പുതിയകാല ഡിജിറ്റൽ ജീവിതത്തിന്റെ സങ്കീർണതകളും സാധ്യതകളും ഭംഗിയായാവിഷ്ക്കരിക്കുന്ന കഥയാണ് സമകാലിക മലയാളത്തിൽ രാജേഷ് നായർ എഴുതിയ ഡോട്ട് ഒ ആർ ജി. നഷ്‌ടപ്പെടുന്ന തൊഴിൽ, മമ്മിയുടെ ഓപ്പറേഷൻ, ഉപേക്ഷിച്ചു പോയ പപ്പ, വാടകമുറികളിലെ ദരിദ്രമായ ജീവിതം…  ഇങ്ങനെ കഥയിലെ ന്യൂ ജനറേഷൻ പയ്യന്റെ ജീവിതപ്രതിസന്ധികൾ ചെറുതല്ല. ടെക്കികളുടെ അനിശ്ചിതമായ തൊഴിൽമേഖലയുടെ സംഘർഷം മുഴുവൻ അവനനുഭവിക്കുന്നുണ്ട്. കമ്പനിയുടെ ലാഭനഷ്‌ടക്കണക്കുകൾക്കനുസരിച്ചാണ് അവരുടെ നിലനിൽപ്പ്. ജോലി നഷ്‌ടപ്പെടുമെന്നുറപ്പാകുന്നതോടെ പുതിയൊരു സ്വയംതൊഴിലിനാവശ്യമായ മൂലധനം കണ്ടെത്താനുള്ള അവന്റെ ഉദ്യമമാണ് കഥയുടെ പ്രമേയം. സ്‌ത്രീകൾക്ക് ബ്യൂട്ടി പാർലർ ബുക്ക് ചെയ്യാനാവശ്യമായ നിർദേശങ്ങൾ നൽകാൻ ഒരു ഡിജിറ്റൽ ഓപ്ഷൻ ആണ് അവനും അവനേക്കാൾ മുതിർന്ന, വിവാഹിതയായ കാമുകി നിയയും കൂടി പ്ലാൻ ചെയ്യുന്നത്. അതിനു വേണ്ടി അപരിചിതയായ സ്‌ത്രീയുടെ ഫോട്ടോ സഹിതം ഒരു കദനകഥ മോട്ടോ ഡോട്ട് ഒ ആർ ജി യിൽ പോസ്റ്റ് ചെയ്യുന്നു. സഹായാഭ്യർത്ഥനയ്ക്ക് വളരെ വേഗം ഫലപ്രാപ്‌തിയുമുണ്ടാകുന്നു. ഇത്രയും കഥയുടെ ഒഴുക്ക് സ്വാഭാവികവും വിശ്വസനീയവുമാണ്.

സുഖകരവും സ്വച്ഛവുമായിരുന്ന ജീവിതം തകർത്ത പപ്പയുടെ ഒളിച്ചോട്ടം, നഷ്‌ടങ്ങൾ, നിരാശകൾ, മമ്മിയുടെ ചോര ചുരത്തുന്ന ശരീരം, ഉടനടി ചെയ്യേണ്ട ഓപ്പറേഷൻ ഇതെല്ലാം അനുഭവപ്രതീതിയോടെ കഥ വരച്ചിടുന്നു.  ടെൻഷൻ വരുമ്പോൾ മോട്ടിവേഷണൽ സ്‌പീച്ച് കേൾക്കുന്ന, അതും സുക്കർബർഗിന്റെ പ്രസംഗം കേൾക്കുന്ന പുതുതലമുറയുടെ പ്രതിനിധിയാണവൻ. വളരെ സൂക്ഷമതയോടെ യാഥാർത്ഥ്യങ്ങളും ഓൺലൈൻ / ഡിജിറ്റൽ ലോകത്തിന്റെ മായികതയും ഇടകലർത്തി പറഞ്ഞു പോകാൻ കഥയ്ക്കു സാധിക്കുന്നുമുണ്ട്. കഥാവസാനത്തിലെ ട്വിസ്റ്റ് പക്ഷെ ഇതിനെ  ഒരു ഗുണപാഠകഥയാക്കി മാറ്റുന്നത് സ്വാഭാവികമല്ല താനും. ശക്‌തമായിത്തുടങ്ങി ദുർബലമായവസാനിക്കുന്ന കഥയുടെ ലക്ഷ്യം, പുതിയ കാലത്തിന്റെ ധാർമ്മികമ്പോധത്തെയും മൂല്യചിന്തകളെയും ഉയർത്തിക്കാട്ടാനുള്ള ശ്രമമാണെന്നു സംശയിക്കാം, അത്തരം ധർമ്മാധർമ്മ വിവേചനങ്ങളില്ലാത്ത തലമുറയെന്ന് അവർ വിമർശിക്കപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

