കലകളെല്ലാമെന്നപോലെ കഥയും ഒരേ സമയം സാമൂഹികോൽപ്പന്നവും സാമൂഹ്യവിമർശനവുമാണ്. കല /കഥ ആനന്ദത്തിനുള്ളതാണോ ആലോചനയ്ക്കുള്ളതാണോ എന്ന വിഷയങ്ങളൊന്നും പുതിയ വായനകളിൽ ചർച്ചയ്ക്കുള്ള വിഷയം പോലുമല്ല. ചിന്തയും ആനന്ദവും ഒരേ പോലെ കഥകളിലുണ്ട്, രണ്ടും തമ്മിലുള്ള സംഘർഷമാണ് കലാസൃഷ്‌ടിയെ വ്യതിരിക്‌തമാക്കുന്നതെന്ന നിരീക്ഷണങ്ങളുണ്ടാവുന്നുണ്ട്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ കഥയെന്ന മാധ്യമത്തിലൂടെ കടന്നുപോരുമ്പോൾ അത് സവിശേഷമായ രാസപരിണാമങ്ങൾക്കു വിധേയമാവുന്നുണ്ടാവണം. അവ കഥയുടെ ഉള്ളടരുകളിൽ വേറിട്ടുനിൽക്കാതെ, സൂക്ഷ്‌മമായി ഉൾച്ചേരുമ്പോഴാണ് കഥയിലെ ആനന്ദവും ആലോചനയും കൂടുതൽ തീവ്രമായി അനുഭവവേദ്യമാവുക.

ഈയാഴ്ച്ച ആനുകാലികങ്ങളിൽ വന്ന കഥകൾ വായിക്കുമ്പോൾ ഇത്തരം ചില കാര്യങ്ങൾ ഓർമ്മയിലേക്കെത്തുന്നത് സ്വാഭാവികമാണ്. പ്രസക്‌തവും പ്രധാനവുമായ സാമൂഹികവിഷയങ്ങളാണവയിലേറെയും പ്രമേയമായിരിക്കുന്നത്.

സമകാലിക മലയാളത്തിൽ പി.മോഹനചന്ദ്രൻ എഴുതിയ കത്താൾഛേദം ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച കഥയായി അനുഭവപ്പെടുന്നു. രണ്ടാനച്ഛനെ തിരഞ്ഞു വാരണാസിയിൽ നിന്നുകൊച്ചിയിലേക്കു വരുന്ന ജമീന അഗർവാളെന്ന പെൺകുട്ടിയുടെ ഒരു പകലും രാത്രിയുമാണ് കഥയിലുള്ളത്. അവൾ താമസിക്കുന്നത് കാമുകൻ സുപാൽ വർമ്മയുടെ ലുംബിനി എന്നു പേരുള്ള പാതി പണി തീർന്ന മുഷിഞ്ഞ കോട്ടേജിൽ. അതിന്റെ മുന്നിൽ പണിതീരാത്ത ബുദ്ധപ്രതിമയുമുണ്ട്. സുപാലിന് ആ ദിവസം അവൾക്കൊപ്പമിരിക്കാൻ ഒരു മണിക്കൂർ പോലും കിട്ടുന്നില്ല. അടുത്ത സുഹൃത്ത് ലിംഗച്ഛേദത്തെത്തുടർന്ന് ആശുപത്രിയിൽ അടിയന്തിര ശസ്‌ത്രക്രിയയിലാണ്. കൂട്ടിനുള്ളത് അയാൾ മാത്രം. മധ്യവർഗ്ഗ നഗരജീവികളുടെ കാപട്യം, ദാമ്പത്യത്തിനുള്ളിലെ കറുത്ത വിടവുകൾ, അവിശ്വാസം, അവിഹിതം, കുറ്റകൃത്യങ്ങൾ, ഏകാന്തത, തുടങ്ങി