ഈയാഴ്ച്ചയും മാതൃഭൂമിയിൽ രണ്ടു കഥകളുണ്ട്. ഗ്രേസിയുടെ ‘പ്രകാശന്റെ ഭാര്യ’ വാക്കുകൾ കൊണ്ടുള്ള കവിത മെനയലാണെന്നു തോന്നിപ്പോവാം.  കഥ ചെറുതും അസാധാരണമാം വിധം ഒതുക്കമുള്ളതുമാണ്. പക്ഷേ ഈ കഥയ്ക്കുള്ളിലെ കഥ തിരഞ്ഞു പോയാൽ അൽപ്പമൊന്നുമല്ല കുഴങ്ങിപ്പോവുക. ഒന്നാമത് അങ്ങനെ മൗലികവും പുതുമയുള്ളതുമായ ഒന്നുമിതിലില്ല. ഇല്ലാത്തതിനെ തിരഞ്ഞിട്ടു കാര്യവുമില്ല, എങ്കിലും മാതൃഭൂമിയിലാണല്ലോ വന്നത്, ഗ്രേസിയാണല്ലോ എഴുതിയത് എന്നൊക്കെയുള്ള ചിന്തയിൽ പെട്ടന്നു കഥയെ വിട്ടു പോവാൻ വായനക്കാർക്കു പറ്റുകയുമില്ല.  സ്‌ത്രീശരീരത്തിന്റെ അളവുതൂക്കങ്ങൾക്കനുസൃതമായി അവളെ വിലയിരുത്തുന്ന പ്രകാശനെന്ന കാമുകൻ, അയാളുടെ വിവാഹദിവസം കാഴ്ച്ച നഷ്‌ടപ്പെടുന്ന കാമുകി. അന്ധയായ അവളുടെ ദിവാസ്വപ്‌നത്തിൽ പ്രകാശനൊപ്പമുള്ള സന്തുഷ്‌ട ദാമ്പത്യം, വസന്തസേന ഇല്ലാതായതോടെ വീണ്ടുമവളെ തേടിയെത്തുന്ന പ്രകാശൻ… കഥ മിഥ്യയ്ക്കും യാഥാർത്ഥ്യത്തിനുമിടയിൽ അങ്ങുമിങ്ങും ഊയലാടുന്നു. നിഗൂഡമായൊരു വന്യഭംഗി അതിനുണ്ടു താനും. ബിംബങ്ങളും വാക്കുകളും കഥയെ വായനാക്ഷമമാക്കുന്നുമുണ്ട്. പക്ഷെ കഥയ്ക്ക്  ഇത്രയൊക്കെ മതിയോ എന്ന സംശയം പിന്നെയും ബാക്കി.

വിനുഎബ്രഹാമിന്റെ ‘പരിചയമുള്ളൊരാൾ’ പക്ഷേ എല്ലാത്തരത്തിലും ഞെട്ടിച്ചു കളയും. നല്ല കഥകൾ എഴുതാറുള്ള അദ്ദേഹത്തിനിതെന്തു പറ്റി എന്ന് സംശയിക്കുകയും ചെയ്യും. പെട്ടന്നു വേണമെന്ന നിർബന്ധത്തിനു വഴങ്ങി തട്ടിക്കൂട്ടിയെടുത്ത കഥയായിരിക്കുമോ ഇത്?  80 കളിലോ 90 കളിലോ വരേണ്ടിയിരുന്ന പഴഞ്ചൻ പൈങ്കിളിക്കഥ. സുഭദ്രാ തങ്കച്ചിയെന്ന പെൻഷനർ. നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ  അകപ്പെടുന്ന അവർ വെയിലത്തു നടന്നു തളർന്ന്  നാരങ്ങവെള്ളം കുടിക്കാൻ കേറിയ മാളിൽ ഒരു കാലത്ത് തന്റെ കാമുകനും പിന്നീട് ഭർത്താവും അഞ്ചുവർഷം കൊണ്ടു തന്നെ മുൻ ഭർത്താവും ആയ വിജയകുമാറിനെ ഒരപകട സാഹചര്യത്തിൽ നിന്നു രക്ഷപെടുത്തുന്ന അത്യന്തം ശുഷ്‌കമായ കഥയാണ് പരിചയമുള്ളൊരാൾ. കഥ നേരെ ആഖ്യാനം ചെയ്‌തിരിക്കുന്നു. പറഞ്ഞു തീർത്തിട്ട് മറ്റെന്തൊക്കെയോ തിരക്കുകളുള്ള ഭാവത്തിൽ. ഇത്തരമൊരു കഥയ്ക്ക് മദനന്റെ റിയലിസ്റ്റിക് ചിത്രങ്ങളും കൂടിയാവുമ്പോൾ ഇത്  മാതൃഭൂമിയോ ഏതെങ്കിലും ജനപ്രിയ വാരികയോ എന്ന സംശയം വായനക്കാർക്കു ബാക്കിയാവുകയും ചെയ്യും.

