നിധീഷ് ജി. സമകാലികമലയാളത്തിലെഴുതിയ പുള്ളിമാൻ ജംഗ്ഷൻ എന്ന കഥ എത്രയെത്ര ആഴത്തിലാണ്, എത്രമാത്രം പരപ്പിലാണ് ജീവിതത്തിന്റെ നിസഹായതകളെ, ദൈന്യതകളെ, അവയ്‌ക്കെല്ലാമിടയിൽ കെടാത്ത നന്മകളെ, എല്ലാറ്റിനുമുപരി മാനവികതയെ  അടയാളപ്പെടുത്തുന്നതെന്ന് അതിശയം തോന്നാം. കഥയിൽ അനാവശ്യമായി ഒരു വാക്കോ സന്ദർഭമോ ഇല്ല. സ്ഥൂലതകളിലല്ല, സൂക്ഷ്‌മമതകളിലേക്കാണ് കഥാകൃത്ത് സമസ്‌തശേഷികളും കേന്ദ്രീകരിച്ചിട്ടുള്ളത്. മുറുകിയും കുറുകിയും അനിവാര്യമായൊരു വൈകാരികസ്‌ഫോടനത്തിന്റെ വക്കത്തേക്ക്  അനായാസമായി അക്കഥ വായനക്കാരെ ഒഴുക്കിക്കൊണ്ടു പോവുന്നു. ആ ചുഴിയിലേക്കു വീഴണോ വേണ്ടയോ എന്നത് വ്യക്‌തിപരമായ തെരഞ്ഞെടുപ്പാവാം. പക്ഷേ എന്തിനാണിനിയും ആ ചുഴിയുടെ പ്രഹരത്തിൽ നിന്നു മാറിനിൽക്കുന്നതെന്ന ചിന്തയോടെ കഥയ്ക്കു ശേഷവും തുടരുന്ന ആഘാതങ്ങളിൽ നിന്നു വിമുക്‌തിയില്ലാതെ വായനക്കാരതിലേക്ക് എടുത്തു ചാടാനുള്ള സാധ്യതയാണു കൂടുതൽ.

പത്രവാർത്തകളിൽ പലപ്പോഴും കടന്നു വരുന്ന, മലയാളികൾക്ക് അത്രയൊന്നും അപരിചിതമല്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിലാണ് പുള്ളിമാൻ ജംഗ്ഷനിലെ കഥ നടക്കുന്നത്.

ജാരശങ്കയിൽ ഭാര്യയെ കൊലപ്പെടുത്തുന്ന ഭർത്താവ്. കൊലപാതകമോ അതിനു പിന്നിലുള്ള കാരണങ്ങളോ, പ്രതിയോ ഇരയോ ഒന്നുമല്ല പക്ഷേ കഥയുടെ പ്രമേയം. അവിചാരിതമായ കൊലപാതകത്തിനു ശേഷം പെട്ടന്ന് അനാഥമാകുന്ന ചില ജീവിതങ്ങളുടെ പ്രതിസന്ധികളാണ്. കൊല ചെയ്‌ത വിഷ്‌ണുവിന്റെ വൃദ്ധയായ അമ്മയും 3 ചെറിയ മക്കളും, അവർക്ക് ഒറ്റയടിക്ക് നഷ്‌ടപ്പെടുന്നത് എല്ലാ ആശ്രയങ്ങളുമാണ്. താമസിച്ചിരുന്ന വാടകവീട് പോലീസ് സീൽ ചെയ്‌തു. പോകാനിടമില്ലാതെ നാലു പേരും പോലീസ് സ്‌റ്റേഷനിലേക്ക് ഉടുതുണി മാത്രമായി കയറിച്ചെല്ലേണ്ടി വരുന്നു.

