ചിന്തയുടെയും അനുഭൂതിയുടെയും മണ്ഡലങ്ങളിൽ സൂക്ഷ്‌മമായ ചലനങ്ങൾ  സൃഷ്‌ടിച്ച് ശ്രദ്ധേയമായ വായനാനുഭവമുണ്ടാക്കുന്ന ഒരു കഥയും ഈയാഴ്ച്ച  ഉണ്ടായിട്ടില്ലെന്നു തോന്നാം. ആസ്വാദനത്തിലെ, അനുശീലനങ്ങളിലെ വ്യക്‌തിപരതയാണ് കഥാവായനയെ നിയന്ത്രിക്കുന്നതെന്നതു കൊണ്ട് തീർച്ചയായും അത് നൂറു ശതമാനമുറപ്പുള്ളതുമായ പ്രസ്‌താവനയല്ല. ഏകപക്ഷീയമെന്നു വിമർശിക്കപ്പെടുകയും ചെയ്യാം. ചില വായനക്കാർക്ക് മികച്ചതെന്നും നല്ലതെന്നും ഇതേ കഥകളെക്കുറിച്ചു തോന്നിക്കൂടായ്‌കയില്ല. അത്തരം പരസ്‌പരവിരുദ്ധം തന്നെയായ തോന്നലുകളും പലതരം വായനകളും ഉണ്ടാക്കുന്നുവെങ്കിൽ അത് കഥയുടെ സംവാദാത്മകതയ്ക്കു തെളിവാണുതാനും. പക്ഷേ ഈയാഴ്ച്ച വായിച്ച കഥകളെക്കുറിച്ച് അങ്ങനെ രണ്ടഭിപ്രായങ്ങളുണ്ടാകുമോ എന്ന് സന്ദേഹമാണ്.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലെ മുറി (മുസ്‌തഫ ദേശമംഗലം) എന്ന കഥയാണ് ഇക്കൂട്ടത്തിൽ ആഖ്യാനത്തിന്റെ പുതുമകൊണ്ടും ഒതുക്കം കൊണ്ടും മുന്നിട്ടു നിൽക്കുന്നത്. പ്രമേയം പഴയതാണ്. ദാരിദ്യം, കൂടപ്പിറപ്പിന്റെ സ്‌നേഹ ശൂന്യത, മതേതരമായ സൗഹൃദങ്ങൾ എന്നിങ്ങനെ. പക്ഷേ, ആശുപത്രിക്കിടക്കയിൽ മുറിച്ചു മാറ്റിയ കാലുകളോടെ കിടന്ന് പുറത്ത് മരംമുറിക്കുന്നതു കാണുന്നതിലെ നിസഹായതയും ദൈന്യതയും ഹൃദയത്തെ തൊടുംവിധം ആവിഷ്‌കരിച്ചിരിക്കുന്നു. ‘മുറിക്കലിന് പല രാഷ്‌ട്രീയമാണ്, ആൾക്കൂട്ടത്തിനെന്തും മുറിക്കാനാവും, ലക്ഷ്യം അതാണെങ്കിൽ’ എന്ന വാക്കുകൾക്ക് ഒന്നിലധികം അർത്ഥങ്ങളുണ്ട്. അതു തന്നെയാണ് കഥയുടെ രാഷ്‌ട്രീയവും.

മാധ്യമത്തിൽ ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി എഴുതിയ ‘അച്ഛനോട് തോക്ക് എന്താണ് പറഞ്ഞിരിക്കുക?’ എന്ന കഥ കൃത്യമായി ചില കാര്യങ്ങൾ പറയാൻ വേണ്ടി മാത്രമെഴുതിയ കഥയാണ്. അതുകൊണ്ടാവാം അത് കഥയെന്ന നിലയിൽ ഹൃദയവുമായി സംവദിക്കുകയില്ല. വളരെ വിരസമായും വരണ്ട ഭാഷയിലും അത് ചിന്തകളെ അൽപ്പമൊന്ന് അസ്വസ്ഥമാക്കും. പത്രവാർത്തകളുമൊക്കെ ചെയ്യുന്നതു പോലെ, അത്രയും മാത്രം. നക്‌സൽ ആശയങ്ങളോട് ചെറുപ്പത്തിൽ മമതയുണ്ടായിരുന്ന, അതിന്റെ പേരിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള, പക്ഷേ ഇപ്പോൾ ക്ഷമാശീലനും ശാന്തനുമായ അച്ഛൻ പെട്ടന്ന് തോക്കെടുത്ത് ആക്രമാസക്‌തനാവുന്നു. അയൽക്കാരി പെൺകുട്ടി ശ്യാമള മൃഗീയമായി പീഡിപ്പിക്കപ്പെട്ടു മരിച്ചത്, വളർന്നു വരുന്ന സ്വന്തം പേരക്കുട്ടിയുടെ സുരക്ഷിതത്വത്തിലുള്ള ആശങ്ക, നീതി നിയമ സംവിധാനത്തിലുള്ള അവിശ്വാസം, ഇവയെല്ലാമാണയാളെ പ്രകോപിപ്പിക്കുന്നത്. നിയമവ്യവസ്ഥ ദുർബലമാണെന്നും സ്വയം നീതി നടപ്പാക്കണമെന്നും അയാൾക്കു തോന്നുന്നു. സമകാലിക ജീവിതവുമായി കഥയിലെ സംഭവങ്ങൾക്കും സൂചനകൾക്കും ബന്ധമുണ്ടെങ്കിലും കഥയൊരു ജീവശിൽപ്പമായി മാറുന്നില്ല എന്നതു തന്നെയാണിക്കഥയുടെ പരിമിതി.

