കൃത്യമായ രാഷ്‌ട്രീയധാരകളുള്ള രണ്ടു കഥകളാണ് മാതൃഭൂമിയിലെ ഒക്‌ടോബർ വിപ്ലവവും (ടി.പി. വേണുഗോപാലൻ) മാധ്യമത്തിലെ വാസ്‌കോ പോപ്പയും (വിനോദ് കൃഷ്‌ണ). രണ്ടു കഥകളുടെയും ശീർഷകങ്ങളിൽ നിന്നു തുടങ്ങുന്നു കഥയുടെ രാഷ്‌ട്രീയ സൂചനകൾ. 1917 ലെ റഷ്യൻവിപ്ലവത്തിന്റെ സ്‌മൃതികളാണ് വേണുഗോപാലന്റെ കഥയുണർത്തുക. വാസ്‌കോ പോപ്പ ഫാസിസത്തിന്റെ നിതാന്തപ്രതീകമായ കോൺസൺട്രേഷൻ ക്യാമ്പിനെ അതിജീവിച്ച സെർബിയൻ കവിയുടെ ഓർമ്മകളും.

ഒക്‌ടോബർ വിപ്ലവം രാഷ്‌ട്രീയത്തിന്റെ മൂല്യച്യുതികളെക്കുറിച്ച്, വ്യതിചലനങ്ങളെക്കുറിച്ച്, സാധാരണക്കാരായ രാഷ്‌ട്രീയ പ്രവർത്തകരുടെ സ്വത്വപരം കൂടിയായ പ്രതിസന്ധികളെക്കുറിച്ചാണ് സംസാരിക്കുന്നത്. കഥയിലെ പേരുകളും സൂചകങ്ങളുമൊക്കെ  റഷ്യയുമായി, കമ്മ്യൂണിസവുമായി ബന്ധപ്പെട്ടവയാണ്. അന്ധമായ രാഷ്‌ട്രീയ വിശ്വാസത്തിന്റെ ഇരകളാവുന്ന, കണ്ടതിനപ്പുറം മറ്റൊന്നും കാണാത്ത, യുക്‌തിസഹമായി ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കമ്മ്യൂണിസ്റ്റ് ആരാധകരാണ് ഗഗാറിന്റെ അച്ഛനും മോസ്‌കോവൈദ്യരുമൊക്കെ. ഗഗാറിൻ എന്ന പേരു പോലും ആ ആരാധനയുടെ പ്രതിസ്ഫുരണമാണ്. 1988 ഒക്‌ടോബർ 20 നാണ് മോസ്‌കോ വൈദ്യർ ആത്‌മഹത്യ ചെയ്യുന്നത്. റഷ്യൻ വിപ്ലവത്തിന്റെ, ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്തതിന്റെ അതേ ഓർമ്മദിവസം. അഷ്ടാംഗഹൃദയവും മയക്കോവ്‌സ്‌കി കവിതകളും ഒന്നിച്ചു ചേർത്തു പിടിച്ചിരുന്ന വൈദ്യരുടെ മരണത്തോടെ  മറ്റൊരു നിശ്ശബ്‌ദ ഒക്‌ടോബർ വിപ്ലവവും അവിടെ നടക്കുന്നു. കുന്നത്തെരുവിലെ മോസ്‌കോ വൈദ്യന്റെ കടമുറി, പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട, സ്വതന്ത്ര ചിന്താഗതിക്കാരായ, ലോകം മാറ്റിമറിക്കാൻ, വിപ്ലവമുണ്ടാവാൻ പുതിയ ആദർശ സംഹിതകൾ വേണമെന്നു കരുതുന്ന റിബൽ ചിന്തകർ തങ്ങളുടെ ആസ്ഥാനമാക്കി മാറ്റുന്നു. വേണുഗോപാലന്റെ കഥ, ഏകതാനമായ ചിന്തകളെ, യാന്ത്രികമായ രാഷ്‌ട്രീയാസ്‌തിത്വത്തെ, പ്രതിരോധാത്‌മകമായിത്തന്നെ നിരസിക്കുന്നുണ്ട്. മിക്കവാറും രാഷ്‌ട്രീയ വിമർശനത്തിനായി കഥയിലുപയോഗിച്ചിരിക്കുന്ന സറ്റയറിന്റെ സാധ്യതകളും ശ്രദ്ധേയമാണ്. പ്രയോഗത്തിൽ നിന്നുണ്ടാകുന്ന ചിന്ത, പ്രവൃത്തികളിലൂടെ രൂപപ്പെടുന്ന സിദ്ധാന്തം എന്ന മാർക്‌സിയൻ നിലപാട് അട്ടിമറിക്കപ്പെടുന്നതിലെ, നിർണായകവും കാലികവുമായ വൈരുദ്ധ്യത്തെ കഥയുടെ പ്രമേയതലം അഭിസംബോധന ചെയ്യുന്നുമുണ്ട്. എങ്കിലും മയകോവ്‌സ്‌കി വിത വായിച്ച് ആ കടലാസു ചുരുട്ടിയെറിയുന്ന ഗഗാറിൻ ചിരപ്രതീക്ഷിതമായൊരാശയത്തിന്റെ യാന്ത്രികപ്രതിരൂപം മാത്രമായിപ്പോകുന്നു. ശക്‌തമായൊരു രാഷ്‌ട്രീയകഥയാവുന്നതിൽ നിന്ന് അല്ലെങ്കിൽ, രാഷ്‌ട്രീയോപഹാസകഥയാവുന്നതിൽ നിന്ന് ഒക്‌ടോബർ വിപ്ലവത്തെ പരിമിതപ്പെടുത്തുന്നതും അതു തന്നെ.

