ബൂർഷ്വാ സാമ്പത്തികശാസ്‌ത്രത്തെയും സാമൂഹികചരിത്രത്തെയും മൃദുവായി, പക്ഷേ ആഴത്തിൽ പരിശോധിക്കുന്ന കഥയാണ് സമകാലിക മലയാളത്തിൽ വി.സുരേഷ് കുമാർ എഴുതിയ നമ്പ്യാർസ് ബ്ലേക്ക് മാജിക്. കഥ സാമാന്യം നീണ്ടതും ഒന്നിലധികം ഉപകഥകളാൽ സങ്കീർണവുമാണെങ്കിലും കേന്ദ്ര പ്രമേയത്തിൽ നിന്നോ ആശയത്തിൽ നിന്നോ തെല്ലും വ്യതിചലിക്കാതെയും ഏകാഗ്രതയോടെയുമിരിക്കുന്നുവെന്നതാണ് ഈ കഥയുടെ ചാരുത. കഥ പറച്ചിലിന്റെ രസവും കൗതുകവും ആകാംക്ഷയും നില നിർത്തിക്കൊണ്ടു തന്നെ അതിന്റെ രാഷ്‌ട്രീയജാഗ്രതയും കൃത്യമായ നിലപാടും പ്രഖ്യാപിക്കാനാവുകയെന്നത് അനായാസമായ രചനാകൗശലമല്ല. വിവേക് നമ്പ്യാർ, മരത്തൻ എന്നീ കഥാപാത്രങ്ങളുടെ അമേരിക്കൻ അവതാരങ്ങളാണ് ഗ്രിഗറി എന്ന അടിമയും അവന്റെ മുതലാളി ജോർജ് വില്യംസും. ഉണർവ്വിനും ശാരീരികക്ഷമതയ്ക്കും വേണ്ടി ഗ്രിഗറി സ്വയം ഉണ്ടാക്കിയ മദ്യത്തിന്റെ നിർമ്മാണവിദ്യയും അവന്റെ അധ്വാനവും ചൂഷണം ചെയ്‌ത്‌ വില്യംസ് ഉണ്ടാക്കിയ ഗ്രിഗറീസ് ബ്ലാക്ക് മാജിക് എന്ന മദ്യം ലോകമെങ്ങും പ്രശസ്‌തവും പ്രചാരവുമുള്ള  ബ്രാൻഡായിത്തീരുന്നു. ഗ്രിഗറിയെക്കുറിച്ച് പിന്നെയാരും ഒന്നും കേൾക്കുന്നില്ല. അയാൾ ചരിത്രത്തിൽ നിന്നേ മാഞ്ഞു പോവുന്നു. അധ്വാനം, ഉപഭോഗം, ഉത്‌പാദനം എന്നിങ്ങനെ പരസ്‌പര ബന്ധിതങ്ങളായ ശൃംഖലകളാണ് ഓരോ ഉത്‌പാദനപ്രക്രിയയിലുമുള്ളത്. പക്ഷേ നിർഭാഗ്യവശാൽ അധ്വാനവും പ്രാകൃതമായ ഉത്‌പാദനരീതികളും കൈവശമുള്ള തൊഴിലാളിയുടെ ശേഷികളെല്ലാം മുതലാളിത്ത സമൂഹം കൈവശപ്പെടുത്തുകയും ഉപഭോഗം നടത്തുകയും ചെയ്യുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ഇടപെടലുകളാണ് ആദിമമായ ഉത്‌പാദനശക്‌തി. സഹിഷ്‌ണുതയും സഹവർത്തിത്വമുള്ള ജൈവിക ബന്ധമാണത്.  മുതലാളിത്തം അതിനെ കൂലിവേലയാക്കി പരിണമിപ്പിക്കുകയും അധ്വാനിക്കുന്ന വിഭാഗത്തെ ഉത്‌പാദനം, ഉപഭോഗം, ലാഭം എന്നിവയിൽ നിന്നകറ്റി നിർത്തുകയും ചെയ്യുന്നു. ഉത്‌പാദിപ്പിക്കുന്നത് തൊഴിലാളിയാണെങ്കിലും ഉത്‌പാദനത്തിന്റെ സാങ്കേതിക വ്യാവസായിക വശങ്ങൾ അവന് അജ്ഞാതമായിത്തന്നെയിരിക്കും. വിപണനം, ഉപഭോഗം എന്നിവയെക്കുറിച്ചും അവനറിയേണ്ടതില്ല. യാന്ത്രികമായ ശാരീരികാധ്വാനം മാത്രമാണവന്റേത്.

