2018ലെ മികച്ച കഥകൾ/ശ്രദ്ധേയമായ കഥകൾ ഏതൊക്കെയെന്ന ആലോചന പോലും വ്യക്‌തിപരമായ വായനാഭിഭിരുചികളാണവയെ നിർണയിക്കുകയെന്നതുകൊണ്ടുതന്നെ ഒട്ടും വസ്‌തുനിഷ്ഠമാകണമെന്നില്ല. ഒരു വിലയിരുത്തലിനെ തടസപ്പെടുത്തുന്ന  മറ്റൊരു ഘടകം  ഈ വർഷത്തെ  കഥകളുടെ ആധിക്യമാണ്.  ജീവിതാവിഷ്‌കാരത്തിനുള്ള ഏറ്റവും സഫലമായ മാധ്യമങ്ങളിലൊന്നായി കഥ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി കഥാചർച്ചകൾ നടക്കുന്നു, ധാരാളം പുതിയ എഴുത്തുകാർ, പഴയവരുടെ പുതിയ എഴുത്തുകൾ, ഓണപ്പതിപ്പുകളിലും മറ്റും കഥയ്ക്ക് കിട്ടുന്ന പരമപ്രധാന്യം മുഖ്യധാരാമാധ്യമങ്ങൾ ഒരേ ലക്കത്തിൽ ഒന്നിലധികം കഥകൾ പ്രസിദ്ധീകരിക്കുക തുടങ്ങി കഥയെ സംബന്ധിച്ച് വളരെ ഊർജസ്വലമായ  വർഷമായിരുന്നു 2018.

കഥയെഴുത്തിലെ സൂപ്പർതാരപദവി ഈ വർഷവും വിനോയ് തോമസിനു തന്നെയായിരിക്കണം. ഫ്രാൻസിസ് നൊറോണ, ലാസർ ഷൈൻ, എസ്. ഹരീഷ്, യമ… തുടങ്ങി മുൻവർഷത്തെ മറ്റു പ്രമുഖ താരങ്ങൾ പ്രായേണ നിഷ്‌പ്രഭരായിരുന്നു. എം.മുകുന്ദൻ, പത്‌മനാഭൻ തുടങ്ങിയ മുൻതലമുറയിലെ പ്രമുഖരുടെ കഥകളുണ്ടായിരുന്നെങ്കിലും കഥയുടെ മികവു കൊണ്ടല്ല, സ്‌തുതി പാഠകരുടെ ബാഹുല്യം കൊണ്ടാണവ ശ്രദ്ധിക്കപ്പെട്ടത്. ചുരുക്കത്തിൽ താരനിർമ്മിതികൾ നടന്നില്ല, നല്ല കഥകളെഴുതിയവർ ശ്രദ്ധിക്കപ്പെട്ടു. കഥയെ സംബന്ധിച്ച് ഏറ്റവും ആരോഗ്യകരമായിരുന്നു ഇത്.