മാധ്യമത്തിൽ വിനോദ് കൃഷ്‌ണയെഴുതിയ ദീർഘമായ വാസ്‌കോ പോപ്പ സൂക്ഷ്‌മമായ രാഷ്‌ട്രീയാഭിരുചിയും ആസ്വാദനശീലങ്ങളുമുള്ള വായനക്കാരെ സംബന്ധിച്ച് അങ്ങേയറ്റം പ്രിയങ്കരമായ രചനയായിരിക്കും. കഥയുടെ ചാരുത നഷ്‌ടപ്പെടാതെ തന്നെ രാഷ്‌ട്രീയമായ അടരുകൾ കൊണ്ടതിനെ  ബലപ്പെടുത്തുന്ന ക്രാഫ്റ്റ് അവരെ അതിശയിപ്പിക്കുകയും ചെയ്യും.  വായനയ്ക്ക് പിന്നിൽ ബലമായ രാഷ്‌ട്രീയപ്രേരണകളില്ലാത്ത സാധാരണ വായനക്കാർക്കാവട്ടെ ഈ കഥ അതിന്റെ ദൈർഘ്യം കൊണ്ടു തന്നെ വിരസമാവാനുമിടയുണ്ട്. എങ്ങനെ വായിക്കുന്നു എന്നതാണ് കഥയുടെ ശേഷികളെ, ദൗർബല്യങ്ങളെ അടയാളപ്പെടുത്തുന്നതെന്നു ചുരുക്കം.

അടിയന്തിരാവസ്ഥയുടെ പശ്ചാത്തലമാണ് കഥയെ ആസകലം പൊതിഞ്ഞിരിക്കുന്നത്.  സമൂഹത്തിൽ, മനുഷ്യമനസിൽ ആധിപത്യം സ്ഥാപിക്കുന്ന പ്രതിനിധാനങ്ങൾ, ആശയങ്ങൾ, വ്യവസ്ഥകൾ,  സ്ഥാപനങ്ങൾ ഇവയൊക്കെയും ചേർന്ന ഭരണകൂട പ്രത്യയശാസ്‍ത്രത്തിന്റെ ഫാസിസ്റ്റ് പ്രവണതകൾ കഥയിൽ വിമർശന വിധേയമാവുന്നുണ്ട്. ഇടിവണ്ടിയിൽ എങ്ങോട്ടെന്നറിയാതെ യാത്ര ചെയ്യേണ്ടി വരുന്ന ജയകൃഷ്ണന്റെ ഭീതി ചിരന്തനമാണ്. ആ ഭയം ഒറ്റപ്പെട്ടതല്ല താനും. ഒരു ജനതയെത്തന്നെ നിശ്ശബ്‌ദരാക്കാൻ ഭരണകൂടത്തിനുള്ള ആയുധമാണത്. തീവ്രമായതാവിഷ്‌കരിക്കാൻ വിനോദ് കൃഷ്‌ണക്കു കഴിഞ്ഞിട്ടുമുണ്ട്. പക്ഷേ കഥയുടെ സ്വീകാര്യത ആപേക്ഷികമായിരിക്കുമെന്നു മാത്രം.

