ചരിത്രം രണ്ടു തവണ സ്വയം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും പിന്നീട് ഫലിതമായും എന്ന അർത്ഥത്തിലൊരു നിരീക്ഷണമുണ്ട്. സമകാലിക മലയാളത്തിൽ വി. ദിലീപെഴുതിയ വേട്ടക്കാരൻ എന്ന കഥ ഏതൊക്കെയോ തരത്തിൽ ചരിത്രത്തിന്റെ പ്രഹസന സ്വഭാവമുള്ള ആവർത്തനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താനിടയുണ്ട്. അബദ്ധത്തിൽ സുഹൃത്തിനെ കൊല്ലേണ്ടി വന്ന മിലനോട് മരിച്ചു കഴിഞ്ഞ അവൻ, ശരിക്കും മരിക്കും മുമ്പ് ചില കാര്യങ്ങൾ, മരണാസന്നർ പറയാനിടയുള്ള വളരെ സാധാരണമായ ചില അപേക്ഷകൾ നിഗൂഡമായി വിനിമയം ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു, മരിച്ചു പോയവന്റെ സ്‌നേഹത്തെക്കുറിച്ച് അവന്റെ പ്രിയപ്പെട്ടവരോട് പറയണമെന്നത്. കഥയിലെ പ്രധാന സമസ്യയും അതു തന്നെയാണ്, സ്വർഗസ്ഥന്റെ സ്‌നേഹം ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെ എങ്ങനെ ഒരു വഴിപോക്കൻ അനുഭവിപ്പിക്കും? അവനാവശ്യപ്പെട്ട മറ്റു ചിലത് എളുപ്പത്തിൽ ചെയ്‌തു  കൊടുക്കാനാവുന്നതാണ്. അനിയൻ എൽദോയ്ക്ക് ജോലി കണ്ടു പിടിച്ചു കൊടുക്കുന്നതു മാതിരിയുള്ള തീർത്തും ഭൗതികമായ കാര്യങ്ങൾ. പക്ഷേ മരിച്ചവന്റെ സ്‌നേഹത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുക, വിശ്വസിപ്പിക്കുക തീർത്തും അസാധ്യം തന്നെയാണ്. അത് ചെയ്യേണ്ടിയിരുന്നത് മരിച്ചവൻ തന്നെയായിരുന്നു, മരിക്കും മുമ്പേ. ആസക്‌തികളും സ്വയംവിമർശനവും വായനക്കാർകൂടി പങ്കാളിയാവുന്ന ആത്‌മപീഡനവും എല്ലാം ചേർന്നു സൃഷ്‌ടിച്ചെടുക്കുന്ന സവിശേഷമായ അന്തരീക്ഷത്തിന്റെ തീവ്രതയും വിങ്ങലുമാണ് വേട്ടക്കാരനെ വ്യത്യസ്‌തമാക്കുന്നത്. സഹോദരന്റെ രക്‌തത്തിനു പകരം ചോദിക്കലെന്ന പുരാതനമായ കഥാതന്തുവിനെ എത്ര സൂക്ഷമമായും വ്യത്യസ്‌തമായുമാണ് ദിലീപ് നവീകരിക്കുന്നതെന്ന് അത്‌ഭുതം