ഭാവനയുടെ, വിശ്വാസങ്ങളുടെ, കാലികവ്യവഹാരങ്ങളുടെ സമ്മിശ്രമായ കഥകൾക്ക് ശക്‌തമായൊരു രാഷ്‌ട്രീയധാര കൂടി അന്തർലീനമായിട്ടുണ്ടെങ്കിൽ മാത്രം സാധ്യമാവുന്ന വായനയുടെ വ്യത്യസ്‌ത  തലങ്ങളിലേക്കുള്ള പടർന്നു പന്തലിപ്പുകളാണ് ഈയാഴ്ച്ച  മുഖ്യധാരാമാധ്യമങ്ങളിൽ വന്ന ചില കഥകളുടെ വ്യതിരിക്‌തത. അവ ചെറുതാണ്, ലളിതമാണ്, സുന്ദരമാണ്, അതേ സമയം  അനായാസമായ ജീവിതസാധ്യതകളെയല്ല, അത്യന്തം സങ്കീർണവും ഭീതിദവുമായ അതിജീവന പ്രതിസന്ധികളെയാണവ വരച്ചിടുന്നത്.

സമകാലികമലയാളത്തിൽ ഇയ്യ വളപട്ടണമെഴുതിയ ചൂണ്ടക്കോലും പങ്കായവുമെന്ന കഥ ഇക്കൂട്ടത്തിൽ കൂടുതൽ മികച്ചു നിൽക്കുന്നുവെന്നു തോന്നാം. പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ചൂഷണം ഇവയൊക്കെ പ്രമേയമാവുന്ന കഥകൾ സാധാരണമാണ്, ധാരാളവുമാണ്. കൃത്യമായ ഉദ്ദേശത്തോടെ ബോധപൂർവ്വമെഴുതുന്ന പരിസ്ഥിതി രചനകൾ പോലെ വിരസമായി മറ്റൊന്നുമില്ല താനും.  ഇയ്യ വളപട്ടണത്തിന്റെ കഥ കഴിഞ്ഞാഴ്ച്ചയിലെ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയിൽ നിന്നും അതിനു മുന്നേ വന്ന അംബികാസുതൻ മങ്ങാടിന്റെ കഥയിൽ നിന്നും വ്യത്യസ്‌തമാവുന്നത് ഇവിടെ പരിസ്ഥിതിബോധം കഥയുടെ അന്തർധാര തന്നെയാവുന്നതുകൊണ്ടാണ്. അതു വേറിട്ടു നിൽക്കുകയല്ല, തനിയെ ഇതൾ നീർത്തി വിടർന്നു വിടർന്നു വരികയാണ്. വളരെ സ്വാഭാവികമായൊരു ജൈവ പ്രക്രിയ.

പുഴപ്രാന്തനായ മമ്മതിന്റെ പുഴയെക്കുറിച്ചുള്ള  ബോധ്യങ്ങളും അതിനോടുള്ള മമതയും സ്‌നേഹവുമാണ് കഥയുടെ കാതൽ. പുഴ മനുഷ്യനു ചൂഷണം ചെയ്യാനുള്ളതല്ല. ഒരു പുരയിൽ നിന്ന് രണ്ടു പേർ പുഴയിലേക്ക് പോവരുത്, ഒരു തോണിയിൽ നിന്ന് രണ്ടു പേർ ചൂണ്ടയെറിയരുത് എന്നൊക്കെയാണ് അയാളുടെ പുഴ ന്യായം, അഥവാ നീതിബോധം. ‘കടലിനെപ്പോലെയല്ല പുഴ. മൗനിയാണ്. മൗനികൾക്ക് വേഗത്തിൽ വേദനിക്കും. ഓരോ ചൂണ്ടയെറിയലും പുഴയുടെ നെഞ്ചിലേക്കാണ് കോർത്തു വീഴുന്നത്. കൊളുത്തുന്ന മീനിന്റെ പിടച്ചിലിനൊത്ത് പുഴയും പിടയും, വേദനിക്കും. അതറിയുന്നവർക്കേ പുഴയറിയാൻ കഴിയൂ’ എന്നാണയാൾ മകനു പറഞ്ഞു കൊടുക്കുന്നത്. പുഴയാത്രകളിലെ വേദനിപ്പിക്കുന്ന കാഴ്ച്ചകൾ, ഒടുവിൽ പുഴയിൽത്തന്നെ ഇല്ലാതാവൽ, മകനിലൂടെയുള്ള തുടർച്ച എന്നിങ്ങനെ കഥ പലതലങ്ങളിലേക്കു ദാർശനിക ഗാംഭീര്യത്തോടെ വളരുന്നു. ബയോ സെൻട്രിസത്തിലൂന്നിയ വിശാലമായ കാഴ്ച്ചപ്പാടും പ്രാദേശികമായ പാരിസ്ഥിതിക മൂല്യങ്ങളും ഒരു തരം ആത്‌മധ്യാനത്തിന്റെ സൗന്ദര്യാത്‌മകമായ പ്രശാന്തിയായി വായനക്കാരിലും ഒഴുകി നിറയുന്നു. ഭാഷയിലോ ഭാവത്തിലോ യാതൊരാർഭാടവുമില്ലാതെ, തീർത്തും ജൈവികമായൊരു സംവേദനം.