വിനോയ് തോമസിന്റെ ശക്തമായ രാഷ്‌ട്രീയകഥയായിരുന്നു ആനന്ദ ബ്രാന്റൻ. തന്റെ തന്നെ പതിവു രചനാശീലങ്ങളെ ബോധപൂർവ്വം  അട്ടിമറിക്കുന്ന രചനാശൈലിയായിരുന്നു ഈ കഥയ്ക്ക്. കൈത്തറി, ഗാന്ധിജി, സത്യാഗ്രഹം, സദാചാരനിഷ്ഠ, ധർമ്മബോധം, ചക്ക ഇവയോടെല്ലാം തീവ്രമായ മമത പുലർത്തുന്ന, ഇവകൊണ്ടെല്ലാം അളവറ്റ ആനന്ദമനുഭവിക്കുന്ന നാരായണന്റെ നിലപാടുകൾക്ക് എതിർധ്രുവത്തിലാണ് ബ്രാന്റുകൾ നിർണയിക്കുന്ന ജീവിതനിലവാരവും ലാവിഷായ ജീവിത ശൈലിയും കൊതിക്കുന്ന നിജേഷ്. രാത്രി ബന്ധം പുലർത്തുന്ന അനിഷയെ തനിക്കു വിവാഹം കഴിക്കാനാവാത്തതിനു കാരണം അവൾ ഒട്ടും ബ്രാന്റഡല്ലാത്തതാണ്. അടിമുടി, നഖത്തുമ്പുവരെ ബ്രാന്റിസം പുലർത്തുന്ന നിജേഷിനെ ആൻമരിയ കണ്ടെത്തി വിവാഹം കഴിക്കുന്നു, സ്വിറ്റ്സർലണ്ടിലേക്കുള്ള കുടിയേറ്റം, സ്വവർഗപ്രണയങ്ങൾ, അവിടെ കേരളം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന മലയാളികളോടുള്ള പുച്ഛം, ഫാദർ സഖറിയാസുമായുള്ള സംഭാഷണത്തിനിടയിലുണ്ടായ വെളിപാട്… നിജേഷിന്റെ ജീവിതം സംഭവബഹുലമായിത്തുടരുകയാണ്. സാമാന്യവല്ക്കരിക്കപ്പെട്ട പൊതു സംസ്‌കാരത്തിൽ നിന്ന്, അതെപ്പോഴും അധീശ വർഗ്ഗത്തിന്റെ, കോർപ്പറേറ്റ് മൂലധനശക്‌തികളുടേതാണ്, വിമോചിതനാവാനുള്ള സ്വാഭാവികമായ പ്രതിരോധങ്ങളാണ് ഈ കഥയ്ക്ക് ശക്‌തമായ രാഷ്‌ട്രീയ സ്വഭാവം നൽകുന്നത്.

ഈ വർഷത്തെ 3 മികച്ച കഥകൾ അയ്‌മനം ജോണിന്റെ പേരിലുണ്ട്. അക്കൂട്ടത്തിൽ ‘മിയാമിയൻ ഗോത്ര ചരിത്രത്തിൽ നിന്നും ഒരേട്’ പലവട്ടം ചെത്തിമിനുക്കിയെടുത്താലെന്ന പോലെ  ഒതുക്കവും ഭദ്രതയുള്ള രാഷ്‌ട്രീയകഥയാണ്. മുത്തശ്ശിക്കഥകളെ അനുസ്‌മരിക്കും വിധമുള്ള ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ സമകാല ലോകാവസ്ഥകൾക്കു പോലും ബാധകമായ ചില രാഷ്‌ട്രീയപരമായ ശരികേടുകളെയാണ് കഥ അഭിസംബോധന ചെയ്യുന്നത്. ഇപ്പോഴത്തെ  ഇന്ത്യൻ രാഷ്‌ട്രീയാവസ്ഥകളോടാവട്ടെ ഈ കഥ കൂടുതൽ തീവ്രമായി സംവദിക്കുന്നുമുണ്ട്. ചിന്തയിലും പ്രവൃത്തിയിലും രാഷ്‌ട്രീയത്തിലും കടന്നു വരുന്ന, പിടി മുറുക്കുന്ന സ്വേച്ഛാധിപത്യത്തിന്റെ സർഗ്ഗ വിമർശനമാണ് ലളിതമായിപ്പറഞ്ഞാൽ ഈ കഥയുടെ സവിശേഷത.

സമകാലികമലയാള കഥയിലെ ഏറ്റവും മികച്ച എഴുത്തുകാരനെന്ന വിശേഷണം തീർത്തും ഇണങ്ങുന്ന എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാർ. അദ്ദേഹത്തിന്റെ നാരകങ്ങളുടെ ഉപമ ഉപമകൾക്കു വഴങ്ങാത്ത അനന്യമായ കലാശിൽപ്പമാണുതാനും. ഒരു യാത്രയ്ക്കിടയിൽ ആകസ്‌മികമായി പരിചയപ്പെട്ട തമാനെയെന്ന കുഴിവെട്ടിപ്പണിക്കാരൻ – മണ്ണു കുഴിച്ച് പഴയകാലാവശിഷ്‌ടങ്ങൾ കണ്ടെത്തി, അവയുടെ പഠനത്തിലൂടെ ഭൂതകാലം പുനസൃഷ്‌ടിക്കുന്നവരുടെ കൂട്ടത്തിലുൾപ്പെട്ടയാൾ – തന്റെ തൊഴിലിനെക്കുറിച്ചും താൻ കാണുന്ന ലോകത്തെക്കുറിച്ചും പങ്കുവെക്കുന്ന നിരീക്ഷണങ്ങളാണ് ഈ കഥയിലെ കഥയെന്നു സാമാന്യമായി പറയാം. തമാനെയുടെ കാഴ്‌ചകൾ പക്ഷേ സാധാരണമല്ലാത്ത ഒരു തൊഴിൽ ചെയ്യുന്നയാളുടെ അനുഭവങ്ങൾ മാത്രമല്ല, അത് ജീവിതത്തെയും അതിന്റെ ബഹുതലസ്‌പർശിയായ പടർച്ചകളെയും കുറിച്ചുള്ള ദർശനങ്ങൾ കൊണ്ടാണു സമ്പന്നമായിരിക്കുന്നത്.

പി.കെ. സുധിയുടെ ‘അഷ്‌ടമുടിയിലെ വായനക്കാർ’ എന്ന കഥ സരളമായി, സരസമായി വായനക്കാരിലേക്കൊഴുകുകയാണെന്നു തോന്നിപ്പോവും. പത്തു മുപ്പതു വർഷം മുമ്പ് നടന്ന പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. റിയലിസ്റ്റിക് വിവരണങ്ങളുപയോഗിച്ച് കൊണ്ട് അതും സൂക്ഷ്‌മമായ യഥാതഥ വർണനകൾ കൊണ്ടുതന്നെ സ്വപ്‌നസമാനമായൊരു ഭ്രമാത്മകലോകം സുധി മെനഞ്ഞെടുത്തിരിക്കുന്നതെത്രയോ കൗതുകകരമായിരിക്കുന്നു. വായനയിൽ തൽപ്പരരായ, വായിക്കാൻ വേണ്ടി മാത്രം നിത്യവും ട്രെയിൻ യാത്ര നടത്തുന്ന പുരുഷനും സ്‌ത്രീയും. പരസ്‌പരം കൂട്ടിമുട്ടാതെ രണ്ടു ദിക്കിലേക്കുള്ള അനേകം യാത്രകൾക്കു ശേഷം ആകസ്‌മികമായി ഇരുവരും ഒന്നിച്ചൊരേ കമ്പാർട്ടുമെന്റിൽ അഭിമുഖമെത്തുന്നു. വായന അവരെ സുഹൃത്തുക്കളാക്കുന്നു. അതേയാത്രയിൽ ടൊർണാഡോ അവരെ അഷ്‌ടമുടിക്കായലിന്റെ ആഴങ്ങളിലേക്കെറിയുന്നു. അവിടെയും അവർ വായന തുടരുന്നു, പുസ്‌തകങ്ങൾ കൈമാറി മുഴുവനും വായിച്ചു തീർന്ന നിമിഷം മറ്റൊരു ടൊർണാഡോ അവരുടെ കമ്പാർട്ടുമെന്റിനെ പൊക്കിയെടുത്ത് അപ്പോൾ പാലത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന ഐലണ്ട് എക്‌സ്‌പ്രസിന്റെ അവസാന ബോഗിയിൽ ഒട്ടിച്ചു ചേർക്കുന്നു. ‘പുതിയ പുസ്‌തകങ്ങൾ ഇറങ്ങിയോ, ആൾക്കാർ എന്തൊക്കെ വായിക്കുന്നു’ എന്നെല്ലാമറിയാൻ മറ്റു കമ്പാർട്ടുമെന്റുകളിലൂടെ നടന്ന അവർ കാണുന്നത് ‘വണ്ടിയിലെ ഒരാളും പുസ്‌തകം വായിക്കുന്നില്ല, എല്ലാപേരുടെ കൈയ്യിലും മൊബൈലും ടാബും ലാപ്പും മാത്രം’.

