പുരുഷൻമാരാണ് വേട്ടയാടുന്നതും സഞ്ചരിക്കുന്നതും. സ്‌ത്രീ ഒരു സ്ഥലത്തു തന്നെ താമസിക്കുന്നു, കാത്തിരിക്കുന്നു, വിശ്വസ്‌തയായിരിക്കുന്നു. അസാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സ്‌ത്രീകളെ ചുറ്റിപ്പറ്റിയാവുന്നതിൽ ചരിത്രപരമായ നീതിയുണ്ടാവുന്നതങ്ങനെയാണെന്ന അർത്ഥത്തിൽ റൊളാങ്‌ ബർത് (A Lovers Discourse) പറയുന്നത് സ്‌ത്രീകളുടെ സഞ്ചാരപഥങ്ങളെക്കുറിച്ചുള്ള അലിഖിതമായ ചില നിയമാവലികളെക്കൂടി സൂചിപ്പിക്കുന്നുണ്ട്.  പുരുഷന്മാരായിരുന്നു എപ്പോഴും സഞ്ചാരികൾ. ഏകാന്തവും കൂട്ടുചേർന്നതുമായ പലതരം സഞ്ചാരങ്ങൾ, പുതിയ കാഴ്ച്ചകൾ, കീഴടക്കലുകൾ, ആത്‌മീയാനുഭൂതികൾ, ആനന്ദം, ജ്ഞാനം, ഇങ്ങനെ പലവിധ ലക്ഷ്യങ്ങളോടെ പുരുഷന്റെ സഞ്ചാരങ്ങൾ അനന്തമായി തുടർന്നു.  സ്‌ത്രീകളുടെ യാത്രകളാവട്ടെ പുരുഷനൊപ്പമുള്ള അനുയാത്രകൾ മാത്രമായിരുന്നു. അവളുടെ അധ്വാനവും പ്രത്യുത്‌പാദനശേഷിയും മാത്രമല്ല, സഞ്ചാരസ്വാതന്ത്ര്യവും പുരുഷനായിരുന്നു നിയന്ത്രിച്ചിരുന്നതെന്നു സാരം. സ്‌ത്രീകളുടെ സ്വതന്ത്രമായ യാത്രകൾക്ക് വളരെയധികം ദൃശ്യത കൈവന്ന പുതിയ കാലത്തും പക്ഷേ സ്വേച്ഛയോടെ സഞ്ചാരങ്ങൾ നടത്തുന്ന സ്‌ത്രീകളുടെ എണ്ണം പരിമിതമാണ്.

