സമകാലിക മലയാളത്തിലെ പ്രിയ.എ.എസിന്റെ മിച്ചസമയം എന്ന കഥ  പ്രണയത്തിന്റെയും ഉപേക്ഷിക്കപ്പെടലുകളുടെയും മിച്ചം വെയ്ക്കലുകൾ മാത്രമാവുന്ന ജീവിതത്തിന്റെ നിസഹായതകളെ സവിശേഷമായ രീതിയിൽ – (അത് പ്രിയയുടെ തനതായ ശൈലിയാണ്, ഇടക്കിടെ  ആവർത്തനം ചുവയ്ക്കുന്നതുമാണ്, എങ്കിലും എപ്പോഴും അത് ആകർഷകവുമാണ്) –   ആവിഷ്‌കരിക്കുന്നതുകൊണ്ടുതന്നെ ഈയാഴ്ച്ചയിലെ മികച്ച കഥയായി വായിക്കാൻ കഴിയുന്നു. രണ്ടു പേർ – ഒരാണും പെണ്ണും, അവർ ഒന്നിച്ചിരിക്കുന്ന റെസ്റ്റോറന്റ്, രണ്ടു പേർക്കും ജീവിതത്തിൽ നിരാസത്തിന്റെയോ വിരഹത്തിന്റെയോ കയ്പ്പ് പടർത്തിയ  ആദ്യത്തെയാൾ ഉണ്ട്. രണ്ടു പേർക്കും ഒന്നിക്കാനാവാതെ ‘എപ്പോഴും നമുക്കിടയിൽ ആരെങ്കിലും ഒരാൾ’ എന്ന നിസഹായതയുമുണ്ട്. പ്രണയത്തിന്റെ, ഒന്നിച്ചു ചേരാനാവാത്ത വേദനകളുടെ, വിവാഹമോചനത്തിന്റെ ആഖ്യാനങ്ങളൊക്കെ കഥകളിൽ ചിരപരിചിതങ്ങളോ ആവർത്തിക്കുന്ന ക്ഷീരബലകളോ ആണ്. അത്തരം പരിമിതികളെ അതിലംഘിച്ച് ഈ കഥ വായനക്കാരുടെ കൂടെ വരുന്നു എന്നതാണ് കഥാകാരിയുടെ മിടുക്ക്. ആ രണ്ടു പേരുടെ സംഭാഷണങ്ങളിൽ, ഭൂതകാലങ്ങളിലേക്കുള്ള ഒളിച്ചു നോട്ടങ്ങളും, വിലപിടിച്ച ചില ഓർമ്മകളുമുണ്ട്. എല്ലാം നഷ്‌ടബോധത്തിന്റെ ഇരുൾ പുരണ്ടത്. വാച്ച്, മോതിരം, ചുവന്ന കാഞ്ചീവരം സാരി ഇങ്ങനെയുള്ള ചില ജംഗമവസ്‌തുക്കളുടെ സ്‌മരണകൾ വരച്ചിടുന്ന അസാധാരണ മിഴിവുള്ള ദൃശ്യങ്ങളാണ് കഥയുടെ ചാരുതയെന്നു തോന്നിപ്പോവും. ‘സ്‌നേഹത്തിൽ നിന്നു പുറന്തള്ളപ്പെട്ട ഒരാൾക്ക് എന്തു വാച്ച്, എന്തു കാലം, എന്തു സമയം’ എന്നു ഒരു മാത്ര ആരും ചിന്തിച്ചു പോവുന്നു. സ്‌നേഹിക്കപ്പെടാത്തവർക്ക് എല്ലാം മിച്ചസമയമാണ്. അല്ലെങ്കിൽ അവർക്കു മുമ്പിൽ കാലം നിശ്ചലമാണ്. കുട്ടിക്കാലത്ത് മൈതാനത്തിലെ ചില്ലുടുപ്പുകാരിയുടെ ചില്ലറപ്പാത്രത്തിലേക്കിട്ടു കൊടുത്ത സ്വർണമോതിരം അയാളുടെ ഓർമ്മയിലുണ്ട്. അവൾക്ക് തകർന്ന വിവാഹബന്ധത്തിന്റെ അടയാളമായിരുന്ന വിവാഹമോതിരം അഘോരമൂർത്തിയുടെ ഭണ്ഡാരപ്പെട്ടിയിലുപേക്ഷിച്ചതിന്റെ വേദന കിനിയുന്ന ഓർമ്മയും. ഒന്ന് സ്വയം മറന്നുള്ള, സമർപ്പണമോ ദാനമോ ആയിരുന്നു. രണ്ടാമത്തേത് സ്വയം തകർന്നുള്ള പരിത്യാഗവും. പക്ഷേ നിറം മാറിത്തുടങ്ങിയ നാണയത്തുട്ടുകൾക്കിടയിലേക്ക് രണ്ടും വീണത് ഒരേ ക്ലിങ് ഒച്ചയോടെ. ജീവിതത്തിന്റെ നെയ്ത്തുതറികൾ തന്നെ കാണാതാവുന്നതിലെ ഭീതികളും സന്ദിഗ്ദ്ധതകളുമാണ് പ്രിയയുടെ കഥയിലൊട്ടാകെ. കലങ്ങിയും വീണ്ടും കൂടുതൽ കലങ്ങിയും പക്ഷേ തെളിയൂറി വരുമെന്ന പ്രതീക്ഷ അവശേഷിപ്പിച്ചും പ്രിയ കഥയിൽ ജീവിതത്തെ, അതിന്റെ സന്ദേഹങ്ങളെ, ദൈന്യതകളെ, പ്രണയത്തെ അനുഭവപ്പെടുത്തുന്നു.

