അനുഭവങ്ങളുടെ സൗന്ദര്യാത്‌മകമായ ആവിഷ്‌കാരങ്ങളാണ്  കലാസൃഷ്‌ടികളെന്നു സാമാന്യമായി പറയാം. അനുഭവങ്ങൾ സുന്ദരങ്ങളോ സുഖകരങ്ങളോ ആവണമെന്നില്ല, പക്ഷേ അവയുടെ ആവിഷ്‌കാരണങ്ങൾക്ക് സൗന്ദര്യവും പലപ്പോഴും ചരിത്രപരവും രാഷ്‌ട്രീയവുമായ ഗഹനതയും കൈവരുമ്പോഴാണവ മൗലികമാവുക. പലരും പറഞ്ഞത്, നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് വ്യത്യസ്‌തമായി പറഞ്ഞു കേൾപ്പിക്കുന്നതിലെ കൗശലമാണ് കഥയെയും സുന്ദരവും അപൂർവ്വവുമായ അനുഭൂതിയാക്കി മാറ്റുന്നത്.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലെ സർവ്വശിക്ഷാ അഭിയാൻ (മധു തൃപ്പെരുന്തുറ) എന്ന കഥ ഇത്തരമൊരനുഭൂതിയാണു വായനക്കാർക്കു പ്രദാനം ചെയ്യുക. പുതിയതായി ഒന്നുമില്ല, പക്ഷേ വായിച്ചു കഴിഞ്ഞാൽ പുതിയതല്ലാത്തതായും ഒന്നുമില്ല. നിസഹായവും ഏറെക്കുറെ അനാഥവുമായ ബാല്യം, മദ്യപനും നിഷ്ഠുരനുമായ അച്ഛന്റെ പീഡനം, ടീച്ചറുടെ പോസ്റ്റ് പോകാതിരിക്കാൻ അച്ഛനെ പ്രീണിപ്പിച്ചും കൈക്കൂലി കൊടുത്തു സ്‌കൂളിൽ ചേർക്കൽ, പ്രവേശനോത്‌സവമെന്ന കോമാളിത്തത്തോളമെത്തുന്ന ആഘോഷങ്ങൾ, പുസ്‌തകങ്ങൾ കത്തിച്ചു കളഞ്ഞ അച്ഛനോടുള്ള പ്രതികാരം.. ഇങ്ങനെയൊക്കെയാണ് കഥയിലെ സംഭവങ്ങൾ.  എനാസ് എന്ന ബാലന്റെ നിസഹായതയും സ്വപ്‌നങ്ങളും അവൻ കടന്നു പോരുന്ന ദുരിതമയമായ ജീവിത സാഹചര്യങ്ങളും ഉചിതമായ പശ്ചാത്തലത്തോടെ അനുഭവപ്പെടുത്താൻ കഴിയുന്നതുകൊണ്ടാണ് ഈ കഥ ഈയാഴ്ച്ചയിലെ ശ്രദ്ധേയമായ കഥയാവുന്നത്. മൂർച്ചയേറിയ ആ കത്താൾ പോലെ  കഥ ദുരിത ബാല്യങ്ങളുടെ ഏകാന്തതയെക്കുറിച്ചോർമ്മപ്പെടുത്തുന്നു. എനാസ് ഒറ്റപ്പെട്ടവനല്ല. സ്‌നേഹിക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ ഒരിക്കലുമൊന്നോമനിക്കപ്പെടുക പോലും ചെയ്യാതെ അവൻ, അവനെപ്പോലുള്ളവർ നമുക്കിടയിൽ നിശ്ശബ്‌ദരായി ജീവിക്കുന്നുണ്ട്. കൂടുതൽ കൂടുതൽ താഴ്ച്ചകളിലേക്ക് അവരുടെ സാഹചര്യങ്ങളവരെ ഉന്തി വീഴ്ത്തിക്കൊണ്ടിരിക്കും.