30 വർഷങ്ങൾ കൊണ്ട് ലോകം വല്ലാതെ മാറിയിരിക്കുന്നു. ഭ്രമാത്മകമായ ഭാവനയുടെ ഒരു അയാർത്ഥലോകത്ത് തങ്ങളുടെ നിരന്തരമായ വായനയെന്ന, സദാ വായിച്ചു കൊണ്ടേയിരിക്കുകയെന്ന ഇച്ഛയെ, സ്വപ്‌നത്തെ സഫലമാക്കുന്നവരാണ് കഥയിലെ നായികാനായകന്മാർ. വിഭ്രാമകമാണവരുടെ ജലജീവിതം. തിരിച്ചെത്തലിന്റെ നാടകീയത, വായനയും പുസ്‌തകങ്ങളും കാലഹരണപ്പെട്ടതിന്റെ സൂചന, ഇങ്ങനെ ഭൂതകാലത്തെയും വർത്തമാനത്തെയും പരിമിതമായ വാക്കുകൾ കൊണ്ട് വിളക്കിച്ചേർക്കുന്നതിലെ സൂക്ഷ്‌മമായ കൗശലം അത്‌ഭുതപ്പെടുത്തും.

ഏതൊക്കെയോ തരത്തിൽ ചരിത്രത്തിന്റെ പ്രഹസന സ്വഭാവമുള്ള ആവർത്തനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താനിടയുള്ള നല്ല കഥയാണ് വി. ദിലീപിന്റെ വേട്ടക്കാരൻ. അബദ്ധത്തിൽ സുഹൃത്തിനെ കൊല്ലേണ്ടി വന്ന മിലനോട് മരിച്ചു കഴിഞ്ഞ അവൻ, ശരിക്കും മരിക്കും മുമ്പ് ചില കാര്യങ്ങൾ, മരണാസന്നർ പറയാനിടയുള്ള വളരെ സാധാരണമായ ചില അപേക്ഷകൾ നിഗൂഡമായി വിനിമയം ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു, മരിച്ചു പോയവന്റെ സ്‌നേഹത്തെക്കുറിച്ച് അവന്റെ പ്രിയപ്പെട്ടവരോട് പറയണമെന്നത്. കഥയിലെ പ്രധാന സമസ്യയും അതു തന്നെയാണ്, ആസക്‌തികളും സ്വയംവിമർശനവും വായനക്കാർ കൂടി പങ്കാളിയാവുന്ന ആത്‌മപീഡനവും എല്ലാം ചേർന്നു സൃഷ്‌ടിച്ചെടുക്കുന്ന സവിശേഷമായ അന്തരീക്ഷത്തിന്റെ തീവ്രതയും വിങ്ങലുമാണ് വേട്ടക്കാരനെവ്യത്യസ്‌തമാക്കുന്നത്. സഹോദരന്റെ രക്‌തത്തിനു പകരം ചോദിക്കലെന്ന പുരാതനമായ കഥാതന്തുവിനെ എത്ര സൂക്ഷ്‌മമായും വ്യത്യസ്തമായുമാണ് ദിലീപ് നവീകരിക്കുന്നതെന്ന് അത്ഭുതം തോന്നാം.

സാങ്കേതികവിദ്യയുടെ വ്യാപനത്തിന്റേതായ പുതുകാലത്ത് യന്ത്രങ്ങളുടെ അധീശത്വം, ആഗോള വത്ക്കരണം, വിപണി ശൃംഖലകൾ ഊറ്റിയെടുക്കുന്ന മാനവികത, തുടങ്ങി അത്യന്തം സങ്കീർണമായ ജീവിത യാഥാർത്ഥ്യങ്ങളും അതിനനുരോധമായ പ്രമേയ പരിസരങ്ങളും കഥയിലേക്കു യുക്തിഭദ്രമായിത്തന്നെ കടന്നു വരുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട് ഈ വർഷത്തെ കഥകളിൽ. പ്രതിരോധാത്മക മൂല്യങ്ങൾ കൊണ്ടാണ് മിക്കവാറും അത്തരം കഥകൾ ശ്രദ്ധേയമാവുന്നതും. അമിത് കുമാറിന്റെ മഹാമായ എന്ന കഥയുടെ സവിശേഷതയും അതു തന്നെ.  ഈ കഥ  വളരെ കൗതുകകരമായും സ്വാഭാവികമായും യന്ത്രവൽക്കരണത്തിന്റെ സാംസ്‌കാരിക യുക്തികളെ വിശകലനം ചെയ്യുന്നു.

