കഥകളുടെ മലവെള്ളപ്പാച്ചിലെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആഴ്ച്ചകളാണ് കഴിഞ്ഞു പോയത്. ധാരാളം ഓണപ്പതിപ്പുകൾ, നിരവധി എഴുത്തുകാർ, നല്ലതും ശ്രദ്ധേയവുമായ കഥകൾ. ഒരുപക്ഷേ മറ്റേതു സാഹിത്യരൂപത്തെക്കാളും കഥകളാണ് ചർച്ച ചെയ്യപ്പെട്ടതും വായിക്കപ്പെട്ടതും. കഥകളുടെ ഈ പ്രളയകാലം ജീവിതത്തെയും സാഹിത്യത്തെയും കൂടുതൽ പുഷ്‌ടിപ്പെടുത്തുന്നതായിരുന്നുവെന്നതാണ് സന്തോഷകരമായ കാര്യം. വിനാശങ്ങളുണ്ടാക്കാതെ, ഒന്നും നശിപ്പിക്കാതെ കഥ ജീവിതത്തെ, മനുഷ്യരുടെ പ്രത്യാശകളെ കൂടുതൽ പച്ച പിടിപ്പിച്ചു കടന്നു പോയി.

കഥകളുടെ ആധിക്യവും കേരളം നേരിട്ട പ്രളയവുമാണ്  കഥകളെ വിശകലനം ചെയ്യുന്ന ആഴ്ച്ചപംക്‌തിക്ക് ചെറിയൊരു കാലയളവിൽ തടസം സൃഷ്‌ടിച്ചത്. വീണ്ടും കഥകളുടെ വായനയും ആസ്വാദനവും ആരംഭിക്കുന്നത് സന്തോഷകരമാണ്.

മാധ്യമത്തിൽ ബോണി തോമസ് എഴുതിയ ‘ആർക്ക്’ എന്ന കഥ പ്രളയ സംബന്ധിയായി വന്ന ആദ്യത്തെ കഥയെന്നു തോന്നുന്നു. ഒരു പക്ഷേ കഥകളായും കവിതകളായും ഇനിയേറെക്കാലം തുടരാനിരിക്കുന്ന വിഷയം കൂടിയാവണം പ്രളയം. വെള്ളപ്പൊക്കത്തിനു തൊട്ടുമുന്നേ മലയാളത്തിൽ കടുത്ത പ്രക്ഷോഭങ്ങളുണ്ടാക്കിയത് എസ്. ഹരീഷിന്റെ മീശ എന്ന നോവലായിരുന്നു. യാദൃച്ഛികമാവണം, അതിലെ സ്‌ത്രീ വിരുദ്ധതയും അശ്ലീലവുമൊക്കെ ഉയർത്തി കലാപമുണ്ടാക്കിയവർ സ്വാഭാവികമായും ശ്രദ്ധിക്കാത്ത, പ്രളയമുണ്ടായതിനു ശേഷം മാത്രം സാഹിത്യകുതുകികളായ വായനക്കാർ പോലും ഞെട്ടലോടെ ഒരിക്കൽക്കൂടി വായിച്ചിട്ടുണ്ടാകാനിടയായ അദ്ധ്യായങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കുട്ടനാട്ടിലുണ്ടായ പ്രളയത്തിന്റെ ഭീകരമായ ദൃശ്യങ്ങളാണുള്ളത്. അതെഴുതുമ്പോൾ പ്രളയം നമുക്കൊരു കെട്ടുകഥയോ പഴങ്കഥയോ മാത്രമായിരുന്നു. പക്ഷേ നോവൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം അതൊരു യാഥാർത്ഥ്യമായിത്തീർന്നു.  മലകളിൽ നിന്നും കാടുകളിൽ നിന്നും വെള്ളപ്പാച്ചിലിൽ ഒലിച്ചെത്തുന്ന വിഷപ്പാമ്പുകളെക്കുറിച്ച്, ചാഞ്ഞു നിൽക്കുന്ന പുൽത്തുമ്പുകളിലും മരക്കൊമ്പുകളിലും വള്ളികളിലും പ്രാണരക്ഷാർത്ഥം പിടിച്ചു കയറി തൂങ്ങിക്കിടക്കുന്ന പാമ്പിൻ കൂട്ടങ്ങളെക്കുറിച്ച് മീശയിൽ പറയുന്നത് കഥയല്ല, സംഭവ്യമാണെന്ന് നമുക്കിപ്പോഴറിയാം.

