ഹിംസയുടെ പ്രഭവമാണ്  അധികാരോന്മത്തതയും അധികാരോന്മുഖതയും. രണ്ടും വ്യക്‌തിയുടെ സ്വയാധികാരത്തെ ഇല്ലാതാക്കുകയെന്ന പ്രത്യക്ഷമായ ലക്ഷ്യവുമായാണ് പ്രവർത്തിക്കുക. ഈ അധികാരത്തിനാവട്ടെ  പലതരം മുഖങ്ങളുണ്ട്. ബ്യൂറോക്രസി, സവർണത, നാഗരികത, ഭരണകൂടഭീകരത, പുത്തൻ മൂലധനം, അങ്ങനെയങ്ങനെ. എല്ലാറ്റിന്റെയും സ്വഭാവം ഹിംസാത്‌മകതയും.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബോണി തോമസിന്റെ നീല നക്ഷത്രം വീണ രാത്രിയെന്ന കഥ വന്യമായൊരധിനിവേശത്തിന്റെയും നിസഹായമായ പ്രതിരോധത്തിന്റെയും കഥ പറയുന്നു.

ആഗോളവൽക്കരണമാണ് പുതിയ കാലം നേരിടുന്ന ഏറ്റവും വലിയ ഹിംസയെന്ന നിരീക്ഷണങ്ങളുണ്ട്. കമ്പോള യുക്‌തികളും കുത്തക മുതലാളിത്തവും ആഗോളവൽക്കരണത്തെ ത്വരിതമാക്കുന്നു. അതൊരുതരം സാംസ്‌കാരികാധിനിവേശമാണ്. അതീവ സൂക്ഷമമായത് വ്യക്‌തിയുടെ സ്വാതന്ത്ര്യത്തിലേക്കും അവബോധത്തിലേക്കും കടന്നു കയറുന്നു, അധികാരം സ്ഥാപിച്ചെടുക്കുകയാണ്.  അധികാരത്തിന്റെ ഏകമുഖഭാഷണം വൈവിധ്യങ്ങളെ ഇല്ലായ്‌മ ചെയ്യുന്നു. പ്രാദേശികത വെറും സ്‌മൃതി മാത്രമാവുന്നു. ചെറുതുകൾ എല്ലാം മാഞ്ഞു പോവുന്നു. ഏകോന്മുഖമായ ഏകീകരിക്കപ്പെട്ട സംസ്‌കാരം, എല്ലാവർക്കും ഒറ്റ ഭാഷയും ഒരേ അഭിരുചിയും. ഇതൊക്കെ വ്യക്‌തികളിലേക്കടിച്ചേൽപ്പിക്കപ്പെടുന്നു. തുരുത്തിൽ നൂറാമത്തെ ബോട്ടുണ്ടാക്കുന്നത് സ്വപ്‌നം കാണുന്ന അറുപത്തൊമ്പതുകാരൻ സൈമൺ ഡിസിൽവയെ രാത്രി, ഇരുട്ടിന്റെ മറപറ്റി കാണാനെത്തുന്നത് പുത്തൻ മൂലധനത്തിന്റെ/മുതലാളിത്തത്തിന്റെ പ്രതിരൂപമായ എസ് എന്ന മനുഷ്യനാണ്. അയാളുടെ സാന്നിധ്യം പോലും ഭയജനകമാണ്. ഇതു വരെ 99 ബോട്ടുകളുണ്ടാക്കിയ പ്രഗൽഭനായ മേസ്‌തിരിയാണ് ഡിസിൽവ. ദ്വീപിൽ അന്തർദേശീയ പദ്ധതി വരുന്നതറിഞ്ഞ് സ്ഥലങ്ങൾ വാങ്ങിക്കൂട്ടാനാണ് എസിന്റെ വരവ്. അവിടെയുള്ള 11 വീട്ടുകാരും അവരവരുടെ തുണ്ടു ഭൂമി എസിനു വിറ്റു കഴിഞ്ഞു. ബാക്കിയുള്ളത് നൂറാമത്തെ ബോട്ടിന്റെ പിറവിക്കായി കാത്തിരിക്കുന്ന മേസ്‌തിരിയുടെ പണിപ്പുരയും സ്ഥലവുമാണ്. ‘ഞാൻ പെറ്റില്ലെങ്കിലും മേസ്‌തിരി ബോട്ട് പണിതെറക്കുമ്പ എനിക്ക് പേറ്റുനോവാണ്’ എന്നു പറയുന്നത്രയും തീവ്രമായിരുന്നു ഡിസിൽവയുടെ ഭാര്യ പ്ലമേനയ്ക്ക് ബോട്ടുപണിയോടുള്ള രക്‌തബന്ധം. അതിലുമെത്രയോ അധികമായിരിക്കും ഡിസിൽവക്ക് അതിനോടുള്ള ഹൃദയ ബന്ധം.

