ഈയാഴ്ച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ രണ്ടു  കഥകളാണുള്ളത്. ഒന്നിന് മാത്രം നീണ്ടകഥയെന്ന വിശേഷണമുണ്ടെങ്കിലും നീളത്തിന്റെ കാര്യത്തിൽ ദേവദാസ് വി.എം ന്റെ കഥയും ഒട്ടും ചെറുതല്ല. ഇന്ദുമേനോന്റെ ഒക്കൽ ചാട്ട പ്രണയവും കാമവും സിനിസിസവുമെല്ലാം ചേർന്ന് മെടഞ്ഞെടുത്ത ഹിംസയുടെ ആഖ്യാനമാണ്. ലോകത്തിന്റെ വ്യത്യസ്‌തങ്ങളായ കോണുകളിലുള്ള രണ്ടു ജോഡി ഇരട്ടകളെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. അവർ തമ്മിൽ നേരിട്ടുള്ള ബന്ധങ്ങളേതുമില്ല. പക്ഷേ രണ്ടിലെയും ഒരാൾ സൗമ്യനും കരുണാമയനും, രണ്ടാമത്തവൻ ക്രൂരനും വഞ്ചകനും. രണ്ടാമത്തവന്റെ പാപഭാരങ്ങൾ മുഴുവൻ ഒന്നാമത്തവൻ ചുമക്കേണ്ടി വരുന്നു. രണ്ടാമന്റെ കൊടും പാതകങ്ങൾക്കൊക്കെ ഒന്നാമൻ ശിക്ഷയേൽക്കേണ്ടി വരുന്നു. ഒരു ഘട്ടത്തിൽ രണ്ടാമത്തവൻ ഒന്നാമത്തവനായി നടിച്ച് അവന്റെ ഇഷ്‌ടങ്ങളും പ്രണയങ്ങളും കൈവശപ്പെടുത്തുന്നു. ഹരി-രവി ദ്വന്ദ്വങ്ങളെയും സിമൺ-മാർട്ടിൻ ദ്വന്ദ്വങ്ങളെയും ബന്ധിപ്പിക്കുന്ന സമാനത ഇത്രയുമാണ്. കഥ പറച്ചിലിന്  ഇന്ദുമേനോന് അതി വാചാലമായൊരു ശൈലിയുണ്ട്, അതിനൊരു ചാരുതയുമുണ്ട്.  ആഞ്ഞു പതിയുന്ന വാക്കുകളുടെ ഒക്കൽചാട്ട ചിലപ്പോഴൊക്കെ ചോര പൊടിയ്ക്കും. പക്ഷേ അതിനപ്പുറം ഈ  കഥയെന്തിനാണ്, എങ്ങനെയാണ് എന്നൊന്നും ആലോചിക്കരുത് എന്നു മാത്രം. കൃത്യമായി കാലം രേഖപ്പെടുത്തിയിട്ടാണ്  കഥയിലെ   സംഭവങ്ങൾ ആവിഷ്‌കരിക്കുന്നത്. പക്ഷേ എന്നിട്ടും എന്ത്, എപ്പോൾ, എന്തിന്  എന്ന സന്ദേഹം വായനക്കാരെ വിട്ടു പോകുകയുമില്ല. ചെറുകഥയുടെ ലാവണ്യപരിധിയിലൊന്നും ഒതുങ്ങാത്ത വിധം ദീർഘവും ചിലപ്പോഴെങ്കിലും  അർത്ഥശൂന്യവുമാകുന്നു കഥ. മുഴുവൻ വായിച്ചു തീർക്കുകയെന്നത് ക്ലേശകരമാവുമ്പോൾത്തന്നെയാണ് ഈ കഥയുടെ ചില ഭാഗങ്ങളെങ്കിലും വായനക്കാരെ അസ്വസ്ഥരാക്കുന്നതുമെന്നത് കഥ പറച്ചിലിലുള്ള  എഴുത്തുകാരിയുടെ വൈഭവത്തെ സൂചിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ.