ഭാഷാപോഷിണിയിൽ വി.എച്ച്. നിഷാദ് എഴുതിയ മുനീർക്കയിലെ ഒറ്റമുറി വീടുകൾ ലളിതമായൊരു ജീവിതാഖ്യാനമാണ്. ഒട്ടും പ്രകടമല്ലാത്തൊരു രാഷ്‌ട്രീയവും കഥയ്ക്കുണ്ട്. മെട്രോനഗരങ്ങളിലെ താഴ്ന്ന ഇടത്തട്ടുകാരുടെ പാർപ്പിട പ്രതിസന്ധികളാണു കഥയുടെ ഉള്ളടക്കം. ഒറ്റമുറിവീട്ടിൽ വിവാഹം കഴിച്ചെത്തുന്ന രാധയ്ക്കും കുന്ദനും സ്വകാര്യമായൊരു രാത്രി പോലും ഉണ്ടാവുന്നില്ല. ആ ദമ്പതിമാരുടെ മാത്രം പ്രശ്‌നമായിരിക്കില്ല അത്. അവർ പ്രതിനിധാനങ്ങൾ മാത്രമാണ്. ദാരിദ്ര്യത്തിന്റെ, കുറഞ്ഞ ദിവസക്കൂലിയുടെ, ഒരുപാടുപേർ ഒന്നിച്ചുറങ്ങുന്ന കൊച്ചുവീടുകളിലെ ഞെരുക്കങ്ങളുടെ ആഘാതങ്ങളനുഭവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരുടെ പ്രതിരൂപങ്ങളാണു കുന്ദനും രാധയും. ഉള്ളുപൊള്ളുംമട്ടിൽ നിശ്വാസങ്ങൾ വിട്ടും സങ്കടം വാരിച്ചുറ്റിയ സ്വപ്‌നങ്ങൾ അമർത്തി വെച്ചും തീർന്നു പോവുന്ന  ദില്ലിയിലെ അനേകം വധൂവരന്മാരെപ്പോലെ അവരും അവധിദിവസങ്ങളിൽ ടൗൺ ബസിൽ കറങ്ങിയും തെരുവിലലഞ്ഞും അടുത്തിരിക്കാനുള്ള മോഹത്തെ ശമിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമായ പ്രതിവിധികളല്ല. ഇന്ത്യാഗേറ്റിൽ അനേകം കമിതാക്കൾക്കിടയിൽ മടിയില്ലാതെ രാധയെ ചുംബിക്കാമെന്നു അറിയുന്നെങ്കിലും തിരിച്ചെത്തേണ്ട ഒറ്റമുറി വീടിനെക്കുറിച്ചുള്ള ഓർമ്മ കുന്ദനെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നു. അമർത്തിവെച്ച ആഗ്രഹങ്ങളുടെ, ആസക്‌തികളുടെ നെരിപ്പോടായിത്തീരുന്നു കുന്ദനും രാധയും. മഹാനഗരങ്ങളിലെ പാർപ്പിട പ്രശ്‌നങ്ങളെ തീക്ഷ്‌ണമായനുഭവപ്പെടുത്തുന്നതു തന്നെയാണ് ഈ കഥയുടെ പൊളിറ്റിക്‌സ്. പക്ഷേ ആദ്യത്തെ രണ്ടു കഥകളെയും പോലെ ഇതൊരു രാഷ്‌ട്രീയകഥയല്ല താനും. അതു തന്നെയാവാം ഈ കഥ സാധാരണ വായനക്കാരെ സംബന്ധിച്ച് കൂടുതൽ  ആകർഷണീയമാവാനുള്ള കാരണം .

സമകാലിക മലയാളത്തിൽ എം.ജി. ബാബു എഴുതിയ ചുംബനവണ്ടി രസകരമാണ്. ട്രെയിനിൽ യാത്ര ചെയ്യുന്ന ഹരികൃഷ്‌ണൻ, എതിർവശത്തിരിക്കുന്ന രണ്ടു പുരുഷവേശ്യകൾ, പ്രൊഫഷണുമായി ബന്ധപ്പെട്ട അവരുടെ സംഭാഷണങ്ങൾ, സഹയാത്രികയായ സെക്‌സി യുവതി, കഥയെ ചടുലമാക്കാൻ ഇവയൊക്കെ ധാരാളം. ചുംബന സമരത്തിൽ പങ്കെടുക്കാനാണ് മിഡിൽ ക്ലാസ് ആൺ കാപട്യങ്ങളെല്ലാമുള്ള ഹരികൃഷ്‌ണന്റെ യാത്ര. ഉറക്കം, സ്വപ്‌നം, സ്വപ്‌നത്തിനിടയിൽ വരുന്ന നിമിഷ, തുരങ്കത്തിനുള്ളിലെ ചുംബനം… കഥ ഭ്രമാത്‌മകവും സരസവുമായി മുന്നോട്ടു പോവുന്നു .ട്രെയിൻ യാത്രയുടെ, അതിന്റെ തീരാത്ത കൗതുകങ്ങളുടെ പരിസരത്തിലെഴുതിയതു മാത്രമല്ല ഈ കഥയുടെ പുതുമ. പുതിയകാല യൗവ്വനത്തിന്റെ സംഘർഷങ്ങൾ, ലൈംഗികാഭിരുചികൾ, അതിലെ വൈചിത്ര്യങ്ങൾ, സദാചാര പോലീസിങ്, സ്വതന്ത്രമായ പ്രണയ പ്രകടനങ്ങൾക്ക് അവസരമോ അവകാശമോ നിഷേധിക്കപ്പെടുന്നതിലെ അസംതൃപ്‌തി തുടങ്ങി പ്രസക്‌തമായ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നുവെന്നതാണ്, അതും അവയെക്കുറിച്ചാണ് പറയുന്നതെന്ന തോന്നൽ ഉളവാക്കാത്ത വിധം വ്യംഗ്യ മധുരമായി.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account