കഥയുടേത് നേർരേഖകളിലൂടെയുള്ള ജീവിതചിത്രണമല്ല ഒരിക്കലും. പക്ഷേ നേർവരകളിലൂടെ പകർത്തുന്നതിനെക്കാൾ തീവ്രമായും അഗാധമായും ജീവിതത്തെ അനുഭവിപ്പിക്കുന്നു അതെന്ന് സമകാലിക മലയാളത്തിൽ എം എ സിദ്ധിക്കെഴുതിയ ‘മഞ്ഞിൽ വിരിഞ്ഞ ജാസ്‌മിൻ’ വായിക്കുമ്പോൾ തോന്നാതിരിക്കില്ല. അതിസുന്ദരിയായ ഉമ്മയുടെയും സഹായി മന്ദാകിനിയെന്ന മുംതാസിന്റെയും സിനിമാപിടുത്തത്തെ സ്‌കൂളിൽ പഠിക്കുന്ന മകനും കൂട്ടുകാരും നോക്കിക്കാണുന്നതാണ് കഥ. ഉമ്മ ചെയ്യുന്നത് സിനിമ പിടുത്തമാണോ എന്നു പോലും അവർക്കറിയില്ല. അതുപോലത്തെ എന്തോ. പരിമിതമായ സൂചനകൾ, കുട്ടികളുടെ കുഞ്ഞു വിസ്‌മയങ്ങൾ, കൂടിച്ചേരലുകൾ, കൂട്ടുകൂടലുകൾ, നിഗൂഡമെന്ന് അവർക്കു തോന്നുന്ന ഉമ്മയുടെ ചെയ്‌തികൾ അത്രയൊക്കെക്കൊണ്ട് നിസഹായമായ ഒരു സ്‌ത്രീജീവിതം പൂർണമായാവിഷ്‌കരിക്കുന്നു ഈ കഥ. നിസ്‌കാരവും നോമ്പും മറ്റു ചിട്ടകളും മാത്രമുള്ള വീട്ടിൽ വധുവായി വന്നതോടെ ജീവിതം പോലെ വിശുദ്ധമായ കലയെന്നു വിശ്വസിച്ച സിനിമയെയും അഭിനയമോഹത്തെയും ജാസ്‌മിന് ഉപേക്ഷിക്കേണ്ടി വരുന്നു. സിനിമയെന്നാൽ ഇരുട്ടാണെന്നും അതിന്റെ ശാസ്‌ത്രം ഫിസിക്‌സിലല്ല, പ്രകൃതി വിജ്ഞാനത്തിലാണ് കിടക്കുന്നതെന്നും അവർ മക്കൾക്കു പറഞ്ഞു കൊടുക്കുന്നു.

ആകാശത്തിന്റെയോ ഭൂമിയുടെയോ കറക്കം മാത്രം ഒരു ക്യാമറ കൊണ്ടൊപ്പിയെടുത്താൽ അതു തന്നെ സിനിമയായി എന്നു ജാസ്‌മിൻ  പറയുന്നുണ്ട്.  ജാസ്‌മിന്റെ/സ്‌ത്രീയുടെ ജീവിതം ഒപ്പിയെടുത്താൽ അതും ഉദ്വേഗജനകമായ സിനിമയായി എന്ന് കഥ കാണിച്ചുതരുന്നു. സൂക്ഷ്‌മമായ ദൃശ്യബിംബങ്ങളുടെ ഭാഷയാണ് ഈ കഥയുടേത്.