ബാങ്കിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനും അവരെ കൈകാര്യം ചെയ്യാനും ഇറക്കുമതി ചെയ്യപ്പെട്ട മായയെന്ന യന്ത്രയുവതിയാണ് കഥാനായിക. മനുഷ്യനല്ല, എന്നാൽ എല്ലാത്തരത്തിലും മനുഷ്യനാണ്. ഈയൊരവസ്ഥ, ഒരു സാംസ്‌കാരികോൽപ്പന്നമായി യന്ത്ര സ്‌ത്രീയെ മാറ്റുന്നു. യന്ത്രമനുഷ്യരെയാണ് നമുക്കു പരിചയം.  അവയ്ക്കു ലിംഗമില്ല, ഉണ്ടെങ്കിൽ അതു പുരുഷന്റേതാണുതാനും. അത്തരത്തിലാണ് സമൂഹമനസ് ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളത്.  യന്ത്ര സ്‌ത്രീ എന്ന പരികൽപ്പന അതു കൊണ്ടു തന്നെ പുതുമയുള്ളതാണ്. യന്ത്രത്തിന്റെ ലിംഗപദവി (ജെൻഡർ ) സൃഷ്‌ടിക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. മനുഷ്യനല്ലാതിരിക്കുക, എന്നാൽ എല്ലാത്തരത്തിലും മനുഷ്യനായിരിക്കുക എന്ന സ്വത്വ സംഘർഷവും ഭീകരമാണ്.  മഹാമായ യന്ത്ര സ്‌ത്രീകൾ വ്യാപകമാവുന്ന സമീപഭാവിയിൽ അവ നേരിടാനിടയുള്ള ഗുരുതരമായ ചില ആക്രമണങ്ങളെക്കുറിച്ചും മലയാളി പുരുഷന്റെ ലൈംഗികവിശപ്പിനെക്കുറിച്ചുമാണ് വ്യംഗ്യമായി സംസാരിക്കുന്നത്.

നിധീഷ് ജിയുടെ പുള്ളിമാൻ ജംഗ്ഷൻ എന്ന കഥ എത്രയെത്ര ആഴത്തിലാണ്, എത്രമാത്രം പരപ്പിലാണ് ജീവിതത്തിന്റെ നിസഹായതകളെ, ദൈന്യതകളെ, അവയ്ക്കെല്ലാമിടയിൽ കെടാത്ത നന്മകളെ, എല്ലാറ്റിനുമുപരി മാനവികതയെ  അടയാളപ്പെടുത്തുന്നതെന്ന് അതിശയം തോന്നാം.  സ്ഥൂലതകളിലല്ല, സൂക്ഷ്‌മതകളിലേക്കാണ് കഥാകൃത്ത് സമസ്‌തശേഷികളും കേന്ദ്രീകരിച്ചിട്ടുള്ളത്. മുറുകിയും കുറുകിയും അനിവാര്യമായൊരു വൈകാരികസ്‌ഫോടനത്തിന്റെ വക്കത്തേക്കു അനായാസമായി അക്കഥ വായനക്കാരെ ഒഴുക്കിക്കൊണ്ടു പോവുന്നു. ആ ചുഴിയിലേക്കു വീഴണോ വേണ്ടയോ എന്നത് വ്യക്‌തിപരമായ തെരഞ്ഞെടുപ്പാവാം. പക്ഷേ എന്തിനാണിനിയും ആ ചുഴിയുടെ പ്രഹരത്തിൽ നിന്നു മാറിനിൽക്കുന്നതെന്ന ചിന്തയോടെ കഥയ്ക്കു ശേഷവും തുടരുന്ന ആഘാതങ്ങളിൽ നിന്നു വിമുക്‌തിയില്ലാതെ വായനക്കാരതിലേക്ക് എടുത്തു ചാടാനുള്ള സാധ്യതയാണു കൂടുതൽ.

