നിഷേധിക്കപ്പെട്ട ഉടലനുഭവങ്ങളുടെ, ഉടൽ തന്നെ ബാധ്യതയാവുന്നവന്റെ, ഉടൽ കൊണ്ടു നിർണയിക്കപ്പെടുന്നവന്റെ നിസഹായതകളെ ചിത്രരചനയുടെ വർണശബളമായ ലോകത്തോടു ചേർത്തു നിർത്തി സമാന്തരമായാഖ്യാനം ചെയ്യുന്ന മനോഹരമായ കഥയാണ് യേശുദാസ് പി.എം ന്റെ ‘ചെക്കോവ്’ (സമകാലിക മലയാളം).  സ്വന്തം മുഖത്തിനു ചേരാത്ത ചെക്കോവ് എന്ന പേരും ചുമന്ന് ജീവിക്കുന്ന വിരൂപനായ നായകൻ. മുതലയെന്ന് അവനെ കളിയാക്കി വിളിച്ച കൂട്ടുകാരൻ. ഉറപ്പിച്ച കല്യാണത്തിൽ നിന്ന് ഓടി രക്ഷപെട്ട പ്രതിശ്രുതവധു. ചെക്കോവിന് സ്വന്തം രൂപം തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏകാകിയായ അയാളെ ചിത്രകാരൻ അങ്ങോട്ടു പോയി പരിചയപ്പെടുകയായിരുന്നു. നരച്ച വർണങ്ങളും കറുപ്പ് ചെമ്മൺ നിറങ്ങളും മാത്രമുപയോഗിക്കുന്ന ചിത്രകാരനോട് ചെക്കോവ് തന്റെ വിചിത്രമായ സ്വപ്‌നങ്ങളെക്കുറിച്ചു പറയുന്നു. സുന്ദരിമാർ, നഗ്നസുന്ദരിമാർ, വശ്യമായ പ്രകൃതിയുടെ ചാരുത, യഥാർത്ഥ ലോകത്തിലില്ലാത്തതെല്ലാം ആ സ്വപ്‌നലോകത്തുണ്ട്. കടുംനിറങ്ങളുള്ള, രതിയുടെ, ആസക്‌തിയുടെ ഉന്മാദലോകം. രാത്രി വൈകുവോളം പോൺ സൈറ്റുകളിലലഞ്ഞു നടന്നിട്ടാണയാൾ സ്വപ്‌നങ്ങളുടെ മായാലോകത്തേക്കു കടക്കുന്നത്. ആ സ്വപ്‌ന ദൃശ്യങ്ങൾക്ക്, പ്രസിദ്ധമായ ചില പെയിന്റിങ്ങുകളുടെ വർണ്ണക്കലർപ്പും ദൃശ്യഭംഗിയുമുണ്ടെന്ന് ചിത്രകാരനു തിരിച്ചറിയാനാവുന്നു.

വൈരൂപ്യം ഉടലനുഭവങ്ങളെ, അതിന്റെ ആനന്ദങ്ങളെ നിഷേധിക്കുമ്പോഴുണ്ടാകുന്ന സ്വത്വപരം കൂടിയായ സംഘർഷങ്ങളാണ് ചെക്കോവ് അനുഭവിക്കുന്നത്. ജീവിതത്തിന്റെ ഇരുണ്ടതും നഗ്നവുമായ ഇടങ്ങളെ കഥയായാവിഷ്‌കരിച്ച എഴുത്തുകാരന്റെ പേരാണ് അയാൾ ചുമന്നു നടക്കുന്നത്. ശരീരത്തിന്റെ വൈകൃതം ഒറ്റപ്പെടുത്തിക്കളഞ്ഞ ആ  മനുഷ്യന് സ്വാഭാവികമായ ഉടലാനന്ദങ്ങളുമില്ല. അയാളുടെ ശരീരാനുഭൂതികളെല്ലാം തോന്നലുകളാണ്, മായയോ പ്രതീതികളോ മാത്രമാണ്. മറ്റു ശരീരങ്ങളുമായുള്ള സമ്പർക്കം, സ്‌പർശനം അതിലൂടെ സ്വശരീരത്തിനുണ്ടാകുന്ന ചലനങ്ങൾ ഇതൊക്കെ അയാൾ സ്വപ്‌നത്തിലേ അനുഭവിക്കുന്നുള്ളൂ. രതി പോലും അയഥാർത്ഥമാണ്. പോൺ സൈറ്റുകളിലൂടെയുള്ള അലച്ചിൽ മാത്രമാണയാളുടെ രതി. ഒരിക്കലും പെണ്ണിനെ അറിയാത്തവൻ. ഉടലിന്റെ ഉന്മാദങ്ങളും ആനന്ദമൂർച്ഛകളുമൊക്കെ ഭാവനാത്‌മകം മാത്രം.