മതം, രാഷ്‌ട്രീയം, പൗരുഷം തുടങ്ങിയ സാമൂഹികഘടകങ്ങൾക്ക് സ്‌ത്രീയുടെ മേലുള്ള നിയന്ത്രണം, അവരെ അച്ചടക്കമുള്ളവരാക്കുന്നതിനുള്ള അധികാരം എന്നിവ ഒരു പുരുഷാധിപത്യ സമൂഹത്തിൽ വളരെ സ്വാഭാവികമാണ്. മതവും സമൂഹവും സംസ്ക്കാരവും സ്‌ത്രീയുടെ പ്രവർത്തനമേഖലകളെ പരിമിതപ്പെടുത്തുന്നു, സർഗ്ഗാത്മകതയുടെ ചിറകുകളരിയുന്നു, സ്വയം അപരയായും അധഃകൃതയായും സങ്കൽപ്പിക്കേണ്ടി വരുന്നു അവൾക്ക്. കുടുംബം അവളുടെ ഒരേയൊരു കർമ്മമണ്ഡലവുമാകുന്നു. അവളുടെ അഭിരുചികൾക്കോ താൽപ്പര്യങ്ങൾക്കോ യാതൊരു പ്രാധാന്യവുമില്ലാത്ത സ്വത്വബാഹ്യമായ ഘടകങ്ങളാവും അവളെ നിർണയിക്കുക. ഗാർഹികവും സാമൂഹികവുമായ ഇത്തരം വിലക്കുകളെക്കുറിച്ചോ, നിഷേധിക്കപ്പെട്ട സ്വപ്‌നങ്ങളെക്കുറിച്ചോ, അതിന്റെ പാർശ്വഫലമായ ആന്തരിക സംഘർഷങ്ങളെക്കുറിച്ചോ കഥയിൽ വിലാപങ്ങളും ആക്രോശങ്ങളും ഇല്ല. തന്റെ ജീവിതാവസ്ഥകളുടെ പരിമിതികളിൽ നിന്നുകൊണ്ട് ജാസ്‌മിൻ നടത്തുന്ന സിനിമാ പിടുത്ത ശ്രമങ്ങൾ, ഒരു സ്റ്റുഡിയോയുടെ മട്ടിലും മാതിരിയിലും ക്രമീകരിച്ച സ്വന്തം കിടപ്പറ, ഇപ്പഴും സൂക്ഷിക്കുന്ന ഫാസിലിന്റെ കത്ത്, തന്റെ തന്നെ മുഖമുള്ള ഫിലിമുകൾ ഇത്തരം ചിഹ്നങ്ങളിലൂടെ അവളുടെ കടുത്ത പ്രതിരോധവും നിരാശയും അത്രയും തന്നെ കടുത്ത അതിജീവനശ്രമവും വരച്ചിടുന്നതിലെ കൈയ്യൊതുക്കവും മിതത്വവും തന്നെയാണിക്കഥയുടെ സവിശേഷത. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നായികയായി നിശ്ചയിച്ചു കൊണ്ടുള്ള, ജാസ്‌മിൻ ഇന്നും തലയിണക്കടിയിൽ സൂക്ഷിക്കുന്ന ഫാസിലിന്റെ കത്തിൽ എല്ലാമുണ്ട്, നിഷേധിക്കപ്പെട്ട അവസരങ്ങളുടെ വിങ്ങലത്രയും.