ശ്രീകണ്ഠൻ കരിക്കകം മാധ്യമം (ലക്കം 1049) ആഴ്ച്ചപ്പതിലെഴുതിയ രണ്ടു സഞ്ചാരിണികൾ എന്ന കഥ 73-ഉം 75-ഉം വയസ്സു ള്ള രണ്ടു സ്‌ത്രീകൾ നടത്തുന്ന സാഹസികസഞ്ചാരത്തിന്റെ രസകരമായ ആഖ്യാനമാണ്. വീടിനും പരിസരത്തിനുമപ്പുറത്തേക്കധികമൊന്നും യാത്ര ചെയ്യാത്ത രണ്ടു വൃദ്ധ സ്‌ത്രീകൾ ഉച്ചനേരത്ത് അടുക്കള വരാന്തയിലെ കൽപ്പെട്ടിയിലിരുന്നു അവർക്കിഷ്‌ടമുള്ളിടത്തേക്കെല്ലാം സഞ്ചരിച്ചു. സ്വാഭാവികമായും ആ സഞ്ചാരങ്ങൾ അവർക്കു വിലക്കപ്പെട്ടതും ഒരിക്കലും അനുഭവിക്കാനിടയാവാത്തതുമായ ആനന്ദങ്ങളിലേക്കുള്ള ബലമായ കടന്നു ചെല്ലലായിരുന്നു. അനിവാര്യമായൊരു ജൈവവിധിയാൽ പരസ്‌പരം  ബന്ധിക്കപ്പെട്ടവർ. ലോക രാഷ്‌ട്രീയവും യുദ്ധങ്ങളും പ്രയാണങ്ങളും അഭയാർത്ഥി പ്രശ്‌നങ്ങളും സാഹിത്യവും തുടങ്ങി എല്ലാ മേഖലകളെക്കുറിച്ചും അവർ സംസാരിക്കുന്നു, ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിക്കുന്നു, എല്ലാ ലഹരികളും നുണയുന്നു. മറ്റാർക്കും അവരെ മനസിലാക്കാൻ സാധിക്കുന്നില്ല. രണ്ടു സ്‌ത്രീകളുടേയും  വീട്ടുകാർക്ക് ഇതെന്തോ ചികിൽസയർഹിക്കുന്ന മാനസിക പ്രശ്‌നമായേ കാണാൻ കഴിയുന്നുള്ളു. ഒടുവിൽ മാഞ്ചസ്റ്ററിൽ നടക്കുന്ന ഫുട്ബാൾ മത്‌സരം കാണാൻ യഥാർത്ഥമായും അവരപ്രത്യക്ഷരാകുന്നു. കളി നിരാശപ്പെടുത്തിയെങ്കിലും അവർ തിരിച്ചുവരാതെ കാണാത്ത ലോകങ്ങളുടെ സൗന്ദര്യമാസ്വദിച്ച് അലഞ്ഞു നടക്കുന്നു. രണ്ടു സ്‌ത്രീകളുടെ ഭ്രമാത്മകമായ സഞ്ചാരങ്ങളും അത്‌ഭുതകരമായ തിരോധാനവും വീണ്ടും പ്രത്യക്ഷപ്പെടലുമൊക്കെ, യാത്രകൾ നിഷേധിക്കപ്പെട്ടവരുടെ, വാർദ്ധക്യത്തിന്റെ പരിമിതികളെ മറികടക്കുന്നവരുടെ വിമോചനമായി വരയ്ക്കാൻ കഴിയുന്നതാണ് ശ്രീകണ്ഠൻ കരിക്കകത്തിന്റെ കഥയുടെ ഭംഗി.