പഴയകാല എഴുത്തുകാർ പുതിയ കഥകളിലേക്ക് (യഥാർത്ഥ) കഥാപാത്രങ്ങളായി കടന്നു വരുന്നത് ഒരു കാലിക പ്രവണതയാണോ എന്നു സംശയിച്ചു പോവാൻ സാധ്യതയുണ്ട്. മാതൃഭൂമിയിൽത്തന്നെ അത്തരമൊരു കഥ വായിച്ചിട്ടു അധികമായിട്ടില്ല. അശോകൻ ചരുവിലിന്റെ മൊയ്‌തു  പടിയത്ത് എന്ന കഥ. ബെന്യാമിന്റെ പോസ്റ്റ്മാനിൽ കടന്നു വരുന്നത് വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹമയച്ച ഒരു പോസ്റ്റ് കാർഡുമാണ്. എന്തായാലും ബഷീർ കഥയിലൊരു മുഴുനീള കഥാപാത്രമല്ല. കർക്കശക്കാരനായ, ജോലിയിൽ ബാലിശമെന്നുപോലും തോന്നിപ്പിക്കുന്ന ശാഠ്യങ്ങളുള്ള പോസ്റ്റ്മാൻ സദാശിവൻ പിള്ള മരിച്ചതിനു ശേഷം  മകൻ അയാളുടെ പെട്ടിയിൽ നിന്ന് വിലാസക്കാർക്ക് കൊടുക്കാതെ സൂക്ഷിച്ചിരുന്ന ഒരു കൂന കത്തുകൾ കണ്ടെത്തുന്നു. അച്ഛന്റെ സൽപ്പേരിനിതു കളങ്കം തട്ടിക്കുമെന്നു ഭയന്ന് അയാളാ പെട്ടി അയൽക്കാരനും കൂടിയായ കഥ പറയുന്നയാൾക്കു കൊടുക്കുന്നു. അക്കൂട്ടത്തിൽ പെട്ടതാണ് ബഷീർ അയാൾക്കയച്ച കാർഡും. കത്തുകൾ ഉടമസ്ഥർക്ക് കൊടുക്കാതിരിക്കാനുള്ള ന്യായീകരണങ്ങളും സദാശിവൻ പിള്ള തന്റെ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. ‘ഓരോ കത്തും വിലാസക്കാരനിലെത്താൻ ഒരു കാലമുണ്ട്. പാകമാകാത്ത കാലത്ത് എത്തിച്ചേരുന്ന കത്തുകൾ മനുഷ്യനെ വഴിതെറ്റിച്ചേക്കാം. അതവരുടെ വിധി തന്നെ മാറ്റിമറിക്കാം. അതിനു കൂട്ടുനിൽക്കാൻ നീതിബോധമുള്ള പോസ്റ്റ്മാന് കഴിയുകയില്ല’.