പിന്നീട് അവരനുഭവിക്കുന്നത്, അറിയുന്നത്, കരുതലിന്റെ സ്‌നേഹത്തിന്റെ സ്‌പർശനങ്ങളാണ്. സി.ഐ സാർ അവരെ മരിയ ലോഡ്‌ജിലേക്കു പറഞ്ഞയക്കുന്നു. അവിടെ ഓരോ ജീവനക്കാരും അവരോടലിവോടെ മാത്രമാണ് പെരുമാറുന്നത്. തുച്ഛവരുമാനക്കാരനായ അന്യസംസ്ഥാനത്തൊഴിലാളി ലോകേഷ് അവർക്കാവശ്യമായ വസ്‌ത്രങ്ങളും മറ്റും വാങ്ങി നൽകുന്നു. മരിയ ലോഡ്‌ജിലെ എല്ലാവരും അവരെ കരുതലോടെ പൊതിഞ്ഞു പിടിക്കുകയാണ്. കൊലയ്ക്കു പിന്നിലെ രഹസ്യങ്ങളും സങ്കീർണതകളും രഹസ്യമായിത്തന്നെയിരിക്കുന്നു. പരസ്‌പരം  സ്‌നേഹിച്ചിരുന്ന ദമ്പതികളെന്ന് വൃദ്ധയുടെ സാക്ഷ്യപ്പെടുത്തൽ ആ കൊലയുടെ നിഗൂഡത വർദ്ധിപ്പിക്കുന്നുമുണ്ട്. തമ്പിയണ്ണൻ പറയുന്ന കഥയും പൂർണമായി വിശ്വസനീയമല്ല. പക്ഷേ ഇത്തരം  അപൂർണതകൾ, മാത്രമല്ല  അതിനെയെല്ലാം നിസാരമാക്കുന്ന മറ്റു ചില നിറവുകൾ കൂടി ചേർന്ന് പുള്ളിമാൻ ജംഗ്ഷനെ വ്യത്യസ്‌തമാക്കുന്നു. കാണാതെ പോകുന്ന പുള്ളിമാൻ എന്നു പേരുള്ള ആ പശുക്കിടാവ് കഥയിലുടനീളം തുള്ളിച്ചാടിയും കുസൃതി കാട്ടിയും നടക്കുന്ന പ്രതീതി സൃഷ്‌ടിക്കാൻ കഴിയുന്നിടത്താണ് ഈ കഥയിലെ ആഖ്യാനവൈഭവത്തിന്റെ മികവ് അതിശയിപ്പിക്കുക.

വി.ജെ. ജയിംസ് മാതൃഭൂമിയിലെഴുതിയ കോഹിനൂർ വായനാക്ഷമതയുള്ള, ചരിത്രവും മിത്തും വർത്തമാനകാലവും നർമ്മവുമൊക്കെ കൃത്യതയോടെ ചാലിച്ചെടുത്തു വരച്ച ചിത്രമാണ്, വി.ജെ. ജയിംസിന്റെ മിക്കവാറും കഥകളെന്ന പോലെത്തന്നെ. കോഹിനൂർ പക്ഷേ പൂർണമായും ഒരു ലൈറ്റ് വെയ്റ്റ് നേരമ്പോക്കു കഥയായിപ്പോയെന്നത് ഇതിന്റെ പരിമിതിയാണ്. വായനക്കാരെ രസിപ്പിക്കുകയെന്നതിനപ്പുറം ഈ  കഥയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ല. ആ രസിപ്പിക്കലാവട്ടെ ഉപരിതല സ്‌പർശിയുമാണ്. അങ്ങനെയല്ലെന്നു വായനക്കാരെ കബളിപ്പിക്കാൻ ബോധപൂർവ്വം ചില തന്ത്രങ്ങൾ, പൊടിക്കൈകൾ കഥയിലുപയോഗിച്ചിരിക്കുന്നത് കണ്ണിൽപ്പെടാതിരിക്കുന്നുമില്ല. കോഹിനൂർ രത്‌നത്തെക്കുറിച്ചുള്ള കാര്യമാത്ര പ്രസക്‌തവും വിജ്ഞാനപ്രദവുമായ വർണനകളിൽ നിന്ന് വളരെപ്പെട്ടന്ന് മദ്യപാന സദസിലെ നർമ്മ മധുരമായ കൊച്ചുവർത്തമാനങ്ങളിലേക്ക് കഥ ചുവടുമാറ്റുന്നു. സ്‌ത്രീ ശരീരം നഗ്നമാക്കുന്ന ലഹരിയോടെ വില പിടിച്ച മദ്യം നുണയുന്ന ഉയർന്ന മധ്യവർഗ്ഗ ആൺസദസ്സ്. അവിടെ സ്വാഭാവികമായും അവരുടെ സംഭാഷണം വഴുതി വഴുതി നിരോധിത മേഖലകളിലേക്കു കടക്കുന്നു. ഇന്ത്യയുടെ നഷ്‌ട സ്വത്തുക്കളിൽ ഏറ്റവും വിലപിടിച്ച കോഹിനൂർ രത്‌നം, അതിനു പിന്നിലെ ചില അന്ധവിശ്വാസങ്ങൾ ഇവയെക്കുറിച്ചുള്ള ചർച്ച കോഹിനൂർ എന്ന പേരിലുള്ള കോണ്ടത്തിലെത്തുന്നു. വല്ലാതെ ആൺമണമുള്ള ഒരു കഥയാണ് ജയിംസിന്റേത്. അവർ പങ്കുവെയ്ക്കുന്ന കോണ്ടം എക്‌സ്‌പീരിയൻസുകൾ, കോളേജ് വിദ്യാർത്ഥിയായ മകന്റെ മേശയിൽ കാണുന്ന കോണ്ടം പായ്ക്കറ്റുകൾ രംഗനാഥനിലും പ്രിയംവദയിലുമുണ്ടാക്കുന്ന സംഘർഷങ്ങൾ, ആ കോണ്ടങ്ങൾ  ബലൂണുകളാക്കി പറത്താനുളളതാണെന്ന മകന്റെ തുറന്നു പറച്ചിൽ… കഥയ്ക്ക് കഥയുടെ നൈസർഗ്ഗികഗന്ധമല്ല, കോണ്ടം പായ്ക്കറ്റ് പൊട്ടിക്കുമ്പോഴത്തെ റബ്ബർ മണമാണ്. അതു തന്നെയാണ് ഈ കഥയുടെ പരിമിതിയും.