‘തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങുതട്ടിക്കളഞ്ഞ വിധം’ എന്ന വി.എം. ദേവദാസിന്റെ കഥ നാലാണുങ്ങളുടെ പകപോക്കലിന്റെ ദീർഘമായ, പക്ഷേ രസകരമായ കഥയാണ്. നാട്ടിൻപുറം, അതിന്റെ മതേതരത്വം, പെരുന്നാൾ, ആൺകൂട്ടം, അവരുടെ ആനന്ദങ്ങൾ, മദ്യപാനം, പ്രണയം, ഗ്രാമീണപ്രണയങ്ങൾക്കൊക്കെയുണ്ടാവുന്ന വിലങ്ങുതടികൾ… കഥ ദേവദാസിന്റെ പതിവ് ആഖ്യാനരീതികളിൽ നിന്ന് അൽപ്പമൊന്നു മാറിയാണ് സഞ്ചരിക്കുന്നത്. തലക്കെട്ടുകളിട്ടു വേർതിരിച്ച നിരവധി ഖണ്ഡങ്ങളുണ്ട് ഈ കഥയ്ക്ക്. ആണുങ്ങളുടെ വ്യവഹാരലോകങ്ങളുടെ യഥാതഥമായ പകർത്തലാവുന്നു കഥ. പിണ്ടിപ്പെരുന്നാൾ ദിവസത്തെ അപമാനത്തിനു പകരം വീട്ടാൻ ലോനയെയെന്നു തെറ്റിദ്ധരിച്ച് രാത്രി കതകിൽ ചാരിവെച്ച വാഴപ്പിണ്ടിയുടെ മേൽ കത്തി കുത്തിക്കയറ്റി, വലിച്ചൂരി വീണ്ടും കുത്തി ചോരക്കറ പുരണ്ട കത്തിയുമായി ഓടിക്കിതച്ചെത്തുന്ന യുവാക്കൾ, കത്തിയിൽ പുരണ്ടിരിക്കുന്നത് വാഴക്കറയാണെന്നു തിരിച്ചറിയുന്ന പരിചയസമ്പന്നനായ ആന്റണി, പക്ഷേ അതേ രാത്രി വാഴപ്പിണ്ടി ദേഹത്തു മറിഞ്ഞു വീണു ഭയചകിതനായി ഹൃദയം പൊട്ടി മരിച്ച ലോന… കഥ ഇത്തരം ഗ്രാമീണ ആൺകൂട്ടങ്ങളിലംഗങ്ങളായിരുന്ന അക്കാലത്ത് ഇതിലൊക്കെ  ഭയങ്കരമായി അർമാദിച്ചിരുന്ന തലമുറയിലുൾപ്പെട്ടവർക്ക് പൂർവ്വ സ്‌മൃതികളുണർത്തിയേക്കും. അവർ ന്യൂനപക്ഷമല്ല താനും. പങ്കാളികളായി ജീവിച്ചവർക്ക് മനസിലാവുന്ന അനുഭവങ്ങൾ, അനുഭൂതികൾ… അല്ലാത്തവർക്ക് നിഷ്‌കളങ്കവും കാപട്യങ്ങളില്ലാത്തതുമായ ഒരു നാടൻ പ്രതികാര കഥയായും ഇതു വായിച്ചു തീർക്കാം.

