മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് രണ്ടാഴ്ച്ചയായി പലവിധ പുതുമകളിലൂടെയാണ് വ്യത്യസ്‌തമാവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈയാഴ്ച്ചത്തെ കഥകൾ തെരഞ്ഞെടുത്തിരിക്കുന്നത് തീം ബേസ്‌ഡ് ആയാണോന്ന് സംശയം തോന്നാം. മാതൃഭൂമിയിൽ സ്ഥിരമായെഴുതുന്ന വൽസല, മാതൃഭൂമിയിൽ ആദ്യമെന്ന ആമുഖത്തോടെ സാബു ഹരിഹരൻ, രണ്ടു പേരുടെ കഥകളാണ് ഇത്തവണ. രണ്ടും വിഷയം കൊടുത്ത് ഇൻസ്റ്റന്റായി എഴുതിപ്പിച്ചതാണോയെന്നു സന്ദേഹിക്കാൻ ധാരാളം സാധ്യതകളുണ്ട്. രണ്ടു കഥകളുടെയും പശ്ചാത്തലം പരിസ്ഥിതിയാണ്. സ്വാഭാവികമായും കഥാരചനയ്ക്കുള്ള വിഷയവും അതായിരുന്നിരിക്കണം.

വൽസലയുടെ ‘കൊല്ലി’വളരെ ഋജുവായി നേരിട്ട് പരിസ്ഥിതിനാശത്തെക്കുറിച്ച് പറയുന്നതും, സ്‌കൂളുകളിലെ കോമ്പോസിഷനെഴുത്തു പോലെയുള്ളതുമായ കഥയാണ്.   പരിസ്ഥിതിക്കെതിരെയുള്ള പ്രവർത്തനങ്ങളും ചൂഷണവുമൊക്കെ പ്രമേയമായി വന്നിരുന്ന ആദ്യകാല പരിസ്ഥിതിരചനകളുടെ അതേ മൂശയിൽ വാർത്തെടുത്ത കഥയാണത്. ഭൂതകാല വിശുദ്ധി, പ്രകൃതി, വിഭവസമൃദ്ധി, തേൻ നിലാവ്, മൃഗങ്ങളുടെ മുരൾച്ച, പുതുകാലത്തെ സ്വാർത്ഥത, നശീകരണം, ജലമൂറ്റൽ, ബഹുനില കെട്ടിടനിർമ്മാണം, വയലുകളുടെ ശ്‌മശാനം… തുടങ്ങി എല്ലാമുണ്ട്.  നാടിനു വന്ന അനാരോഗ്യകരമായ മാറ്റങ്ങളിൽ  വേദനിക്കുന്ന കഥാപാത്രങ്ങളുടെ പേര് നാണുവും ലക്ഷ്‌മിയും. പോരാത്തതിന് നന്മയുടെ അവതാരമായി, പഴങ്കാല സമൃദ്ധികളയവിറക്കുന്ന മുത്തശ്ശിയും. യാതൊരു പുതുമയുമില്ലാതെ ഇതിനെയെല്ലാം കൂട്ടിച്ചേർത്തു എഴുതിവെച്ചാൽ കൊല്ലി എന്ന പേരിൽ കഥയാക്കാമെന്നുള്ള എഴുത്തുകാരിയുടെ ആത്‌മവിശ്വാസം പക്ഷേ പ്രശംസാർഹമാണ്. ഇന്നത്തെക്കാലത്തും ഇത്തരമൊരു കഥ പ്രസിദ്ധീകരിക്കാമെന്നു തീരുമാനിച്ച മാതൃഭൂമിയുടെ ധൈര്യവും എടുത്തു പറയണം.

മാതൃഭൂമിയിൽ ആദ്യം എന്ന പരിചയപ്പെടുത്തൽ കൊണ്ട് ഒരു ബാലപംക്‌തിക്കഥയെന്നോ അശിക്ഷിതരചനയെന്നോ സൂചിപ്പിക്കലാണോ ഉദ്ദേശമെന്നു മനസിലാവുന്നില്ല. എന്തു തന്നെയായാലും അതൊരു അരോചകമായ തുടക്കമായിത്തോന്നുന്നു. മാതൃഭൂമിയിൽ വരുന്നതോ വരാത്തതോ ആണ് എഴുത്തുകാരന്റെ മൂല്യനിർണയത്തിനുള്ള മാനദണ്ഡമെന്ന അദൃശ്യമായ ഒരു വ്യവസ്ഥ കൂടി അടിച്ചേൽപ്പിക്കുന്നുണ്ട് ആ ശീർഷകം.

മാതൃഭൂമിയിൽ ആദ്യമായി കഥ പ്രസിദ്ധീകരിക്കാൻ സൗഭാഗ്യം സിദ്ധിച്ച സാബു ഹരിഹരന്റെ ‘നരനായിങ്ങനെ’ എന്ന കഥയ്ക്കും വൽസലയുടെ കഥയുടെ അതേ വിഷയം തന്നെയാണ്. കാണാതാവുന്ന നരൻ എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച് കാണാതാവുന്ന സമയത്ത് അയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നടത്തുന്ന യാത്രയാണ് പ്രമേയം. കഥ പറച്ചിലിലെ പുതുമകൾ കൊണ്ട് വൽസലയുടെ കഥയെ ബഹുദൂരം പിന്നിലാക്കുന്നുവെങ്കിലും ഇതൊരു മികച്ച രചനയായനുഭവപ്പെടുകയില്ല. എനിക്കൊരു മരമാകണം, കൈകൾ വിടർത്തിപ്പിടിച്ച് മുടി വിടർത്തിയിട്ട് കാറ്റിലുലയുന്ന വൻമരമെന്നാണ് നരന്റെ ആഗ്രഹം. വ്യത്യസ്‌തമായ കാഴ്ച്ചപ്പാടുകളുള്ള മനുഷ്യൻ, അയാൾ അകന്നു പോകുന്നത് ഒരു കൊടുങ്കാട്ടിലേയ്ക്കാണ്. അയാളെത്തേടി സുഹൃത്ത് പോവുന്നതും ദ്വീപിലുള്ള അതേ കാട്ടിലേക്ക്. പ്രകൃതിവർണനകൾ കഥയിൽ സുലഭമാണ്. പറയാനുള്ളതെല്ലാം പറയാൻ വേണ്ടി പറയുന്നതും വളരെ പ്രകടവുമാണ്. ഒന്നും സ്വാഭാവികമായുറന്നു വരുന്നതല്ല .അതു തന്നെയാണ് ഈ കഥയുടെ ഏറ്റവും വലിയ പരിമിതിയും. അടിമുടി കൃത്രിമത്വം. പാരിസ്ഥിതികാവബോധത്തിന്റെ സ്‌പർശം പോലും ഒട്ടും സൂക്ഷ്‌മമായല്ലാതെ മുഴച്ചു നിൽക്കുന്നു.

