ചില ജീവിതദൃശ്യങ്ങളുടെ തെളിഞ്ഞ, ചില്ലുപാളിക്കപ്പുറത്തെന്നോണമുള്ള കാഴ്ച്ചയാണ് സോക്രട്ടീസ് കെ.വാലത്ത് മാധ്യമത്തിലെഴുതിയ ചില്ലതിര് എന്ന കഥയുടെ സവിശേഷത. കഥയിലെ പ്രമേയത്തിനു പുതുമയില്ല, എത്രയോവട്ടം പറഞ്ഞതും പഴകിയതുമാണ് എന്നൊന്നും ഒരു മാത്രപോലും തോന്നിപ്പിക്കാതെ ഈ കഥ ചില്ലതിരിനപ്പുറത്തും ഇപ്പുറത്തും സുതാര്യമായി ഒഴുകിപ്പരക്കുന്നു.

കലാകാരനും ഉന്നതകുലജാതനുമായ ഭഗവൽ ദാസ്, ഇന്ദിരാഗാന്ധിയ്ക്കു മുന്നിൽ ലവകുശായണം എന്ന നൃത്തശിൽപ്പമവതരിപ്പിക്കുന്ന അതേ സമയത്താണ് അയാളുപേക്ഷിച്ച, മറന്നുകളഞ്ഞ രണ്ടു പെണ്മക്കൾ അമ്മാവന്റെ കൂടെ അച്ഛന്റെ തറവാട്ടിലെത്തുന്നത്. നിരാസങ്ങൾക്കും തിരസ്‌കാരങ്ങൾക്കും പുരാണ കാലത്തും വർത്തമാനകാലത്തുമൊക്കെ ഒരേ കയ്പ്പും ചവർപ്പുമാണ്. പാലം കയറിയിറങ്ങി അവർ ചെന്നു പെടുന്നത്, മകനെയോർത്ത് ഉരുകിത്തീർന്ന സ്‌നേഹനിധിയായ ഒരച്ഛന്റെ ശവഘോഷയാത്രയിൽ. വളരെ കർക്കശ യുക്‌തികളോടെയാണ് സോക്രട്ടീസ് കെ.വാലത്ത്  ഓരോ സന്ദർഭവും കഥയിൽ ഇണക്കിച്ചേർത്തിരിക്കുന്നതെന്നു വ്യക്‌തമാണ്. ഓരോന്നും പരസ്‌പരം ഉദാസീനമായ  ബന്ധമേയുള്ളുവെന്നു തോന്നിപ്പിച്ചു കൊണ്ടാണ്  ഗാഢമായൊരു ഇഴുകിച്ചേരൽ അനുഭവപ്പെടുത്തുന്നത്. പതിനഞ്ചും പത്തും വയസുള്ള ആ പെൺകിടാങ്ങൾക്കു മുന്നിൽ തറവാടിന്റെ വാതിലടയുന്നു. അമ്മാവനവരെ അവിടെ നട തള്ളി രക്ഷപെടുന്നു. ആ കുട്ടികൾ തുറിച്ചുനോക്കി നിൽക്കുന്ന ഒരുപാടു കണ്ണുകൾക്കു മുന്നിലൂടെ നടന്നു മാഞ്ഞു. 