സമകാലിക മലയാളത്തിൽ പ്രകാശ് മാരാഹിയുടെ ഉന്മൂലനസിദ്ധാന്തം ശക്‌തമായ രാഷ്‌ട്രീയ ധാരകളുള്ള മികച്ച കഥയാണ്. ഒരു വിമുക്‌ത വിപ്ലവകാരിയായ മാത്യൂസ് മുറിയോടിത്തറയുടെ ഡയറിക്കുറിപ്പുകളാണ് കഥയുടെ പ്രമേയം. ആരുമറിയാത്ത അയാളുടെ തീക്ഷണമായ ജീവിതാനുഭവങ്ങൾ. കഥയിൽ സൂചിതമാവുന്ന സംഭവങ്ങൾക്കും വ്യക്‌തികൾക്കും കേരള രാഷ്‌ട്രീയത്തിലെ  രക്‌തരൂഷിതമായൊരു കാലവുമായി നേരിട്ടു തന്നെ ബന്ധമുണ്ട്. മാത്യൂസ് അല്ലാത്തവരൊക്കെ ആ സായുധ സമരകാലത്ത്  യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരുമാണ്. ആശയവും അതിന്റെ പ്രയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംഘർഷങ്ങളാണ് നക്‌സൽ പ്രസ്ഥാനത്തിന്റെ കാതലെന്നു പറയാം. ആശയം/ചിന്ത ഉദാത്ത മാവുകയും അതിന്റെ പ്രയോഗം എങ്ങനെയെന്നതിനെക്കുറിച്ചു സന്ദേഹിയാവുകയുമെന്നത് തീവ്ര ഇടതുപക്ഷ നിലപാടുകൾക്ക് സഹജമാണ്. പ്രയോഗാത്‌മകതയിലെ നീതിബോധം, മനുഷ്യത്വം എന്നിവയെ തീർത്തും അവഗണിക്കുകയും ഏതു വിധേനയും  ആശയത്തിന്റെ പ്രായോഗികവല്ക്കരണമെന്നു മാത്രം ലക്ഷ്യം വെയ്ക്കുകയുമായിരുന്നു നക്‌സലിസം. മാത്യൂസിന്റെ കുറിപ്പുകൾ ആ പ്രസ്ഥാനത്തെ, അതിന്റെ നിലപാടുകളെ ക്രിയാത്‌മകമായി വിമർശിക്കുന്നു.

അതേ ലക്കത്തിൽ ഷീബ. ഇ.കെ എഴുതിയ ജനി എന്ന കഥ അധിനിവേശങ്ങളെ സഹജമായ രീതിയിൽ പ്രതിരോധിക്കുന്ന മാര എന്ന ആദിവാസി സ്‌ത്രീയുടെ ജീവിതം പകർത്തുന്നു. ഇത്തരം പ്രമേയങ്ങൾ പരിചിതമായതുകൊണ്ടാവാം കഥ പുതുമയുള്ളതായോ മൗലികമായിപ്പോലുമോ തോന്നുന്നില്ല. പക്ഷേ ഈ സംഭവങ്ങൾക്ക് ഒരിക്കലും അറുതി വരുന്നില്ലെന്നതു കൊണ്ട് കഥയുടെ പ്രസക്‌തി വളരെയധികമാണുതാനും. ഒതുക്കത്തിൽ ഭംഗിയായി അതിഭാവുകത്വങ്ങളില്ലാതെ ഷീബ കഥ പറഞ്ഞു തീർക്കുന്നുമുണ്ട്. പ്രകൃതിയോടു സമരസപ്പെട്ടു ജീവിക്കുന്ന ആദിവാസി-ഗോത്രസമൂഹങ്ങളിലേക്ക് കടന്നു കയറി അവരുടെ വിഭവങ്ങൾ ചൂഷണം ചെയ്യുന്ന, അവരെത്തന്നെ ചവച്ചു തുപ്പുന്ന നാഗരികതയുടെ ക്രൗര്യമാണ് കഥയുടെ പശ്ചാത്തലം. ബലാൽക്കാരം ചെയ്‌തു  ഗർഭിണിയാക്കിയ മാരയെ (കേസൊഴിവാക്കാനായി മാത്രം) വിവാഹം കഴിക്കാമെന്ന അവന്റെ  തീരുമാനം മറ്റെല്ലാവരെയും സന്തോഷിപ്പിക്കുന്നുവെങ്കിലും അവൾക്ക് മാത്രം സ്വീകാര്യമാവുന്നില്ല. അവനെ ആട്ടിയിറക്കിവിട്ട് വയറ്റിലെ കുഞ്ഞിനോട് എന്റെ മാത്രം മകനാണു നീയെന്നു പറയുന്ന അവളിലെ തീയും ചൂടും അനുഭവങ്ങൾ കൊണ്ടു തീക്ഷണമായ പെൺകരുത്താണ്. പ്രതിരോധവുമാണ്.