സമകാലിക മലയാളത്തിലെ ‘ച്യൂയിങ് ചെറീസ്’ (ഫ്രാൻസിസ് നെറോണ) വായിച്ചു തീർത്തവർക്ക് പക്ഷേ മറ്റൊരു കഥയും കൊടിയ പരീക്ഷയാവില്ല. നൊറോണയുടെ മിക്കവാറും  കഥകളിലെ തീരദേശ സംസ്‌കൃതിയും ഭാഷയും ഒന്നു മാറ്റിപ്പിടിക്കാനാവും അദ്ദേഹം ബോധപൂർവ്വം കഥയെ കൊച്ചി നഗരത്തിലേക്ക് മാറ്റിയത്. നായികയെ ന്യൂജനറേഷന്റെ  പ്രതിനിധിയുമാക്കി. ഭാഷ ഇംഗ്ലീഷിന്റെ ആധിക്യമുള്ള മലയാളം അല്ലെങ്കിൽ മംഗ്ലീഷ്. പേജുകൾ നീണ്ടുനീണ്ടു കിടക്കുന്ന കഥ ഒരു പ്രതികാരക്കൊലയിൽ നിന്നു തുടങ്ങി, അതിനെ അവിടിട്ട് ആ കൊലയ്ക്ക് ദൃക്‌സാക്ഷിയായ മെറിൻ എന്ന യുവതിയെ പിന്തുടരുന്നു. അവളുടെ മാനസിക സമ്മർദ്ദങ്ങൾ, ലെസ്ബിയൻ പ്രേമം, അപകർഷത, അരുന്ധതി എന്ന നിഗൂഡസുന്ദരി, കള്ളസ്വാമി, ന്യൂജൻ കാമുകൻ ആഷിക് അബു, പാരമ്പര്യ ചികിത്‌സാവിധികളുടെ രഹസ്യ ഗ്രന്ഥം, രതിസൂചനകൾ, വൈറ്റിലയിലെ ട്രാഫിക് ബ്ലോക്ക് തുടങ്ങി ഈ കഥയിൽ ഇല്ലാത്തതൊന്നുമില്ലേ എന്ന് വായനയുടെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ ക്ഷമകെട്ട് വായനക്കാർ ചോദിച്ചു പോവും. എല്ലാറ്റിനും പുറമേ കഥയുടെ തുടക്കത്തിലും ഒടുക്കത്തിലും രണ്ടു ഈച്ചകളെയും കൊണ്ടുവന്നു ഘടിപ്പിച്ചിട്ടുണ്ട്. ഭാഷ അങ്ങേയറ്റം അരോചകവും.

ഈയാഴ്ച്ചയിലെ മികച്ച കഥ എസ്.ഒ യേഷിന്റെ ‘സ്‌പേസ് സ്റ്റേഷനിലെ ജീവിത’മാണ് (മാധ്യമം വാരിക). കഥ പുതുമയുള്ളതൊന്നുമല്ല. സ്‌പേസിലായാലും സ്‌പേസ് സ്റ്റേഷനിലായാലും സ്‌ത്രീകളുടെ ജീവിതം മറ്റാരുടെയൊക്കെയോ ഔദാര്യങ്ങളാണ്. അവർ വെച്ചു നീട്ടുന്ന അപ്പക്കഷണങ്ങളാണ് അവളുടെ അവസരങ്ങൾ. ട്രെയിനിങ്ങിനു വേണ്ടി ഹൈദരാബാദിലേക്കു പോകാൻ തെരഞ്ഞെടുക്കപ്പെട്ട ആറംഗ സംഘത്തിലെ രണ്ടു സ്‌ത്രീകളുടെ സവിശേഷമായ മാനസിക ശാരീരികാവസ്ഥകളിലൂടെ ആൺകേന്ദ്രിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ യഥാതഥ ചിത്രം വരച്ചിരിക്കുന്നു ജയേഷ്. സുനിത വില്യംസിന്റെ എതിർധ്രുവത്തിലാണ് കഥയിലെ അനിത. രണ്ടു പേർക്കുമിടയിൽ പ്രകാശവർഷങ്ങളുടെ അകലം. പുരുഷന്മാർക്ക് ട്രെയിനിങ്ങിന് തെരെഞ്ഞെടുക്കപ്പെട്ടത് അഭിമാനവും ആഘോഷവുമാകുമ്പോൾ സ്‌ത്രീ പക്ഷത്തത് അപമാനവും പരീക്ഷണവുമാകുന്നു. ഇത്തരം യാഥാർത്ഥ്യങ്ങൾ  നന്നായി പറഞ്ഞു വെയ്ക്കാൻ കഥയ്ക്കു കഴിഞ്ഞിട്ടുണ്ട്.

ദേശാഭിമാനിയിൽ ഷിനിലാൽ എഴുതിയ ‘സമ്പർക്കക്രാന്തി’ ഒരു ദീർഘദൂര തീവണ്ടിയുടെ പശ്ചാത്തലത്തിൽ വടക്കേയിന്ത്യയുടെ ഗ്രാമീണ ജീവിതത്തിലെ വരണ്ട, ദയനീയമായ ദൃശ്യങ്ങൾ വരയ്ക്കുന്നു. തീവ്രമായ അനുഭവങ്ങൾ. ഒട്ടും അയഥാർത്ഥമോ ഭാവനാത്‌മകമോ അല്ലാത്ത കൊടിയ ദുരിതങ്ങൾ. ആത്‌മഹത്യ ചെയ്‌തവരും കഥാപാത്രങ്ങളാവുന്നു. ഇത്രയും തീക്ഷണമായ അനുഭവങ്ങളെ പകർത്തുന്നതു കൊണ്ടാവാം കഥ ഒട്ടും ആർദ്രമല്ല. പ്രമേയം പോലെ ആഖ്യാനവും വരണ്ടും ഉണങ്ങിയുമിരിക്കുന്നത് ബോധപൂർവ്വമായ രചനാ തന്ത്രമായിരിക്കണം.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account