പ്രമോദ് രാമൻ മാതൃഭൂമിയിലെഴുതിയ ജബ്ബാറിന്റവിടെ അബ്ബാസ് എന്ന കഥയും ദേശാഭിമാനിയിൽ എം.സുധാകരനെഴുതിയ ക്യാമറ എന്ന കഥയും സമകാലിക ജീവിതത്തിന്റെ സങ്കീർണ്ണതകളെ ഭംഗിയായി പകർത്തുന്നവയാണ്. സി സി.ടി വി യുടെ, മൊബൈൽ ക്യാമറകളുടെയൊക്കെ തുറന്ന കണ്ണുകൾക്കു മുന്നിൽ നഗ്നരായിപ്പോവുന്ന, സ്വകാര്യതകളില്ലാതായിപ്പോവുന്ന ജനതയുടെ നിസഹായത ക്യാമറ എന്ന കഥ ഒപ്പിയെടുക്കുന്നു. പ്രമോദ് രാമന്റെ കഥയിൽ അത്തരം ഭീതികൾക്കൊപ്പം മറ്റു ചില രാഷ്‌ട്രീയ പ്രതിസന്ധികൾ കൂടിയുണ്ട്.

ലോകം തന്നെ ദൃശ്യ ബിംബങ്ങളുടെ സഞ്ചയമായി മാറിയ കാലമാണിത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫ്രെയിമുകൾക്കുള്ളിലൊതുക്കപ്പെട്ട ജീവിതങ്ങൾ. പ്രതിരോധസാധ്യതകളില്ലാതെ  സവിശേഷമാം വിധം മാധ്യമീകരണത്തിനു മനുഷ്യനെ വിധേയമാക്കുന്നതാണ് വിവരസാങ്കേതിക വിദ്യയുടെ സംവേദന തന്ത്രങ്ങൾ. ക്യാമറ എന്ന കഥയിലെ നായകന്റെ ഒരു ദിവസം അവന് കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല. പക്ഷേ സൈബർ സെൽ ഓഫീസിലെ സ്‌ക്രീനിൽ  അവനതോരോന്നും വെടിപ്പായി കാണുന്നു. അതിന്റെയൊക്കെ ഓഡിയോ ഉണ്ടാക്കാൻ വായയുടെ ചലനങ്ങൾ മതിയെന്നും, തെളിവുകൾ സൃഷ്‌ടിച്ചെടുക്കാൻ എളുപ്പമാണെന്നും ഓഫീസർ അവനോടു പറയുന്നു. അടുത്ത വീട്ടിലെ പെൺകുട്ടിയോടുള്ള രഹസ്യ പ്രണയമാണയാളെ പ്രതിയായി അവിടെയെത്തിച്ചിരിക്കുന്നത്. പെൺകുട്ടിയെയും അവർ വിളിപ്പിക്കുന്നു. അവൾക്ക് പരാതിയില്ല. പക്ഷേ ഒരാൾക്ക് പരാതി ഇല്ലാത്തതു കൊണ്ട് മറ്റയാൾ നിരപരാധിയാവില്ലെന്ന താക്കീതോടെ രണ്ടു പേരും വിട്ടയക്കപ്പെടുന്നു. സ്വപ്‌നത്തിൽ  പുതപ്പിനുള്ളിൽ അവളെ വിവസ്‌ത്രയാക്കിയതും ക്യാമറ നിരീക്ഷിച്ചു പകർത്തിയോ എന്ന ഭീതിയിൽ അവർക്ക്  അവരുടെ മധുരമായ ആ നിശബ്‌ദപ്രണയം പോലും അന്യമാവുന്നു. സ്വകാര്യതകളില്ലാതാക്കുന്ന ദൃശ്യസാങ്കേതിക വിദ്യയുടെ ഭീഷണമായ കടന്നുകയറ്റങ്ങളെക്കുറിച്ചാകുലപ്പെടുന്ന മിതമായ കഥ.

