ജീവിതമകപ്പെട്ടു പോകുന്ന നിസഹായതകളുടെ, നിരാലംബതകളുടെ ആഖ്യാനമായ ചില കഥകളാണ് ഈയാഴ്ച്ചയിലെ മികച്ച കഥകൾ. ഒറ്റപ്പെടൽ, ഏകാന്തത തുടങ്ങിയ മാനുഷികാവസ്ഥകളെ സൂക്ഷ്‌മമായി വിശകലനം ചെയ്യുക മാത്രമല്ല, തീർത്തും കഥാത്‌മകമായി, ഹൃദയസ്‌പർശിയായി സമകാലിക ജീവിതക്രമങ്ങളിൽ അവയെങ്ങനെ സംഭവിക്കുന്നു, അവ എന്തുകൊണ്ട് ഇത്രയും സാധാരണമാവുന്നു എന്നതിനെക്കുറിച്ചുള്ള രാഷ്‌ട്രീയപരം കൂടിയായ നിരീക്ഷണങ്ങൾ കൂടി പല കഥകളിലും വായിച്ചെടുക്കാനും പറ്റുന്നു.

ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ മംഗളപത്രം ആർഭാടങ്ങളില്ലാതെ എത്ര അനായാസമായാണ് വാർദ്ധക്യത്തിന്റെ നിസഹായതകൾ അനുഭവപ്പെടുത്തുന്നതെന്ന് അത്‌ഭുതം തോന്നാം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ഈ കഥ ഒതുക്കമുള്ളതും അനാവശ്യമായ വാചാടോപത്തിലേക്ക് ഒരു ഘട്ടത്തിൽ പോലും വീണുപോകാത്ത വിധം അസാധാരണമായ മുറുക്കമുള്ളതുമാണ്. കഥയ്ക്കാവശ്യമായതു മാത്രമേ ഇതിലുള്ളു. പക്ഷേ മനുഷ്യർക്ക് സമകാല ജീവിതരീതികളെക്കുറിച്ച് ആത്‌മവിമർശനത്തിനും പുനരാലോചനകൾക്കും ആവശ്യമായതെല്ലാം കഥയിലുണ്ടുതാനും. നഷ്‌ടമായ മാനവികത, പുതിയ അധിനിവേശങ്ങൾ, പണാധിപത്യം,  ആഘോഷപ്പൊലിമകളിൽ മറഞ്ഞിരിക്കുന്ന ദീനത തുടങ്ങി നമ്മുടെ ജീവിതത്തിലേക്കു നുഴഞ്ഞു കയറിയ എന്തെല്ലാം പ്രതിസന്ധികളാണ്  കഥയിലുള്ളത്. അവയൊന്നും ഉണ്ടെന്നുപോലും തോന്നിപ്പിക്കാതെ എത്ര വിദഗ്ദ്ധമായാണ് ഇന്ദുചൂഡൻ കേളുമ്മാന്റെ ഏകാന്തജീവിതമവതരിപ്പിക്കുന്നത്. അസാധാരണമായ ക്രാഫ്റ്റിന്റെ, കഥ പറച്ചിലിന്റെ വൈശിഷ്‌ട്യമാണ് ഈ കഥയിലെ പ്രമേയത്തിന്റെ പഴമയെപ്പോലും ഇത്രമേൽ തീവ്രമാക്കുന്നതും .

പന്തൽപ്പണിക്കാരൻ കാഴ്ച്ചക്കാരൻ മാത്രമാണ്. ആഘോഷങ്ങൾക്കും ഉത്‌സവങ്ങൾക്കും വേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നവൻ. കേളുമ്മാൻ പക്ഷേ അച്ഛന്റെ സുഹൃത്തായതുകൊണ്ട്, അവരെ ഏറ്റവുമധികം സഹായിച്ചിട്ടുള്ളവനായതുകൊണ്ട് അദ്ദേഹത്തിന്റെ എൺപതാം പിറന്നാളാഘോഷത്തിൽ താൻ തന്നെ കെട്ടിയ പന്തലിൽ വാസുവും പങ്കെടുക്കുന്നു. കാഴ്ച്ചയില്ലാതായ കേളുമ്മാൻ, കേൾവിശക്‌തിയില്ലാതായിത്തുടങ്ങിയ അച്ഛൻ. വാർദ്ധക്യം ഒന്നൊന്നായി ജീവിതത്തിന്റെ ഭംഗികളെ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന് നിസഹായനായി നോക്കി നിൽക്കാനേ പറ്റൂ. പക്ഷേ ഇത്തരം നഷ്‌ടപ്പെടലുകളെ, ഇല്ലായ്‌മകളെ മറ്റുചിലതുകൊണ്ട് അതിജീവിക്കാനാവും.  സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആർദ്രമായ സ്‌പർശങ്ങൾകൊണ്ട്. വൃദ്ധന്മാർക്ക് അതും പക്ഷേ നഷ്‌ടപ്പെടുന്നു. പന്തലിൽ കേമമായി നടന്ന ആഘോഷങ്ങൾക്കുശേഷം പിറ്റേന്ന് ആളും ബഹളവുമൊഴിഞ്ഞ വീട്ടിലേക്ക് പന്തലഴിക്കാൻ ചെന്ന വാസു കാണുന്നത് ദൈന്യതയുടെ, തിരസ്‌കാരത്തിന്റെ അങ്ങേയറ്റമാണ്. കാഴ്ച്ച പോയതുകൊണ്ടാണോ കേളുമ്മാന്റെ ചിരിയും മാഞ്ഞു പോയതെന്ന് വാസു ആദ്യം സംശയിക്കുന്നുണ്ട്. അതങ്ങനെയല്ലെന്ന് കഥാവസാനം വായനക്കാരും മനസിലാക്കുന്നു. അത് അവരിൽ നിന്ന് എടുത്തു മാറ്റപ്പെടുന്നതാണ്‌. അതിനുള്ള കാരണങ്ങളാകട്ടെ പുതുകാല ജീവിതക്രമങ്ങളോടു ഗാഢമായി ബന്ധപ്പെട്ടു കിടക്കുന്നവയും. കഥ പകർന്നു തരുന്ന അനുഭൂതി തലങ്ങളെ ചരിത്രപരമായും രാഷ്‌ട്രീയപരമായും വിശകലനം ചെയ്യേണ്ടി വരുന്നതും അതുകൊണ്ടാണ്.

