പുതിയ കഥകൾ പരന്ന ആഖ്യാനശൈലി കൊണ്ടും ദൈർഘ്യം കൊണ്ടും  ചെറുകഥയുടെ പരിധികളെ അതിലംഘിക്കുന്നുവെന്ന്, വിഷയപരമായ വൈവിധ്യങ്ങൾ കൊണ്ടും ജീവിതത്തിന്റെ എതിർവശങ്ങളിലെ വൈരൂപ്യങ്ങളുടെ തുറന്ന ചിത്രണം കൊണ്ടും   ചെറുകഥയെക്കുറിച്ചുള്ള സാമ്പ്രദായിക സുന്ദരപരികൽപ്പനകളെ മറികടക്കുന്നുവെന്ന്  ഗുരുതരമായ ആരോപണങ്ങൾ കഥാവായനയുമായി ബന്ധപ്പെട്ട് ഉയരാറുണ്ട്. ലൈംഗികത, പല തരം വൈകൃതങ്ങൾ, ഹിംസ തുടങ്ങി സാമാന്യബോധത്തിൽ അശ്ലീലമെന്നു വിലയിരുത്തപ്പെടാവുന്ന പലതും, അല്ലെങ്കിൽ മുമ്പ് കഥയിലേക്ക് കാൽവെച്ചു കയറാതിരുന്ന അത്തരം പല പല കാര്യങ്ങൾ ഇന്ന് പൂമുഖത്തു തന്നെയുണ്ട്. പക്ഷേ അതുകൊണ്ട് കഥ എപ്പോഴും മോശമാവുകയല്ല, ചിലപ്പോഴൊക്കെ കൂടുതൽ രാഷ്‌ട്രീയപരമായ ശരി ആവുകയാണ്. ജീവിതം അതായിത്തന്നെ, ഒളിപ്പിക്കലുകളും മറച്ചു വെയ്ക്കലുകളുമില്ലാതെ കഥയിൽ തുറന്നു കിടക്കുന്നു.

