7 കഥകളാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഈയാഴ്ച്ച ഒറ്റയടിക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാം ഒന്നിനൊന്നു ദൈർഘ്യമേറിയവ. വായിച്ചു തീർക്കാൻ തീർച്ചയായും സമയവും ക്ഷമയും ആവശ്യമാണ്. കഥാവായന ഒറ്റയൊഴുക്കിൽ നീങ്ങുന്ന അനായാസതയല്ലാതായി മാറി എന്നതു തന്നെയാണ് പുതിയ എഴുത്തിലും ആസ്വാദനത്തിലും സംഭവിച്ച സർഗ്ഗാത്മകമായ പരിണാമം. വായന ക്ലേശകരമാവുന്നുണ്ട് പലപ്പോഴും. അതിന്റെ ഫലം / പ്രയോജനവും അതിനനുസരിച്ച് കൂടുതലാണ് താനും. കഥകൾ വായനയ്ക്കു ശേഷം തീർന്നു പോവുകയല്ല. ധാരാളം അവശേഷിപ്പുകളുണ്ടാവുന്നു. വായനക്കാരെ ആനന്ദിപ്പിക്കുന്നവ, അസ്വസ്ഥരാക്കുന്നവ. പുനർവായനകൾക്കു പ്രേരിപ്പിക്കുന്നവ.

പുതു തലമുറയിലെ മാതൃഭൂമി എഴുത്തുകാർക്കു പുറമേ വൈശാഖൻ, വത്സല എന്നിവരുടെ കഥകളാണ് ഈ ലക്കത്തിന്റെ വ്യത്യസ്‌തത. വൈശാഖന്റെ കഥ വളരെ സാധാരണവും പറഞ്ഞു പറഞ്ഞു പഴകിയതുമായൊരു പ്രമേയത്തെ നീട്ടിപ്പരത്തി പറയുന്നു. വൈശാഖന്റെയും വത്സലയുടെയും കഥകളുടെ പശ്ചാത്തലത്തിൽ ഇതിലെ മറ്റു കഥകൾ വായിക്കുമ്പോൾ കഥയിലെ പരിണാമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ വായനക്കാർക്ക് ലഭിക്കുന്നു. പുതിയ കഥയെഴുത്ത് ഒരു പാട് മാറിയിട്ടുണ്ട്. പഴയ തലമുറ അവർക്കു വളരെ പിന്നിലാവുന്നു. സ്വാഭാവികമായ മാറ്റമാണത്. പക്ഷേ ഇവരെ ഒന്നിച്ചു കൊടുക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവാതിരിക്കില്ല വായനക്കാർക്ക്. അവരവരുടെ കാലത്ത് കഥയെ ആവുന്നത്ര മുന്നോട്ടു കൊണ്ടു പോയ പഴയ പ്രതിഭാശാലികൾ ഇപ്പോൾ കിതച്ചും തളർന്നും നിൽക്കുന്നതും അവരെ  പുതു തലമുറ കാതങ്ങൾ പിന്നിലാക്കുന്നതും കാണേണ്ടിയിരുന്നില്ല.

കവർചിത്രം പി.എസ് റഫീഖാണ്. അദ്ദേഹത്തിന്റെ തൊള്ളായിരത്തി എഴുപത്തഞ്ച്, അക്കാലത്തെ രാഷ്‌ട്രീയത്തിന്റെ കലുഷമായ ഏടുകളാണ് തുറന്നു കാട്ടുന്നത്. കഥയെക്കാളേറെ സംഭവിച്ചതും ചരിത്രവുമായ വസ്‌തുതകൾ, യഥാർത്ഥ വസ്‌തുതകളുടെ ആവിഷ്‌കാരമായിട്ടും ചരിത്രത്തെക്കാൾ ഉയർന്ന കഥ. വിദഗ്ദ്ധമായൊരു രചനാകൗശലമാണ് ഈ കഥയിൽ റഫീഖ് സ്വീകരിച്ചിട്ടുള്ളതും വിജയിപ്പിച്ചിട്ടുള്ളതും. യമയുടെയും വിനോയ് തോമസിന്റെയും നല്ല കഥകൾ അവയുടെ ദൈർഘ്യം കൊണ്ടു വായനക്കാരെ ഭയപ്പെടുത്തുന്നു.