തോന്നാം. മിലനിലെ മൃത്യു കാമനയുടെയും, ജീവിതാസക്‌തിയുടെയും സംഘർഷങ്ങൾ കഥയുടെ അന്തർധാരയാണ്. ‘ബാഗില് ആവശ്യത്തിനു കാശിരിപ്പുണ്ട്, നല്ല ദാഹമുണ്ട്, കണ്ടു തീർന്ന ഒരു സ്വപ്‌നം ബാക്കിയുണ്ട്’ എന്നൊക്കെ ചിന്തിച്ച്  ജയിലിനു പുറത്തേക്ക് ശിക്ഷ കഴിഞ്ഞിറങ്ങുന്ന മിലനെ ടൗണിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നത് മിലൻ കൊന്നവന്റെ സഹോദരൻ എൽദോയാണ്. എൽദോയുടെ ജോലിക്കാര്യത്തിന് പാതിരാത്രി ഏറെ നടന്ന് ജോമി മുതലാളിയെ കണ്ടു തിരിച്ചു വരുന്ന അവനെ കൊല്ലാൻ കത്തിയുമായി എൽദോ കാത്തു നിൽക്കുന്നു. എൽദോയുടെ കുത്തേറ്റു വാങ്ങാനും താൻ ചുമന്നു നടക്കുന്ന ഭാരമേറിയ ചോദ്യം അവനു കൈമാറാനുമാണ് ആദ്യം മിലൻ ആലോചിക്കുന്നത്. പക്ഷേ ഒരു വീണ്ടുവിചാരത്തിനൊടുവിൽ മനുഷ്യനു സമാധാനമാ പ്രധാനമെന്ന് ആ ചോദ്യത്തിന്റെ ഭാരത്തിൽ നിന്ന് എൽദോയെ രക്ഷിക്കാൻ അയാൾ തീരുമാനിക്കുന്നു. എനിക്കു ജീവിച്ചു മതിയായില്ലെന്ന നിലവിളിയോടെ മരിച്ച ആദ്യത്തവൻ, കത്തിയൂരണ്ട, നേരം വെളുക്കുന്നേനു മുന്നേ ചോരപോയിത്തീർന്നോളുമെന്നു നിരാസക്‌തനാവുന്ന മിലൻ, രണ്ടു പേർക്കുമിടയിൽ നിസഹായനായ എൽദോ.. ദിലീപിന്റെ കഥയ്ക്ക് മനുഷ്യനെ, ജീവിതത്തെ അതിന്റെ മുഴുവൻ സങ്കീർണതകളോടും കൂടി ത്രിമാന സ്വഭാവത്തോടെ  പ്രതിബിംബിപ്പിക്കുന്ന നിരവധി തലങ്ങളുണ്ട്. മിതമായ വാക്കുകളിലൂടെ, മാന്ത്രികമായ കൈയ്യടക്കത്തോടെ അത് ഈ കഥ സാധ്യമാക്കുന്നു.

അടിയന്തിരാവസ്ഥക്കാലത്തെ ഓർമ്മയിലേക്കു കൊണ്ടുവരുന്ന രണ്ടു കഥകളുണ്ട് ഈയാഴ്ച്ച. എം. സുധാകരൻ മാതൃഭൂമിയിലെഴുതിയ ആറാമിന്ദ്രിയവും എം.