പുതിയ നിയമത്തിൽ പൗലോസ്  തിമോത്തിയോസിനെഴുതിയ ലേഖനത്തിൽ (2:11 മുതൽ 14 വരെ) ഇങ്ങനെ പറയുന്നു. ‘സ്‌ത്രീ  മൗനമായിരുന്ന്‌ പൂര്‍ണ്ണാനുസരണത്തോടു  കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാൻ അനുവദിക്കുന്നില്ല. ആദം ആദ്യം സൃഷ്‌ടിക്കപ്പെട്ടു, പിന്നെ ഹവ്വ. ആദം അല്ല, സ്‌ത്രീയാണ് വഞ്ചിക്കപ്പെട്ട് ലംഘനത്തിൽ അകപ്പെട്ടത്’.

ജ്ഞാനം പ്രാപിക്കാൻ ഏദം തോട്ടത്തിലെ  വിലക്കെപ്പെട്ട കനി തിന്ന ഹവ്വയുടെ പാപമാണ്  പൗലോസ്  ഇവിടെ   ഉദ്ദേശിക്കുന്നത്. സ്‌ത്രീകൾ പുരുഷന്‍മാരെ ഉപദേശിക്കുന്നതും പുരുഷന്‍മാരുടെ മേൽ അധികാരം ചെലുത്തുന്നതും ക്രിസ്‌തുമതം കർശനമായി  വിലക്കുന്നതിന് പഴയനിയമത്തിലും പുതിയ നിയമത്തിലും ധാരാളമായി ദൃഷ്‌ടാന്തങ്ങളുണ്ട്.

സ്‌ത്രീപുരുഷാകർഷണം, നന്മതിന്മകൾ, പാപബോധം ഇവയെ സംബന്ധിച്ച് ക്രിസ്‌തുമതത്തിന്റെ ഭീതികളും സന്ദേഹങ്ങളും അതിന്റെ ആന്തരിക ഘടനയിലുടനീളം പ്രതിഫലിക്കുന്നതു പോലെ തോന്നാം. ലൈംഗികതയോടുള്ള ആദിമഭയം തന്നെയാണ് സ്‌ത്രീവിദ്വേഷമായി പുറത്തു വരുന്നത്. ലൈംഗിക വാസനകളെ അടിച്ചമർത്തുന്നതും ശരീരപീഡനവും ഒരുതരം ആത്‌മബലി പോലെയാണ് ക്രിസ്‌തുമതാനുഷ്ഠാനങ്ങൾ അനുശാസിക്കുന്നത്. ദൈവവുമായി ഏറ്റവും അടുത്തു നിൽക്കേണ്ട പുരോഹിതവൃത്തത്തിൽ ഈ ബലിതർപ്പണങ്ങൾക്കു പ്രസക്‌തി കൂടുന്നു. സ്വയംപീഡനങ്ങളുടെ തീവ്രതയും അവിടെയേറെയാണ്. പുരുഷന്റെ / പുരോഹിതന്റെ പാപഭയത്തിനെല്ലാം ആധാരമാവുന്നത് ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനി തിന്നാൻ പ്രേരിപ്പിച്ച ഹവ്വയും.