ശാന്തം മാസിക ജൂൺ ലക്കത്തിൽ അമലെഴുതിയ അമലോത്ഭവ മാതാവും ആറ്റുകാൽ പൊങ്കാലയുമെന്ന കഥ രസകരമായി ഒരു പെൺകൂട്ടത്തിന്റെ കഥ പറയുന്നു. പൊങ്കാലയിടാൻ പോകുന്ന പ്രമീളയെന്ന നാട്ടിൻപുറത്തുകാരി, അവളുടെ മകൻ അഭിലാഷ്, അയൽക്കാരികൾ, ഷാഹിനയും അന്നമ്മയുമൊക്കെയുണ്ട് അവരുടെ കൂടെ. പശു, തൊഴുത്ത് ഇങ്ങനെ നീളുന്ന കഥ ആദ്യാവസാനം ചടുലമാണ്. വളരെ സ്വാഭാവികമായി കഥയ്ക്കിടയിൽ അമൽ ചേർത്തുവെയ്ക്കുന്ന ചില സൂചനകൾ, സംഭവങ്ങൾ കഥയെ കൃത്യമായൊരു രാഷ്‌ട്രീയ നിലപാടുള്ളതു കൂടിയാക്കുന്നു. അത് ബോധപൂർവ്വമല്ലാതെ സംഭവിക്കുന്നതാണെന്നതു തന്നെയാണ് ഈ കഥയുടെ നൈസർഗികമായ ചാരുതയും. വർത്തമാനകാല സാഹചര്യത്തിൽ ഏതാണ്ട് അസംഭവ്യം തന്നെയായ മത സൗഹാർദ്ദത്തിന്റെ കുളിരാർന്ന അടിയൊഴുക്ക് കഥയിലുണ്ട്. ഈ ശീർഷകം തന്നെ പരസ്‌പരം ചേർച്ചയില്ലാത്തതിനെ ചേർത്തുവെയ്ക്കലാണല്ലോ. പെണ്ണുങ്ങളുടെ ഉത്‌സവമായ പൊങ്കാലയ്ക്ക് രണ്ടു ദിവസം നഗരം പെണ്ണുങ്ങളുടെ സ്വന്തമാവുന്നുവെന്ന് പ്രമീള പറയുമ്പോൾ ഹിന്ദുപ്പെണ്ണുങ്ങൾക്ക് മാത്രം സൊന്തമെന്ന് അവളുടെ ഇതര മതസ്ഥരായ കൂട്ടുകാരികൾ പരിഭവിക്കുന്നു. ക്രിസ്‌തുമസിന്  കേക്കുമുറിച്ചും പെരുന്നാളിനു ബിരിയാണി വെച്ചും നഗരരാത്രികളെ സൊന്തമാക്കാനും നാളെയത് ആചാരമാവുമെന്നുമുള്ള ലളിതമായ പരിഹാരമാണതിനു പ്രമീളയ്ക്കുള്ളത്. ഒന്നിച്ചുള്ള ആഘോഷങ്ങൾ മെല്ലെ മെല്ലെയടങ്ങുന്നു. നിങ്ങടെ ഉത്‌സവം, നമ്മുടെ ഉത്‌സവമെന്ന് അവ വേർതിരിയുന്നു. വിശേഷ ദിവസങ്ങളിൽ പങ്കുവെച്ചുണ്ടതു പോലും പ്രമീളയും ഷാഹിനയും അന്നമ്മയും വിസ്‌മരിച്ചു തുടങ്ങുന്നു. പക്ഷേ അതൊന്നും സ്ഥായിയായ മാറ്റങ്ങളല്ല. ഏറ്റവുമാദ്യത്തെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തി അവർ പരസ്‌പരം  തുണയാവുന്നു. പൊങ്കാലയടുപ്പിൽ നിന്നു തീ പടർന്ന് ഉടുതുണി കത്തി നശിച്ച പ്രമീളയ്ക്ക് പുതിയ സാരി കൊടുക്കുന്നത് പള്ളി വികാരിയും കന്യാസ്‌ത്രീകളുമാണ്. അതും അമലോത്ഭവ മാതാവു ചുറ്റിയ നേർച്ചസാരി. അത്രയും നേരം അവളുടെ അടുപ്പു കെടാതെ സൂക്ഷിച്ചത് കണ്ണൂരുകാരി ഭാമ. ആ ദിവസം തങ്ങളുടെ രാഷ്‌ട്രീയ എതിരാളിക്ക് അപകടം പറ്റിയെന്നറിഞ്ഞ് ആശുപത്രിയിലോടിയെത്തുന്നത് അഭിലാഷും കൂട്ടുകാരും. സൗഹൃദത്തിന്റെ ദേശ രാഷ്‌ട്രീയാതീതമായ, മതേതരമായ ഒരന്തരീഷം ഈ കഥയിലുടനീളമുണ്ട്. അത് എത്ര മോശം സാഹചര്യങ്ങളിലും ജീവിതം പ്രതീക്ഷയ്ക്കു വകയുള്ളതാണെന്നു കാണിച്ചു തരുന്നു. അസാധാരണമായ ഉണർവ്വോടെ ജീവിതത്തെ സ്‌നേഹിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. പൊങ്കാലക്കിറ്റ് വിൽക്കുന്നതു കാണുമ്പോൾ, നല്ല വിളവിന് അമ്മയ്ക്കു നന്ദി പറയാൻ സ്വന്തം കൈകൊണ്ടുണ്ടാക്കി മെതിച്ചെടുത്ത ധാന്യംകൊണ്ട് പായസമുണ്ടാക്കി നേദിച്ചിരുന്ന പഴയ കാലത്തെക്കുറിച്ച് പ്രമീള ഓർക്കുന്നുണ്ട്. എത്ര അനായാസമായാണ് വിപണിവൽകൃതമായ സാമൂഹികാവസ്ഥകളെക്കുറിച്ചു കഥാകൃത്ത്  സൂചിപ്പിക്കുന്നത്.