എസ്. ജയേഷ് സമകാലിക മലയാളത്തിൽ ഈ ലക്കത്തിൽ തന്നെ എഴുതിയ ‘മുങ്ങി മരിച്ചവരിൽ സുന്ദരനായ മനുഷ്യൻ’ എന്ന കഥ നന്മതിന്മകളെപ്പറ്റിയുള്ള സവിശേഷമായ ആഖ്യാനമാണ്. പെയിന്റിങ്ങ് പണിക്കാരനായ അപ്പൻ  പണിക്കു പോകുന്ന  കൊട്ടാരം പോലുള്ള വലിയ വീടുകളിൽ കണ്ടെത്തുന്ന നിഗൂഡമായ പാപക്കറകൾ. അപ്പന്റെ പ്രവചനസ്വഭാവമുള്ള വാക്കുകൾ. അപ്പന്റെ മരണശേഷം അതേ വീട്ടിൽ ഭയത്തോടെ ജോലിക്കു പോവുന്ന, അസുഖകരമായ കാഴ്ച്ചകൾ കണ്ടു തളരുന്ന മകൻ. മകനാണ് കഥ പറയുന്നത്. പണവും ഭൗതികാശ്വൈര്യങ്ങളും ജീവിതത്തെ മനുഷ്യത്വരഹിതമാക്കുന്നത്, ഹിംസാത്‌മകമാക്കുന്നത് ഈ കഥ കാണിച്ചു തരുന്നു. ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ശേഷിപ്പാണ്  മരിച്ചിട്ടും ദ്രവിക്കാത്ത വത്തിക്കാൻ ചാക്കോയുടെ ശരീരം. പിന്നാലെ വരുന്നവർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതുകൊണ്ട് അയാൾക്ക് സ്വന്തം കല്ലറ നഷ്‌ടപ്പെടുന്നു, ഒടുവിൽ കടലിൽ ഒഴുകി നടക്കുകയെന്ന ദുർവിധിയും. ഭ്രമാത്‌മകമായ അന്തരീക്ഷസൃഷ്‌ടിയും ആഖ്യാനത്തിലെ മിതമായ, സൗമ്യമായ താളവും കഥയെ ശ്രദ്ധേയമാക്കുന്നു.

അതുൽ പൂതാടിയുടെ പൂയ് (മാധ്യമം) ഒതുക്കവും മുറുക്കവുമുള്ള കഥയാണ്. കോള് എന്നറിയപ്പെടുന്ന പ്രാചീനമായൊരനുഷ്ഠാനത്തിന്റെ വർത്തമാനക്കാഴ്‌ച്ചകളാണ് കഥ. കഥയായി പറയാനേറെയൊന്നുമില്ലെങ്കിലും കോള് എന്ന കോഴിവെട്ട് ചടങ്ങ്, അതിലെ ഹിംസ, കോള് നടക്കുന്ന രാത്രിയുടെ  ഇതെല്ലാം ചേർന്നുണ്ടാക്കുന്ന വന്യമായൊരു പശ്ചാത്തലത്തെ എത്രയോ യഥാതഥമായി പുനസൃഷ്‌ടിക്കാൻ അതുലിനു കഴിയുന്നു. അന്തരീക്ഷ സൃഷ്‌ടിയുടെ ഈ മികവു തന്നെയാണ് കഥയെ മികച്ചതാക്കുന്നതും. വാചാലതയോ അമിതവർണനകളോ ഇല്ലാതെ തന്നെ വായനക്കാരെ ആ പരിസരങ്ങളിലേക്ക് കഥ  കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. തുടക്കക്കാരനെന്ന നിലയിൽ തികച്ചും പ്രശംസാർഹമായ രചനാ കൗശലമാണത്.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account