കഥകളുടെ പെരുപ്പം കൊണ്ടു താങ്ങി നിറഞ്ഞ മാതൃഭുമിയെ വിട്ട് മറ്റു രണ്ടു കഥകളെക്കുറിച്ചാണ് ഈയാഴ്ച്ച പറയുന്നത്. സമകാലിക മലയാളത്തിലെ എം.എൻ.വിനയകുമാറിന്റെ ചിണ്ടത്തി ആണ് ഒന്നാമത്തേത്. അസാധാരണമായൊരു ജൈവിക ബന്ധത്തിന്റെ കഥയാണ് ചിണ്ടത്തി. തെങ്ങിനെ പ്രണയിച്ച, സ്‌നേഹിച്ച, ഓമനിച്ച, തേങ്ങയടർന്നു വീഴുന്ന നേരിയ ഒച്ച പോലും വേർതിരിച്ചറിയുന്ന ചിണ്ടത്തിയുടെ ബാല്യവും യൗവനവും വാർദ്ധക്യവുമാണ് ഒട്ടും വിരസമാവാതെ ഈ കഥയിൽ നീണ്ടു കിടക്കുന്നത്. അത് അവളുടെ പറമ്പിലെ ഒറ്റത്തെങ്ങിന്റെ ജീവചരിത്രവും കൂടിയാവുന്നു. നിറഞ്ഞും തളിർത്തും പൂത്തും കായ്ച്ചും ആ തെങ്ങ് അവളുടെ ജീവിതത്തെ പുഷ്‌കലമാക്കി. അവളതിനെ എങ്ങനെയൊക്കെ പരിചരിച്ചു. ഒരു പക്ഷേ ഭർത്താവ് ചിണ്ടനോടുള്ളതിനെക്കാൾ പ്രിയത്തോടെ, മമതയോടെ. തെങ്ങിനെ പുണരാനും ചുംബിക്കാനും അവളുടെ ഹൃദയവും ശരീരവും വെമ്പി. കരിങ്കൽക്കെട്ടുകൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ എഴുന്നള്ളിപ്പിന് ആനയ്ക്കു പോവാൻ വഴിയൊരുക്കാൻ ചിണ്ടത്തിയുടെ പറമ്പിലെ തെങ്ങുമുറിക്കണമെന്ന തീരുമാനം അവളെ നിസഹായയാക്കുന്നു, ഭയപ്പെടുത്തുന്നു. അവൾക്ക് പ്രതിരോധിച്ചേ മതിയാവൂ. തെങ്ങ് അവൾക്ക് വേണ്ടതെല്ലാം വേണ്ടപ്പോഴെല്ലാം കൊടുക്കുന്ന കല്പ്പവൃക്ഷം മാത്രമല്ല, ജീവശ്വാസം തന്നെയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, മരവും മനുഷ്യനും തമ്മിലുള്ള അത്യഗാധമായ ആദാന പ്രദാനങ്ങൾ, അതിലുമതിലും ഗാഢമായ പരസ്‌പരംതിരയൽ… ഈ കഥ മലയാളത്തിലെ പരിസ്ഥിതിക ഥകളിൽ മുന്നിൽ നിൽക്കേണ്ടതാണ്. ചിണ്ടത്തിയുടെ ചിന്തകളിലൂടെയാണ് കഥ ആവിഷ്‌കൃതമാവുന്നത്. തെങ്ങ് നിശ്ചലമാണ്, നിശ്ശബ്‌ദമാണ്. പക്ഷേ വായനയിലുടനീളം അതുമൊരു സജീവ കഥാപാത്രമായി മാറുന്നു. സൂക്ഷ്‌മവിശദാംശങ്ങളിലൂടെ അത്രയും ജീവത്തായ ഒന്നായതു മാറുകയും ചെയ്യുന്നു. ചിണ്ടത്തിയുടെ സ്വത്വത്തിന്റെ അപരരൂപം, അല്ലെങ്കിൽ അവളെ പൂർത്തീകരിക്കുന്ന, സഫലമാക്കുന്ന പാതിയായി തെങ്ങ് കഥയിൽ മിഴിവാർജിക്കുന്നു .

മാധ്യമത്തിലെ പ്രമോദ് കൂവേരിയുടെ മൗ എന്ന കഥ വടക്കൻ കേരളത്തിലെ പ്രാദേശിക ഭാഷയിലെഴുതിയ ജീവിതാഖ്യാനമാണ്. കുപ്പോൻ, കുഞ്ഞപ്പ എന്ന രണ്ടു ബാല്യകാല സുഹൃത്തുക്കൾ, അവരുടെ കടവാതിൽ വേട്ട, മദ്യപാനം, കൃഷിപ്പണി, പ്രണയം, ദാമ്പത്യം, തിരസ്‌കാരം, ഏകാന്തത തുടങ്ങിയ പല മാനുഷികാവസ്ഥകളിലൂടെ കഥ കടന്നു പോകുന്നു. മനുഷ്യന്റെ വിചിത്രമായ ചിന്തകൾ, പ്രവൃത്തികൾ, അവനകപ്പെട്ടു പോകുന്ന അതിലും വിചിത്രമായ ജീവിത പ്രതിസന്ധികൾ എല്ലാം കഥയിലുണ്ട്. മൗ എന്ന വാക്കിനർത്ഥം മഴുവെന്നാണ്. മുരടനായ കുഞ്ഞപ്പയെ കാമിച്ച ചപ്പില അയാളുടെ വഞ്ചനയറിഞ്ഞ് കുപ്പോന്റെ കുടിയിലെത്തി അവന്റെ ഭാര്യയാവുന്നു. പക്ഷേ ആദ്യത്തെ പ്രസവത്തിനു പോയ ചപ്പില തിരിച്ചയച്ചത് അവരുടെ മകനെ മാത്രമാണ്. അവൾ കുഞ്ഞപ്പയ്ക്കാപ്പം പോവുന്നു. പ്രവചനാതീതമാണ് സ്‌ത്രീയുടെ മനസും ചെയ്‌തികളും. ബന്ധങ്ങൾക്ക് ഉറപ്പും നിയമപരിരക്ഷയുമില്ലാത്ത കാലത്തെ കുറച്ചു കൂടി സ്വതന്ത്രമായ ആൺ പെൺ ബന്ധങ്ങളെക്കുറിച്ചും പെണ്ണിന്റെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഈ കഥ സംസാരിക്കുന്നു. ആരുമില്ലാതാവുന്ന കുപ്പോന് തന്റെ പണിയായുധങ്ങളാവുന്നു സുഹൃത്തുക്കൾ. ചുറ്റിവന്ന നാടുകളിലെ വിശേഷങ്ങൾ അവ കുപ്പോനോടു പറയുന്നു. കഥാവസാനത്തിന് കൃത്യമായ രാഷ്‌ട്രീയ സൂചനകളുണ്ട്. ആസന്നമായ കലാപ സാധ്യതകളെക്കുറിച്ചതു സംസാരിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account