കഥ പുതുകാലകഥകളെല്ലാം പോലെ  സാമാന്യത്തിലധികം ദീർഘമാണ്. ചിലപ്പോഴൊക്കെ വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്നുമുണ്ട്. വാർദ്ധക്യവും ഏകാന്തതയുമനുഭവിക്കുന്ന ഗിരിജ ടീച്ചർക്കുള്ള 22 കത്തുകൾ ഒന്നൊന്നായി അയാൾ അയച്ചു കൊടുക്കുന്നതും ആ കത്തുകൾ ടീച്ചറിലുണ്ടാക്കുന്ന ഉണർവും മാറ്റവുമാണ് കഥയുടെ ട്വിസ്റ്റ് എന്നു പറയാം. ടീച്ചറുടെ കത്തുകൾ തടഞ്ഞുവെച്ചതിന്റെ കാരണം മാത്രം പോസ്റ്റ്മാന്റെ ഡയറിയിൽ ഇല്ല. അവരുടെ ഭർത്താവ് സംശയ രോഗിയായിരുന്നുവെന്ന് പക്ഷേ ആഖ്യാതാവ് അറിയുന്നുണ്ട്. അയാൾ ആ കത്തുകളിലൊന്നുപോലും തുറന്നു നോക്കാതെയാണ്, (നോക്കിയിരുന്നെങ്കിൽ എന്ന് പലവട്ടം വായനക്കാർക്ക് അസഹ്യത തോന്നും) ടീച്ചർക്കയക്കുന്നത്. നന്മ നിറഞ്ഞവളായ ടീച്ചറുടെ ജീവിതത്തിൽ ഇരുൾ പരക്കാതിരിക്കാൻ പോസ്റ്റ്മാൻ മനപൂർവ്വം ഒളിപ്പിച്ചതാവാം ആ പ്രണയലേഖനങ്ങൾ. ഒരു പക്ഷേ പോസ്റ്റ്മാൻ തന്നെ എഴുതിയവയുമാകാം അവയൊക്കെ. ഏതു നിഗമനത്തിലുമെത്താനുള്ള വിടവുകൾ കഥയ്ക്കുള്ളിലവശേഷിപ്പിച്ചിട്ടുണ്ട് കഥാകൃത്ത്. വാചാലതകൊണ്ടും മുറുക്കമില്ലാതെ  അയഞ്ഞ ആഖ്യാനശൈലി കൊണ്ടുമാണ് ബെന്യാമിന്റെ കഥ വിരസമാകുന്നത്.

മാധ്യമത്തിൽ പ്രസിദ്ധീകരിച്ച സോണിയ റഫീക്കിന്റെ കാളിദാസൻ എന്ന കഥ ലോകചരിത്രവും ഗ്രീക്ക് പുരാണ കഥാസാഗരവുമൊക്കെയാ യി അത്യാവശ്യം പരിചയമുള്ളവർക്ക് കഷ്‌ടിച്ചു വായിച്ചുതീർക്കാം. അല്ലാത്തവർ ഇടയ്ക്കിട്ടിട്ടു പോവാനേ സാധ്യതയുള്ളൂ. കഥ പറച്ചിലിന്റെ ഭംഗിയോ ഒതുക്കമോ വ്യത്യസ്‌തതയോ ഒന്നും ഈ കഥയിലില്ല. ചരിത്രാധ്യാപകനെ പ്രണയിച്ചു വിവാഹം കഴിച്ച സീമാ ദേവി, പഴകി നരച്ച ദാമ്പത്യം. അമ്മയും മക്കളും ചേർന്ന് ചരിത്രാധ്യാപകനെ ഒരു പഴഞ്ചരക്കായി മൂലയ്ക്ക് തള്ളുന്നത്.. ഇങ്ങനെ ചില കാര്യങ്ങൾ പറയാൻ അലക്‌സാണ്ടറും ജെങ്കിസ് ഖാനും സീയൂസ് ദേവനും അറ്റ്ലസും  ഹെർക്കുലീസുമൊക്കെ തലങ്ങും വിലങ്ങും വിന്യസിക്കപ്പെട്ടിരിക്കുന്നു. കാളിദാസൻ ചരിത്രമാണു പഠിപ്പിക്കുന്നതെന്നതാവാം ഇതിന്റെ പിന്നിലുള്ള യുക്‌തി. അപ്പർ മിഡിൽ ക്ലാസ് കുടുംബ ജീവിതത്തിന്റെ ചില ദൃശ്യങ്ങൾ കഥയിലുണ്ട്. അതത്ര പുതുമയുള്ളതുമല്ല.

– ജിസാ ജോസ്

2 Comments
  1. Husain 9 months ago

    കഥാപഠനങ്ങൾ മലയാളത്തിൽ തീർത്തും നിശ്ചലമായ ഒരു സാഹചര്യത്തിലാണ് താങ്കളുടെ എഴുത്തുകൾ വായിക്കാൻ ഇടവന്നത്.സന്തോഷം. ഈ ശാഖയിൽ താങ്കൾക്കും,മലയാള കഥക്കും ശോഭനമായൊരു ഭാവിയുണ്ടാവട്ടേ..ആശംസകൾ
    Husain

  2. James 9 months ago

    Good review…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account