സമകാലിക മലയാളത്തിൽ വി.ജെ. ജയിംസെഴുതിയ നൂലേണി എന്ന കഥ ജോവിയലെന്ന പുരോഹിതവിദ്യാർത്ഥിയുടെ പാപപരീക്ഷകളുടെ സുന്ദരമായ ആഖ്യാനമാണ്. ഏദൻതോട്ടവും  കനികളും പാമ്പും ഹവ്വയുമെല്ലാം ചേർന്നു സൃഷ്‌ടിക്കുന്ന മായികമായ അന്തരീഷം ജീവിതത്തെ മറന്നുള്ള ആത്‌മീയതയെക്കുറിച്ച്, ശരീരത്തെ തട്ടിമാറ്റുന്ന പൗരോഹിത്യത്തെക്കുറിച്ച് കൃത്യമായ ചില ചോദ്യങ്ങൾ കൊണ്ടു കൂടി വ്യത്യസ്‌തമാവുന്നു. യേശുവിന്റെ പ്രലോഭനപരീക്ഷണത്തിന്റെ മാതൃകയിൽ പകൽ മുഴുവൻ മൗനവ്രതവും ഉപവാസവുമനുഷ്ഠിച്ച് മലമുകളിൽ കഴിയുന്ന പരീക്ഷയായ സോളിറ്ററി ഡേയ്ക്കു നിയോഗിക്കപ്പെടുന്നു ബ്രദർ ജോവിയൽ. പുരോഹിതനാവാനുള്ള സാമ്പ്രദായികവഴക്കങ്ങൾ, ആത്‌മാന്വേങ്ങൾ, അതിന്റെ ഭാഗമാണ് സോളിറ്ററി ഡേ .പക്ഷേ കടുത്ത നിഷ്ഠകളോടെ, ചാപല്യങ്ങൾക്കു വഴിപ്പെടില്ലെന്ന ആത്‌മബലത്തോടെ ഏദൻ തോട്ടമെന്നറിയപ്പെടുന്ന മലമുകളിലെത്തുന്ന ജോവിയൽ യഥാർത്ഥമായും പ്രലോഭിതനാവുന്നു. അത് ലൈംഗികതയുടെയോ പാപത്തിന്റെയോ പ്രലോഭനമല്ല. മറിച്ച് ജീവിതത്തിന്റെ, മാനവികതയുടെ പ്രലോഭനങ്ങളാണ്.  സ്വയംപീഡനത്തിലൂടെ ആർജിക്കേണ്ട ഉൾക്കരുത്തും നിരാർദ്രതയുമല്ല, പകരം അലിവാർന്ന മാനുഷിക മൂല്യങ്ങളാണ് പുരോഹിതനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്നെ വിശിഷ്‌ടനാക്കുന്നതെന്ന് ജോവിയൽ തിരിച്ചറിയുന്നു. പുഴ നീന്തിക്കയറി കുപ്പിച്ചില്ലു പതിപ്പിച്ച മതിൽ ചവിട്ടിക്കയറി മോഷണത്തിനായി തോട്ടത്തിലേക്കു ചാടിയ പട്ടിണിക്കാരി പെൺകുട്ടി, അവളുടെ ആർജവമുള്ള ചിന്തകൾ – അത് മതത്തെയും അധികാരത്തെയും ചോദ്യം ചെയ്യുന്നതാണ് – ജോവിയലിന്റെ വ്രത ഭംഗം വരുത്തുക മാത്രമല്ല, അയാളെ കൂടുതൽ മികച്ച മനുഷ്യനാക്കുന്നു. മികച്ച പുരോഹിതൻ ഇത്തരം പരീക്ഷണങ്ങൾക്കു വഴിപ്പെടുന്നവനായിരിക്കില്ല. പക്ഷെ നല്ലൊരു മനുഷ്യൻ മാനവികതയുടെ പ്രലോഭനങ്ങളാൽ വശീകരിക്കപ്പെടും. നീതിമാന്റെ വിധി എക്കാലവും പട്ടിണിയും നിന്ദയുമായിരിക്കുമെന്ന് ജോവിയലിന്റെ ഭാവിയെക്കൂടി ഉദ്ദേശിച്ച് ദൂരക്കാഴ്ച്ചയോടെ എഡ്വിനോ പറയുന്നുണ്ട്. പക്ഷെ അവന്, അവനു മാത്രം സ്വർഗ്ഗത്തിലേക്കുള്ള നൂലേണി ദൃശ്യപ്പെടുന്നു. അതു മനുഷ്യനിർമ്മിതമല്ല. എല്ലാം എല്ലാർടേമാവുന്ന സമത്വസുന്ദരമായൊരു ലോകത്തിന്റെ സൃഷ്‌ടിക്കായി പ്രയത്‌നിക്കലാണ് ജോവിയലിന്റെ നിയോഗമെന്ന വെളിപാടാണ് മലമുകളിലെ ആ  ദിവസം അവനു നൽകുന്നത്. തിയോളജി ക്ലാസുകളോ സാമ്പ്രദായിക ബൈബിൾ പഠനമോ അവനു നൽകാത്ത വിലപിടിച്ച ജീവിത പാഠം.