പണം കിട്ടുന്നതോടെ സമീപത്തെ വീടുകളിൽ സ്വസ്ഥത ഇല്ലാതാവുന്നു. എല്ലാവരും കൂടുതൽ ആർത്തിയുള്ളവരും കലഹപ്രിയരുമാവുന്നു. സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ  ശീതളച്ഛായ നഷ്‌ടപ്പെടുന്നു. അത്തരം ഒന്നിലധികം ഉദാഹരണങ്ങൾ എസ് ഡിസിൽവയ്ക്ക് കാട്ടിക്കൊടുക്കുന്നുണ്ട്.

യാഥാർത്ഥ്യത്തിന്റെ ഭീഷണമായ മുഖങ്ങൾ, കാലികമായ അനുഭവപരിസരങ്ങൾ, ആസന്നമായ ഭാവികാലത്തിന്റെ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ഭിന്നതലങ്ങൾ, ഇവയുടെയെല്ലാം അസ്വസ്ഥതയുളവാക്കുന്ന ചേരുവകളാണ് ബോണി തോമസിന്റെ കഥ. നിശബ്‌ദവൽക്കരണമാണ് പ്രതിരോധങ്ങളടിച്ചമർത്താൻ എക്കാലത്തും അധിനിവേശത്തിന്റെ തന്ത്രം. നിശബ്‌ദരാവാൻ തയ്യാറല്ലാത്തവരുടെ ഒറ്റപ്പെട്ട പ്രതിരോധങ്ങൾക്ക് പക്ഷേ ആഴവും മുഴക്കവും കൂടുതലായിരിക്കും. അവർ പരാജയപ്പെടുമ്പോഴും വിജയിക്കുന്നു. സമകാലം ആവശ്യപ്പെടുന്ന പ്രമേയത്തെ തീക്ഷ്‌ണമായനുഭവപ്പെടുത്തുന്നുവെന്നതാണ് ഈ കഥയുടെ സവിശേഷത.

സമകാലിക മലയാളത്തിൽ സലിൻ മാങ്കുഴി എഴുതിയ ‘തോറ്റവരുടെ യുദ്ധം’ ചരിത്രവും വർത്തമാനവും ഭംഗിയായും കലാത്‌മകമായും കൂടിക്കുഴയുന്ന കഥയാണ്. പത്മിനിയെന്ന ചരിത്രാധ്യാപിക, ഏകാകിയും അധികാര മോഹിയും സഫലമാകാത്ത പ്രണയത്തിന്റെ എരിവു കൊണ്ടു നീറിപ്പിടയുന്നവനും ആയ അലാവുദീൻ ഖിൽജിയെ ക്ലാസിൽ പരിചയപ്പെടുത്തുന്നു. അവളുടെ ഭ്രമകൽപ്പനകളിൽ നീണ്ട മുഖവും മയക്കുന്ന കണ്ണുകളുമുള്ള ഖിൽജി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. കഥയ്ക്കുള്ളിൽ പത്മിനിയുടെ പരാജയപ്പെട്ട വ്യക്‌തി ജീവിതവുമുണ്ട്. സിനിമാക്കാരനായ ഭർത്താവ്  ഗിരീഷ്, വിജയിച്ച രണ്ടു സിനിമകൾക്കു ശേഷം മൂന്നാമതെടുക്കേണ്ടിയിരുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയുടെ ചർച്ചകൾക്കുപോയ അയാൾ ട്രെയിനിൽ നിന്ന് നദിയിലേക്കു ചാടി ആത്‌മഹത്യ ചെയ്യുകയായിരുന്നു. വിജയങ്ങളെ ഭയന്ന മനുഷ്യൻ. ആദ്യത്തെ വിജയാഹ്ലാദങ്ങൾക്കിടയിൽ അയാൾ പെട്ടന്നു നേരിടേണ്ടിവന്ന അമ്മയുടെ മരണം അത്രത്തോളം ഗിരീഷിനെ ഞെട്ടിച്ചിരുന്നു. യുദ്ധ ദാഹിയായ ഖിൽജിയും ചിറ്റോറിലെ വിജയത്തിനു ശേഷം കോട്ടയ്ക്കകത്തു കാണുന്നത് അത്രയും  മോഹിച്ച പത്മാവതിയുടെ ചിതയാണ്. വിജയം അയാൾക്കും ഭയാനകമായൊരു സ്‌മൃതിതിയാവുന്നു. പത്മാവതിക്ക് പത്മിനിയെന്നും പേരുണ്ടായിരുന്നു.

