സംസ്‌കാരം വ്യക്‌തിയെ, അയാളുടെ വ്യക്‌തിത്വത്തെ രൂപപ്പെടുത്തുന്ന ആത്‌മീയവും ആദർശാത്‌മവുമായ ഘടകങ്ങളുടെ സഞ്ചയമാണെന്ന നിരീക്ഷണങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. മനുഷ്യന്റെ അസ്‌തിത്വത്തെ, താൻ നിലനിൽക്കുന്നു എന്ന അവബോധത്തെ നിർണയിക്കുന്ന ഭൗതികവും ഭൗതികേതരവുമായ തലങ്ങളെല്ലാം സംസ്‌കാരത്തിന്റെ പരിധിയിൽ വരുന്നു. അതുകൊണ്ടു തന്നെ മനുഷ്യന്റെ വ്യവഹാരങ്ങളെയെല്ലാം ക്രമീകരിക്കുന്നത് അയാളുടെ സംസ്‌കാരമാവുന്നു. കേവലമായ പ്രാദേശികമായ ഏതെങ്കിലും സവിശേഷതകളെയൊട്ടാകെ ചേർത്ത് സംസ്‌കാരമെന്നു വിളിക്കാനാവുകയില്ല. അത് കൂടുതൽ ആഴത്തിലുള്ളതാണ്, കൂടുതൽ ആന്തരികമാണ്, ഇഴ പിരിച്ചെടുക്കാനാവാത്ത സമഗ്രതയാണ്.

സമകാലിക മലയാളത്തിൽ ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ കിസാമ എന്ന കഥ അതിമനോഹരമായി, തീർത്തും വ്യക്‌തിപരമായൊരു പ്രണയാഖ്യാനത്തിലൂടെ സംസ്‌കാരത്തെക്കുറിച്ച്, അതിലെ അധിനിവേശങ്ങളെക്കുറിച്ച് ധ്വനിമധുരമായി സംസാരിക്കുന്നു.

നാഗാലാൻഡിലെ കിസാമ ഗ്രാമക്കാരിയായ തലികലയും കൊച്ചിക്കാരനായ വിശാലും കൊഹിമയിൽ ജോലി സ്ഥലത്തു വെച്ചു കാണുന്നു, പ്രണയിക്കുന്നു, വിശാലിന്റെ നാട്ടിലേക്ക് ഓടിപ്പോരുന്നു. സാധാരണമായ പ്രണയ – ദാമ്പത്യ കഥകളിൽ നിന്ന് ഇതിനുള്ള വ്യത്യാസം തലികലയുടെ, കിസാമയുടെ, നാഗാലാൻഡിന്റെ ഭൂപ്രകൃതിയും സംസ്‌കാരവുമാണ്. ഗോത്രവർഗക്കാരുടേതു മാത്രമായ ഭൂമിയെന്നു വിശേഷിപ്പിക്കാവുന്ന നാഗാലാൻഡ്, വിചിത്രവും തനതുമായ ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, ഭക്ഷണം, ലോകപ്രസിദ്ധമായ വേഴാമ്പൽ ഉത്‌സവം, അങ്ങനെയങ്ങനെ തനതായ, തനിമയാർന്ന നൂറായിരം ഘടകങ്ങൾ ചേർന്നാണ് തലികലയുടെ സ്വത്വത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലമ്പ്രദേശത്തു നിന്ന് ജലപ്പരപ്പുകളുടെ പ്രലോഭനത്തിനു വശഗയായാവണം അവൾ വിശാലിനൊപ്പം കൊച്ചിയിലേക്കു വരുന്നത്. പ്രണയത്തിന്റെ തരള കാൽപ്പനിക ഭാവങ്ങൾ വളരെപ്പെട്ടന്നു മാഞ്ഞു പോവുന്നു. ഗോത്രവർഗ്ഗക്കാരിയെ വിവാഹം ചെയ്‌തതുകൊണ്ട് വിശാലിന് വീടും അതിന്റെ പരിഗണനകളും രുചികളുമൊക്കെ നഷ്‌ടപ്പെടുന്നു. അയാളതിൽ ദുഃഖിക്കുകയും ചെയ്യുന്നുണ്ട്. ജാതീയവും വംശീയവും  മതപരവുമായ വിഭാഗീയതകൾ അത്ര ആഴത്തിലുള്ളവയാണ്.