മനുഷ്യൻ ശരീരമല്ലെന്നും മനസാണെന്നുമുള്ള അതീത ചിന്തകളെ ഈ കഥ തള്ളിക്കളയുന്നുണ്ട്. ശരീരനിഷേധത്തിന്റെ ദർശനം അങ്ങേയറ്റം പ്രതിലോമകരമാണ്. ഉടലിനെ കവിഞ്ഞു നിൽക്കുന്ന മനസ് എന്ന ചിന്ത അമൂർത്തവുമാണ്. തന്റെ മുഖത്തിനു പെണ്ണു കിട്ടില്ലെന്ന നിരാശപ്പെടുന്ന ചെക്കോവിനെ സൗന്ദര്യമെന്നത് മനസിലാണ്, മനസിന്റെ സൗന്ദര്യമാണ് ഏറ്റവും പ്രധാനമെന്ന് ചിത്രകാരൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ‘ഹും.. മനസിന്റെ സൗന്ദര്യം’ അന്നാദ്യമായി ചെക്കോവ് ഒന്നു ചിരിച്ചു. ആ ചിരിയെ വ്യവച്ഛേദിച്ചറിയാൻ ചിത്രകാരൻ വൃഥാശ്രമം നടത്തി.

ചെക്കോവിന്റെ ആ ചിരി വളരെ അർത്ഥഗർഭമാണ്. മനസിന്റെ സൗന്ദര്യമെന്നത് ഏറ്റവും ദുർബലമായ കള്ളമാണെന്ന് അയാളനുഭവിച്ചറിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ/ബാഹ്യമായ രൂപഭംഗികളാണ് ഒരു മനുഷ്യനെ സമൂഹത്തിൽ സ്ഥിതപ്പെടുത്തുന്നത്. ഉടലാണ് ഒരു വ്യക്‌തി  എന്താണെന്നുള്ളതിന്റെ വെളിപ്പെടൽ.

മനശ്ശാസ്‌ത്രപരമായ ആഴങ്ങളുള്ള കഥയാണ് ചെക്കോവ്. അമർത്തിവെച്ച അഭിലാഷങ്ങളും സ്വന്തം ശരീരം കൊണ്ടു പൂർത്തീകരിക്കാനാവാത്ത ഇച്ഛകളുമെല്ലാം ചേർന്ന് അയാളുടെ ശരീരത്തെയും നിലനിൽപ്പിനെത്തന്നെയും സംഘർഷഭരിതമാക്കുന്നു. അന്യവല്ക്കരിക്കപ്പെടുന്ന ശരീര കാമനകളുടെ കുതറലും ശ്വാസംമുട്ടലും കഥ വായനക്കാരനെക്കൊണ്ടും അനുഭവിപ്പിക്കുന്നു. ചിത്രകാരനെക്കൊണ്ട് സ്വന്തം ചിത്രം വരപ്പിച്ച അയാൾ തന്റെ വൃത്തികെട്ട ഭാഗങ്ങളൊക്കെ ഒന്നു നന്നായി വരച്ചു തരാനാവശ്യപ്പെടുന്നു. താനെങ്ങനെയായിരുന്നു ഇരിക്കേണ്ടിയിരുന്നത് എന്ന കാഴ്‌ചയ്ക്കു വേണ്ടി. പക്ഷേ അപ്പോൾ താൻ താനല്ലാതാവും എന്ന മറുപടി അയാളെ നിരാശനാക്കുന്നു. ഈ വൈരൂപ്യങ്ങളാണ്, അതു മാത്രമാണ്,  താൻ എന്ന തിരിച്ചറിവ് ആഹ്ലാദകരമല്ല. ശരീരത്തിന്റെ / വൈരൂപ്യത്തിന്റെ അവയെക്കുറിച്ചുള്ള ചിന്തകളുടെ ദാർശനികമായ അടിത്തറയാണ് ഈ കഥയുടെ സവിശേഷത.