ദു:ഖവും വേവലാതികളും നിറഞ്ഞ ആന്തരികലോകത്തിനു ബദലായി സ്വന്തം മിഥ്യകളിൽ നിന്ന് പുതിയ ലോകങ്ങൾ നിർമ്മിച്ചെടുക്കുകയാണ് പത്മിനി. ഒരുതരം കപടമായ ആനന്ദ നിർമ്മിതി. ചരിത്രത്തെയും സാധാരണ മനുഷ്യയുക്‌തികളുടെ അളവുകോലുകൾക്ക്  ഇണങ്ങാത്ത ചരിത്രപുരുഷന്മാരെയും അവൾ പുനഃസൃഷ്‌ടിക്കുന്നു, കൂടെ കൂട്ടുന്നു. പത്മിനിയുടെ ഭ്രമചിന്തകളെ ആഴത്തിൽ പിന്തുടരുന്നുവെന്നതാണ് ഈ കഥയെ മികച്ചതാക്കുന്നത്.

പക്ഷേ കലാകൗമുദിയിൽ സലിൻ മാങ്കുഴിയെഴുതിയ പാതാളപ്പൂവിന് ഇങ്ങനെയൊരു സൗന്ദര്യമില്ല. സിനിമയുടെ ലോകത്തെ സ്‌ത്രീചൂഷണം, പീഡനം, ലൈംഗികത, ദുരിതം, ദുരന്തം, ആത്‌മപീഡ, നിന്ദ ഇതൊക്കെ ജോസഫിന്റെയും അന്നയുടെയും ജീവിതത്തിലൂടെ  പറഞ്ഞു പോകുന്നുണ്ടെങ്കിലും കഥ ഒതുക്കവും മുറുക്കവുമില്ലാതെ പരന്നു പോയിരിക്കുന്നു. അന്നയുടെ വേദനകളിലൊന്നുപോലും വായനക്കാരെ സ്‌പർശിക്കുന്നുമില്ല.

മാധ്യമത്തിൽ സുനന്ദ പ്രകാശ് കടമെ എഴുതിയ കന്നടകഥയുടെ വിവർത്തനമായ ഗാന്ധിച്ചിത്രമുള്ള നോട്ട് എന്ന കഥയാണുള്ളത്. വിവർത്തനപ്പതിപ്പായതുകൊണ്ടാവാം വിവർത്തിത കഥ പ്രസിദ്ധീകരിച്ചത്. മലയാള കഥ ഭാവുകത്വത്തിലും ആഖ്യാനപരതയിലുമൊക്കെ കൈവരിച്ച ഗുണപരമായ വൈവിധ്യങ്ങളെക്കുറിച്ച് വെറുതെയെന്നോർമ്മിപ്പിച്ചേക്കും ഈ കന്നട കഥ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account