും കഴിവിനേയും ആശംസിക്കുന്നു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account