ജീവിതത്തിന്റെ അനിശ്ചിതമായ വഴികളും സങ്കീർണതകളും യുക്‌തിരാഹിത്യങ്ങളുമൊക്കെത്തന്നെയാണ് എന്നും കഥകൾക്ക് വിഷയം. അരക്ഷിതവും അസുഖകരവുമായൊരു സാമൂഹികാവസ്ഥയിൽ ഉല്ലാസത്തിനും ആശ്വാസത്തിനുമായി പറഞ്ഞു പറഞ്ഞു പന്തലിച്ചു വളർന്ന ഡെക്കാമറോൺ കഥകളിലും ജീവൻ തിരിച്ചു കിട്ടാനായി പറഞ്ഞ പ്രാണഭയം പുരണ്ട ആയിരത്തൊന്നു രാവുകളിലുമൊക്കെ ജീവിതവും ജീവിതത്തെക്കാൾ വിചിത്രമായ കഥയിലെ ജീവിതവുമുണ്ട്. ഫാന്റസികളുടെ, അത്ഭുതങ്ങളുടെ നിഗൂഢമായ വഴികളിലൂടെ ഒരു പാട് ചുറ്റിത്തിരിഞ്ഞ് ആഘോഷിച്ചും വിസ്‌മയപ്പെട്ടും ഒടുവിൽ കഥയിൽ നിന്നു പുറത്തിറങ്ങുന്ന പഴയ ഫെയറിടെയിലുകളല്ല പുതിയ കഥകളെന്നുള്ളതാണ് കാതലായ വ്യത്യാസം. കഥയ്ക്കു പുറത്ത് മറ്റൊരു ലോകം ഒരു സാധ്യത പോലുമല്ല ഇവിടെ. കഥയും ജീവിതവും അത്രയ്ക്കത്രയ്ക്ക് ഒന്നു തന്നെയാവുന്നു. സമകാലിക കഥകൾ കൂടുതൽ സംവാദാത്മകമായി, രൂക്ഷമായി ജീവിതത്തെ നിരീക്ഷിക്കുന്നു, പകർത്തുന്നു എന്നർത്ഥം.

