മതാധികാരത്തിന്റെ ഏകപക്ഷീയതയും വ്യാപ്‌തിയും പരിഹാസ്യമാം വിധം വിമർശിക്കപ്പെട്ട സംഭവങ്ങളിലൂടെയാണ് കഴിഞ്ഞ ചില ആഴ്ച്ചകളായി കേരളം കടന്നു പോവുന്നത്. ആഗോളവും സാർവത്രികവുമായ ക്രൈസ്‌തവസഭ ഏറ്റവും സുഘടിതവും സുശിക്ഷിതവും കൃത്യമായ ശ്രേണീകരണത്തോടു കൂടിയതുമാണ്. അൽമായർ എന്ന പൊതു ജനവിഭാഗത്തിനു വേണ്ടിയാണ് സഭയിൽ മാർപ്പാപ്പ മുതലുള്ള സന്യസ്‌തവൃന്ദം പ്രവർത്തിക്കുന്നതെന്നതു സങ്കൽപ്പം മാത്രമാണ്. സഭയ്ക്കുള്ളിലെ സങ്കീർണ്ണമായ അധികാരശ്രേണികളിൽ അൽമായരുടെ സ്ഥാനവും പ്രസക്‌തിയും സംശയാസ്‌പദമാണ്. പക്ഷേ കന്യാസ്‌ത്രീകളുടെ സമരം, ബിഷപ്പിന്റെ ലൈംഗിക ചൂഷണം തുറന്നു പറയാനുള്ള കന്യാസ്‌ത്രീയുടെ ആത്‌മബലം, അതിനെ സാമദാനദണ്ഡഭേദങ്ങളിലൂടെ ഒതുക്കാനുള്ള സഭയുടെ നിന്ദ്യമായ ശ്രമങ്ങൾ, ഇവയുടെ പശ്ചാത്തലത്തിൽ കേരളീയ ക്രൈസ്‌തവ സഭ പൊതുജനങ്ങളാൽ, സാധാരണക്കാരായ വിശ്വാസികളാൽ വിചാരണ ചെയ്യപ്പെടുന്നു, ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. സമരത്തിൽ പങ്കെടുത്തതുകൊണ്ട് വിലക്ക് നേരിടേണ്ടി വന്ന സിസ്റ്റർ ലൂസിയെ നിരുപാധികം അതിൽ നിന്നു മോചിപ്പിക്കാൻ മാനന്തവാടി രൂപതയിലെ അധികാരികൾ നിർബന്ധിതരായത് പൊതുസമൂഹത്തിൽ വിശ്വാസം, സന്യാസം, പൗരോഹിത്യം എന്നിവയെ സംബന്ധിച്ച്‌ യുക്‌തിഭദ്രമായ അവബോധം ഉണ്ടാവുന്നതിന്റെ തെളിവാണ്.