മാധ്യമത്തിൽ കെ.എൻ പ്രശാന്തെഴുതിയ ചുടല നേർരേഖയിലുള്ള കഥ പറച്ചിലിന്റെ സങ്കേതമല്ല സ്വീകരിച്ചിട്ടുള്ളത്. പല കാലങ്ങളിലായി ചിതറിക്കിടക്കുന്ന കഥാ ശകലങ്ങൾ, പലർ പറയുന്ന അനുഭവങ്ങൾ, എങ്കിലും ഒരിടത്തും ഒന്നും അയഞ്ഞോ അഴിഞ്ഞോ പോവാതെ കഥ മുറുക്കത്തോടെയിരിക്കുന്ന രചനാവൈഭവം ഈ കഥയെ കുറച്ചൊന്നുമല്ല വ്യത്യസ്‌തമാക്കുന്നത്. 2018 ഏപ്രിലിൽ നിന്ന് 1982 ലേക്കും 84 ലേക്കുമൊക്കെ അനായാസം കഥ തിരിച്ചു നടക്കുന്നു. എവിടെയും അസ്വാഭാവികതയോ പൊരുത്തക്കേടുകളോ അനുഭവപ്പെടുന്നതുമില്ല. ചുടല എന്നു പേരുള്ള സ്ഥലത്ത്, അക്ഷരാർത്ഥത്തിൽത്തന്നെ ചുടലപ്പറമ്പായ ഇടത്ത് കാണാതാവുന്ന ലോറിഡ്രൈവർ നാഗരാജ്, പുലർച്ചെ ഉറക്കമുണർന്നപ്പോൾ പെരുവഴിയിൽ നിർത്തിയിട്ട ലോറിയിൽ  ഒറ്റയ്ക്കായിപ്പോയ നിലയിൽ സ്വയം കാണുന്ന ക്ലീനർ നൂറുൽ അമീൻ. നാഗരാജനെ കണ്ടെത്താനുള്ള നൂറുവിന്റെ അന്വേഷണങ്ങളാണ് കഥയുടെ പ്രമേയമെന്നു ചുരുക്കിപ്പറയാം. പക്ഷേ നാഗരാജിന്റെ കഥ പല സ്രോതസുകളിൽ നിന്നു കിട്ടുന്ന വിവരങ്ങളിലൂടെ പൂർത്തീകരിക്കേണ്ടതു വായനക്കാരാണുതാനും. പ്രണയവും ആസക്‌തിയും കുറ്റബോധവും പാപചിന്തയുമെല്ലാം കഥയുടെ പരിണാമഗുപ്‍തിയിലേക്കുള്ള സൂചകങ്ങളാണ്. ഇവയെ  കണിശമായും അനുപാതം തെറ്റാതെയും വിന്യസിക്കാൻ പ്രശാന്തിനു കഴിയുന്നുമുണ്ട്. ആ സൂചകങ്ങളെ പിന്തുടർന്നു പോവുക വായനക്കാർക്കും കൗതുകകരമാവുന്നു. ആ യാത്രയിൽ കാണുന്ന കാഴ്ച്ചകളും അത്രമേൽ ഊഷ്‌മളങ്ങളാണ്.

ഈയാഴ്ച്ചയിലെ ഏറ്റവും  മികച്ച രണ്ടു കഥകളാണ് വി.ജെ ജയിംസിന്റേതും പ്രശാന്തിന്റേതും.

കലാകൗമുദിയിൽ സന്യാസ് പെരുന്തയിൽ എഴുതിയ മറിയം വന്നു വിളക്കൂതി രസകരമായൊരു കുട്ടിക്കാല ആഖ്യാനമാണ്. ഇല്ലായ്‌മകൾ, ദാരിദ്യം പക്ഷേ അവയ്ക്കു മാത്രം തരാനാവുന്ന വേറെ ചില സമൃദ്ധികൾ… കഥ ഊന്നൽ കൊടുക്കുന്നത് ആ വൈരുദ്ധ്യത്തിലാണ്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പരസ്‌പരമുള്ള കൊടുക്കൽവാങ്ങലുകളുടേയും നനവിൽ  തിടം വെച്ചു വളരുന്ന തീർച്ചയായും മതേതരസ്വഭാവം കൂടിയുള്ള ആത്‌മബന്ധങ്ങൾ, കൗമാര സഹജമായ ചാപല്യങ്ങൾ. കഥയായി ചുരുക്കിപ്പറയാൻ വളരെക്കുറച്ചേയുള്ളു. പക്ഷേ പ്രസരിപ്പുള്ള കഥനശൈലികൊണ്ട് സന്യാസിന്റെ കഥ ശ്രദ്ധേയമാവുന്നു.