മാധ്യമം (ലക്കം 1050) ലെ അജിലേഷ് പച്ചാട്ടിന്റെ കൂവ എന്ന കഥയും അതിന്റെ പ്രതിരോധ രാഷ്‌ട്രീയം കൊണ്ടു ശ്രദ്ധേയമാവുന്നു. പുതിയ കാലത്ത് പൗരസമൂഹം ഏകീകൃത സ്വഭാവവും പൊതുബോധവുമില്ലാത്ത ശിഥിലമായ കൂട്ടങ്ങളായി പരിണമിക്കപ്പെട്ടതിനെക്കുറിച്ചുള്ള ധാരാളം നിരീക്ഷണങ്ങളും ദൃഷ്‌ടാന്തങ്ങളും സുലഭമാണ്. മാനവികത എന്ന മൂല്യത്തിന് പ്രസക്‌തി  നഷ്‌ടപ്പെടുകയും മതം/രാഷ്‌ട്രീയാധികാരം/ലിംഗ പദവി തുടങ്ങി സമസ്‌ത  ഘടനകളും മനുഷ്യസ്വത്വത്തിനു മേൽ അധികാരത്തിന്റെ ആഘാതങ്ങളേൽപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യന്, മനുഷ്യരുടെ ചെറുകൂട്ടങ്ങൾക്ക് ഈ മൂല്യാധിനിവേശങ്ങളോടു ചെറുത്തു നിൽക്കുക അസാധ്യമാവുന്നു. അവർ അധികാരപക്ഷമുൽപ്പാദിപ്പിക്കുന്ന ആശയങ്ങളുടെ, പ്രത്യയശാസ്‌ത്രങ്ങളുടെ വക്‌താക്കൾ മാത്രമായി മാറുകയും ചെയ്യുന്നു. വ്യത്യസ്‌തമായ താത്‌പര്യങ്ങളുള്ള, വേറിട്ട അധികാരാധിനിവേശങ്ങളുടെ ഇരകളായ പലതരം സംഘങ്ങളും അവ തമ്മിലുള്ള സംഘർഷങ്ങളും ആദ്യാവസാനം ജിജ്ഞാസ നിലനിർത്തിക്കൊണ്ടു പറയുന്നുണ്ട്  കൂവ. പാർട്ടിപ്പണിക്കാരനായിരുന്ന, എന്നു വെച്ചാൽ പാർട്ടിക്കുവേണ്ടി കൊട്ടേഷൻ പണി ചെയ്‌തിരുന്ന കുപ്പനച്ചന്റെ  മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴാണ് അച്ഛന്റെ ശരീരത്തിലെ വെട്ടുകൊണ്ട പാട് ശവത്തിലില്ല എന്നും ഇത് അച്ഛനല്ല എന്നും മകൻ ദാസപ്പൻ തിരിച്ചറിയുന്നത്. ‘മരിച്ചാ പിന്നെ ശരീരം വെറും ഭൗതികാവശിഷ്‌ടമാണ്, കൂടുതൽ പ്രശ്‌നമാക്കാതെ ഇതങ്ങു ദഹിപ്പിച്ചാൽ പോരെ’ എന്ന പാർട്ടി നേതാവ് ഭാർഗവേട്ടന്റെ ഉപദേശം അയാൾ തള്ളിക്കളയുന്നു. കറിമസാല വിതരണത്തിനുള്ള പ്രജിയുടെ ഒമ്‌നിയിൽ ശവവും കൊണ്ടു പോവുന്ന മക്കളുടേയും ബന്ധുക്കളുടേയും സംഘം ആശുപത്രിയിലെത്തുമ്പോഴേക്ക് ശരിക്കുള്ള കുപ്പനച്ചന്റെ ദേഹം മറ്റൊരു കൂട്ടർ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. മതം മാറി മുസ്ലീമായ മുരിക്കുന്നത്ത് അപ്പുണ്ണിയുടെ ശവത്തിനു വേണ്ടി മകൻ അശോകനും അനുയായികളും വഴിക്കുവെച്ച് ആ ശവം തട്ടിയെടുക്കുന്നു. അവർക്കത് ഹൈന്ദവാചാരമുറയിൽ ദഹിപ്പിക്കണം. കള്ളിയത്ത് അഹമ്മദ് ഹാജിയുടെ ശവം കബറടക്കാൻ  കാത്തു നിൽക്കുന്ന അയാളുടെ മുസ്ലീം ബന്ധുക്കൾ കലാപമുയർത്തുന്നു. ഒടുവിൽ  ചിതയിൽ നിന്ന് പാതിവെന്ത കുപ്പനച്ചന്റെ ശരീരവും വീണ്ടെടുത്ത്  ഒരു വിധത്തിൽ വീട്ടിലെത്തുമ്പോൾ ഭാർഗവേട്ടൻ ദാസപ്പനെ വിളിച്ചു പറയുന്നു, ‘ആൾക്കാര് മൊത്തം പറയുന്നത് ഇത് കുപ്പച്ചനേട്ടനല്ലെന്നാ, ആ സ്ഥിതിക്ക് നമുക്കിത് അടക്കം ചെയ്യാൻ ബുദ്ധിമുട്ടാവും. ജനം പറയുന്നത് കേട്ടില്ലേൽ പാർട്ടിക്കു ക്ഷീണാവും, ജനത്തിന്റെ തീരുമാനമാ പാർട്ടിക്കും’. അടുത്തൊരു കലാപത്തിന്റെ സാധ്യത അവിടെ ആളിക്കത്തുന്നു. സറ്റയറിന്റെ സൂക്ഷ്‌മമായ വിന്യസനമാണ് കൂവയെ ശക്‌തമായ രാഷ്‌ട്രീയകഥയാക്കുന്നത്. അധികാരത്തേയും ആൾക്കൂട്ട മനശാസ്‌ത്രത്തേയും കഥ ബഹളങ്ങളില്ലാതെ പിന്തുടരുന്നു. പക്ഷേ കഥയിലെ ഏറ്റവും ശക്‌തമായ ധാര ഇതൊന്നുമല്ലതാനും. അത് ഒറ്റയ്‍ക്കൊരു സ്‌ത്രീ നടത്തുന്ന പ്രതിരോധവും രക്ഷപെടലുമാണ്. അധികാരത്തിനെതിരെ, ലൈംഗികമായ അധിനിവേശത്തിനെതിരെ ഒരു കീഴാള സ്‌ത്രീ സ്വയം രൂപപ്പെടുത്തിയെടുത്ത ആക്രമണതന്ത്രം. ജനക്കൂട്ടത്തിന്റേയോ  സ്ഥാപിത രാഷ്‌ട്രീയത്തിന്റേയോ ഒന്നും പിന്തുണയില്ലാത്ത ഒറ്റയാൾ പോരാട്ടം. കൂവ ദീർഘമായ കഥയാണ്. അൽപ്പം  എഡിറ്റിങ്ങുകളുണ്ടായിരുന്നെങ്കിൽ, ഒന്നുകൂടി ചെത്തിമിനുക്കിയിരുന്നെങ്കിൽ കൂടുതൽ ശക്‌തമായേനെയെന്നു തോന്നിപ്പോവുന്നു.