മാധ്യമത്തിലെ മിനി പി.സി. യുടെ എന്തിന്നോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി എന്ന നീണ്ടകഥയിലെ പ്രമേയം പ്രളയം, പ്രകൃതിദുരന്തം, മനുഷ്യന്റെ ദുര, അത്യാർത്തി, ഒടുവിലത്തെ സർവ്വനാശം തുടങ്ങിയവയാണ്. പീലിച്ചായൻ എന്ന പഴന്തലമുറ വൃദ്ധന്റെയും  പ്രകൃതിയെ സ്‌നേഹിച്ചും ആദരിച്ചും വേണ്ടതു മാത്രമെടുക്കുന്ന ആ തലമുറയുടെ നൈതികതയെയും അവരുടെ വിധിയെഴുത്തുകളെയും കുറിച്ചുള്ള മറ്റൊരടരും കൂടി കഥയിലുണ്ട്. പഞ്ചഭൂതങ്ങളിൽ ലയിച്ച കോരവല്ലി പാപ്പനെന്ന മിത്ത് ആണ് പീലിച്ചായന്റെ ധാർമ്മികതയെ, പ്രകൃതിബോധത്തെ രൂപപ്പെടുത്തുന്നത്. അത് ആരോഗ്യകരമാണു താനും. പീലിച്ചായന്റെ മകൻ മത്താപ്പു, പ്രളയകാലത്തെ അയാളുടെ വെപ്രാളങ്ങൾ എല്ലാം കഥയുടെ തുടക്കത്തിൽ ഭംഗിയായി ആഖ്യാനം ചെയ്‌തിട്ടുണ്ട്.  പീലിച്ചായന്റെ നിർമമത്വം, അനിവാര്യമായ ദുരന്തത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്നിവ കൊണ്ടാണ് മത്താപ്പുവിന്റെയും സാറാക്കുട്ടിയുടെയും ആസക്‌തികളെ, ഭയത്തെ തീക്ഷ്‌ണമാക്കുന്നതും. പക്ഷേ മുന്നോട്ടു പോകുംതോറും സംഭവങ്ങളുടെ, ചിന്തകളുടെ ആധിക്യം, ആഖ്യാനത്തിലെ അശ്രദ്ധ, തിടുക്കം എല്ലാം ചേർന്ന് ഈ കഥയുടെ തീവ്രത, മുറുക്കം പൂർണമായി ഇല്ലാതാക്കുന്നു. ഫലമോ, ബോധപൂർവ്വമെഴുതിയ ഒരു പരിസ്ഥിതി ബോധവൽക്കരണ രചനയായി കഥ അധ:പതിക്കുകയും ചെയ്‌തിരിക്കുന്നു.

കഥ മാസികയിൽ ഗ്രേസി എഴുതിയ മൃൺമയി പ്രത്യക്ഷത്തിൽ പുതുമകളോന്നുമില്ലാത്തൊരു കഥയാണ്. വൃദ്ധനായ ഭർത്താവ്, അസംതൃപ്‌ത ഭാര്യ, തെങ്ങുകയറാൻ വരുന്ന യുവാവിന്റെ കറുത്തുറച്ച അർദ്ധനഗ്നശരീരം, പോൺ കഥകൾക്കും സിനിമകൾക്കു മൊക്കെ വേണ്ട  പതിവു ചേരുവകളെല്ലാമായി. ആകെയൊരു വ്യത്യാസം തെങ്ങുകയറ്റക്കാരനെക്കണ്ട് തരിച്ചുണർന്ന ശരീരം മൃണ്മയി സ്വയം ശമിപ്പിക്കുന്നിടത്തു മാത്രമാണ്. എന്തിന് ഗ്രേസി ഇത്തരമൊരു കഥ എന്ന് പ്രത്യേകിച്ചുത്തരമൊന്നും കിട്ടില്ലെങ്കിലും  വായനക്കാർ ചോദിച്ചു പോവും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account