40 വർഷങ്ങൾക്കുശേഷം ഭഗവൽ ദാസ്  കൂടുതൽ അംഗീകരിക്കപ്പെടുന്നു, അയാളുടെ അമ്മ അഭിമാനപുളകിതയാവുന്നു. എല്ലാവരും ആ പെൺകുട്ടികളെ മറന്നു. അവർ അമ്മവീട്ടിലേക്കു തിരിച്ചുപോയിട്ടില്ലെന്ന് ഏവർക്കുമറിയാം. അവരിപ്പോഴും പല പേരുകളിൽ പല ദേശങ്ങളിൽ പലതവണ ജനിച്ചും, പരസ്‌പരമറിയാതെ നടന്നു കൊണ്ടിരിക്കുന്നു. എപ്പോഴും അവരുടെ മുന്നിൽ അദൃശ്യമായൊരു ചില്ലതിര്. അതിനപ്പുറത്ത് അവരുടെ വാഗ്‌ദത്ത ഭൂമിയുണ്ട്. പക്ഷേ അങ്ങോട്ടു കടക്കുക അസാധ്യമാണ്. അതുകൊണ്ടവർ മറ്റൊരു പഴുത് നോക്കി വേറൊതിരിലേക്കു നടക്കുന്നു. എല്ലാ പെൺകുട്ടികളും എല്ലാ തിരസ്‌കൃതരും ഇങ്ങനെ നിരന്തരം നടന്നു കൊണ്ടേയിരിക്കുന്നു. അത്യന്തം നിസഹായമായ ജീവിതാവസ്ഥകളെ അത്രമേൽ ആഴത്തിൽ അനുഭവിപ്പിക്കുന്നുവെന്നതു തന്നെയാണ് ചില്ലതിരിനെ ഈയാഴ്ച്ചത്തെ മികച്ച കഥയാക്കുന്നത്. നാട്ടിൻ പുറക്കാഴ്ച്ചകൾ, അതീവ ലളിതമായ ആഖ്യാനം, യാതൊരു കോലാഹലങ്ങളുമില്ലാതെ  നിരാലംബരായ ആ രണ്ടു കുട്ടികളുടെ ദൈന്യത കഥയിൽ നിന്നു വായനക്കാരുടെ മനസിലേക്കു കടന്നു കയറുന്നു. അവർക്കും നമുക്കുമിടയിൽ ഒരു ചില്ലതിരിന്റെ മറവു പോലുമില്ലാത്തത്ര വേഗത്തിൽ, എളുപ്പത്തിൽ. മനുഷ്യനിലെ നന്മയുടെ, അവനിൽനിന്നുൽഭവിക്കേണ്ട ഉണ്മയുടെ, ദേവത്വത്തിന്റെ പ്രതീകമാണ് കഥയിലെ അന്തുക്കോ മാപ്പിള. അന്നത്തെ ദിവസം പെട്ടിയിൽ ആകെ വീണ അഞ്ചു രൂപയാണ് ദാഹജലത്തിനൊപ്പം ഇരുട്ടുന്നേനു മുന്നേ രാജ്യം വിട്ടോ മക്കളേ എന്ന പ്രാർത്ഥനയുമായി അയാളവർക്കു നീട്ടുന്നത്. മനുഷ്യന്റെ  നിഷ്ഠുരതകൾക്കു അവൻ തന്നെ ചെയ്യുന്ന ചെറിയ പ്രതിക്രിയകൾ. അസ്ഥിരതകളും  അനാഥത്വവുമലട്ടുന്ന ഏകാന്തജീവിതങ്ങൾക്ക് ചെറിയൊരു തണൽ. മനസ്സിൽ ആഴത്തിലുള്ള കോറലുകളവശേഷിപ്പിക്കുന്നുണ്ട് കഥ. ഒരു പക്ഷേ ഏതോ ചില്ലതിര് പൊട്ടിച്ചിതറി മുറിപ്പെടുത്തുന്നതുമാവാം.