ഏതു ബന്ധത്തിലുമെന്നപോലെ  ദാമ്പത്യത്തിലും അധികാരബന്ധങ്ങൾ കൂടുതൽ അസമത്വവും അനീതിയും അസ്വാതന്ത്ര്യവുമാണു സൃഷ്‌ടിക്കുക. കാണുന്നതെല്ലാം മഞ്ഞയായും പിന്നെ സ്വർണമായും തോന്നിപ്പിച്ചിരുന്ന പ്രണയകാലത്തിന്റെ സുഗന്ധമൊന്നാകെ മാഞ്ഞു പോവുകയും കഴിഞ്ഞു പോയ ആഹ്ലാദങ്ങൾ വ്യാജമായി സൃഷ്‌ടിക്കപ്പെട്ടവയായിരുന്നുവെന്ന് അവർ തിരിച്ചറിയുകയും ചെയ്യുന്നു. തലികലയുടെ സ്വത്വത്തിന് സാംസ്‌കാരികമായ അധിനിവേശങ്ങളെ താങ്ങാൻ കഴിയുന്നില്ല, അത് ദാമ്പത്യത്തിന്റെ പേരിലായാലും. അബോധമായിത്തന്നെ അവളതിനോട് പ്രതിരോധിക്കുന്നു. വസ്‌ത്രം, പാർപ്പിടം, ഭാഷ, ഭക്ഷണം പോലുള്ള ഭൗതികചിഹ്നങ്ങൾ അധിനിവേശത്തിന്റെ മുദ്രകളായി മാറുന്നത് കഥയിൽ അതിസൂക്ഷമമായി വിന്യസിച്ചിട്ടുണ്ട്. വിശാലുണ്ടാക്കുന്ന ഉള്ളിത്തീയലും മെഴുക്കുപുരട്ടിയും അവൾ രുചിച്ചുപോലും നോക്കുന്നില്ല. അത് തനിക്കു പറ്റിയതല്ല എന്നവൾക്കറിയാം. അയാളാവർത്തിച്ചാവശ്യപ്പെട്ടിട്ടും അവൾ മലയാളം വാക്കുകൾ പഠിക്കാൻ തയ്യാറാവുന്നില്ല. തന്റെ ഓവർക്കോട്ട് ഉഷ്‌ണപ്രദേശത്ത് ആവശ്യമില്ലെന്നറിഞ്ഞിട്ടും അതിടാതിരിക്കുന്നുമില്ല അവൾ. പോരാട്ട വീര്യമുള്ള ആ ഗോത്രവർഗ്ഗ സ്‌ത്രീ അധികം വൈകാതെ ‘എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഞാനായിരിക്കാൻ അനുവദിക്കാത്തത്, എന്തുകൊണ്ടാണ് നിങ്ങൾ എന്നെ മറ്റൊരാളാവാൻ നിർബന്ധിക്കുന്നത്?’ എന്നു വെട്ടിത്തുറന്നു ചോദിച്ചു കൊണ്ട് വീടുവിട്ടു പോവുന്നു. അവൾക്ക് സ്വന്തം ഗോത്രത്തിലേക്കു തിരിച്ചു പോകാനാവില്ല. അത്രപോലും അവൾക്ക് അയാളിലേക്കു തിരിച്ചുവരാനും പറ്റില്ല. കിസാമയുടെ, ഹോൺബിൽ ഫെസ്റ്റിവലിന്റെ, ഗോത്ര ജീവിതത്തിന്റെ, പ്രണയത്തിന്റെ സുന്ദരമായ കാഴ്ച്ചകളിലൂടെ, അവയ്ക്കെതിർവശത്തുള്ള ഫ്ലാറ്റ് ജീവിതത്തിന്റെ, ദാമ്പത്യത്തിന്റെ വിരസതയിലൂടെ ഒരു സ്‌ത്രീ ജീവിതത്തെ നേരിടുന്ന വിധം, അധിനിവേശങ്ങളെ ചെറുക്കുന്ന സവിശേഷമായ രീതി ഒതുക്കത്തിൽ പറയുന്നുവെന്നതു തന്നെയാണ് ഈ കഥയെ ഇത്രയേറെ വശ്യമാക്കുന്നത്.