മാതൃഭൂമിയിൽ വിംലേഷിന്റെ വരവ് എന്ന കഥ എഴുതിയിരിക്കുന്നത് അഷ്‌ടമൂർത്തിയാണ്. നല്ല ഒഴുക്കോടെ വായിച്ചു പോകാവുന്ന കഥ. മൂന്നു സുഹൃത്തുക്കൾ അവരിലൊരാളുടെ ഒഴിഞ്ഞുകിടക്കുന്ന ബംഗ്ലാവിൽ ഒന്നിച്ചു കൂടാൻ തീരുമാനിക്കുന്നു. വീട്ടുടമസ്ഥനായ വിംലേഷ് എത്തും മുമ്പുതന്നെ മറ്റു രണ്ടു സുഹൃത്തുക്കളും സ്ഥലത്തെത്തുന്നു. ആ പഴയ വലിയ വീട്, സൂര്യനുദിക്കുകയും അസ്‌തമിക്കുകയും ചെയ്യാത്ത വൃക്ഷ നിബിഡമായ തൊടി, കടവാതിലിൻ കൂട്ടം, വീട്ടുകാവൽക്കാരൻ ദാസപ്പന്റെ ശങ്കുവെന്ന പട്ടി, രാമു പറയുന്ന ആത്‌മാവിനെക്കുറിച്ചുള്ള ഓർമ്മ, പറഞ്ഞ സമയത്തൊന്നും എത്തിച്ചേരാത്ത വിംലേഷ്… കഥയുടെ അന്തരീക്ഷ സൃഷ്‌ടി ഹൊറർ പ്രേതസിനിമകളുടേതാണ്. വായനക്കാരെ കുറച്ചൊന്നു ഭയപ്പെടുത്താനും ഉദ്വേഗമുണർത്താനും ഈ പശ്ചാത്തലത്തിനു കഴിയുന്നുമുണ്ട്. അടച്ചു സാക്ഷയിട്ട വാതിൽ വീണ്ടും വീണ്ടും തുറന്നു കിടക്കുന്നതാണ് രാമുവിനെയും ആഖ്യാതാവിനെയും ആശങ്കാകുലരാക്കുന്നത്, വിംലേഷ് ഇനിയുമെത്താത്തതും. മിത്തും ചരിത്രവും ഭാവനയുമെല്ലാം കൂടിക്കലർന്ന ഡ്രാക്കുളയെന്ന നോവലിനെക്കുറിച്ച് രാമു ഇടയ്ക്ക് പരാമർശിക്കുന്നുണ്ട്. രക്‌തദാഹിയായ ഡ്രാക്കുളയുടെ കോട്ട പോലുള്ള വിംലേഷിന്റെ വീടും, ഒച്ചയിടുന്ന കടവാതിലുകളും  നിഗൂഡതകളും എല്ലാം ചേർന്ന് ഭയത്തിന്റെ തരിപ്പ് വായനക്കാരിലേക്കു പടർത്തുന്നതിൽ അഷ്‌ടമൂർത്തി വിജയിച്ചിരിക്കുന്നു. പക്ഷേ കഥാവസാനം അവരെ നിരാശരാക്കാതിരിക്കില്ല. ഒരു ചോദ്യത്തിനും ഉത്തരം തരാതെ ഭയത്തെ സ്വാഭാവികമായുൾക്കൊള്ളാൻ ആഖ്യാതാവ് ശീലിച്ചുവെന്ന പ്രതീതിയിൽ കഥ പെട്ടന്നു തീർന്നു പോവുന്നു. ഇനിയുമെത്താത്ത വിംലേഷ് അസ്വസ്ഥതയായി അവശേഷിക്കുകയും ചെയ്യുന്നു.

മാധ്യമത്തിൽ ശ്രീകണ്ഠൻ കരിക്കകം എഴുതിയ എറിക്കട്ട വിഭ്രമാത്‌മകവും സങ്കീർണവുമായ ഒന്നാണ്. പാമ്പും കോണിയും കളിയിൽ  ഉയർച്ചതാഴ്‌ചകൾ നിശ്ചയിക്കാൻ എറിയുന്ന കട്ടയാണ് എറിക്കട്ട. പാമ്പിൻ വായിലൂടെ താഴോട്ടാണോ കോണി കയറി മുകളിലോട്ടാണോ എന്ന അനിശ്ചിതത്വം ഇൻബിൽറ്റായി എറിക്കട്ടയിലുണ്ട്. ജീവിതവും അത്രയധികം അനിശ്ചിതമാണ്, പ്രവചനാതീതവും. ഭാവി പ്രവചിക്കുന്ന വൃദ്ധ, ആ ഭാവി പ്രവചനം ഉലച്ചു കളയുന്ന ഒന്നിലധികം ജീവിതങ്ങൾ. കഥ പറയാൻ ശ്രമിക്കുന്ന ആശയവും ആവിഷ്‌കരണരീതിയും പുതുമയുള്ളതാണ്. പക്ഷേ സങ്കീർണതകൊണ്ടും പരപ്പുകൊണ്ടും ലക്ഷ്യവേധിയാവുന്നില്ല എന്നു തോന്നിപ്പോവാം. ഭ്രമാത്‌മകമായ അന്തരീഷം കഥയ്ക്കു ചുറ്റും ചേർത്തുവെയ്ക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account