നവസമൂഹത്തിന്റെ ആത്‌മാവിനുള്ളിലുറപ്പിച്ച ഒരുൾക്കണ്ണാടിയാണ് കത്താൾ ഛേദം. സംഭവങ്ങളുടെ ആധിക്യമല്ല, ഓരോ കുഞ്ഞു സംഭവങ്ങളും വിരൽ ചൂണ്ടുന്ന ചിന്തകളുടെ, വിമർശനത്തിന്റെ ബാഹുല്യമാണ് ഈ കഥയുടെ കാമ്പ്. എത്ര വ്യംഗ്യമായി, ഒട്ടും അസ്വാഭാവികതയില്ലാതെ ജമീനയുടെ / സ്‌ത്രീയുടെ ജീവിതം കഥ പിന്തുടരുന്നു. അവളുടെ മാത്രമല്ല, ജമീനയുടെ ഗർഭിണിയായ അമ്മയുടെ, പ്രഫസറുടെ ഭാര്യയുടെ, രണ്ടാനച്ഛന്റെ രണ്ടാം ഭാര്യയുടെ  ജീവിതവും കഥയിലുണ്ട്, അവരാരും ഒരു കാൽച്ചുവടുപോലും കഥയ്ക്കുള്ളിലേക്ക് വെക്കുന്നില്ലെങ്കിൽക്കൂടി.  ബുദ്ധനെ സാക്ഷി നിർത്തി പെൺശരീരങ്ങളോടുള്ള ഹിംസ തുടരുന്നു.  ഉബൈദിന്റെ മുറിഞ്ഞുപോയ  ലിംഗം തുന്നിപ്പിടിപ്പിക്കുന്ന ഓപ്പറേഷൻ ഫലപ്രദമായെന്നു സുപാലറിയിക്കുന്ന നിമിഷം തന്നെയാണ് ലുംബിനിയിലൊറ്റയ്ക്കായ ജമീനയെ പുരുഷന്റെ ആയുധം അവന്റെ ഉടലുതന്നെയാണെന്ന ബോധ്യം കീഴടക്കുന്നത്. പുരുഷശിഖരങ്ങൾ കരവാളുകൾ കൊണ്ട് വെട്ടിമാറ്റുക എളുപ്പമല്ല. വെട്ടിയാലും അവ തുന്നിപ്പിടിപ്പിക്കപ്പെടുന്നു. നഷ്‌ടപ്പെട്ടുപോയ ജമീനയെക്കുറിച്ചോർത്തുള്ള ആധിയും നിസഹായതയും സുപാലിന്റേതു മാത്രമല്ല. കഥ വായിക്കുന്നവരും മഹാ ദുഃഖത്തിനടിപ്പെടുന്നു. അവരും നിസഹായരാവുന്നു.

മാതൃഭൂമിയിൽ സന്തോഷ് എച്ചിക്കാനമെഴുതിയ ജംഗിൾ ബുക്ക് മനുഷ്യരിൽ വിശ്വാസം നഷ്‌ടപ്പെടുന്ന ശ്രീകുമാറിന്റെ കഥയാണ്. മോർച്ചറി ടെക്‌നീഷനായ, ചെറുപ്പം മുതൽ പോസ്റ്റ്മോർട്ടം കണ്ടു വളർന്ന ശ്രീകുമാർ. ഒരു ശവം ഒറ്റയ്ക്ക് ചുമ്മാ മോർച്ചറിയിലേക്കു കയറി വരുന്നതല്ല, അതിനകമ്പടിയായി സംഘർഷങ്ങളുടെ ഒരു ഘോഷയാത്രതന്നെ കാണുമെന്നും ജീവിതത്തിന്റെ ഖണ്ഡന വിമർശനമാണ് പോസ്റ്റ്മാർട്ടമെന്നുമെല്ലാം ശ്രീകുമാർ ചിന്തിച്ചു പോവുന്നുണ്ട്. മോർച്ചറി മഹാഭാരതത്തെക്കാൾ ബൃഹത്തായ പുസ്‌തകമെന്നും അയാൾ സുഹൃത്തിനോടു പറയുന്നു. പുതിയ ചിന്തകളൊന്നുമല്ലെങ്കിലും അവയെ സന്ദർഭോചിതമായി കഥയിൽ ഇണക്കിയിരിക്കുന്നത് കൗതുകകരമാണ്. നിരന്തരം കൊലകളും പോസ്റ്റ്മാർട്ടങ്ങളും കണ്ടു മരവിച്ച മോർച്ചറി ടെക്‌നീഷ്യന്റെ മനസിന്റെ ചാഞ്ചല്യങ്ങളും അതീതമായ പലതിലേക്കുമുള്ള ഒളിച്ചുപോക്കുകളുമാണ് കഥയുടെ കേന്ദ്ര പ്രമേയം. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട കൈക്കുഞ്ഞിനെ, അവൾ അയൽക്കാരി കൂടിയായിരുന്നു, പോസ്റ്റ്മാർട്ടം ടേബിളിൽ കണ്ട ഭീതിയിൽ നിന്നാണ് കഥ ആരംഭിക്കുന്നതെങ്കിലും വളരെപ്പെട്ടന്നത് ആ തീ നിലങ്ങളിൽ നിന്ന് ശ്രീകുമാർ മെനഞ്ഞെടുക്കുന്ന സാങ്കൽപ്പിക ലോകത്തിന്റെ ഭ്രമാത്‌മകമായ തണലുകളിലേക്ക് ചായുകയാണ്. കഥാകൃത്തിന്റെയും കൂടി രക്ഷപെടലാണത്. അങ്ങനെ കഥയ്ക്ക് പ്രത്യക്ഷമായിത്തന്നെ രണ്ടു തലങ്ങളുണ്ടാവുന്നു. പ്രകൃതിയും മനുഷ്യനും മറ്റു ചരാചരങ്ങളും ഏകാത്‌മഭാവത്തിൽ ജീവിക്കുന്ന ആ വാസവ്യവസ്ഥയെക്കുറിച്ചു പറയുന്ന ഹോളിസത്തിന്റെ ദർശനങ്ങളോടാണ് കഥയുടെ രണ്ടാമത്തെ തലത്തിനു ചായ്‌വ്. അതിഭൗതികമായ രാഷ്‌ട്രീയ-വർഗ്ഗീയ-വംശീയ ഹിംസകളുടെ, പകപോക്കലുകളുടെ ചരിത്രവും വർത്തമാനവും വെടിഞ്ഞ് മറുപുറത്തെ വ്യാജസങ്കൽപ്പനങ്ങളിൽ സ്വയം വിസ്‌മൃതനാവുന്നു കഥാപാത്രവും കഥാകൃത്തും. അത് താൽക്കാലികമായ ആശ്വാസമാണെന്നും ഹിംസയുടെ കഥ പരമ്പരകളിലൂടെ ആവർത്തിക്കുമെന്നുമെന്ന സൂചനയിലാണ് കഥ അവസാനിക്കുന്നത്. എന്തായാലും അധികാരം, വർഗ്ഗീയ കലാപം,  പ്രകൃതിചൂഷണം, ജൈവവൈവിധ്യ പ്രതിസന്ധികൾ, മുതലാളിത്തം, സംസ്‌കാര വ്യവസായം തുടങ്ങി കാലികമായ വിഷയങ്ങളെല്ലാം കഥയുടെ ചരടിൽ കോർത്തിട്ടുണ്ട് സന്തോഷ് എച്ചിക്കാനം. ഒറ്റ വായനയിൽ നല്ല കഥ. കഥയ്ക്കുള്ളിലേക്കു കയറിയാൽ അവയൊക്കെ അത്രയ്ക്കിണങ്ങാതെ വേറെ വേറെ നിൽക്കുന്നതിലെ  അരുചി പക്ഷേ വായനക്കാരറിയാതിരിക്കുകയുമില്ല.