കെ. മനോഹരന്റെ  ദേശാഭിമാനിയിലെ തോണി – തിര – ആഴവും. ആദ്യത്തേതിൽ മറ്റു പലതിന്റെയും കൂടെ അടിയന്തിരാവസ്ഥയും പരാമർശിക്കപ്പെടുകയാണെങ്കിൽ രണ്ടാമത്തേതിൽ കഥയുടെ കേന്ദ്ര പ്രമേയം തന്നെയാണത്. വർത്തമാനകാല രാഷ്‌ട്രീയത്തെ ആന്തരികമായും ആഴത്തിലും ഉൾക്കൊള്ളുക, അധീശഭരണകൂടത്തിന്റെ വ്യവസ്ഥകളെ, നിയമങ്ങളെ എഴുത്തിലൂടെ പ്രതിരോധിക്കുക എന്നിവ വ്രതമാക്കിയെടുത്ത അസാമാന്യനായ ഒരു വ്യക്‌തിയും അദ്ദേഹത്തോട്, ആ ധീരമായ നിലപാടുകളോട് കടുത്ത ആരാധന സൂക്ഷിക്കുന്ന ആഖ്യാതാവും ആണ് ആറാമിന്ദ്രിയത്തിലെ മുഖ്യ കഥാപാത്രങ്ങൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മറവിലെ സ്വേച്ഛാധികാരപ്രമത്തതയും അപമാനവീകരണവുമാണദ്ദേഹത്തെ പലപ്പോഴും പ്രകോപിതനാക്കുന്നത്. ദുരന്തങ്ങളെ, നിരാശകളെ മറികടക്കാൻ അദ്ദേഹം സ്വന്തം ജീവിതത്തെത്തന്നെ ഫാന്റസിവൽക്കരിക്കുന്നു. ആക്ഷേപഹാസ്യം, സാമൂഹിക വിമർശനം എന്നിവയ്ക്കുമപ്പുറം ആ എഴുത്തുകൾക്ക്, സമീപനങ്ങൾക്ക്, ഭ്രമകൽപ്പനകൾക്ക് പ്രതീകാത്‌മകമായ നിരവധി അർത്ഥ സാധ്യതകളുണ്ട്. സർഗ്ഗാപരവും ചലനാത്‌മകവുമായ ആ പ്രേരണകൾ അപ്രതീക്ഷിതമായ, അതേസമയം അനിവാര്യമായ അനേകം രൂപാന്തരങ്ങൾക്കു വിധേയമാവാം. മൗനവ്രതവും കുട്ടിച്ചാത്തൻ സേവയും നായസ്‌നേഹവുമൊക്കെ അതിന്റെ ഭാഗമാണ്. എല്ലാ ഇല്ലായ്‌മകളുമായും എല്ലാവരും പൊരുത്തപ്പെടണമെന്നും എങ്കിൽ നഷ്‌ടബോധമുണ്ടാവില്ലെന്നുമുള്ള ദർശനത്തെ കുട്ടിച്ചാത്തൻ സിദ്ധാന്തമായി സ്വന്തം ജീവിതത്തിൽ അനുശീലിക്കുന്നതും അതുകൊണ്ടാണ്. ദാർശനികമായ നിലപാടുകൾ, ധ്യാനവും മനനവും, ആക്ഷേപഹാസ്യം, തീവ്രമായ രാഷ്‌ട്രീയാവബോധം, സ്വയം നിഗൂഡവല്ക്കരിക്കൽ, ജീവിതത്തെഭ്രമാത്‌മകമാക്കൽ തുടങ്ങി പരസ്‌പര വിരുദ്ധങ്ങളായ അനേകം സവിശേഷതകൾ മെനഞ്ഞെടുത്ത അങ്ങേയറ്റം ചലനാത്‌മകമായ ഒരു പ്രത്യേക വ്യക്‌തിത്വത്തെ ഈ കഥ ഓർമ്മയിലേക്കു കൊണ്ടുവരുന്നതു സ്വാഭാവികം.വാങ്‌മയചിത്രത്തിന്റെ സ്വഭാവമുള്ള കഥാഖ്യാനം ഒരിടത്തും അവ്യക്‌തമാവുകയോ മായുകയോ ചെയ്യാതെ അത്യന്തം മിഴിവോടെ പൂർത്തിയാവുകയാണ്. അതുകൊണ്ടുതന്നെ ഈ കഥാവായന കൗതുകകരവുമാകുന്നു.