സമകാലിക മലയാളത്തിൽ ശ്രീലതയെഴുതിയ നന്നങ്ങാടികൾ എന്ന നീണ്ടകഥ സാമാന്യത്തിലധികം മുഷിപ്പനാണ്. പലേടത്തും എം ടിയുടെ കഥകളിലെയൊക്കെ ഫ്യൂഡൽ അന്തരീഷത്തിന്റെ പൂപ്പൽ പടർന്നിരിക്കുന്നു. സമ്പന്നയായ ഭാര്യയെയും വിദ്യാഭ്യാസത്തിലും കുലമഹിമയിലുമൊക്കെ താഴെ നിൽക്കുന്ന ഭർത്താവിനെയും കുറിച്ചുള്ള സൂചനകൾ ചില പഴയ എം ടി സിനിമകളെയും ഓർമ്മിപ്പിക്കും. അച്ഛമ്മയുമൊത്തുള്ള അടുക്കള രംഗങ്ങൾക്ക് മാധവിക്കുട്ടിയോടും കടപ്പാടുണ്ട്. തറവാട്ടിലെ ചെറിയ കുട്ടിയുടെയും അവന്റെ മുത്തപ്പന്റെയും മാറി മാറിയുള്ള ആഖ്യാനത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ജന്മിത്തം, പകിടകളി, ആൺ ആനന്ദങ്ങൾ, ബഹുഭാര്യത്വം, ബാലപീഡനം, ലൈംഗികചൂഷണം തുടങ്ങി വേണ്ടതെല്ലാമുണ്ട്. മരിച്ചവരെ കുഴിച്ചിടാൻ പ്രാചീന കാലത്തുപയോഗിച്ചിരുന്ന ഭരണികളാണ് നന്നങ്ങാടികൾ. വൃദ്ധൻ മരണാസന്നനാണെന്നതാവാം കഥയ്ക്ക് നന്നങ്ങാടിയെന്ന പേരു വന്നത്. പുതുമകളൊന്നുമില്ലാതെ എന്തിനിപ്പോഴിത്തരമൊരു കഥയെന്ന തോന്നലുണ്ടാക്കിക്കൊണ്ടേ ക്ലേശകരമായ വായന അവസാനിക്കു.

കഥ മാസികയിൽ അംബികാസുതൻ മാങ്ങാടിന്റെ ബ്ലാക്ക് ഫോറസ്റ്റിന് ചെറുതാണെന്നതു മാത്രമാണ് മേന്മ. പക്ഷേ അതു വലിയൊരാശ്വാസവുമാണ്. ബ്ലാക്ക് ഫോറസ്റ്റ് വാങ്ങി വരാൻ ആവശ്യപ്പെടുന്ന പിറന്നാൾകാരൻ മകൻ. കാട്ടിനുള്ളിലെ ആദിവാസി ഊരിലേക്ക് കേസന്വേഷണാർത്ഥം പോകുന്ന പോലീസുകാരനച്ഛൻ. ഐക്കൺ മാളിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ ആദിവാസി പയ്യൻ എന്തോ മോഷ്‌ടിക്കുന്നതുണ്ട്. അതു വളരെ വില പിടിച്ചതാവണം. അതു വീണ്ടെടുക്കാനും പ്രതിയെ അറസ്റ്റു ചെയ്യാനുമാണ് യാത്ര.  കടക്കാരന്റെ പരാതിയോ, എന്താണ് നഷ്‌ടപ്പെട്ടതെന്ന വിവരമോ ഒന്നുമില്ലാതെ പോലീസ് സ്വമേധയാ ഇങ്ങനൊരന്വേഷണം ആരംഭിക്കുമോ എന്നു സംശയങ്ങൾ തോന്നാം. മകന്റെ പ്രായമുള്ള പയ്യൻ, മോഷ്‌ടിച്ചത് 2 കളിപ്പാട്ടങ്ങൾ. അവന്റെ ദീനത കണ്ട് പോലീസുകാരനു സഹതാപം. കഥ പതിവുചാലിലൂടെ മുന്നോട്ടൊഴുകുന്നു. വായനക്കാർക്ക് പുതുമയോ കൗതുകമോ തോന്നുന്നുമില്ല.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account