ജബ്ബാറിന്റവിടെ അബ്ബാസ് എന്ന കഥയിൽ മൊബൈലിൽ പകർത്തപ്പെട്ടുവെന്നു സംശയിക്കുന്ന ഒരു ദൃശ്യശകലമാണ് കഥയെ നിർണയിക്കുന്നത്. പൊതുനിരത്തുകളിൽ കാണാവുന്ന പതിവുകാഴ്ച്ചകളിലൊന്ന്. ഹെൽമറ്റില്ലാത്ത, ബുക്കും പേപ്പറുമില്ലാത്ത, ഇതു രണ്ടു മില്ലാത്തതു കൊണ്ട് പോലീസ് കൈ നീട്ടിയിട്ടും നിർത്താതെ പോയ വണ്ടിക്കാരനെ പോലീസ് പിന്തുടർന്നു പിടിക്കുകയും കൈയ്യേറ്റത്തിനൊരുങ്ങുകയും ചെയ്യുന്നു. ഈ ദൃശ്യം കാഴ്ച്ചക്കാരിലൊരാൾ, അയാൾ അറിയപ്പെടുന്നയാളാണ്, മോബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അബ്ബാസ് എന്ന പോലീസുകാരൻ ഭയപ്പെട്ടു തുടങ്ങുന്നത്. അബ്ബാസ് അയാളെ പിന്തുടരുന്നു. ആ വീഡിയോ മായ്ച്ചു കളയണമെന്നതാണയാളുടെ അപേക്ഷ. പല തരം കൈക്കൂലിയും യാചനകളുമായി നിരന്തരം അബ്ബാസ് അയാൾക്കു പിന്നാലെയുണ്ട്. യഥാർത്ഥത്തിൽ മൊബൈലിൽ വീഡിയോ പകർത്താനുള്ള സാങ്കേതിക വൈദഗ്ദ്ധ്യമൊന്നും അയാൾക്കില്ല, അതിൽ ഒരു ദൃശ്യം പോലും പതിഞ്ഞിട്ടുമില്ല. പക്ഷേ ഒരു മനുഷ്യനെ ഭീതിയുടെ ആഴങ്ങളിലേക്കു വലിച്ചെറിയാൻ ഉയർത്തിപ്പിടിച്ച ഒരു ഫോണിനു കഴിയുന്നു. അബ്ബാസിനെ ഇല്ലാത്ത ഒന്നിന്റെ പേരിൽ ഭയപ്പെടുത്തുന്നത് അയാൾക്കും രസകരമാവുന്നത്, വ്യക്‌തികളിൽ വളരുന്ന ഒരുതരം ഫാസിസമാണ്. അയാൾ ധാർമ്മികമായ ഒരു മേൽക്കൈ സ്വയമണിയുന്നു, അപരനെ ക്രൂശിക്കുന്നതിനു വേണ്ടി മാത്രം.

യഥാർത്ഥത്തിലില്ലാത്ത ഒരു വീഡിയോ അബ്ബാസിനെ എത്രയോ ആശങ്കാകുലനാക്കുന്നുവെന്ന് കഥ കാണിച്ചുതരുന്നു. പുതിയ മനുഷ്യരെല്ലാം നേരിടാനിടയുള്ള പ്രതിസന്ധി കൂടിയാണിത്. ദൃശ്യശൃംഖലകളുടെ പെരുപ്പം മനുഷ്യനെ സദാ സന്ദേഹിയാക്കുന്നുണ്ട്.

അതിനുമപ്പുറം ഈ കഥയ്ക്ക് കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രവുമായിക്കൂടി ബന്ധമുണ്ട്. ബാബറി മസ്‌ജിദ്‌ തകർത്തതിനെത്തുടർന്നുണ്ടായ വർഗ്ഗീയ കലാപവും പാലക്കാട് സിറാജുന്നീസ എന്ന പെൺകുട്ടി മരിച്ചതും  ആ കേസിൽ പിടികിട്ടാപ്പുള്ളിയായ പട്ടാണി ജബ്ബാറും കഥയിലെ സംഭവങ്ങളല്ല, യാഥാർത്ഥ്വങ്ങളാണ്. ജബ്ബാർ, അബ്ബാസ് എന്ന് പേരുകളിലെ ബ്ബയുടെ സമാനതയാണ് തന്നെ കുരുക്കിലാക്കിയതെന്ന് അബ്ബാസ് പറയുന്നുണ്ടെങ്കിലും അതങ്ങനെയല്ലെന്ന് നമ്മൾ ഞെട്ടലോടെ തിരിച്ചറിയുന്നു. വർഗീയമായ നിർണയനങ്ങളും മതനിഷ്‌ഠമായ ചിഹ്നങ്ങളും ഇന്ത്യൻ വ്യവഹാരങ്ങളിൽ സാർവ്വത്രികമായതും ഹിന്ദുത്വ സാംസ്‌കാരിക ദേശീയ വാദം പ്രബലമായതും ബാബറി മസ്‌ജിദ്‌ തകർക്കലിനു ശേഷമാണ്. അബ്ബാസുമാർ  ഒറ്റപ്പെടുത്തപ്പെടുന്നതും മാറ്റി നിർത്തപ്പെടുന്നതും തുടർക്കഥയാവുന്നു. കഥ സംവേദനം ചെയ്യുന്ന തീവ്രമായ രാഷ്‌ട്രീയ നിലപാട് ഇതാണ്. ഇത്രയും ശാന്തമായും സൗമ്യമായും അതു പറയുന്നുവെന്നതാണ് ഈ കഥയെ മനോഹരമാക്കുന്നത്.

സ്വപ്‌നങ്ങളിലും ശീലങ്ങളിലും നിത്യജീവിത വ്യവഹാരങ്ങളിലും ബന്ധങ്ങളിലുമൊക്കെ പതിയുന്ന ഫാസിസത്തെക്കുറിച്ച്, അപരവൽക്കരണങ്ങളെക്കുറിച്ച്, ഭരണകൂട നിരീക്ഷണങ്ങളെയും അതിന്റെ സംശയങ്ങളെയും കുറിച്ച് കൃത്യമായി പറഞ്ഞുറപ്പിക്കുന്ന കഥകൾക്കു ശേഷം അശോകൻ ചെരുവിലിന്റെ (എതിർദിശ മാസിക) മരത്തിൽ നിന്നു മരത്തിലേക്ക് എന്ന കഥ വായിക്കുമ്പോൾ കാര്യമായൊന്നും വിനിമയം ചെയ്യാനില്ലാത്ത ദുർബല രചന എന്നു തോന്നിപ്പോവുക സ്വാഭാവികമാണ്. വായിച്ചുപോവാൻ സുഖമുള്ള ഒരു കഥ മാത്രം. അതിലും കഷ്‌ടമാണ് മാധ്യമത്തിൽ രവി എഴുതിയ മ്ലാവ് എന്ന കഥ. വൈരസ്യം കൊണ്ടും രവിയുടെ ആഖ്യാനരീതിയുടെ പതിവ് ഏകതാനത കൊണ്ടും ആ കഥ വായനക്കാരെ സാധാരണയിലുമധികം ക്ലേശിപ്പിച്ചേക്കും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account