ഈയാഴ്ച്ചയിലെ കഥകളിൽ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ അമൽ എഴുതിയ മീശ പിരിച്ചവൾ എന്ന നീണ്ടകഥ  ശ്രദ്ധേയമാവുന്നത്,  അതിലെ വൈരുദ്ധ്യങ്ങളുടെ പരസ്‌പരമുള്ള അഭിമുഖീകരണത്തിലെ കൗശലവും അതിന്റെ രാഷ്‌ട്രീയവും കൊണ്ടാണ്. മീശ വളർന്ന പെൺകുട്ടിക്ക് അപമാനവും കളിയാക്കലുകളും സഹിക്കാനാവാതെ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഗ്രാമം അവളെ വേട്ടയാടുന്നു. അമ്മകൂടി മരിച്ചതോടെ ഒറ്റപ്പെടുന്ന മുയൽക്കുഞ്ഞി സുമ ഉടുമ്പ് ബാബുവിന്റെ പീഡനം ഭയന്ന് നഗരത്തിലേക്ക് ഒളിച്ചോടുന്നു. അവളെ സഹായിക്കുന്നത് നഗരത്തിലേക്ക് ചേക്കേറിയ കൂട്ടുകാരി മിടുക്കത്തി രാജിയും. രാജി അന്ന് തന്റെ മുസ്ലീം കാമുകനൊപ്പം ഒളിച്ചോടാൻ നിശ്ചയിച്ചിരിക്കുകയാണ്. വണ്ടീം വെളിച്ചോം കേറാത്ത ഓണം കേറാ മൂലകളിൽ മാത്രമാണ് ഗ്രാമം എന്നു പറയുന്ന ഗൃഹാതുര സാധനമുള്ളൂ, വണ്ടി കേറി വരുന്ന നിരപ്പുള്ള ഉറച്ച മണ്ണുള്ള ഒരിടോം ഇന്ന് ഗ്രാമമല്ല, സിറ്റിയാണ്, എന്ന് രാജി പറയുന്നു. എങ്ങനേയും ഗ്രാമം വിട്ട് സിറ്റിയിലേക്ക് മാറലാണ് അവളുടെ സ്വപ്‌നം. പാറക്കുന്നുകൾ നിറഞ്ഞ ഗ്രാമത്തിന്റെ വന്യതകളും നഗരത്തിന്റെ പുറമേയ്ക്കുള്ള തെളിമകളും കഥയിൽ പരസ്‌പരം നോക്കി നിൽക്കുന്നത് കൗതുകകരമാണ്. ഒരിടത്ത് ഷേവ് ചെയ്യാത്തത് ഗ്രാമം, ക്ലീൻ ഷേവ് ചെയ്‌തത് നഗരം എന്നു സുമ കണ്ടെത്തുന്നുമുണ്ട്. രാജി അവളെ തൽക്കാലത്തേക്ക് സുഗന്ധാബീവിയുടെ സംരക്ഷണയിലാക്കുന്നു. ആക്റ്റിവിസ്റ്റുകളുടെ പ്രചാരത്തിലുള്ള വാർപ്പു മാതൃകയിലാണ് സുഗന്ധബീവിയെ കഥ മെനഞ്ഞെടുത്തിട്ടുള്ളത്. പെണ്ണിനെ സംബന്ധിച്ച് ഓരോ രോമവും അവളുടെ നിലപാടാണ്. സ്വകാര്യതയും വ്യക്‌തിത്വവുമാണ്. എണ്ണപ്പെട്ടതാണ്, ചിലപ്പോ പ്രതിഷേധിക്കാനുള്ള ആയുധവുമാണ് എന്നു വിശ്വസിക്കുന്ന സുഗന്ധ സുമയുടെ അപകർഷത തിരിച്ചറിഞ്ഞ് അവളുടെ മീശ പ്രശ്‌നം എന്നേയ്ക്കുമായി പരിഹരിക്കാൻ അവളെ ലിസീസ് ഹെയർ റിമൂവൽ സെന്ററിലെത്തിക്കുന്നു. അവിടെ വെച്ച് തന്റെ അതേ പ്രശ്‌നമുള്ള മീശക്കാരികളുടെ സംസാരം ശ്രദ്ധിച്ചിരിക്കുമ്പോൾ സുമയ്ക്ക് തോന്നുന്നു ഒത്തുകൂടിയപ്പോൾ മീശ ഒരു പ്രശ്‌നമേ അല്ല. ഇനി കൊമ്പും വാലുമാണ് ഉള്ളതെങ്കിൽ അതിനും അത്രയേ പ്രാധാന്യമുള്ളു. മീശയെ ഒളിപ്പിക്കാൻ മീശക്കാരുടെ കൂട്ടം. റപോലെ വിഷമിച്ചിരുന്ന മീശ Uപോലെ ചിരിക്കുന്നു.

മിനുപ്പും സ്‌നിഗ്ദ്ധതയുള്ള രോമ രഹിത ശരീരത്തിനെതിരെയാണ് മീശയുടെ പേരിൽ അവഹേളിതരാവുന്ന മീശക്കാരികളുടെ പരുഷശരീരം. ബിക്കിനി വാക്‌സിങ് പോലും നടത്തി അത്രയും രോമമില്ലാതെ ശരീരത്തെ ഉപയോഗപ്പെടുത്തുന്ന സ്‌ത്രീകളും പുരുഷന്മാരും കഥയിലുണ്ട്. ശരീരവൽകൃതമായ, പൊതു അഭിരുചികൾക്കിണങ്ങുന്ന മൃദുശരീരങ്ങൾ. അതിനെ മറികടക്കുന്ന, വെല്ലുവിളിക്കുന്ന മറ്റൊരു വിഭാഗം ശരീരങ്ങളും. സുമ അതുവരെ ഒഴിഞ്ഞു മാറുന്നവളും നിസഹായയുമാണ്. ആഴത്തിൽ മുറിപ്പെടുന്നവളുമാണ്. താൻ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവിൽ എപ്പോഴും നമ്മളെ സഹായിക്കാൻ മറ്റുള്ളോർ വരണമെന്നില്ല, അവനോന് അവനോൻ മാത്രമേ ഉണ്ടാകൂ. നമ്മൾ തന്നെ നമ്മളെ സഹായിക്കണം എന്ന സിറ്റി പഠിപ്പിച്ച പാഠമുൾക്കൊണ്ട് സുമ പ്രതിരോധത്തിന്റെ, സ്വത്വ സമർത്ഥനത്തിന്റെ സവിശേഷമായ രീതി കണ്ടെത്തുന്നു. അത് തദ്ദേശീയമായൊരു പ്രതിഷേധമാണ്. ആക്റ്റിവിസ്റ്റുകൾ രൂപപ്പെടുത്തുന്ന കൃത്രിമവും നഗരവൽകൃതവുമായ പ്രതിരോധങ്ങളിൽ നിന്ന് മാറിനിൽക്കുന്നതുമാണ്. അവൾ തന്റെ ഗ്രാമത്തിലേക്ക് മീശയോടു കൂടിത്തന്നെ തിരിച്ചു പോവുന്നു. കീഴടങ്ങലിൽ നിന്ന്, സ്‌നിഗ്ദ്ധതകളിൽ നിന്ന്  ഉള്ള കുതറി രക്ഷപെടൽ. സ്വയം സഹായിക്കൽ. പ്രതിരോധത്തിന്റെ തനിമയാർന്ന വഴി. അമലിന്റെ കഥ അതിന്റെ ആഖ്യാനത്തിലെ സൂക്ഷ്‌മാശങ്ങൾ കൊണ്ടും ദൃശ്യപരത കൊണ്ടും കൂടി ശ്രദ്ധേയമാവുന്നു.