ഭാഷാപോഷിണിയിലെ ‘ഷെർലക് ഹോംസ് അപ്രത്യക്ഷനാകുന്നു ‘എന്ന ഗ്രേസിയുടെ കഥ ഷെർലക് ഹോംസ് ആരാധകരായ മിക്കവാറും കുട്ടികൾക്ക് സംഭവിക്കാനിടയുള്ള മിഥ്യാഭ്രമങ്ങളുടെ രസകരമായ ആഖ്യാനമാണ്. ഹോംസാവുന്നതിലും എളുപ്പം കുറിപ്പുകൾ എഴുതുന്ന ഡോ. വാട്‌സണാവുന്നതാണെന്നു മനസിലാക്കി വാട്‌സണാവാൻ തയ്യാറെടുക്കുന്ന കുട്ടിക്ക് സംഭവിക്കുന്ന അബദ്ധത്തിന്റെ കഥ. സ്വാഭാവികമായി കഥയിൽ കടന്നു വരുന്ന അർത്ഥഗർഭമായ സൂചനകളും രസകരമാണ്. കുട്ടിയുടെ പേര് ഗണേശനെന്നാണ്. ആദ്യത്തെ പകർത്തിയെഴുത്തുകാരൻ. ആരും കാണാതെ പുതപ്പിനുള്ളിൽ മറച്ചു വെച്ചിരുന്ന ഹോംസ് പുസ്‌തകം വെളിപ്പെടുമ്പോൾ അച്ഛമ്മ അത് മഹാഭാരതമാണോന്ന് അന്വേഷിക്കുന്നു. മീൻകച്ചവടക്കാരന്റെ വേഷത്തിൽ നാട്ടിലിറങ്ങിയ ഹോംസ് പുഴക്കരയിലെ വീട്ടുജോലിക്കാരിയെ തുണ്ടം തുണ്ടമായി ചാക്കിൽ കെട്ടി കയത്തിലെറിഞ്ഞ കേസ് അന്വേഷിക്കാനാവും വന്നതെന്ന് ഗണേശൻ അനുമാനിക്കുന്നുണ്ട്. രസച്ചരടു പൊട്ടിക്കുന്ന അമ്മയോടവൻ പിറുപിറുക്കുന്നതിങ്ങനെയാണ്. ‘അമ്മയാന്നു പറഞ്ഞിട്ടെന്താ കാര്യം? പെണ്ണല്ലേ. ഹോംസിനെപ്പോലെ ഏതെങ്കിലും കേസ് തെളിയിച്ച ചരിത്രമുണ്ടോ പെണ്ണുങ്ങൾക്ക്‌. ഡോ. വാട്‌സണെപ്പോലെ കേസ് ഹിസ്റ്ററി എഴുതാനുള്ള കഴിവുണ്ടോ? ചുമ്മാ ചാക്കിനുള്ളിൽ തുണ്ടം തുണ്ടമായി കിടക്കാൻ കൊള്ളാം’. ലോക സാഹിത്യം മുഴുവൻ പരതിയാലും പ്രശസ്‌തരായ പെൺ ഡിറ്റക്റ്റീവുകളുടെ എണ്ണം വളരെ പരിമിതമായതുകൊണ്ട് ഗണേശന്റ വിമർശനം എല്ലാ അർത്ഥത്തിലും ശരിയാണ്. വ്യംഗ്യമായ അർത്ഥങ്ങൾ കൊണ്ടത് കൂടുതൽ അന്വർത്ഥമാവുന്നുമുണ്ട്.