സമകാലികമലയാളത്തിലെ (ലക്കം – 26) എം.ജി. ബാബുവിന്റെ ദിവാൻജി മൂലയെന്ന കഥ നഗരത്തിലെ കടയിൽ സെയിൽസ് ഗേളായ പെൺകുട്ടിയുടെ ചിന്തകളെയാണു പിന്തുടരുന്നത്. വൈകി മാത്രം കടയിൽ നിന്നിറങ്ങാൻ കഴിയുന്ന അവൾക്ക് നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കണം. ദിവാൻജി മൂലയെന്നു പേരുള്ള ബസ് സ്റ്റോപ്പിൽ ദിവാൻ പ്രതിമക്കരികിൽ അവൾ കാത്തു നിൽക്കുന്നു. അക്ഷമയോടെ കാത്തിരിക്കുമ്പോഴൊക്കെ എല്ലാവർക്കും സംഭവിക്കുന്നതു പോലെ അവളുടെ ബസ് വേഗമെത്തുന്നില്ല. അവിടെ വെച്ച് അവളോടു സംസാരിക്കാനും പരിചയപ്പെടാനും വ്യഗ്രത കാട്ടുന്ന അപരിചിതൻ. പെൺകുട്ടിയുടെ പേര് സൗമ്യ എന്നായതും അവളോട് സമയമെത്രയായി എന്ന സാധാരണ ചോദ്യം ചോദിച്ച്, എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ എന്നു പരിചയഭാവത്തിലേക്ക് നടന്നു കയറുന്ന അയാൾ ഒറ്റക്കയ്യനായതും നടുക്കുന്ന ഒരു ആകസ്‌മികതയാവുന്നു. ആൾക്കൂട്ടത്തിനിടയിൽ വെച്ചും അയാൾ ഹിംസാത്മകമായൊരാനന്ദമനുഭവിച്ചുകൊണ്ട് അവളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നു. സ്വകാര്യതകളിലേക്കുള്ള ഒരു കടന്നു കയറ്റം. ഓർമ്മകളുടെ താഴ് തുറക്കുന്നില്ലെങ്കിൽ പിന്നെ കള്ളത്താക്കോലിട്ട് തുറക്കാൻ ശ്രമിക്കരുത് എന്നവൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ തന്റെ പരുഷമായ വാക്കുകൾ കൊണ്ട് അവളിൽ അധികാരം സ്ഥാപിച്ചെടുക്കാൻ തുനിയുന്നു. അവർ എവിടെയോ വെച്ചു കണ്ടിട്ടുണ്ട് , അവളുടെ കുടുംബ പശ്ചാത്തലം അയാൾക്കറിയാം. അവൾക്കാവട്ടെ അയാളെ ഓർത്തെടുക്കാനേ ആവുന്നില്ല. (അവരെവിടെ വെച്ചാണ് മുമ്പു കണ്ടിരിക്കാനിടയെന്നത് വായനക്കാർക്കറിയാം, ആ ഓർമ്മ ഹൃദയം മരവിപ്പിക്കുന്നതുമാണ്). അതിനനുസരിച്ച് അയാളുടെ ശബ്‌ദത്തിൽ ഭീഷണി കലരുന്നു. ഭാഗ്യത്തിന് അവളുടെ ബസ് വരികയും അവളതിൽ ഓടിക്കയറി വാതിൽ വലിച്ചടച്ചു രക്ഷപെടുകയും ചെയ്യുന്നു. ബസിനു പിന്നാലെ, അവൾക്കു പിന്നാലെ, അയാൾ ഓടിക്കൊണ്ടേയിരിക്കുന്നു. അവളൊരു പൊതുവാഹനത്തിലാണെന്നത് അവളെ സുരക്ഷിതയാക്കുന്നില്ല എന്നത് യഥാർത്ഥ ജീവിതത്തിലെ സൗമ്യയ്ക്കു സംഭവിച്ചതെന്തെന്നറിയുന്നതുകൊണ്ട് നമുക്കും മനസിലാവുന്നു. കഥയിലെ സൗമ്യയും ഏതു നിമിഷവും ആക്രമിക്കപ്പെടാം. അയാളുടെ ഒറ്റക്കൈ മൂർച്ചയുള്ള ഉപകരണം പോലെ, ഒരു ലൈംഗിക ക്രിയയിലെന്നപോലെ അവളെ ഛേദിക്കാനായി അവൾക്കു പിന്നാലെ ഓടിയെത്തിക്കൊണ്ടിരിക്കുന്നു. സൗമ്യമാരെ പിന്തുടരുന്ന ഒറ്റക്കയ്യന്മാരുടെ ലോകത്തെ ആവിഷ്‌കരിച്ചിരിക്കുന്നത് മനപൂർവ്വം വികാരങ്ങളെല്ലാം ചോർത്തിക്കളഞ്ഞ ഭാഷയിലാണ്. അലിഖിതവും സ്‌ത്രീവിരുദ്ധവുമായ മൂല്യവ്യവസ്ഥകൾക്കുള്ളിൽ പുരുഷൻ അവളെ കീഴടക്കാനും മര്യാദ പഠിപ്പിക്കാനും ബലാൽക്കാരത്തെ ഒരുപാധിയും അവകാശവുമായി കാണുന്നു. സൗമ്യ ഒരാളല്ല, എല്ലാ സ്‌ത്രീകളുമാണ്.

മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലെ (ലക്കം – 38) സുസ്‌മേഷ് ചന്ത്രോത്തിന്റെ അപസർപ്പകപരബ്രഹ്മമൂർത്തി അൽപ്പം അപസർപ്പകസ്വഭാവം കൂടിയുള്ള കഥയാണ്. ഈഗിൾ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസിയിലെ കുറ്റാന്വേഷകയായ റീത്തയാണ് കഥ പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസ്യതയും ധാർമ്മികതയുമൊക്കെ മാറി മറിഞ്ഞ വർത്തമാനസാഹചര്യങ്ങളിൽ വിവാഹം ചെയ്യാൻ പോവുന്ന പുരുഷൻ വിശ്വസ്തനാണോ എന്നന്വേഷിക്കാൻ സീതാലക്ഷ്‌മി മേനോൻ എന്ന നർത്തകിക്ക് ഈഗിളിന്റെ സഹായം ആവശ്യമാവുന്നു. സ്‌ത്രീ പുരുഷ ബന്ധങ്ങളിലെ പ്രശ്‌നഭരിതമേഖലകളായ അധീശത്വബോധം, ലൈംഗിക അച്ചടക്കം തുടങ്ങിയവയെക്കുറിച്ച് തന്നെയാണ് സീതാലക്ഷ്‌മിക്കും അറിയേണ്ടത്. അയാൾ പറഞ്ഞതൊക്കെ സത്യമാണോ, വിശ്വസിക്കാമോ എന്നത് .കൃത്രിമവും അളന്നുകീറിയതുമായ ബന്ധങ്ങളുടെ വെടിപ്പും യാന്ത്രികതയുമാണ്. ആ സുരക്ഷിതത്വമാണ് സീതാലക്ഷ്‌മിക്കു വേണ്ടത്. അതേ വേണ്ടൂ.

കേരളത്തിലെ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസികളുടെ കാര്യക്ഷമമായ പ്രവർത്തന മികവിനെക്കുറിച്ചു പ്രശംസിക്കാൻ എഴുതപ്പെട്ടതാണ് ഈ കഥയെന്നു സംശയിക്കാനുള്ള സാധ്യതകളുമുണ്ട്. വേരുകൾ പോലും ചുഴന്നെടുക്കാനുള്ള അവരുടെ സാമർത്ഥ്യം,അതിനു വേണ്ടി ഏതറ്റം വരെയും പോകാനുള്ള വൈദഗ്ദ്ധ്യം. നരസിംഹന്റെ സ്വഭാവശുദ്ധിയെക്കുറിച്ച് റീത്ത എങ്ങനെയാണ് അന്വേഷണം നടത്തിയതെന്നോ ഗുഡ് സർട്ടിഫിക്കറ്റ് സമ്പാദിച്ചതെന്നോ കഥയിൽ പറയുന്നില്ല. പക്ഷേ അയാളുടെ കൗമാരകാല ഒളിച്ചോട്ടത്തിലെ നായിക കെ. എസ് മിനിയെത്തേടി ഭൂട്ടാൻ വരെ റീത്ത പോവുന്നുണ്ട്. ഭൂട്ടാനിലേക്കുള്ള യാത്ര, ഭൂപ്രകൃതി, മിനിയുമായുള്ള കൂടിക്കാഴ്ച്ച എല്ലാം വിശദമായിത്തന്നെ ആഖ്യാനം ചെയ്‌തിരിക്കുന്നു. നായരീഴവ വിവാഹബന്ധത്തിലെ ജാതീയ പ്രശ്‌നങ്ങൾ, അമ്മായിയമ്മപ്പോര്, പീഡനങ്ങൾ, ഭർത്താവിന്റെ നിസ്സംഗത, അയാളറിയാതെ നടത്തുന്ന അബോർഷൻ തുടങ്ങി താൽപ്പര്യകരമായ ചേരുവകളെല്ലാമുണ്ട് മിനി പറയുന്ന കഥയിൽ. 7 മാസത്തെ ആ ദാമ്പത്യത്തിനൊടുവിൽ സഹികെട്ട് മിനി ദൽഹിയിലേക്കും തുടർന്ന് ഭൂട്ടാനിലേക്കും രക്ഷപെടുന്നു. പൂർണമായും ഇല്ലാതായ ഈ പൂർവ്വബന്ധത്തിന്റെ കഥയ്ക്ക് സീതാലക്ഷ്‌മിയുടെ ജീവിതത്തിൽ മാത്രമല്ല അപസർപ്പകപരബ്രഹ്മമൂർത്തി എന്ന കഥയിലും ഒരു പ്രസക്തിയുമില്ലെന്ന് വായനക്കാർക്ക് കൃത്യമായി മനസിലാവുന്നുണ്ടെങ്കിലും അത് സീതാലക്ഷ്‌മിയോട് പറയാതെ ഒളിപ്പിക്കാൻ റീത്ത തീരുമാനിക്കുന്നത് ഡിറ്റക്റ്റീവ് ഏജൻസിയുടെ അതുവരെയുള്ള എല്ലാ വിശ്വാസ്യതയും നശിപ്പിക്കുന്ന തീരുമാനമായിപ്പോയി. .ഒപ്പം ഒരു കുഞ്ഞ് അബോർട്ട് ചെയ്യപ്പെട്ട, ഏക മകൻ മുൻഭാര്യയ്ക്കൊപ്പം കഴിയുന്ന, പ്രസവിക്കാൻ തയ്യാറല്ലാത്ത സ്‌ത്രീയെ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്റെ ഏകാന്തതയെക്കുറിച്ചും പരാമർശമുണ്ട്. പരസ്പ്പരപ്പൊരുത്തമില്ലാത്ത, വായനക്കാരുടെ യുക്‌തിബോധത്തെ പരിഹസിക്കുക പോലും ചെയ്യുന്ന സംഭവങ്ങളെ പക്ഷേ വായനാക്ഷമമായ ശൈലിയിൽ ആഖ്യാനം ചെയ്‌തിരിക്കുന്നുവെന്നതു മാത്രമാണ് എടുത്തു പറയേണ്ടത്.