സമകാലിക മലയാളത്തിൽ എൻ. പ്രഭാകരനെഴുതിയ ഒരു പിച്ചള വിളക്കിന്റെ കഥ ദാർശനികവും രാഷ്‌ട്രീയവുമായ ഗഹനതകൾ കൊണ്ടാണ് ശ്രദ്ധേയമാവുന്നത്. അതേ കാരണം കൊണ്ട് കഥ ചിലപ്പോഴെങ്കിലും വിരസവുമാവുന്നുണ്ട്. കഥപറച്ചിലിന്റെ നേർരേഖാസാധ്യതകളാണ് കഥയിലുപയോഗിച്ചിരിക്കുന്നത്. അതിലൂടെ വക്രമായ, അരേഖീയമായ ഒട്ടനവധി കഥാന്തരങ്ങളിലേക്കു പടരുന്നതിലെ ആഖ്യാനവൈഭവം എടുത്തു പറയേണ്ടതുമാണ്. അതെല്ലാം ഒന്നു പോലെ  കാലികപ്രസക്‌തങ്ങളും. ആക്ഷേപഹാസ്യത്തിന്റെ ഗൂഢധ്വനികളും കഥയിലുണ്ട്. ഇങ്ങനെയൊക്കെയെങ്കിലും ഈ കഥ ഹൃദയം കൊണ്ടാസ്വദിക്കേണ്ടതല്ലെന്നു സാധാരണ വായനക്കാർ സന്ദേഹിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ  പിച്ചളവിളക്കിന്റെ കഥ ഹൃദയത്തെയല്ല തൊടുന്നതും.

കളഞ്ഞുകിട്ടിയ പിച്ചളവിളക്ക് അതിന്റെ ദീർഘമായ കഥ പറയുകയാണ്. അതുല്യമായൊരു കലാസൃഷ്‌ടി. അതിന്റെ ഉപയോഗ മൂല്യത്തെ നിർണയിക്കുന്നത്, അതിനെ അനന്യമാക്കുന്നത്  അതിന്റെ നിർമ്മിതിക്കു പ്രേരകമായ ആവശ്യങ്ങളും അനുഷ്ഠാനങ്ങളുമൊക്കെയാണ്. 15-ാം നൂറ്റാണ്ടിൽ തന്റെ പ്രിയങ്കരിയായ ഗണികയെ സ്വാധീനിക്കാൻ ഒരു ജന്മി അതി  സമർത്ഥനായ ശിൽപ്പിയെക്കൊണ്ട് പ്രത്യേകം നിർമ്മിച്ചെടുത്തതായിരുന്നു ആ വിളക്ക്. പക്ഷേ ഓരോ തവണയും അതു നേർവിപരീതമായ ഫലങ്ങളാണുണ്ടാക്കിയത്. പ്രണയചിഹ്നമെന്ന സ്ഥാനം വളരെപ്പെട്ടെന്നു കൈമോശം വന്ന വിളക്ക് പല കൈകൾ കൈമാറി പുതിയ കാലത്തെ ഒരു കപട കമ്മ്യൂണിസ്റ്റുകാരന്റെ കൈയ്യിലെത്തുമ്പോഴേക്ക് അതിനൊരു ആഭിചാര വസ്‌തുവിന്റെ നിഗൂഡതയും വന്യതയും കൈവന്നു കഴിഞ്ഞു. വർത്തമാനകാലത്തെ ചരിത്ര – യുക്‌തി – ശാസ്‌ത്രബോധങ്ങളെയും കമ്മ്യൂണിസത്തെയും കഥ രൂക്ഷമായി കളിയാക്കുന്നുണ്ട്. ‘കമ്മ്യൂണിസം നിരർത്ഥമായ ഒരു സ്വപ്‌നം മാത്രമാണ്. ഞാനിപ്പോൾ ഒരു ഇസത്തിലും വിശ്വസിക്കുന്നില്ല. ഈ ചെറിയ ജീവിതം ഒരു ദർശനത്തിനു വേണ്ടിയും ഹോമിക്കാനുള്ളതല്ല.’ വാണിജ്യത്തിന്റെ പ്രത്യയശാസ്‌ത്രങ്ങൾ, വിപണി കേന്ദ്രിതമായ മൂല്യങ്ങൾ, രാഷ്‌ട്രീയ ദർശനങ്ങൾ പോലും ചരക്കുവൽക്കരിക്കപ്പെടുന്നതിലെ യാന്ത്രികത തുടങ്ങി പിച്ചളവിളക്കിന്റെ കഥ മുന്നോടു വെയ്ക്കുന്ന നിരീക്ഷണങ്ങൾ ഒട്ടനവധിയാണ്. അവയുടെ ആധിക്യം തന്നെയാവണം ചിലപ്പോഴെങ്കിലും കഥാവായന ക്ലേശകരമാക്കുന്നതും.