മാധ്യമത്തിൽ ബെന്യാമിൻ 12 ചെറു ഖണ്ഡങ്ങളിലൂടെ പൂർത്തിയാക്കുന്ന മാർകേസ് എന്ന കഥ രസകരമായി വായിച്ചു തീർക്കാവുന്നതാണ്. ഗ്രിഗറി ജോർജ് മാത്യൂസ് എന്ന പത്രപ്രവർത്തകന്  പെട്ടന്നൊരു ദിവസം താൻ മാർകേസാണെന്ന തോന്നലുണ്ടാവുന്നു. ഒരുതരം രൂപാന്തരണം തന്നെ. മാർകേസിന്റെ ആത്‌മകഥ – ജീവചരിത്രക്കുറിപ്പുകളൊക്കെ ഗാഢമായി വായിച്ച ഗ്രിഗറിയെ തന്റെയും മാർകേസിന്റെയും ജീവിതത്തിലെ  സമാനതകൾ അത്‌ഭുതപ്പെടുത്തുന്നു. ഓരോ സാഹചര്യങ്ങളിലും താനെന്തൊക്കെയാണ് ചെയ്യുന്നതെന്നും ചെയ്യേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്നു. സമാന സന്ദർഭത്തിൽ മാർകേസ് ചെയ്‌ത്‌തെന്തോ അതു തന്നെയാണ് താനും ചെയ്യേണ്ടത്. ഒടുവിൽ ഭർത്താവിന്റെ മാർകേസാവൽ സഹിക്കാനാവാതെ അതേ നാണയത്തിലുള്ള തിരിച്ചടി കൊണ്ട് ഭാര്യ മേഴ്‌സി അയാളിലെ മാർകേസിനെ ഉച്ചാടനം ചെയ്‌ത്‌ ഗ്രിഗറിയെ തിരിച്ചുപിടിക്കുന്നത് ഒരു സന്ദർഭത്തിലും വിരസമാവാതെ പറയുന്നു ബെന്യാമിൻ. മാർകേസിന്റെ ജീവചരിത്രങ്ങളുമായും കൃതികളുമായും പരിചയമുള്ള മലയാളികൾക്ക് കഥ വളരെ ആസ്വാദ്യമായിത്തോന്നാം. ഏറ്റവുമധികം മലയാളി വായനക്കാരുള്ള വിദേശി എഴുത്തുകാരിലൊരാളാണ് മാർകേസെന്നതും കഥയെ സ്വീകാര്യമാക്കുന്നതിൽ പങ്കു വഹിക്കുന്നു. ഗ്രിഗറിയുടെ ജീവിതത്തെ മാർകേസ് മാറ്റി മറിക്കുന്നതിലെ മാജിക്കൽ റിയലിസം കൗതുകകരമായിരിക്കുന്നു.

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ വി കെ ദീപ എഴുതിയ റിസയുടെ (അ)സത്യലോകം എന്ന കഥ സമകാല പെൺ ജീവിതാവസ്ഥകളെ ചൂണ്ടിക്കാട്ടുന്നു. ലൈംഗികമായ അടിച്ചമർത്തലുകൾ, അടിച്ചേൽപ്പിക്കുന്ന സദാചാര മൂല്യങ്ങൾ, സ്വയം ചരക്കായി, ലൈംഗികോപഭോഗവസ്‌തുക്കളായി കാണേണ്ടി വരുന്നതിലെ ആത്‌മനിന്ദ തുടങ്ങി വർത്തമാനകാലത്ത് സ്‌ത്രീകളനുഭവിക്കുന്ന സംഘർഷങ്ങളെല്ലാം കഥയിലുണ്ട്. ലൈംഗികാച്ചടക്കം പഠിപ്പിക്കുന്ന, എല്ലാ പുരുഷന്മാരും കാമാസക്തിയോടെ ചാടി വീഴാൻ തക്കം പാർത്തിരിക്കുന്ന വിഭവമാണ് പെൺശരീരമെന്നു ഭയപ്പെടുത്തുന്ന ടീച്ചർ, മോറൽ സയൻസ് ക്ലാസിൽ നിന്ന് സൂത്രത്തിലിറങ്ങി രഹസ്യമായി കാമുകനെ വിളിക്കുന്ന മരിയാറോസ്, അവളുടെ ഫോൺചുംബനങ്ങളെ കൂട്ടുകാർക്കായി പങ്കുവെയ്ക്കുന്ന കാമുകൻ തുടങ്ങി പുതിയകാലത്തിന്റെ വൈകാരിക വിക്ഷോഭങ്ങൾ കഥയിലുണ്ട്. റിസയ്ക്ക് സ്വന്തം അച്ഛന്റെ സ്‌നേഹപ്രകടനങ്ങളിൽ സംശയം തോന്നുന്നു. അയാളുടെ സ്‌പർശത്തെ അവൾ ഭയപ്പെടുന്നു. അച്ഛൻ തന്നെ ലൈംഗികാസക്തിയോടാണ്  ഓമനിക്കുന്നതെന്നവൾ ഉറപ്പിക്കുന്നു.  അച്ഛനാവട്ടെ മകൾക്ക് ചെറുപ്പത്തിൽ വേണ്ടത്ര വാത്സല്യവും കരുതലും കൊടുക്കാൻ പറ്റാത്തതിലുള്ള കുറ്റബോധമകറ്റാനാണ് അവളോട് കൂടുതൽ അടുപ്പം കാണിക്കുന്നത്. എല്ലാറ്റിനെയും സംശയിക്കുന്ന, ആരേയും വിശ്വസിക്കാനാവാത്ത, സ്വന്തം ശരീരത്തെ ലൈംഗികതയുടെ സഞ്ചയമായി മാത്രം കാണാൻ അനുശീലിക്കപ്പെടുന്ന സ്ത്രൈണതയുടെ പ്രതിസന്ധികൾ കഥയിൽ പാളിച്ചകളില്ലാതെ തന്നെ പകർത്തുന്നു വി കെ ദീപ.