ഭാഷാപോഷിണിയിൽ സുനീഷ് കൃഷ്‌ണനെഴുതിയ കൊര എന്ന കഥയും അനന്യമായ ചില അനുഭവങ്ങളുടെ ശ്രദ്ധേയമായ ആഖ്യാനമാണ്. പ്രമേയപരമായ പുതുമയല്ല ഇക്കഥയെയും വ്യതിരിക്‌തമാക്കുക. പെര വിട്ട് എങ്ങും പോവാത്തതു കൊണ്ട് പെരേലമ്മയായ, നാട്ടുകാരുടെ ആശ്രയമായ സ്‌ത്രീയുടെ ജീവിതമാണു കഥയിലുള്ളത്. പേരും ഊരുമൊന്നുമില്ലാത്തവൾ. ഭർത്താവ് മരിച്ചതോടെ പാതി പ്രാന്തിയായ അവളെ നാട്ടുകാരേറ്റെടുക്കുന്നു. ചാത്തപ്പനുമൊത്ത് പറശ്ശിനിക്കടവിലേക്കുള്ള ജലയാത്ര, രതി, അവർക്ക് പുഴയിൽ നിന്നു കിട്ടിയ ചന്തുവെന്ന കുരയ്ക്കാത്ത പട്ടി, അതിനോടുള്ള ആത്‌മബന്ധം, തുടങ്ങി കഥയിൽ ഒട്ടനവധി സൂക്ഷ്‌മാഖ്യാനങ്ങളുണ്ട്. ചിലതെങ്കിലും  കഥയുടെ മിതത്വത്തെ സാരമായി ബാധിക്കുന്നുമുണ്ട്. പെരേലമ്മയുടെ നിലക്കാത്ത കൊരയ്ക്കു ചികിത്‌സിക്കാനാണ് നാട്ടുകാരവരെ മെഡിക്കൽ കോളേജിലെത്തിക്കുന്നത്. നാട്ടുകാരുടെ കരുതൽ, പ്രിയം, പ്രാർത്ഥന ഒക്കെ അവർക്കൊപ്പമുണ്ട്. ‘ഷെയർ ചെയ്യപ്പെടുമ്പോൾ, പലർ ചേർന്ന് പകുത്തെടുക്കുമ്പോൾ അൽപ്പമെങ്കിലും സുഖപ്പെടാതിരിക്കാൻ ഏതസുഖത്തിനാണു കഴിയുകയെന്ന്’ വാട്‍സ് ആപ് ഗ്രൂപ്പിൽ പെരേലമ്മയുടെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ പ്രതികരണങ്ങൾ കാണുന്ന വിനോദൻ ചിന്തിക്കുന്നുമുണ്ട്. ഗ്രാമീണകൂട്ടായ്‌മയുടെ, പെരേലമ്മയുടെ വിഷാദമഗ്നമായ വ്യക്‌തിഘടനയുടെ, നഷ്‌ടപ്പെടലുകളുടെ ആഴമുള്ള ആഖ്യാനമാകുന്നു ഈ കഥ. കഥയിലുപയോഗിച്ച വടക്കൻ ഭാഷ ചിലപ്പോൾ കഥാസ്വാദനത്തെ  ബാധിക്കാനിടയുണ്ട്. ഈ ഭാഷയല്ലാതെ മറ്റൊന്നും ഇക്കഥയ്ക്കു ചേരില്ലെന്നും ആ ഭാഷയാണതിന്റെ കരുത്തെന്നും വടക്കുള്ളവർക്ക് തോന്നാനുമിടയുണ്ട്.