സി.പി. രവീന്ദ്രന്റെ പറളിയുടെ കഥാകാരൻ (മാധ്യമം – 1031) മാധ്യമക്കാഴ്ച്ചകൾ മനുഷ്യജീവിതത്തെ ഗ്രസിക്കുന്ന വിധത്തെക്കുറിച്ച് സാമാന്യം വിരസമായും ദീർഘമായും പറയുന്നു. നിത്യവും സീരിയലുകൾ കണ്ട് അസാധാരണമാംവിധം അനുസരണയും വിധേയത്വവുമുള്ള രഘുനാഥ് എന്ന ഭർത്താവ്, കണ്ടു കൊണ്ടിരിക്കുന്ന സീരിയലിന്റെ ബാക്കി അറിയാൻ സ്വന്തം നാട്ടുകാരൻ കൂടിയായ കഥാകൃത്തിന്റെ വീട്ടിൽ കടക്കാൻ ശ്രമിക്കുന്നതും ഒടുവിൽ വിജയിക്കുന്നതും അവിടെച്ചെല്ലുമ്പോൾ അയാളെഴുതുന്നതെല്ലാം യഥാർത്ഥ മനുഷ്യരെക്കുറിച്ചാണെന്ന് തിരിച്ചറിയുന്നതുമാണ് കഥ. സ്വന്തം ജീവിതം എഴുത്തുകാരൻ എഴുതി വെച്ചതാണെന്നു ഭ്രമിച്ചു പോകുന്ന രഘുനാഥൻ മഴക്കാലമെന്ന സീരിയലിന്റെ കഥയ്ക്കു പകരം ജയ-രഘുനാഥൻ എന്നെഴുതി വെച്ച ഫയലിനുവേണ്ടി തിരച്ചിൽ തുടങ്ങുന്നു. ഓരോരുത്തരുടെയുംജീവിതത്തെ മാധ്യമങ്ങൾ രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ആഗോളീകരണ കാലത്തെ സ്വത്വ പ്രതിസന്ധിയെന്നൊക്കെ പറയാമെങ്കിലും കഥയുടെ സൂക്ഷ്‍മവും സൗന്ദര്യാത്മകവുമായ ചില അംശങ്ങളുടെ അഭാവം പറളിയുടെ കഥാകാരനെ വെറുമൊരു വർത്തമാനം പറച്ചിൽ മാത്രമാക്കിയതുപോലെ തോന്നിപ്പോവും.

-ജിസാ ജോസ്

2 Comments
  1. Babu Raj 12 months ago

    അവലോകനം നാന്നായിട്ടുണ്ട്

  2. ടocraties k valath 11 months ago

    നിഷ്പക്ഷത തോന്നിക്കുന്ന വിശകലനം.( കഥകൾ വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.) നന്ദി. സന്തോഷം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account