ചരിത്രമെന്നത് എഴുതിവെയ്ക്കപ്പെട്ട പാഠങ്ങൾ മാത്രമല്ലെന്നും സാഹിതീയവും അസാഹിതീയവുമായ നിരവധി പാഠങ്ങളുടെ സമാന്തര- ബദൽ വായനകളും കൂട്ടിച്ചേർക്കലുകളുമൊക്കെച്ചേർന്നതാണെന്നുമുള്ള നിലപാടുകൾക്കാണ് പുതിയ കാലത്ത് പ്രസക്‌തി. അത്തരത്തിൽ കഥയിൽ നിന്ന്  ചരിത്രത്തെ ഉത്പ്പാദിപ്പിക്കുന്ന ഒരു കഥയാണ് ബി .മുരളിയെഴുതിയ (ഭാഷാപോഷിണി) ബൈസിക്കൾ റിയലിസം. കഥയിൽ നിന്നുറന്നു വരുന്ന ചരിത്രത്തിന്റെ സത്യസന്ധതയോ സുതാര്യതയോ ഈ കഥ അനുഭവപ്പെടുത്തുകയില്ല. സൈക്കിൾ പ്രേമിയായ വേലായുധനാശാന്റെ 3  സൈക്കിളുകളിൽ നിന്ന് ഒരു കാലഘട്ടത്തിന്റെ ചരിത്രവും രാഷ്‌ട്രീയവും   കണ്ടെത്താനുളള ശ്രമമാണു കഥ. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലം, രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലത്തിൽ ലണ്ടനിലെ ബ്രിസ്റ്റൻ റോയൽ ഓർഡനൻസ് ഫാക്റ്ററി എന്ന ആയുധ നിർമ്മാണശാല, ബോംബ് നിർമ്മാണം തുടങ്ങി പല കാലങ്ങളിലേക്ക്, സ്ഥലങ്ങളിലേക്ക്, ചെയ്‌തികളിലേക്ക് കഥ പടരുന്നുണ്ട്.  സാമാന്യത്തിലധികം വിരസമാവുന്നുമുണ്ട്.

അശോകൻ ചരുവിൽ മാധ്യമത്തിലെഴുതിയ കായലരികത്തെ കെ എന്ന പട്ടണം എന്ന കഥ സർക്കാർ സർവ്വീസിലെ പ്രത്യേക വിഭാഗത്തിന്റെ അഴിമതി, കൈക്കൂലി, മദ്യസൽക്കാരം തുടങ്ങിയവയെക്കുറിച്ചു പറയുന്നു. ഇൻസ്‌പെക്‌ഷനുകൾ, അതിന്റെ മാമൂലുകൾ, കൈക്കൂലി വിദഗ്ദ്ധരായ ഉദ്യോഗസ്ഥർ, അവരുടെ ആഘോഷങ്ങൾ ഇവയെല്ലാം സരളമായി നേർരേഖയിൽ പറഞ്ഞു പോവുകയാണ്. ഇവരുടെ കൂട്ടത്തിൽ അമിത മദ്യപാനം മൂലം മരിച്ചു പോയ ആർ.സി.എൻ എന്ന ഉദ്യോഗസ്ഥന്റെ മകൻ അയാളെക്കാൾ മികച്ച കൈക്കൂലിക്കാരനാവുമെന്നാണ് കഥാവസാനം.   ഭക്ഷണ – പാനോത്‌സവങ്ങളെക്കുറിച്ചായതുകൊണ്ട് വൈരസ്യമില്ലാതെ വായിച്ചു തീർക്കാവുന്ന സാധാരണ കഥ.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ എൻ. പ്രദീപ് കുമാറെഴുതിയ നറുമണം പോലൊരു പകൽ കർക്കശമായ രാഷ്‌ട്രീയ നിലപാടുകളുള്ള മനുഷ്യർ വ്യക്‌തിജീവിതത്തിലെ ആഘാതങ്ങൾകൊണ്ട് ദുർബലരും വിഷാദ രോഗികളുമാവുന്നതിന്റെ കഥയാണ്. ഭ്രമകൽപ്പനകളിൽ അയാൾക്ക് പരിധികളില്ലാത്ത സ്വാസ്ഥ്യവും ആനന്ദവും അനുഭവിക്കാനാവുന്നു. ഉണർന്നിരിക്കുന്ന മനുഷ്യർക്ക് സ്വപ്‌നം കാണാൻകൂടി കിട്ടാത്ത സ്വാസ്ഥ്യം. ചില പരിമിതികളുണ്ടെങ്കിലും കഥ നന്നായി പറഞ്ഞിരിക്കുന്നു.

-ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account