അംബികാസുതൻ മങ്ങാടിന്റെ ചിന്നമുണ്ടി (മാതൃഭൂമി ലക്കം 4) ഒറ്റ വായനയിൽ വെള്ളവും കുളിരും ചെടികളും മീനുകളും പറവകളുമൊക്കെയുള്ള ഒരു വെള്ളക്കെട്ടിൽ മുങ്ങി നിവരുന്നതിന്റെ സുഖം പകരുന്നുണ്ടെന്ന് നിസംശയം പറയാം. ഈ ഉഷ്‌ണകാലത്ത് അതത്ര ചെറിയ സുഖമല്ലതാനും. വന്യമായ കടന്നുകയറ്റങ്ങൾക്കു ശേഷവും കേരളത്തിലവിടവിടെയായി ഇത്തരം നീർച്ചാലുകൾ ഇന്നും ദുർലഭമല്ല.   കഥയിലത് പൈനാടൻചാലാണ്. ആ പ്രദേശത്തിന്റെ  പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് ,അവിടത്തെ സസ്യ-ജന്തുജാലങ്ങളെക്കുറിച്ച്, അതിന്റെ വൈവിധ്യങ്ങളെക്കുറിച്ച് വിശദമായ ശാസ്‌ത്രക്ലാസ് എടുത്തു തരുന്നുമുണ്ട് കഥ. അതിനു വേണ്ടിയാണ് പ്രവീണിനേയും ഗവേഷക വിദ്യാർത്ഥികളേയും കഥയിൽ ഘടിപ്പിച്ചിട്ടുള്ളത്. വിനായകൻ ദളിത് വിരുദ്ധ രാഷ്‌ട്രീയത്തിന്റെ ഇരയായി കഥയിൽ അവതരിപ്പിക്കപ്പെടുന്ന മറ്റൊരു കഥാപാത്രം. പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിൽ പരാമർശമുള്ള  പ്രാചീന നെൽവിത്തിനെക്കുറിച്ചുള്ള അന്വേഷണവും ആ പുരാവൃത്തവുമൊക്കെ കഥയ്ക്ക് ശാസ്‌ത്രത്തിന്റെ ആധികാരികതയ്‌ക്കൊപ്പം മിത്തിക്കലായൊരു പുരാതനഭംഗി കൂടി പകരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശാസ്‌ത്രവും പുരാവൃത്തവും പരസ്‌പര വിരുദ്ധമല്ലെന്നു കഥ സൂചിപ്പിക്കുന്നു. സമകാല കേരളരാഷ്‌ട്രീയത്തിൽ ആളിപ്പടരുന്ന കീഴാറ്റൂർ സമരം കവർസ്റ്റോറിയായി വന്ന ലക്കത്തിലാണ് ചിന്നമുണ്ടി പ്രസിദ്ധീകരിക്കുന്നത്. ലേഖനങ്ങളുടെ തുടർച്ചയായി അതേ വിഷയം പ്രതിപാദ്യമാക്കിയ കഥ ബോധപൂർവ്വം തന്നെ ചേർത്തതാവണം, ബോധപൂർവ്വം തന്നെ എഴുതിയതുമാവണം. കീഴാറ്റൂരിനെക്കുറിച്ചു കഥയിലും സൂചനയുണ്ട്. ചുരുക്കത്തിൽ സമകാലീന പരിസ്ഥിതിപ്രശ്‌നങ്ങളും ദളിത് വിരുദ്ധ പ്രത്യയശാസ്‌ത്രത്തിന്റെ തീക്ഷ്‌ണതയുമൊക്കെ യഥാവിധി സങ്കലനം ചെയ്‌തുണ്ടാക്കിയ രാഷ്‌ട്രീയ-പരിസ്ഥിതി കഥയാണ് ചിന്നമുണ്ടി. അധികാര ശ്രേണികൾ, അധീശ ശക്‌തികളുടെ ഹിംസാത്മകത, നിസഹായമായ കീഴടങ്ങലുകൾ, ഗ്രീൻ എത്തിക്‌സിന്റെ അഭാവം, ആസന്നമായ ദുരന്തം, ഇവയൊക്കെ കഥയിലുണ്ട്. ഒരു ലേഖനത്തിനു പറയാവുന്നിടത്തോളം കൃത്യമായി ഇവയൊക്കെ കഥ സംവേദനം ചെയ്യുന്നുമുണ്ട്. കഥയ്ക്കു പറയാവുന്നപോലെയല്ല, കഥ പറയേണ്ടതുപോലെയുമല്ല എന്നു വായനക്കാർ ശങ്കിച്ചു പോവാനിടയുണ്ടെന്നു മാത്രം.