സമകാലിക മലയാളത്തിൽ ഉണ്ണി ആർ എഴുതിയ ‘വെട്ടു റോഡി’ന് ചെറുകഥയുടെ സ്വഭാവമല്ല. നീണ്ടകഥയെന്നാണ് അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളതും. നെഗറ്റീവ് കാരക്റ്ററോടു കൂടിയ നായകൻ, വില്ലൻ, ഗുണ്ട, കൊട്ടേഷൻ സംഘങ്ങൾ, സ്റ്റണ്ട്, സംഘർഷങ്ങൾ, വയലൻസ്, പോലീസ്, തട്ടിക്കൊണ്ടു പോകൽ, സെക്‌സ്, സ്വർണ്ണക്കടത്ത്, അധോലോകം, പ്രതികാരം, പാട്ട്, 23 കാരി നായിക… ഇങ്ങനെ ഒരു ആക്‌ഷൻ ത്രില്ലറിനു വേണ്ട ചേരുവകളെല്ലാം കഥയിൽ കൂട്ടിക്കുഴച്ചു വെച്ചിരിക്കുന്നു. അർശസുള്ള നായകന്റെ ടോയ്‌ലെറ്റ് ദൃശ്യങ്ങൾ കൂടെക്കൂടെ വിശദമായി വരച്ചുവെച്ചിട്ടുള്ളത് വായനക്കാരെ ജുഗുപ്‌സയുടെ പാരമ്യത്തിലെത്തിക്കാനാവും. അതിലദ്ദേഹം വിജയിച്ചിട്ടുമുണ്ട്. കഥയിലെ രണ്ടു അധോലോക ഗുണ്ടകളും തമ്മിലുള്ള പ്രധാന സംഘർഷം സുന്ദരനായ ഒരു ചെറുക്കനു വേണ്ടിയാണ്. സ്വവർഗ്ഗ രതിയുടെ വിശദാംശങ്ങൾ സൂക്ഷ്‌മതയോടെ എഴുതിയിട്ടുമുണ്ട്. മലയാളകഥയിലെ നിർണായക വഴിത്തിരിവായി അതിനെ ചൂണ്ടിക്കാട്ടാം. ലൈംഗികാഭിവാഞ്ഛകളിലെ വ്യത്യസ്‌തതയും ആഘോഷിക്കേണ്ടതും സ്ഥാപിക്കപ്പെടേണ്ടതുമാണല്ലോ. മുഖ്യ കഥാപാത്രങ്ങൾ സ്വവർഗ്ഗാഭിമുഖ്യമുള്ളവരായതുകൊണ്ട് നായികക്ക് അത്തരമൊരു സ്ഥാനം കഥയിലില്ല. പക്ഷേ, നായികയില്ലാതെന്തു മലയാള സിനിമ, അല്ല കഥ. അതുകൊണ്ട് അവളും ഉണ്ട്. എന്തായാലും ഈ കഥ ഒട്ടും താമസിയാതെ ഒരു ന്യൂജൻ സിനിമയാക്കപ്പെടും എന്നുറപ്പ്. തിരക്കഥയുടെ വൺലൈനായാവണം കഥ എഴുതിയതുതന്നെ.

ഇതെല്ലാം കടന്ന് മാധ്യമത്തിൽ സിവിക് ജോൺ എഴുതിയ ‘അതിസുന്ദരം ഒരു മരണം’ കഥ വായിക്കുമ്പോൾ ശരാശരി വായനക്കാരൻ അതിനെ അതിസുന്ദരമെന്നു വിചാരിച്ച് ആശ്വസിച്ചു പോവാനിടയുണ്ട്. കഥ ലളിതമാണ്. ജാഡകളും ആർഭാടങ്ങളുമില്ലാതെ അയത്‌നമായി പറഞ്ഞു പോകുന്നു. യുക്‌തിരഹിതമാണ് കഥയ്ക്കുള്ളിലെ സംഭവങ്ങളെന്നതും അവയെ യുക്‌തിഭദ്രതയോടെ ബന്ധിപ്പിക്കാൻ എഴുത്തുകാരനു കഴിഞ്ഞില്ലെന്നതും ന്യൂനത തന്നെയാണ്. പക്ഷേ ഏതാണ്ടവസാന ഭാഗത്തിനു മുമ്പുവരെ കഥ അനായാസം ഒഴുകുന്നു. മോഷണത്തിനു കയറിയ വീട്ടിൽ കള്ളൻ നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളാണ് കഥ. ചോരന്മാരും ചോരശാസ്‌ത്രവുമൊക്കെ എന്നും കൗതുകം തീരാത്ത വിഷയവും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account