തോണി – തിര – ആഴം എഴുപതുകളുടെ മധ്യത്തിലെ ഒരു വടക്കൻകേരള ചിത്രമാണ്. ഓലക്കെട്ടുകളുമായി  തോണിയിൽ കച്ചവടത്തിനു പോകുന്ന ദാമൂട്ടിയുടെയും അച്ഛന്റെ തോണിയിൽ യാത്ര പോകാനും വീനസ് തിയേറ്ററിൽ നിന്ന് സിനിമ കാണാനും കൊതിച്ച് കൂടെപ്പുറപ്പെട്ട മകന്റെയും കഥയ്ക്ക്, അവരുടെ യാത്രയ്ക്കും മകന്റെ കാഴ്ച്ചകൾക്കും സമാന്തരമായി അടിയന്തിരാവസ്ഥയുടെ, അധികാരപ്രമത്തതയുടെ, അതിനെതിരെയുള്ള ജനരോഷത്തിന്റെ, ധീരമായ പ്രതിരോധങ്ങളുടെ മറ്റൊരിഴ കൂടിയുണ്ട്. കഥാന്ത്യത്തിൽ രണ്ടു ധാരകളും സമന്വയിക്കുന്നു, ഒന്നു തന്നെയാവുന്നു. കൃത്യമായ രാഷ്‌ട്രീയമുള്ള, വളരെ പഴക്കമുള്ള ഇത്തരമൊരു പ്രമേയം വിരസമാവാനുള്ള സാധ്യതകളേറെയാണ്. പക്ഷേ അതങ്ങനെയാവാതെ, മാനവികതയുടെ ആർദ്രതയുള്ള ഒന്നാക്കി മാറ്റാൻ എം.കെ മനോഹരനു കഴിയുന്നു. പുഴയും മകന്റെ ആകാശം കണ്ടുള്ള യാത്രയും, കരയിൽ നിന്ന് യാത്രയയക്കുന്ന അമ്മയും, അച്ഛന്റെ ഇടത്താവളത്തിലെ പ്രണയവും, ചായക്കടയും കണ്ടൽക്കാടുകളുമൊക്കെ ചേർന്ന്  ഈ കഥയുടെ പരിസരങ്ങളെ ഭാവതീവ്രമാക്കുന്നത്  മനോഹരമായാണ്. അതു തന്നെയാണ് കഥയിലെ പുതുമയും.

മാധ്യമത്തിൽ ടി.കെ. ശങ്കരനാരായണന്റെ ‘തനിച്ചായപ്പോൾ’ തനിച്ചാവലിന്റെ ഏകാന്തതയും ദുഃഖവും ചർച്ച ചെയ്യുന്നു. പതിന്നേഴംഗ കുടുംബത്തിൽ നിന്ന്  ഒന്നരയേക്കറിലെ വീട്ടിലേക്കു വധുവായി ചെന്ന ഗൗരിയെ അവിടുത്തെ നിശ്ശബ്‌ദത ഭയപ്പെടുത്തുന്നു. മാനസികാസ്വാസ്ഥ്യത്തിന്റെ വക്കിലെത്തിയ അവൾക്കൊപ്പം ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ഫ്ലാറ്റിലേക്കു താമസം മാറുന്നു ഭർത്താവ്. പക്ഷേ ഭൂമിയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്ന് അയാൾക്ക് വൈകാതെ ബോധ്യപ്പെടുന്നു. അയാൾക്ക് മുന്നേയത് ബോധ്യപ്പെട്ട ഗൗരിയാവട്ടെ ഒൻപതാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് കാലു വെയ്ക്കുന്നു. കഥയ്ക്ക്  ആഖ്യാനത്തിലോ വിഷയത്തിലോ പുതുമകളൊന്നും അവകാശപ്പെടാനില്ല. തീർത്തും സാധാരണമായൊരു കഥ, പക്ഷേ തികച്ചും വായനാക്ഷമം.

എതിർദിശയിൽ എം. ദാമോദരനെഴുതിയ പരശുരാം എക്സ്പ്രസ്സും വായിച്ചു തീർക്കാവുന്ന കഥയാണ്. ട്രെയിൻ യാത്ര, യാത്രയ്ക്കിടയിൽ പരിചയപ്പെട്ട വൃദ്ധസ്‌ത്രീയുടെ വാചാലത, അവർക്കുള്ളിലെ നഷ്‌ടബോധം തുടങ്ങി കഥ വളരെ ഉപരിപ്ലവമാണ്, രസകരമായി വായിക്കാം. പക്ഷേ വായനയ്ക്കു ശേഷം മനസിലൊന്നും അവശേഷിച്ചില്ലെന്നും വരാം.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account