‘ആർക്ക്’ വെള്ളമിരച്ചെത്തിയ ദിവസം നെഞ്ചൊപ്പം വെള്ളത്തിൽ മേശപ്പുറത്ത് കേറിയിരിക്കുന്ന രാധികയുടെ ചിന്തകളിലൂടെയാണ് മുന്നോട്ടു പോവുന്നത്. പഴയ സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ, പ്രണയത്തിന്റെ  ഓർമ്മക്ക് അവരുടെയൊക്കെ പേരിട്ടു വിളിച്ച ചില പക്ഷിമൃഗാദികൾ മാത്രമാണ് രാധികക്ക് റിട്ടയേർഡ് ജീവിതത്തിൽ കൂട്ട്. അവരെയൊന്നും പ്രളയജലത്തിൽ നിന്നു കരകയറ്റാനാവാത്തതിൽ അവർ വേദനിക്കുന്നു. സ്വന്തം രക്ഷ അവരെ ആശങ്കപ്പെടുത്തുന്നതിലധികം. ആവാസവ്യവസ്ഥ നഷ്‌ടപ്പെട്ട് വെള്ളത്തിലൊലിച്ചെത്തിയ മൂർഖൻ പാമ്പ് പ്രാണഭയത്തോടെ അരിച്ചു കയറുന്നത് രാധികയുടെ ദേഹത്തേക്കാണ്. കഴുത്തിൽ ഉടൽ ചുറ്റി പ്രയാണത്തിന്റെ, മരണഭയമൊഴിഞ്ഞതിന്റെ ക്ഷീണമകറ്റാൻ രാധികയുടെ ദേഹത്ത് തല ചായ്ക്കുന്നു വിഷപ്പാമ്പ്. പാമ്പിനെ അനക്കാതെ, ജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതത്വങ്ങളിലൂടെ സഞ്ചരിക്കുന്ന രാധികയുടെ ആശങ്കകളിലാണ് കഥയുടെ കാതൽ. വിക്ഷുബ്‌ധമായ ഉള്ളിരമ്പങ്ങൾ, കൂട്ടിന് പുസ്‌തകത്തിലെ വരികൾ, മരണം കഴുത്തിലും ചുറ്റുമുള്ള വെള്ളത്തിലും… ഇത്തരമൊരു അന്തരീഷസൃഷ്‌ടിയിലാണ്, പാമ്പിനെ കഴുത്തിൽ ചൂടി രാധിക ടീച്ചറുടെ നിസഹായമായ ഇരിപ്പിലാണ് ബോണി തോമസിന്റെ രചനാ കൗശലം സഫലമാവുന്നത്. മരണവും ജീവിതവും അത്രമേൽ തൊട്ടടുത്തടുത്ത് നിൽക്കുന്നു, ഹൃദയം മരവിപ്പിക്കുന്നത്രയും തണുപ്പിൽ പുതഞ്ഞ്, പ്രളയജലത്തിൽ കുതിർന്ന്. ആർക്ക് എന്ന വാക്കിന്റെ അർത്ഥം പെട്ടകം എന്നാണ്. രാധിക ടീച്ചറുടെ അതേ പേരുള്ള വീട് നോഹയുടെ പെട്ടകം പോലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നു. മോഷണത്തിനെത്തിയ വൽസലനിൽ നിന്ന് രാധിക ടീച്ചറെ രക്ഷിക്കുന്നത് കഴുത്തിൽ ചുറ്റിയ പാമ്പും.

സമകാലിക മലയാളത്തിൽ മനോജ് വെള്ളനാട് എഴുതിയ ഉടൽ വേദം രതിയുടെയും ആസക്‌തികളുടെയും കഥയാണ്. അസംതൃപ്‌ത ദാമ്പത്യത്തിന്റെ, രതിയുടെ അരുചികൾ മറന്നു കളയാൻ പുതിയ രുചിഭേദങ്ങളുടെ പാചകപ്പുരകളിലേക്ക് കടന്നു കയറുന്ന സോഫിയ. അവൾക്ക് മീശയുള്ള ആണുങ്ങളെ കാണുകയെന്നത്, അവരെ വായ്‌നോക്കുകയെന്നത് ദിനചര്യയുടെ ഭാഗമാവുന്നു, സാധിച്ചില്ലെങ്കിൽ ഉടൽ വിറയലും മറ്റ് അസ്വസ്ഥതകളുമുണ്ടാവുന്നു.  ഈ ചാപല്യത്തെക്കുറിച്ച് ഭർത്താവിനോട് പറയാതിരിക്കുന്നുമില്ല സോഫിയ. തന്റെ സ്‌നേഹിത ജാൻസിയുടെ അനുഭവങ്ങളായി പരിണമിപ്പിച്ചാണ് അവൾ എല്ലാ കാര്യങ്ങളും ശ്യാമുമായി പങ്കുവെയ്ക്കുന്നത്. ജാൻസിക്കു വേണ്ടിയെന്ന വ്യാജേന മനശാസ്‌ത്രജ്ഞന്റെയടുത്തും ഭർത്താവിനൊപ്പം അവൾ പോകുന്നു. പക്ഷേ രോഗത്തിനു ശമനമില്ല.

രസകരമായി വായിക്കാവുന്ന, സ്‌ത്രീകളിലെ ചില സ്വഭാവ വിശേഷങ്ങൾക്ക് / വൈകല്യങ്ങൾക്ക് കാരണം അവരുടെ രതി ജീവിതത്തിലെ അസംതൃപ്‌തികളാണെന്ന മനശാസ്‌ത്ര തത്വത്തിലൂന്നിയ കഥയാണ് ഉടൽ വേദം. പക്ഷേ അവസാനപകുതി കഥയിൽ അനാവശ്യമായും ഏച്ചുകെട്ടലായും തോന്നിപ്പോവുന്നു. അതിനു മുമ്പെവിടെയോ കഥ അവസാനിപ്പിക്കാമായിരുന്നു. ശ്യാമും സോഫിയയും ലൈംഗികമായ തൃപ്‌തി തിരയുന്ന, നേടുന്ന, (അതോടെ അവളുടെ രോഗവുമവസാനിക്കും) അവസാന ഭാഗം ദീർഘവും വിരസവുമായിരിക്കുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account