മാതൃഭൂമി (ലക്കം 5)-ലെ വി.ജെ. ജയിംസിന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന കഥ അതേ പേരിലുള്ള സിനിമയുടെ, ആ സിനിമയുടെ കാലത്തിന്റെ, അക്കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ പാളിപ്പോയ ആഖ്യാനമാണ്. നാടിന്റെ ഹൃദയമിടിപ്പ് നിർണയിച്ചിരുന്ന രാഗിണി കൊട്ടക, തീയ്യേറ്ററുമായി ബന്ധപ്പെട്ട നാട്ടിൻ പുറത്തിന്റെ വിനോദ സംസ്‌കാരം, സിനിമ കണ്ടു കണ്ടു സത്യനോടുണ്ടായ ആരാധന, ഇടതുപക്ഷരാഷ്‌ട്രീയത്തിന്റെ മഹത്വ വൽക്കരണം, പാർട്ടിക്കുവേണ്ടിയുള്ള രക്‌തസാക്ഷിത്വം, നാട്ടിൻപുറ ചിത്രങ്ങൾ, കള്ളുഷാപ്പും കറികളും, ദാരിദ്ര്യം, ഇങ്ങനെ പ്രതീക്ഷിക്കാവുന്ന എല്ലാ ഗൃഹാതുര ബിംബങ്ങളും യഥേഷ്‌ടം ഉപയോഗിച്ചിട്ടുണ്ട് കഥ. സത്യൻ അവസാനമഭിനയിച്ച സഖാവിന്റെ ജീവിതത്തോട് പല വിധത്തിൽ സമാനമാണ് ചിത്രാംഗദന്റെ ഭൂതകാല ജീവിതവും. രക്‌തസാക്ഷിയുടെ മകൻ എന്ന ഇമേജ് കോളേജിലും അവനെ പിന്തുടരുന്നു. ഇലക്‌ഷൻ കാലത്ത് ഒരു കേസിൽ പെട്ട് നാടുവിട്ട് പിന്നീട് കോടീശ്വരനായി തിരിച്ചു വരുന്ന ചിത്രാംഗദൻ അപ്പോഴേക്ക് പ്രവർത്തനം നിലച്ച രാഗിണി കൊട്ടക വിലയ്‌ക്കെടുത്ത് മൾട്ടിപ്ലെക്‌സ് തീയറ്ററാക്കി ഉദ്ഘാടന ചിത്രമായി അനുഭവങ്ങൾ പാളിച്ചകൾ തന്നെ പ്രദർശിപ്പിക്കുന്നു. സമകാല രാഷ്‌ട്രീയത്തിന്റെ മൂല്യച്യുതികളെക്കുറിച്ചൊക്കെ സഖാവായിരുന്ന അച്ഛന്റെ  ആദർശാത്മകരാഷ്‌ട്രീയത്തിന്റേയും നിലനിൽപ്പിനുവേണ്ടി ഏതു പക്ഷത്തേക്കും ചായുന്ന ഭാർഗ്ഗവന്റെ അവസരവാദ രാഷ്‌ട്രീയത്തിന്റേയും പശ്ചാത്തലത്തിൽ ചിലതൊക്കെ പറയാൻ ശ്രമിക്കുന്നുണ്ട് കഥയെങ്കിലും അങ്ങേയറ്റം കൃത്രിമമായ ഒന്നായിരിക്കുന്നു വി.ജെ. ജയിംസിന്റെ അനുഭവങ്ങൾ പാളിച്ചകൾ.