ഇന്ദുചൂഡൻ കിഴക്കേടം ഭാഷാപോഷിണിയിലെഴുതിയ മേൽ മണ്ണും കുളപ്പാറയും മണ്ണിന്റെ, കീഴാളന്റെ പ്രതിരോധത്തെക്കുറിച്ചു പറയുന്ന മറ്റൊരു ശക്‌തമായ കഥയാണ്. എള്ളിൻപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തിരുന്ന തങ്കയ്യൻ. ഒന്നും നശിപ്പിക്കാൻ പറ്റില്ലെന്നും എന്തെങ്കിലും നട്ടുവളർത്താനേ തന്നെക്കൊണ്ടു പറ്റുകയുള്ളുവെന്നുമറിയുന്ന, മണ്ണിന്റെ ജീവനറിയുന്ന കർഷകൻ. ഭാര്യ വാണി പെട്ടന്ന് മരിച്ചുപോകുന്നതോടെ അയാളും മകനും അനാഥരാവുന്നു. വാണിയുടെ മരണത്തിൽ സംശയങ്ങളുണ്ട്. പക്ഷേ പാവപ്പെട്ടവരുടെ മരണം അത്രയൊക്കേയേയുള്ളു. പോസ്റ്റ് മാർട്ടം പോലും നടത്താതെ അവളുടെ ശരീരം സംസ്ക്കരിക്കപ്പെടുന്നു. കൃഷി സ്ഥലം വിൽക്കാൻ പോവുകയാണെന്നു പറയുന്ന ജന്മി അയാളോട് കുടിയിറങ്ങാനാവശ്യപ്പെടുകയാണ്. ജന്മിയുടെ നിർദ്ദേശപ്രകാരം പുതിയ കൃഷിസ്ഥലം തേടി കൂമൻ തുറയിലെത്തുന്ന തങ്കയ്യന്റെ മായയും വിഭ്രാന്തിയും ചേർന്ന കാഴ്ച്ചകളാണ് കഥയിലെ വഴിത്തിരിവ്. മായക്കാഴ്ച്ചകളാവുമ്പോൾത്തന്നെ അവ അത്രമേൽ യഥാതഥവുമാണ്. പച്ചയും നനവും ജീവനുമില്ലാതെ ഏകാന്തമായിത്തീരുന്ന മണ്ണിന്റെ വേവും ചൂടുമറിയാൻ തങ്കയ്യനെപ്പോലുള്ള കർഷകർക്കേ സാധിക്കൂ. പരിസ്ഥിതിയെക്കുറിച്ചൊന്നും പറയാതെ നശിച്ചുപോവുന്ന ജീവജാലങ്ങളുടെ ലീസ്റ്റിടാതെ, പ്രകൃതി ചൂഷണത്തെ കുറിച്ച് വിലപിക്കാതെ എത്രയോ തീവ്രമായാണ് ഇക്കഥ മലയാളത്തിലെ നല്ലൊരു പരിസ്ഥിതി കഥയാവുന്നത്!

മാധ്യമത്തിൽ പി.എ. ദിവാകരനെഴുതിയ ‘അയാളും’ എന്ന കഥയ്ക്കുമുള്ളത് രാഷ്‌ട്രീയ മാനങ്ങളാണ്. ചില സാങ്കൽപ്പിക ലൈംഗികാതിക്രമങ്ങൾ, അവ തന്റെ സ്വപ്‌നങ്ങളായിരുന്നെങ്കിലും ഉള്ളിലെ ദമിതമായ വാഞ്ച്ഛകളാണത്തരം സ്വപ്ങ്ങളാവുന്നതെന്നു തിരിച്ചറിയുന്ന സ്വയം കുറ്റവാളിയായി, സമൂഹത്തിനു മുന്നിൽ നഗ്നനായി വെളിപ്പെടുന്ന മനുഷ്യന്റെ നിസഹായതകളാണു ഇക്കഥ. കഥയുടെ ക്രാഫ്റ്റും കൗതുകകരമായിരിക്കുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account