മാധ്യമത്തിൽ വർഗീസ് അങ്കമാലിയെഴുതിയ ലിഫ്റ്റ് ചെറുകഥയല്ല, നീണ്ടകഥയാണ്. കഥയിലെ പ്രമേയം പുതുമയുള്ളതുകൊണ്ടും കഥപറച്ചിലിന്റെ സവിശേഷതകൊണ്ടും സുഗമമായി വായിച്ചു തീർക്കാനാവുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. കപ്പലിൽ ജോലിക്കാരനും നിത്യസഞ്ചാരിയുമായിരുന്ന സ്റ്റീഫൻ പക്ഷാഘാതത്തെത്തുടർന്ന് കായൽത്തീരത്തെ ഫ്ലാറ്റിൽ ഒറ്റപ്പെടുന്നു. അയാളെ ശുശ്രൂഷിക്കാൻ വന്ന കണ്ണമാലിക്കാരി കർമലി, അവളുടെ വിദഗ്ദ്ധ പരിചരണം കൊണ്ട് അയാൾ ജീവിതത്തിലേക്ക് മെല്ലെ മെല്ലെ തിരിച്ചു വരുന്നു. അയാൾ ആ ബഹുനിലക്കെട്ടിടത്തിനുള്ളിൽ പിച്ചവെച്ചു തുടങ്ങുന്നു. സഞ്ചാരിയുടെ വിശാലമായ പുറം കാഴ്ച്ചകൾ നഷ്‌ടമായ സ്റ്റീഫന് ഫ്ലാറ്റിനുള്ളിൽ, ലിഫ്റ്റിനുള്ളിൽ അതിനെക്കാൾ വിസ്‌മയകരമായ കാഴ്ച്ചകളാണുള്ളത്.  ജീർണതകളും മൂല്യത്തകർച്ചകളും പ്രത്യാശകളും പ്രണയവും രതിയുമെല്ലാം ഇഴുകിച്ചേർന്ന ജീവിതത്തിന്റെ ചെറു പതിപ്പാവുന്നു സ്റ്റീഫൻ കുടുങ്ങിക്കിടക്കുന്ന ആ ഫ്ലാറ്റ്.

ഭാഷാപോഷിണിയിലെ വേണു ബാലകൃഷ്‌ണന്റെ കഥ ‘എന്തിന്’ വായിച്ചു തീരുമ്പോൾ എന്തിന് എന്ന് വായനക്കാരും ചോദിച്ചു പോവാനിടയുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഒരു കുടുംബത്തിലെ ആളുകൾ ഗുപ്‌തന്റെ കുടുംബക്കാരെ കൊല്ലുന്നു. അടുത്ത് കൊലചെയ്യപ്പേടേണ്ടവൻ ഗുപ്‌തനാണെന്ന് അയാൾ ഭയപ്പെടുന്നു. കൊലയാളിയാവാനിടയുള്ള ബാലകേശവനെ കണ്ടു പിടിച്ച് ഗുപ്‌തൻ അവനെ കൊന്നുകളയുന്നു. ജയിലിലും പോവുന്നു. ഏതു നിമിഷവും കൊല്ലപ്പെടാമെന്ന ഭീതി അത്രത്തോളം വലുതാണ്. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കഥയിലാരോപിക്കാം. ചില വർത്തമാനകാല സംഭവങ്ങളോട് കഥയ്ക്കു ബന്ധമുണ്ടെന്നു തോന്നാം. എങ്കിലും എന്തിന് എന്നു ചോദിക്കാനുള്ള പ്രേരണയാണ് കഥ അത്യന്തികമായി അവശേഷിപ്പിക്കുക.

ദേശാഭിമാനിയിൽ ദിലീപനെഴുതിയ അതിർത്തികൾ നൂറ്റൊന്നാവർത്തിച്ച അസൽ പൈങ്കിളിക്കഥയാണ്. ലാഹോറിലേക്ക് പോയവളാണ് കാമുകി റസിയ എന്നതും മകന്റെ ചികിത്‌സക്ക് ഇന്ത്യയിൽ വരുമ്പോഴാണ് പുന:സമാഗമമെന്നതുമൊക്കെ പുതുമ വരുത്താനായി ചെയ്‌ത  പൊടിക്കൈകളാവണം. ദേശാതിർത്തികൾ ഭേദിക്കുന്ന പ്രണയം, രോഗിയായ മകൻ യഥാർത്ഥത്തിൽ കാമുകന്റേതെന്ന വെളിപ്പെടുത്തൽ, ഭർത്താവിന്റെ അവിഹിത സന്തതിയുടെ രോഗം മാറാൻ കാവിൽ വിളക്കു നേരുന്ന ഭാര്യ… ഇങ്ങനെ കഥ അങ്ങേയറ്റം കാൽപ്പനികവും പഴകിയതുമാവുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account