സമകാലിക മലയാള ( ലക്കം:45) ത്തിലെ ഉണ്ണി ആറിന്റെ ഭാരത പര്യടനം അത്യന്തം വിരസവും ശുഷ്‌കവുമായ കഥയായി അനുഭവപ്പെടുന്നു. 10 വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകി ചന്ദ്രന് മഹാഭാരതം കിളിപ്പാട്ട് സമ്മാനിച്ച് പിരിഞ്ഞു പോവുന്നു. കൊടുത്തത് മഹാഭാരതമാണെന്ന് കഥയിൽ നിന്ന് ഊഹിച്ചെടുക്കാൻ അവിടവിടെയായി ചില ഈരടികളുദ്ധരിക്കുന്നതേയുള്ളു. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കർക്കടകമാസത്തിൽ നിത്യപാരായണത്തിനുപയോഗിക്കുന്നത് സംസാരദുഃഖശമനത്തിനുതകുമെന്ന വിശ്വാസം പോലെ മറ്റൊന്നാണ് മഹാഭാരതം വീട്ടിൽ നിത്യം വായിച്ചാൽ കുടുംബച്ഛിദ്രമുണ്ടാകുമെന്നത്. പുസ്‌തകം വായിച്ച് മുറിയടച്ചിരിക്കുന്ന ചന്ദ്രന് അതവിടെ സൂക്ഷിക്കാനാവാതെ വരുന്നു. അമ്മയുടേയും പെങ്ങളുടേയും നിർബന്ധം കൊണ്ട് പുസ്‌തകം തൽക്കാലം സുഹൃത്ത് മാത്തുക്കുട്ടിയെ ഏൽപ്പിക്കുന്നു. പക്ഷേ അവന്റെ അമ്മച്ചിയും ആ പുസ്‌തകത്തെ പുറന്തള്ളുന്നു. ഒടുവിൽ ഷാപ്പിലെ കറിക്കാരൻ വേലാച്ചിയോട് സൂക്ഷിക്കാനാവശ്യപ്പെടുമ്പോൾ അയാളും നിരസിക്കുന്നു. ഒരാളെ കുത്തിയ കത്തിയും ഇതും തമ്മിൽ വ്യത്യാസമൊന്നുമില്ല, അവളു നിനക്കിട്ട് താങ്ങീട്ടു പോയതല്ലേയെന്ന് മാത്തുക്കുട്ടി പുസ്‌തകത്തിന്റെ സ്‌ഫോടനാത്മകമായ സ്വഭാവം എടുത്തു കാണിക്കുന്നുമുണ്ട്. പുസ്‌തകം സൂക്ഷിക്കാനും ഉപേക്ഷിക്കാനും ഇടമില്ലാത്ത ചന്ദ്രൻ അതുമായി യുധിഷ്ഠിരന്റെ മഹാപ്രസ്ഥാനത്തെ അനുസ്‌മരിപ്പിക്കും വിധം തിരോഭവിക്കുന്നു. മഹാഭാരതം സൂക്ഷിക്കാനേൽപ്പിക്കാൻ ശ്രമിച്ച വേലാച്ചിയുടേത് മറ്റൊരു പേരായിരുന്നെങ്കിൽ ഈ കഥയ്ക്ക് വേറൊരു വിധം വായന സാധ്യമാവുമായിരുന്നുവെന്നതു മാത്രമാണ് കഥ അവശേഷിപ്പിക്കുന്ന ഒരേയൊരു വിചാരം.