തകർന്നു തുടങ്ങിയ മാളിക,വിശാലമായ വളപ്പ്, 3 സഹോദരിമാരുടെ എപ്പോഴും കലഹിക്കുന്ന 3 മക്കൾ, മരിച്ചു പോയിട്ടും അവശേഷിക്കുന്ന  അമ്മാവന്റെ പ്രഭാവം, വീട് വിൽപ്പന, വീട്ടുപകരണങ്ങൾക്ക് കണക്കു പറച്ചിൽ, അയൽക്കാരി പെൺകുട്ടിയുടെ, (അവളൊരു തിരുമുൽപ്പാടിന്റെ മകളും) ആത്‌മഹത്യയ്ക്ക് കാരണമായതിന്റെ കുറ്റബോധം, കുറ്റപ്പെടുത്തൽ… പഴയ ചില എം ടി സിനിമകളുടെയോ  കഥകളുടെയോ ഫ്യൂഡൽ അന്തരീഷത്തിലേക്ക് പെട്ടന്ന് ചെന്നു ചാടിക്കുടുങ്ങിയതുപോലൊരു അന്ധാളിപ്പ്  മാതൃഭൂമിയിലെ കെ രേഖയുടെ ഈസ്റ്റർ ലില്ലിയെന്ന കഥ വായിക്കുന്നവർക്കുണ്ടാവാം. പ്രത്യേകിച്ചൊന്നും വിനിമയം ചെയ്യാത്ത, ഏതാണ്ട് വള്ളുവനാടൻ ആക്‌സെന്റിലുള്ള സംഭാഷണങ്ങളെക്കൊണ്ട് പൂർത്തിയാവുന്ന കഥ ചിലേടത്ത് വായനക്കാരന്റെ യുക്‌തിയെ ചോദ്യം ചെയ്യും. ഇക്കാലത്ത് ഇത്തരമൊരു പഴഞ്ചൻ കഥയുടെ പ്രസക്‌തിയെക്കുറിച്ചു സംശയാലുവുമാക്കും. തിരുമുൽപ്പാടിന്റെ മകളെ സംസ്‌കരിച്ചയിടത്ത് കാണുന്നത് മെയ് ഫ്ലവറല്ല, ഈസ്റ്റർ ലില്ലിയാണെന്ന് ഒരു കഥാപാത്രം പറയുന്നതാവണം  കഥയുടെ പേര്  അങ്ങനെയാവാനുള്ള കാരണം. ഒന്ന് മരവും മറ്റത് ചെടിയും, ഒന്നിൽ ചുവപ്പു പൂക്കളും മറ്റതിൽ വെള്ളപ്പൂക്കളും, പിന്നെങ്ങനെ രണ്ടും പരസ്‌പരം മാറിപ്പോവുന്നതെന്ന് വായനക്കാർക്ക് ശങ്ക തോന്നാം. മറ്റെന്തെങ്കിലും ധ്വനി ആ ശീർഷകത്തിനുണ്ടെങ്കിൽ അത് വെളിപ്പെടാതെയിരിക്കുന്നു താനും. നല്ല കഥകൾ എഴുതിയിട്ടുള്ള രേഖയുടെ  വളരെ ദുർബലമായൊരു കഥ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account