സമകാലിക മലയാളത്തിൽ ഷിനിലാൽ എഴുതിയ കുളച്ചൽ യുദ്ധം ചരിത്രത്തിന്റെ അഴിച്ചുപണിയാണ്. വൈവിധ്യങ്ങളെയും ഭിന്നതകളെയും മിനുസപ്പെടുത്തി ഏകതാനമാക്കുന്ന പരമ്പരാഗത ചരിത്രത്തെ നിരാകരിച്ച് ഉപവ്യവഹാരങ്ങളുടെ, പ്രതി ശബ്‌ദങ്ങളുടെ, ലഘു ആഖ്യാനങ്ങളുടെ സാധ്യതകളെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടാവുന്നുണ്ട്. ചരിത്രത്തിന്റെ ബഹുലതകളെ കണ്ടെത്താനുള്ള അവസരമെന്നതാണ് അതിന്റെ ഏറ്റവും ഗുണപരമായ വശം. കുളച്ചൽ യുദ്ധം കേരളചരിത്രത്തിലെ നിർണായകമായൊരേടാണ്. ഏഷ്യൻ രാജ്യത്തിനു മുന്നിൽ ആദ്യമായി യൂറോപ്യൻ രാജ്യം കീഴടങ്ങിയ യുദ്ധം. മാർത്താണ്ഡവർമ്മയുടെ സൈന്യത്തെ പരിശീലിപ്പിക്കാൻ ഡച്ച് പടത്തലവൻ ഡിലനോയ് യുടെ സേവനം ലഭ്യമായതും ആ യുദ്ധത്തെത്തുടർന്നാണ്. അധികാര സങ്കീർണതകൾ, അധികാരത്തിന്റെ ജനവിരുദ്ധത, നികുതിയായും മറ്റുമുള്ള ചൂഷണം തുടങ്ങി സാമ്പ്രദായിക ചരിത്രത്തെ നിരസിക്കുന്ന വിചാരങ്ങൾ, പ്രതിക്രിയകൾ, പ്രതികരണങ്ങൾ ഇവയെല്ലാം സർകാസ്റ്റിക് ശൈലിയിൽ ആവിഷ്‌കരിക്കുന്നു ഷിനിലാലിന്റെ കഥ. വെളിക്കിരിക്കുന്ന അമ്മൂമ്മയുടെ കൺമുമ്പിൽ നടക്കുന്ന കുളച്ചൽ യുദ്ധം, അവരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ സായിപ്പിനെ കീഴടക്കൽ, ഇവയെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുന്നു. ജനപക്ഷത്തുനിന്നുള്ള ബദൽ ചരിത്രാഖ്യാനം. പക്ഷേ അത് ആധികാരികവും വസ്‌തുനിഷ്‌ഠവുമെന്ന് അംഗീകരിക്കപ്പെടണമെന്നില്ല. അത്തരം ചരിത്രപാഠങ്ങൾ പരീക്ഷാ പേപ്പറിൽ നിലനിൽക്കുകയുമില്ല. അമ്മൂമ്മയുടെ വെളിക്കിരിക്കലും തലേന്നത്തെ ഭക്ഷണ വിശദാംശങ്ങളുമൊക്കെ ഒട്ടും പിശുക്കില്ലാതെ വർണിച്ചിരിക്കുന്നത് ചിലപ്പോഴെങ്കിലും വായനക്കാരെ ചെടിപ്പിക്കുന്നത് പക്ഷേ പറയാതിരിക്കാനാവില്ല, ചരിത്രം എപ്പോഴും പറഞ്ഞു പുകഴ്ത്തുന്നതു പോലെ  അലൗകികവും ദിവ്യവുമൊന്നുമല്ല എന്നു സ്ഥാപിക്കാനുള്ള ബോധപൂർവ്വമായ ഉദ്യമത്തിന്റെ ഭാഗമെന്നതിനെ ന്യായീകരിക്കാനാവുമെങ്കിലും .