അധികാരഘടനകളുടെ ചട്ടക്കൂടു മാത്രമാവുന്ന ക്രൈസ്‌തവ പൗരോഹിത്യത്തെ അതിനുള്ളിലകപ്പെട്ട / ഉൾപ്പെട്ട രണ്ടു പേർ വിമർശന വിധേയമാക്കുന്ന പി.ജെ.ജെ. ആന്റണിയുടെ ‘ഫ്രാൻസിസ് മാർപ്പാപ്പ വധിക്കപ്പെടുമോ’ എന്ന കഥ (സമകാലിക മലയാളം) ഇപ്പോഴത്തെ കേരളീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്‌തമായ ഒന്നാണ്. ക്രിസ്ത്യാനിറ്റി, അതിന്റെ ചരിത്രം, സ്വഭാവം മതഘടന, അതിനുള്ളിലെ അധികാരശ്രേണീബദ്ധത എന്നിവയെക്കുറിച്ചുള്ള സാമാന്യമായ ധാരണ ഈ കഥയുടെ ആസ്വാദനത്തിനു കൂടിയേ കഴിയൂ. രണ്ടു പുരോഹിതന്മാരുടെ പരസ്‌പര സംഭാഷണത്തിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്. അവർ സംസാരിക്കുന്നത് ക്രൈസ്‌തവ സഭയ്ക്കുള്ളിലെ ജീർണതകളെ കുറിച്ചും അനിവാര്യമായ പരിവർത്തനങ്ങളെക്കുറിച്ചും. സ്വാഭാവികമായും കഥ വിരസമാവാനും ചിലേടത്തെല്ലാം ലേഖനസ്വഭാവം കാണിച്ചു പോവാനും സാധ്യതകളേറെയാണ്. വായനക്കാരെ മടുപ്പിക്കാനും. പക്ഷേ കഥാകൃത്തിനെയും കഥയെയും സംബന്ധിച്ച് ഏറ്റവും അനുകൂലമായ ഘടകം ഇതു പ്രസിദ്ധീകരിക്കപ്പെട്ട സമയമാണ്. തീർച്ചയായും വായിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട കഥയെന്ന് വായനക്കാർ തിരിച്ചറിയുന്നു. ഓരോ വാക്കും വരിയും കഥയുടെ ആകെയുള്ള ഭാവവും കൂടുതൽ ശ്രദ്ധേയമാവുന്നു. അതിനർത്ഥം കേവലം കാലിക പ്രസക്‌തി മാത്രമാണ്  ഈ  കഥയ്ക്കുള്ളതെന്നല്ല. സൂക്ഷ്‌മമായ, വിഷാദാർദ്രമായ ചാരുതകൊണ്ട് കഥ വശ്യമായിരിക്കുന്നുവെന്നും രണ്ടു പുരോഹിതന്മാരുടെയും ഉള്ളിലുള്ള കലക്കങ്ങൾ, സംഘർഷങ്ങൾ അവയുടെ മുഴുവൻ തീവ്രതയോടും വിനിമയം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നുമാണ്. ക്രൈസ്‌തവ സഭയെ ഇങ്ങനെ കഥാത്‌മകമായും വിമർശിക്കാം. ഇത്രയും സൗമ്യമായി, പക്ഷേ കർശനമായി അതിനുള്ളിലെ അരുതായ്‌കകളെ തുടച്ചു മാറ്റാൻ ശ്രമിക്കാം.

വിപണി കേന്ദ്രിത ഉപഭോഗ സംസ്‌കാരത്തിന്റെ, മുതലാളിത്തത്തിന്റെ, നവലിബറൽ നയങ്ങളുടെ ദൂഷ്യങ്ങളും സാധ്യതകളും പൗരോഹിത്യത്തെ, സഭയെ ഏറെ സ്വാധീനിച്ചും മാറ്റിയും കഴിഞ്ഞ കാലമാണിത്. ആത്‌മീയമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ആത്‌മാവിന്റെ വിമോചനത്തിനുചിതമായ വഴികൾ, പ്രലോഭനങ്ങളെയും സംഘട്ടനങ്ങളെയും അതിജീവിക്കുന്നതിനുള്ള ബദൽ സാധ്യതകൾ തുറന്നു കാട്ടുന്നതിനും ചുമതലപ്പെട്ട ക്രൈസ്‌തവ സഭ സ്വയം ഭൗതികാനന്ദങ്ങളിൽ  ആമഗ്നമാവുന്നതിന്റെ ദുരിതങ്ങളാണ് അവിടെ നിന്നുയരുന്ന നിലവിളികൾ. മതാധികാരം, മറ്റെല്ലാ അധികാരങ്ങളുമെന്ന പോലെ ജീർണിക്കുകയും അധിനിവേശത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ വിപ്ലവകരമായ പല കാര്യങ്ങളും ചെയ്യണമെന്ന്, സമൂലമായ അഴിച്ചുപണി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഫ്രാൻസിസ് മാർപ്പാപ്പ. കഥയുടെ ശീർഷകം പ്രസക്‌തമാവുന്നതവിടെയാണ്. അധികാരശ്രേണിയുടെ ഉന്നതതലത്തിൽ ഇരിക്കുന്നെങ്കിലും അദ്ദേഹം നിസഹായനാണ്. താൻ കൂടി ഉൾപ്പെട്ട വ്യവസ്ഥയെ പരിഷ്‌കരിക്കുകയെന്നത് അചിന്ത്യവും. അതിനുള്ള ചെറിയ ശ്രമം പോലും ആത്‌മഹത്യാപരവും. സഭയ്ക്കുള്ളിൽ നിന്നു കൊണ്ട്  അതിനെ മാറ്റാനാവില്ലെന്ന തിരിച്ചറിവാണ് ഫാദർ ജോബിനെ പൗരോഹിത്യം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. ‘പ്രീസ്റ്റ്ഹുഡ് എനിക്ക് ആവേശമായിരുന്നു. ഇപ്പോൾ ആ തീ എന്റെയുള്ളിൽ വെറും ചാരമാണ്. ദൈവവും ക്രിസ്‌തുവും കലങ്ങിപ്പോയിരിക്കുന്നു. തുണയില്ലാത്ത ഇരുട്ടിന്റെ ആഴങ്ങൾ മാത്രമേ അവിടെയുള്ളു.’