കഥകൾ കേവലമായ കഥ പറച്ചിൽ മാത്രമല്ല, ശക്‌തമായ രാഷ്‌ട്രീയ പ്രവർത്തനം കൂടിയാണ്. അത്തരം കഥകളാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും. മാധ്യമം വാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ 19 മിനിക്കഥകൾ വായിക്കുമ്പോൾ ഇത്രയ്ക്ക് രാഷ്‌ട്രീയം വേണ്ട കഥകൾക്കെന്ന് പക്ഷേ വായനക്കാർ അപേക്ഷിക്കാനിടയുണ്ട്. ഒന്നോ രണ്ടോ കഥകൾക്കുള്ള ആശയങ്ങളെ 19 കഥകളാക്കാനുള്ള എഴുത്തുകാരന്റെ ധൈര്യവും അവ അതേപടി പ്രസിദ്ധീകരിക്കാനുള്ള ആഴ്ച്ചപ്പതിപ്പിന്റെ തീരുമാനവും വായനക്കാരെയാണു പരിഹസിക്കുന്നത്. മികച്ച കഥകൾ എഴുതുന്ന ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഇത്തരം പരീക്ഷണങ്ങൾ തുടരാതിരിക്കുന്നതാണ് നല്ലത്. ഓംലെറ്റ് എന്നും ബുൾസ് ഐ എന്നും രണ്ടു കഥകളുണ്ട്. രണ്ടു മരണങ്ങളിലെ ആശയം പറഞ്ഞു പഴകിയത്. മറ്റു കഥകളുടേയും സ്ഥിതി വ്യത്യസ്‌തമല്ല. മിനിക്കഥകളെ വായനാക്ഷമവും ശ്രദ്ധേയവുമാക്കുന്ന തീക്ഷ്‌ണത അഥവാ സവിശേഷമായ എരിവ് ഈ കഥകൾക്കില്ല. എമിഗ്രേഷൻ 2025 എന്ന കഥ രണ്ടു വരികളേയുള്ളുവെങ്കിലും ശക്‌തമായി അനുഭവപ്പെടും. പക്ഷേ19 കഥകളും വായിച്ചു തീർത്താൽ ആശ്വാസമല്ലാതെ കാര്യമായൊരു വികാരവും തോന്നാനിടയില്ല, വായനക്കാർക്ക് .

മാതൃഭൂമിയിൽ അശോകൻ ചെരുവിൽ എഴുതിയ ‘മൊയ്‌തു പടിയത്ത്’ എന്ന കഥ പഴയ വായനക്കാരിൽ മൊയ്‌തു പടിയത്തെന്ന മുസ്‌ലിം ജനപ്രിയ നോവലിസ്റ്റിനെക്കുറിച്ച് ചില സ്‌മരണകളുണർത്തി വിടാനിടയുണ്ട്. പടിയത്തിന്റെ പ്രസിദ്ധമായ ഉമ്മ എന്ന നോവലിനെക്കുറിച്ചും അതിൽ പറയുന്ന ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണമായ ശഹാദത്ത് കലിമയെക്കുറിച്ചും കഥയിൽ പരാമർശിച്ചിട്ടുണ്ട്. നോവലിസ്റ്റാവാൻ കൊതിച്ച പ്രശോഭിതനും സുഹൃത്ത് നിത്യാനന്ദനും ഒരിക്കൽ  പടിയത്തിനെ കാണുന്ന രംഗവുമുണ്ട്.  വായിൽ മുറുക്കാനിട്ടിരുന്ന മൊയ്‌തു പടിയത്ത് അവരോടൊന്നും സംസാരിക്കുന്നുമില്ല. ഇത്രയും കാര്യങ്ങൾ മാത്രം മുൻനിർത്തി  ഈ കഥയ്ക്ക് മൊയ്‌തു പടിയത്ത് എന്നു പേരിട്ടതിന്റെ യുക്‌തി  ആലോചിക്കാൻ മാത്രമുണ്ട്. എന്തായാലും കഥ പ്രശോഭിതന്റേയും  നിത്യാനന്ദന്റേയുമാണ്. അതിലാവട്ടെ കൗതുകമുണർത്തുന്ന പുതുമകളൊന്നുമില്ല താനും, പ്രത്യേകിച്ച് ഒരർത്ഥസൂചനയും തരാത്ത കഥാവസാനവും. ഇത്തരം പരിമിതികളെ ഒറ്റയടിക്കു മറികടക്കാനുള്ള തന്ത്രമായാണോ മൊയ്‌തു പടിയത്ത് കഥാശീർഷകത്തിൽ മുറുക്കാൻ ചവച്ചിരിക്കുന്നതെന്നു വായനക്കാർക്ക് ന്യായമായും സംശയിക്കാവുന്നതാണ്.

– ജിസാ ജോസ്

3 Comments
 1. Babu Raj 4 years ago

  പതിവുപോലെ മനോഹരമായ വിശകലനം, വായനാസുഖം

 2. Haridasan 4 years ago

  മനോഹരം.
  ….അതിലാവട്ടെ കൗതുകമുണർത്തുന്ന പുതുമകളൊന്നുമില്ല താനും, …
  കഥയില്ലാതെ കഥയെഴുതുന്നവരല്ലേ മിക്കവരും

 3. James 4 years ago

  Nice.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account