മാതൃഭൂമിയിൽ കെ.വി. പ്രവീൺ എഴുതിയ ഡ്രോൺ വിവര സാങ്കേതിക വിദ്യ സൃഷ്‌ടിക്കുന്ന ദേശകാലാതീതമായ അഭിരുചികളുടെ, ആഗോളവൽകൃതമായ ജീവിതശൈലിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്, പ്രവീണിന്റെ മിക്കവാറും കഥകളെന്ന പോലെ. ഹോം സെക്യൂരിറ്റി സിസ്റ്റത്തിന്റെ തകർച്ച, കമ്പ്യൂട്ടർ വൈറസ് ബാധ, തുടങ്ങിയ സംഭവങ്ങൾ വ്യക്‌തിപരവും ഔദ്യോഗികവുമായ ജീവിതത്തിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധി, ഡ്രോണുകളുടെ ചാരക്കണ്ണുകളുടെ സാധ്യത തുടങ്ങി യന്ത്രവൽക്കരണത്തിന്റെ, യന്ത്രവൽകൃത ജീവിതത്തിന്റെ യാന്ത്രികവും വരണ്ടതുമായ കാഴ്ച്ചകൾ കഥയിലുണ്ട്. അത് സ്വപ്‌നമല്ല, ഭാവനയുമല്ല, ഒട്ടും വൈകാതെ മനുഷ്യൻ നേരിടേണ്ട അനിവാര്യതയാണ്. യന്ത്രത്തെയും അതിനു പൂർണമായി ചോർത്തിയെടുക്കാനാവാത്ത മാനവികതയെയും സമീകരിക്കുന്നുവെന്നതാണ് ഡ്രോണിന്റെ ആകർഷകത്വം. പക്ഷേ അതു പുതുമയുള്ളതൊന്നുമല്ല, പ്രവീണിന്റെ കഥകളിൽത്തന്നെ അതു മുമ്പും  കണ്ടിരിക്കുന്നു.

കലാകൗമുദിയിൽ ശ്രീകണ്ഠൻ കരിക്കകം എഴുതിയ ചുംബനാനന്തരം, ചുംബന സമരത്തിന്റെയും ചില പത്രവാർത്തകളുടെയുമൊക്കെ ഓർമ്മകളുണർത്തുന്നു. അത്തരം സംഭവങ്ങൾക്കുശേഷം നാളുകളേറെക്കഴിഞ്ഞിട്ട് ഇങ്ങനെയൊരു കഥയുടെ പ്രസക്‌തി സംശയമുണർത്താം. കഥ ആ സംശയത്തെ ദൂരീകരിക്കുന്നുമില്ല.

ഭാഷാപോഷിണിയിൽ തോമസ് മാത്യു എഴുതിയ അനാമിക ഒരു തിരക്കഥ എന്ന കഥ ഒരു കൊതുകുകടിയുടെ ചൊറിച്ചിലും പുകച്ചിലുമടക്കം എല്ലാ അസ്വസ്ഥതയും പകർന്നു തരുന്നു. വായിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പിക്കുന്നത്രയും.

– ജിസാ ജോസ്

3 Comments
  1. Valsaraj 2 years ago

    നന്നായിട്ടുണ്ട്. അശ്ലീലങ്ങൾ ചിലപ്പോഴൊക്കെ കഥകളിൽ അധികപ്പറ്റായി നൊന്നാറുണ്ട്.

  2. Anil 2 years ago

    Good

  3. Priya 2 years ago

    ജീവിതം അതായിത്തന്നെ, ഒളിപ്പിക്കലുകളും മറച്ചു വെയ്ക്കലുകളുമില്ലാതെ കഥയിൽ തുറന്നു കിടക്കുന്നു. It is true for most of the recent stories..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account