ഉപേക്ഷിച്ചാലും നീങ്ങിപ്പോകാത്തതാണ് പൗരോഹിത്യത്തിന്റെ തീത്തൈലമിട്ട മുദ്ര എന്ന മറ്റൊരു യാഥാർത്ഥ്യമാണ് ഫാദർ അലക്‌സിനെ പുരോഹിത വൃത്തി തുടരാൻ പ്രേരിപ്പിക്കുന്നത്. ഒരേ സാഹചര്യങ്ങൾ ,രണ്ടു ചിന്തകൾ, രണ്ടും ക്രൈസ്‌തവ സഭയുടെ വിമോചനം സങ്കൽപ്പിക്കുന്നു. കഥയിലെ രാത്രി, അച്ചന്മാരുടെ വിഷാദം, മൂകത, അവർ നുണയുന്ന ബിയറിനുപോലും അലിയിച്ചുകളയാനാവാത്ത നിരാശ ഇതെല്ലാം ചേർന്നു സൃഷ്‌ടിച്ചെടുക്കുന്ന സവിശേഷമായ ഭാവപരിസരം തന്നെയാണ് ഈ കഥയുടെ പ്രധാന ആകർഷണം. അതിനു തീവ്രത കൂട്ടുന്നു ജോസഫിന്റെയും തലതിരിഞ്ഞ രണ്ടു മക്കളുടെയും ഉപകഥ. കഥാവസാനത്തിലെ വെടിയൊച്ചയ്ക്കും ആയുധക്കമ്പോളത്തിലെ ഇന്ത്യൻ താരോദയമെന്ന പരാമർശത്തിനും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ധ്വനികളുണ്ട്. മതവിമർശനം മാത്രമല്ല കഥയുടെ കാതൽ. പല തലങ്ങളുള്ള വിദഗ്ദ്ധമായെഴുതപ്പെട്ട കഥയാണിത്.

കലാകൗമുദി ഈയാഴ്ച്ചയും ഓണപ്പതിപ്പുകഥ കൊണ്ടാണ് പേജു നിറയ്ക്കുന്നത്. ഒരേ കഥ തുടർച്ചയായി രണ്ടു വട്ടം പ്രസിദ്ധീകരിക്കുന്നതിൽ ധാർമ്മികമായ ശരികേടുണ്ടെന്നുതന്നെ തോന്നുന്നു. ഒന്നാമത് വായനക്കാരോടുള്ള മര്യാദകേട്, രണ്ടാമത്, മറ്റു കഥാകൃത്തുക്കളോടുള്ള അനീതി. അവരുടെ കൂടി സ്‌പേസ് ആണ് ഒരേ എഴുത്തുകാരൻ രണ്ടാമതും അപഹരിക്കുന്നത്.

സലിൻ മാങ്കുഴിയുടെ ഒളിവുജീവിതം ചലനാത്‌മകമായ ജീവിതത്തിൽ നിന്ന്, രാഷ്‌ട്രീയ ജാഗ്രതകളിൽ നിന്ന്, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചുപോയ സുധാകരൻ ഒടുവിൽ ICU വിൽ കുറ്റബോധത്തോടെ തന്റെ തെറ്റുകൾ തിരിച്ചറിയുന്നതിന്റെ ആഖ്യാനമാണ്. കഥ പരന്നു ചിതറിക്കിടക്കുന്നു. സാധാരണമായ കഥാതന്തുവിനെ സാധാരണമായിത്തന്നെ പറയുകയും ചെയ്‌തിരിക്കുന്നു. ഒതുക്കമോ മുറുക്കമോ ഇല്ലാതെ പ്രവചനീയമായ കഥാവസാനവുമായി ദുർബലമായിത്തോന്നിപ്പിക്കുന്നു ഒളിവു ജീവിതം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account