ഈയാഴ്ച്ചത്തെ ഏറ്റവും ഗ്ലാമർ പരിവേഷമുള്ള കഥകൾ പക്ഷേ ഇവയൊന്നുമല്ല. സമകാലിക മലയാളത്തിൽ എം. മുകുന്ദൻ എഴുതിയ കുന്നും കിറുക്കനും എന്ന കഥയും മാതൃഭൂമിയിൽ സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കട്ടക്കയം പ്രേമകഥയുമാണവ. രണ്ടും പക്ഷേ ദയനീയമായി പരാജയപ്പെട്ട കഥകൾ.

മുകുന്ദൻ വളരെ ക്ലേശിച്ചെഴുതിയ പരിസ്ഥിതികഥയാണ് കുന്നും കിറുക്കനും. നൂറു ശതമാനം നിഷ്‌കളങ്കനും പകുതി വിഡ്ഡിയുമായ സ്ഥിരം മുകുന്ദൻ മൂശയിലാണ് ഇതിലെ നായകനെയും വാർത്തെടുത്തിട്ടുള്ളത്. ഈ ലോകത്തെവിടെയും ഉണ്ടായിരിക്കാനിടയില്ലാത്തത്രയും അയഥാർത്ഥമായ ഒരു കാമറക്കച്ചവടക്കാരനെയും കഥയിൽ കാണാം. ശരീരം ആർക്കു വേണേലും കൊടുത്തോ മനസ് മുഴുവനായെനിക്കു വേണമെന്നു പറയുന്ന വിശാലമനസ്ക്കയായ ഭാര്യ, മനസു വേണ്ട, ഉടലെങ്കിലും കിട്ടുന്നുണ്ടല്ലോ എന്നാശ്വസിക്കുന്ന കാമുകി (പേര് ഹൈമവതി, അവളെ അയാൾ വിളിക്കുന്നത് ഹൈമവതഭൂമി എന്നും. പാരിസ്ഥിതികമായ ധ്വനി ഗാംഭീര്യത്തിനു വേറെന്തു വേണം!). വല്യേട്ടാ എന്നു വിളിച്ചു കുന്നിന് മുന്നിൽ ഓണസദ്യ വിളമ്പിക്കൊടുക്കൽ തുടങ്ങി അവിശ്വസനീയതയും യുക്‌തിരാഹിത്യവുമാണ് കഥയിലുടനീളം. ശക്‌തമായ പരിസ്ഥിതിരചനയെന്ന് കഥ വാഴ്ത്തപ്പെട്ടേക്കാം. ഇടിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളെക്കുറിച്ച് ധാരാളം പരാമർശങ്ങളുമുണ്ടല്ലോ.

സുസ്‌മേഷ് ചന്ത്രോത്തിന്റെ മുഖചിത്രവുമായി വൻപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കട്ടക്കയം പ്രേമകഥയിലും പ്രശാന്തിന്റെ കഥയിലെന്ന പോലെ  കുറെയധികം വർഷക്കണക്കുകളുണ്ട്.1991 ൽ തുടങ്ങി ഒരു കയ്യും കണക്കുമില്ലാതെ 1741 ലേക്കു വരെ കഥ തലങ്ങും വിലങ്ങും ഓടിനടക്കുന്നു. കഥ വായനയ്ക്കിടയിൽ ഇത് ഏതോ ജനപ്രിയ വാരികയിൽ ജോസി വാഗമറ്റമെങ്ങാനുമെഴുതിയ ആക്‌ഷൻ പ്രണയത്രില്ലറിന്റെ വികലമായ കഥാസാരമാണോ എന്ന ശങ്കയിൽ വായനക്കാർക്ക് ആഴ്ച്ചപ്പതിപ്പു മറിച്ചു കവർപേജു നോക്കാനുള്ള പ്രവണത ഒന്നിലധികം തവണയുണ്ടായിപ്പോവും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account