ജ്യോതിർമയി കലാകൗമുദിയിലെഴുതിയ ശീലാവതി ചില ചെത്തിമിനുക്കലുകൾ കൂടിയുണ്ടായിരുന്നെങ്കിൽ മികച്ചൊരു (പെൺ)പ്രതികാര കഥയായേനെ. ഇരുനിറത്തിൽ തഴച്ചു നില്ക്കുന്ന സുമിത്ര, പോറ്റി വളർത്തുന്ന സുന്ദരക്കുട്ടപ്പൻ ഭർത്താവ് ബാലകൃഷ്‌ണന്റെ ലൈംഗികാവയവ പ്രദർശനമെന്ന സ്വഭാവവൈകൃതത്തെ അവൾ ചികിത്‌സിച്ചു ഭേദമാക്കുന്നത് വളരെ ബുദ്ധിപൂർവ്വവും അതേ സമയം നിഷ്ഠുരവുമായാണ്. ഒരു സ്‌ത്രീയ്ക്കു മാത്രം കഴിയുന്നത്രയും ക്രൂരമായി. ഒരു പകൽ മുഴുവൻ അയാൾ ഉടുതുണിയില്ലാതെ മുറ്റത്തെ തെങ്ങിൽ കെട്ടിയിടപ്പെടുന്നു. എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയിലുള്ള കഥ ചമച്ചു പറയാനും സുമിത്രയ്ക്കു കഴിയുന്നുണ്ട്. ആണിന്റെ നഗ്നത ആണുങ്ങളെയെല്ലാം ലജ്ജിപ്പിച്ചു. അവരെ അലോസരപ്പെടുത്തി. പെണ്ണുങ്ങളത് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഒളിഞ്ഞും തെളിഞ്ഞും നോക്കിയാസ്വദിച്ചു .’ഇനിയീ ദേശത്ത് ബാലകൃഷ്‌ണന്റേത് കാണാത്തോറ് ആരൂണ്ടാവില്ല’ എന്നുറപ്പ് വരുവോളം അയാളവിടെ നഗ്നനായി നിൽക്കേണ്ടി വരുന്നു. എന്തായാലും ബാലകൃഷ്‌ണന്റെ മുണ്ടു പൊക്കിക്കാട്ടൽ അതോടെ അവസാനിച്ചു. രസകരമായ രീതിയിൽ ജ്യോതിർമയി കഥ പറയുന്നുണ്ട്. വാചാലതയും ആവർത്തനവും കഥയുടെ ഒതുക്കത്തെയും തീവ്രതയെയും ബാധിക്കുന്നുവെങ്കിലും ഈ പ്രതികാരം കൗതുകകരമാണ്. ഇത്തരം പ്രതിരോധങ്ങളനിവാര്യവുമാണ്.

പച്ചക്കുതിരയിൽ ഉണ്ണി ആർ എഴുതിയ നന്തനാരുടെ ആട്ടിൻകുട്ടി എന്ന കഥ നിരാശനായ ഒരാൾ ആത്‌മഹത്യയിൽ നിന്നു രക്ഷപെടുന്നതിനെക്കുറിച്ചാണ്. നന്തനാരുടെ, സമാനമായ കഥയുമായി അതിന് പാഠാന്തര ബന്ധമുണ്ട്. ആട്ടിൻകുട്ടിയെക്കണ്ട് മരണത്തിൽ നിന്നു തിരിച്ചു നടക്കുന്നു നന്തനാരുടെ കഥാപാത്രം. ഇവിടെ അതേ ആട്ടിൻകുട്ടിയാണ് ഉണ്ണി ആറിനെയും രക്ഷിക്കാനെത്തുന്നത്. നിരാശ അവസാനിക്കാതിരിക്കുകയും ആത്‌മഹത്യാ പ്രവണത വീണ്ടുമുണ്ടാവുകയുമാണെങ്കിൽ ‘ടി പത്‌മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന പേരിലായിരിക്കും  ഉണ്ണി ആറിന്റെ അടുത്ത കഥയെന്നു പ്രതീക്ഷിക്കാം.