കലാകൗമുദിയിലെ എം സുധാകരന്റെ തുന്നൽക്കാരന്റെ മകൾ വെറുതെ വായിച്ചു പോകാവുന്ന കഥയെന്നു മാത്രമേ പറയാനുള്ളു. ദരിദ്രയായ തുന്നൽക്കാരന്റെ മകളെ അതീവ സമ്പന്നമായ കുടുംബം അവരുടെ മകനു വേണ്ടി ദത്തെടുക്കുന്നു. അവളുടെ ബന്ധങ്ങളിൽ നിന്ന് ജീവിത സാഹചര്യങ്ങളിൽ നിന്ന് അറുത്തുമുറിച്ചു മാറ്റുന്നു. വിവാഹപ്പിറ്റേന്ന് കൊട്ടാരസദൃശ്യമായ വീടിന്റെ ഗേറ്റിനു പുറത്തെ ചെറിയൊരു വീട്ടിൽ അവളുടെ സമപ്രായക്കാരിയൊരു പെൺകുട്ടി മരിച്ചു കിടക്കുന്നു. മരിച്ചത് അന്നുവരെയുള്ള അവൾ തന്നെയെന്നൊക്കെ വ്യാഖ്യാനിച്ചെടുക്കാമെങ്കിലും കഥയിലുടനീളം ധാരാളം വിടവുകളാണ്.

ദേശാഭിമാനിയിലെ ചക്രം (സി.പി. കൃഷ്‌ണകുമാർ) വിരസമായൊരു വാർദ്ധക്യകാലാഖ്യാനമാണ്. ചക്രകസേരയിൽ അനാഥാവസ്ഥയിൽ കാലം കഴിച്ചുകൂട്ടുന്ന അയാൾ പെട്ടന്നുണ്ടായ കടൽക്ഷോഭത്തിൽ വെള്ളത്തിൽ മുങ്ങി മരിക്കുന്നു. അതുവരെ ഇന്നു വരും, നാളെ വരും എന്നു പറയുക മാത്രം ചെയ്‌തിരുന്ന മകൻ കുറ്റബോധത്തോടെ അച്ഛൻ മരിച്ച സ്ഥലങ്ങൾ കാണാനെത്തുന്നു. അയാളുടെ വിഭ്രാമകങ്ങളായ ചില തോന്നലുകളാണ് തുടർന്നുള്ള കഥ. ഒട്ടും ആർദ്രതയില്ലാത്ത വരണ്ട കഥയെന്നു വായനക്കാർക്കു തോന്നിപ്പോവാനിടയുണ്ട്. .

മാതൃഭൂമിയിൽ എം. മുകുന്ദനെഴുതിയ അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന കഥയുടെ ശീർഷകം എങ്ങനെ ഈ കഥയ്ക്കു ചേരുമെന്നു സംശയിക്കാവുന്നതാണ്. അപ്പനും അമ്മയും മകളും ജിമുക്കിക്കമ്മലുമുണ്ടെങ്കിലും കഥയിലെങ്ങും ബ്രാണ്ടിക്കുപ്പിയില്ല. കഥ ടീനേജ് പെൺകിടാങ്ങൾക്ക് നിർബന്ധമായും വായിച്ചു കൊടുക്കാവുന്ന സദുപദേശകഥയാണ്. വൈകാതെ സിലബസിൽ കടന്നു കൂടാനുമിടയുണ്ട്. ദുർബല ഹൃദയരായ, അമിത നിഷ്‌കളങ്കരായ, മുണ്ടു മാത്രമുടുക്കുന്ന, പ്രാരാബ്‌ധക്കാരായ അച്ഛന്മാരും കഥ വായിക്കേണ്ടതാണ്. അതിഭാവുകത്വവും അതിവൈകാരികതയും കൊണ്ട് നനഞ്ഞു കുതിർന്നു പോയ കഥയെ ചില സൂത്രപ്പണികൾ കൊണ്ട്  മുകുന്ദൻ ഉണക്കിയെടുക്കുന്ന തന്ത്രം രസകരമാണ്. ചിന്താ ജെറോമിന്റെ ജിമുക്കി പ്രസംഗത്തെ അനുസ്‌മരിപ്പിക്കും വിധം കഥയിലെ അമ്മ നടത്തുന്ന കലിതുള്ളൽ അത്തരമൊന്നാണ്. ഒരു സറ്റയറായി കഥയപ്പോൾ പെട്ടന്നു രൂപാന്തരപ്പെടുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account