മലയാളത്തിൽ (ലക്കം 46) സുസ്‌മേഷ് ചന്ത്രോത്തെഴുതിയ രാക്ഷസധർമ്മചതുഷ്‌ടയം രസകരമായ കഥയാണ്. പരനാരീസ്‌പർശനം, പരദ്രവ്യമോഹം, വേദാഭ്യാസം, ശിവഭക്‌തി ഇവ നാലും ചേർന്ന (ഇവയാണ്  രാക്ഷസധർമ്മചതുഷ്‌ടയം) ചാരുദത്തൻ ഭോഗിയായ വേദാന്തിയും വാധ്യാരുമാണ്. ഒരിക്കലും ഭോഗങ്ങളിൽ തൃപ്‌തിയടയാത്തവൻ. എത്ര ഗാഢമുറങ്ങിയിട്ടും പിന്നേയും ഉറങ്ങാൻ തോന്നുന്നു, ഉണ്ടു വരുമ്പോഴും ഉള്ളിലെ വിശപ്പണയാതെ കിടക്കുന്നു. രതിയടങ്ങാതെ, കേളികളിൽ മതിവരാതെ, സദാ അസ്വസ്ഥനാവുന്നു. ഒരു വിശപ്പും ശമിക്കുന്നില്ല എന്ന തത്വചിന്തയിൽ കൂസലില്ലാത്തവനാവുന്നു ചാരുദത്തൻ. ലൗകികമായ കാമനകളും രതിവാഞ്ജനകളും മനുഷ്യനെ അകപ്പെടുത്തുന്ന അന്തക്ഷോഭങ്ങളും സംഘർഷങ്ങളുമാണ് കഥയുടെ കാതൽ. ശരീരത്തിന്റെ ഉണർച്ചകളും നിഗൂഢമായ ആസക്‌തികളും നവീനമായി ആഖ്യാനം ചെയ്‌തത് കഥയ്ക്ക് പുതുമ പകരുന്നു. വിഷയം പഴയതെങ്കിലും. സുശീല, അവളുടെ മകൾ ചാന്ദ്‌നി, അവളുടെ വിധവയായ അമ്മ എന്നിങ്ങനെ അയാളുടെ ഭോഗതൃഷ്‌ണ മൂവരിലേക്കുമായി പടരുന്നു. പകരുന്നു. അതവിടെ ഒതുങ്ങുന്നതുമല്ല. വിലക്കുകൾ സൃഷ്‌ടിക്കുന്ന നിയമങ്ങളേയും നീതിബോധങ്ങളേയും അയാൾ ഉള്ളാലെ നിരസിക്കുന്നു. സുശീലയിൽ നിന്നു ചാന്ദ്‌നിയിലേക്കും മറ്റനേകം ശിഷ്യകളിലേക്കും അവരുടെ അമ്മമാരിലേക്കും മാറി മാറി സുരതാനന്ദമനുഭവിക്കുന്നതാണയാളുടെ സ്വപ്‌നം. ഖലീൽ ജിബ്രാന്റെ വരികളെ ഓർമ്മിപ്പിക്കും വിധം ശവകുടീരത്തിനകത്തെ ശവകുടീരത്തിലേക്ക് സഞ്ചരിക്കുന്ന കാമദാഹിയായ ചാരുദത്തന്റെ ആന്തരിക സംഘർഷങ്ങൾ നാടകീയമായിത്തന്നെ ആവിഷ്‌കരിക്കുന്നുണ്ട് കഥ. ഈ സംഘർഷങ്ങൾ ഒരു ചാരുദത്തന്റേതു മാത്രമല്ലെന്നതാണ് രാക്ഷസധർമ്മചതുഷ്‌ടയം നിഗൂഢമായി ധ്വനിപ്പിക്കുന്നതും.

– ജിസാ ജോസ്

4 Comments
 1. Priya 2 years ago

  Terrific reviews…

 2. Jayakumar 2 years ago

  Good review

 3. Anil 2 years ago

  Goid reading…

 4. Vijay 2 years ago

  നല്ല നിരൂപണം. എങ്കിലും, ഒരു സ്‌ത്രീപക്ഷ ഭാവം പലയിടത്തും പ്രതിഫലിക്കുന്നതായി തോന്നി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account