ഗ്രിഗറിയുടെയും ജോർജ് വില്യംസിന്റെയും കേരളീയ പ്രതിനിധികളാണ് വിവേക് നമ്പ്യാരും മരത്തനും. കുറഞ്ഞ കൂലിക്ക് മരത്തന്റെ മൂല്യമേറിയ അധ്വാനം ചൂഷണം ചെയ്യുന്നു വിവേകും അയാളുടെ ഭാര്യാപിതാവും. അതവരുടെ അവകാശമെന്ന് അവർ ഭാവിക്കുകയും ചെയ്യും. നാട്ടിലെ  പ്രാദേശികോൽപ്പന്നങ്ങൾക്ക് ലോക വിപണി കണ്ടെത്താനുള്ള കച്ചവട തന്ത്രമാണ് വിവേകിന്റേത്. ഫ്യൂഡൽ സ്വത്തുടമാസമ്പ്രദായത്തിന്റെ മായാത്ത അടയാളങ്ങൾ കഥയിലുണ്ട് .പഴക്കവും പാരമ്പര്യവും എത്രത്തോളം ഉപയോഗിക്കുന്നുവോ അത്രയും വിപണനം മെച്ചപ്പെടുമെന്ന് ഉൽക്കർഷേച്ഛുവായ വിവേകിനറിയാം. കഥയ്ക്ക് ജ്യോത്സ്യനും സ്വർണപ്രശ്‌നവും ചിണ്ടൻ നമ്പ്യാരുടെ അപമൃത്യുവും ശാപവും തെയ്യം കെട്ടും നിഗൂഡമായ മനുഷ്യബലിയുമടക്കം പല അടരുകളായി നിബന്ധിച്ച ആശയതലങ്ങളുണ്ട്. നന്ദികേടിന്റെ, മുതലാളിത്ത ചൂഷണങ്ങളുടെ, ചരിത്രത്തിലും ജീവിതത്തിലും കാലു കുത്താനവകാശമില്ലാത്ത മനുഷ്യരുടെ സാർവ്വകാലികമായ അവസ്ഥകളെ ഏറ്റവും സമകാലികമാക്കുന്നുവെന്നതു തന്നെയാണ് ഈ കഥ ഇത്രമേൽ രാഷ്‌ട്രീയശരിയുള്ളതാവാൻ കാരണം.

മാധ്യമത്തിൽ സച്ചിദാനന്ദൻ എഴുതിയ മുറാകാമി  കവികൾക്ക് കഥയുമെഴുതാം എന്ന് അതീവ വിരസമായി തെളിയിക്കുന്നു. അദ്ദേഹം ഗവേഷണപരമായ ലേഖനങ്ങളെഴുതുന്നയാൾ കൂടിയായതുകൊണ്ടാവണം ഗവേഷണ പ്രബന്ധങ്ങൾക്കുചിതമായ വിധത്തിൽ വൈദേശിക സാഹിത്യകാരന്മാരെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചും ഒരു കഥയ്ക്ക് താങ്ങാവുന്നതിലധികം വിശദമായ പരാമർശങ്ങൾ ധാരാളമുണ്ട്. ആഖ്യാനത്തിൽ സർകാസത്തിന്റെ ശൈലി പലേടത്തും കൊണ്ടുവരാൻ ശ്രമിച്ചിട്ടുമുണ്ട്.  പുരുഷന്മാരുടെ കഥയിൽ സ്‌ത്രീകൾക്കെന്തു കാര്യം, പ്രൂസ്റ്റ് പോകട്ടെ, കൂറ്റസ് വരട്ടെ എന്ന മുദ്രാവാക്യം അയാളുടെ തൊണ്ടയിൽ ചെമ്പല്ലിയുടെ മുള്ളുപോലെ തടഞ്ഞു നിന്നു തുടങ്ങി ഉദാഹരണങ്ങളും യഥേഷ്‌ടം. മകൻ എഴുത്തുകാരനും സംഗീതപ്രേമിയുമാവാൻ വേണ്ടി അവന് മുറാകാമിയെന്നു പേരിട്ട രാഘവന്റെ ഇച്ഛാഭംഗങ്ങളാണ് കഥ. കണക്കിന്റെ ലോകത്തേക്ക് തിരിഞ്ഞുപോയ മകൻ അയാളെ നിരാശപ്പെടുത്തുന്നു. അവന്റെ ജനിക്കാനിരിക്കുന്ന മകളിലാണ് ഇനിയയാളുടെ പ്രതീക്ഷ . ആകാംക്ഷകൾക്കൊടുവിൽ മരുമകൾ പ്രസവിച്ച കുഞ്ഞിനെ നഴ്‌സ്‌ അയാൾക്കു കാട്ടുന്നു, അത് മനുഷ്യക്കുഞ്ഞല്ല, ബിവാ എന്ന ജപ്പാനീസ് സംഗീതോപകരണമായിരുന്നത്രേ. ബിവയുടെ വിശദാംശങ്ങളും കഥയിലുണ്ട്. ഭ്രമാത്‌മകതയുടെയും മാജിക്കൽ റിയലിസത്തിന്റെയുമൊക്കെ  മിശ്രണമായിരിക്കുമോ കവി ഉദ്ദേശിച്ചതെന്നു സംശയിച്ചു പോവാം. എന്തായാലും അത് അളവുകൾ തെറ്റി ആവശ്യത്തിലധികം ഉറച്ചു പോയ കൂട്ടു പോലെയുണ്ട്. അദ്ദേഹം കവിതകൾ മാത്രമെഴുതുന്നതോ, കഥയെഴുതുകയാണെങ്കിൽ അതിനെ പ്രബന്ധമാക്കാതിരിക്കുന്നതോ ആണ് നല്ലത്.

കഥ മാസികയിൽ വി.ജെ. ജയിംസ് എഴുതിയ കഥയ്ക്ക് അദ്ദേഹത്തിന്റെ പേരു തന്നെയാണ്. അർദ്ധരാത്രി കഥാകാരനെ ഫോണിൽ വിളിച്ചുണർത്തി സംസാരിക്കുന്ന ജീവൻ എന്ന ആൺപേരുള്ള വായനക്കാരി. അവൾ കണ്ട സ്വപ്‌നത്തിലെ പാതിക്കഥ യഥാർത്ഥത്തിൽ അയാളെഴുതിയതോ എന്ന ശങ്കയാണ് ആ രാത്രി വിളിയുടെ പ്രേരണ. അവൾ ആത്‌മഹത്യ ചെയ്യുമെന്ന സൂചനകളിൽ, അവസാന വിളി കഥാകൃത്തിനെയായതുകൊണ്ട് അയാൾ ആ മരണത്തിനു മറുപടി പറയേണ്ടതുണ്ടെന്ന ഭയപ്പെടുത്തലിൽ  ജീവന്റെ ഫോൺ പെട്ടന്നു നിശ്ചലമാകുന്നു. അതേ ഭീതികൊണ്ട് സംഭവിച്ചതെല്ലാം വി.ജെ. ജയിംസ് അപ്പോൾത്തന്നെ എഴുതി കഥയാക്കി പത്രാധിപർക്കയക്കുന്നു. പുതുമയുള്ള ആഖ്യാനത്തിനു ശ്രമിച്ചിട്ടുണ്ടെങ്കിലും കഥ സ്വച്ഛമായൊരൊഴുക്കായി അനുഭവപ്പെടുകയില്ല. ‘ഉറക്കമൊഴിയാൻ അസ്വസ്ഥരായ ചിലരില്ലെങ്കിൽ ഒറ്റപ്പുസ്‌തകവും വായിക്കപ്പെടില്ല’ എന്നൊക്കെയുള്ള നിരീക്ഷണങ്ങൾ രസകരമാണ്. എന്നാലും ആ പാതിരാസംഭാഷണങ്ങൾ കഥയെക്കാളേറെ ഉപന്യാസ സ്വഭാവം കാണിക്കുന്നു.

കലാകൗമുദിയിലെ ഉപേന്ദ്രന്റെ ആകാശങ്ങൾ, കലാകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയുടെ പുനപ്രസിദ്ധീകരണമാണ്. ഇത്ര പെട്ടന്ന് ഇങ്ങനൊരു രണ്ടാം പ്രസിദ്ധീകരണത്തിന്റെ യുക്‌തി എന്തെന്നു സംശയിക്കാൻ വായനക്കാർക്കവകാശമുണ്ട്, ഒപ്പം (കഥകളുടെ ദാരിദ്യമായിരിക്കില്ല എന്തായാലും അതിനു കാരണം). ഓണപ്പതിപ്പുവാങ്ങി വായിക്കാൻ കഴിയാത്തവർക്ക് വേണ്ടി ഇനി വരും ലക്കങ്ങളിലൊക്കെ ഓണപ്പതിപ്പ് കഥകൾ ഓരോന്നായി പുനപ്രസിദ്ധീകരിക്കുമോ എന്ന് ആശങ്കപ്പെടാനും.