ദേശാഭിമാനിയിൽ സലിം കുരിക്കളത്ത് എഴുതിയ ചൂട്ടുവെളിച്ചം നാട്ടിൻപുറനന്മകൾ, മതസൗഹാർദ്ദം, പെരുന്നാൾ കാത്തിരിക്കുന്ന കുട്ടിത്തം, അടിയന്തരാവസ്ഥക്കാലത്തെ  അന്യായമായ അറസ്റ്റ്, പോലീസ് മർദ്ദനം, ലോക്കപ്പ് മരണം തുടങ്ങിയ ചേരുവകളുടെ അളവുകൾ പിഴച്ചു പോയ കൂട്ടാണ്. എരിവിന് സച്ചിദാനന്ദന്റെ നാവു മരമെന്ന കവിതയിലെ വരികളും ചേർത്തിട്ടുണ്ട്. പ്രത്യേക സ്വാദൊന്നുമില്ലെങ്കിലും കഥ വായിച്ചു തീർക്കാം.

അത്‌ഭുതപ്പെടുത്തുന്ന ഒരു കാര്യം ഈ മാസത്തെ രണ്ടു മാസികകളിലാണ് വി. ആർ സുധീഷ് കവർ പേജിൽ പ്രത്യക്ഷപ്പെടുന്നത്. സുധീഷ് മലയാള കഥയിലെ മഹാ സംഭവമായ കഥകളെന്തെങ്കിലും എഴുതിയോ എന്ന പ്രതീക്ഷയോടെ അകത്തു കടന്നാൽ, ആ കഥകൾ വായിച്ചാൽ, നിരാശ മാത്രമാണു ഫലം. എഴുത്തുകാരനെ വിഗ്രഹവല്ക്കരിക്കുന്ന അപകടകരമായ പ്രവണതയിൽ നിന്നു പത്രാധിപന്മാർ പിന്തിരിയേണ്ടതുണ്ട്. പത്തു മുപ്പതു വർഷമെങ്കിലും പഴക്കം ചുവയ്ക്കുന്ന രണ്ടു കഥകളാണവ. ഒരു കഥയിൽ ഓനും മറ്റേതിൽ ഞാനും. ആത്‌മരതിയിൽ നിന്നു കഥാകൃത്ത് ഒട്ടും മോചിതനല്ല. ഓൻ (കഥ മാസിക) പുതിയ തലമുറയുടെ വികാരശൂന്യതയെക്കുറിച്ചു വികാരരഹിതമായി പറയുന്നു. എതിർദിശയിൽ വന്ന ‘പണ്ടത്തെ പ്രേമകഥയിലെ വവ്വാൽ’ നിപാ വൈറസിന്റെയും രോഗത്തിന്റെയും പശ്ചാത്തലത്തിൽ വിപണിവില കൂടുമെന്ന സങ്കൽപ്പത്തിലെഴുതിയ ഭ്രമത്‌മകപ്രേമ കഥയും. കാമുകിയും അവളുടെ ആരാധനയും പ്രണയവും രതിയുമൊക്കെയാണ് വിഷയമെങ്കിലും മുഴച്ചു നിൽക്കുന്നത് ‘ഞാൻ’ തന്നെ. എത്രയോ പറഞ്ഞുപഴകിയ കഥ എത്രമേൽ വിരസമായാണദ്ദേഹം വീണ്ടും പറയുന്നത്.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account