ഉപേന്ദ്രൻ എല്ലാവരെയും പോലെ ആയിരുന്നില്ല. വ്യത്യസ്‌തൻ, ലോക മര്യാദകളെയും നടപ്പുരീതികളെയും സൗമ്യമായി നിഷേധിച്ച് തന്റെ സ്വതന്ത്രമായ വഴി കണ്ടെത്തിയവൻ. ഒരു അവധൂതനെപ്പോലെ സാത്വികൻ. ഭാരമില്ലാതെ ജീവിക്കാനും മണിക്കൂറുകളോളം നിശ്ചലനായി ആകാശം നോക്കി കിടക്കാനും അവനാഗ്രഹിച്ചു. മകനെ സാധാരണ ജീവിതത്തിന്റെ കാലുഷ്യങ്ങളിലേക്കും കലക്കങ്ങളിലേക്കും വലിച്ചിടാനുള്ള അമ്മയുടെ സ്വാഭാവികമായ ഉത്‌കണ്ഠയുടെ പരിണിതഫലമായിരുന്നു 50000 രൂപയുടെ സ്‌മാർട് ഫോൺ . ‘ഫോൺ കിട്ടിക്കഴിഞ്ഞാൽ അവൻ ആകാശമെന്നല്ല ഭൂമിയെപ്പോലും നോക്കില്ല, ഒരാഴ്ച്ചകൊണ്ട് അവൻ തന്നെത്തന്നെ മറക്കും’ എന്ന സുബൈദ ടീച്ചറുടെ പ്രവചനമായിരുന്നു ഉപേന്ദ്രന്റെ അമ്മയ്ക്ക് പ്രചോദനം. പക്ഷേ ഫോൺ അവൻ തൊട്ടുപോലും നോക്കുന്നില്ല. അവന്റെ ആകാശക്കാഴ്ച്ചകളും ഒറ്റതിരിഞ്ഞ നടത്തവും അവസാനിക്കുന്നുമില്ല. പൊതുബോധങ്ങളെ, സാമൂഹ്യ നിയമങ്ങളെ അതിലംഘിക്കുന്ന ചിലരെങ്കിലുമുണ്ടെന്നും അവരെ സാധാരണലോകത്തിന്റെ അഭിരുചികൾ കൊണ്ട് അളക്കാനാവില്ലെന്നും ഈ കഥ വിരസമായല്ലാതെ പറയുന്നുണ്ട്. ഉപഭോഗസംസ്ക്കാരത്തിന്റെ, വിപണികേന്ദ്രിതമൂല്യ ചിന്തകളുടെ പിടിയിലകപ്പെടാത്ത അപൂർവ്വം ചിലരിലൊരാളാണ് ഉപേന്ദ്രൻ.

ചന്ദ്രികയിൽ സി. ഗണേശെഴുതിയ അഴിച്ചുകെട്ടൽ വിജാതീയപ്രണയവിവാഹം, സംഘർഷങ്ങൾ എന്ന പഴകിയ പാതയിലൂടെ സഞ്ചരിക്കുന്നു. ഹൈദരബാദ് രാജകുടുംബത്തിലെ ബെയറയെ പ്രണയിച്ചു സ്വന്തമാക്കിയ മണി സ്വന്തം തറവാട്ടിലേക്കു വരുന്നതും അവിടുത്തെ ചില ദിവസങ്ങളുമാണ് കഥ. നഷ്‌ടപ്രണയത്തിന്റെ വിങ്ങൽ സൂക്ഷിക്കുന്ന അമ്മമ്മ മാത്രമാണവനെ പിന്തുണക്കുന്നത്. ഈ  നീണ്ടകഥയുടെ ഭാവം, കഥാപാത്രങ്ങൾ, സംഭാഷണശൈലി എല്ലാം പഴയ കാല എം ടി കഥകളിലെ അതേ ഫ്യൂഡൽ അന്തരീഷത്തിന്റെ ദുർബലമായ അനുകരണമായിത്തോന്നാം, അതു കൊണ്ടു തന്നെ മടുപ്പിക്കുന്നതും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account