ഇയ്യ വളപട്ടണമെഴുതിയ ചൂണ്ടക്കോലും പങ്കായവുമെന്ന കഥ, സന്തോഷ് എച്ചിക്കാനത്തിന്റെ ജംഗിൾ ബുക്ക്, അംബികാസുതൻ മാങ്ങാടിന്റെ ചിന്നമുണ്ടി തുടങ്ങി പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ചൂഷണം ഇവയൊക്കെ പ്രമേയമാവുന്ന കഥകളിൽ നിന്നു വ്യത്യസ്‌തമാണ്. ഈ കഥയിൽ പരിസ്ഥിതി ബോധം വേറിട്ടു നിൽക്കുകയല്ല, തനിയെ ഇതൾ നീർത്തി വിടർന്നു വിടർന്നു വരികയാണ്. വളരെ സ്വാഭാവികമായൊരു ജൈവ പ്രക്രിയ പോലെ.

വി.ജെ. ജയിംസിന്റെ ഒന്നിലധികം കഥകളുണ്ടെങ്കിലും ‘നൂലേണി’ എന്ന  പുരോഹിത വിദ്യാർത്ഥിയുടെ പാപപരീക്ഷകളുടെ കഥ മാത്രമാണ് വേറിട്ടു നിൽക്കുന്നത്. സ്‌ത്രീപുരുഷാകർഷണം, നന്മതിന്മകൾ, പാപബോധം ഇവയെ സംബന്ധിച്ച് ക്രിസ്തുമതത്തിന്റെ ഭീതികളും സന്ദേഹങ്ങളും ആ മതത്തിന്റെ  ആന്തരിക ഘടനയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. പുരോഹിത വൃന്ദത്തിൽ ഈ സന്ദേഹങ്ങൾക്ക് കൂടുതൽ ആഴമുണ്ട്. സ്വയംപീഡനങ്ങളുടെ തീവ്രതയും അവിടെയേറെയാണ്. പുരുഷന്റെ/പുരോഹിതന്റെ പാപഭയത്തിനെല്ലാം ആധാരമാവുന്നത് ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനി തിന്നാൻ പ്രേരിപ്പിച്ച ഹവ്വയും. കഥയിലെ ഏദൻതോട്ടവും കനികളും പാമ്പും ഹവ്വയുമെല്ലാം ചേർന്നു സൃഷ്‌ടിക്കുന്ന മായികമായ അന്തരീഷം ജീവിതത്തെ മറന്നുള്ള ആത്മീയതയെക്കുറിച്ച്, ശരീരത്തെ തട്ടിമാറ്റുന്ന പൗരോഹിത്യത്തെക്കുറിച്ച് കൃത്യമായ ചില ചോദ്യങ്ങൾ കൊണ്ടു കൂടി വ്യത്യസ്‌തമാവുന്നു.

മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രവും സാംസ്‌കാരികചരിത്രവും, പക്ഷേ ആഴത്തിൽ വിലയിരുത്തിക്കൊണ്ട് വി.സുരേഷ് കുമാർ എഴുതിയ നമ്പ്യാർസ് ബ്ലേക്ക് മാജിക് എന്ന കഥ ഈ വർഷത്തെ മികച്ച കഥകളിലൊന്നാണ്.  സങ്കീർണമായ പ്രമേയ സ്ഥലിയാണ് കഥയുടേത്.  കഥ പറച്ചിലിന്റെ രസവും കൗതുകവും ആകാംക്ഷയും നിലനിർത്തിക്കൊണ്ടു തന്നെ അതിന്റെ രാഷ്‌ട്രീയജാഗ്രതയും കൃത്യമായ നിലപാടും പ്രഖ്യാപിക്കാനാവുകയെന്നത് അനായാസമായ രചനാകൗശലമല്ല. വിവേക് നമ്പ്യാർ, മരത്തൻ എന്നീ കഥാപാത്രങ്ങളുടെ അമേരിക്കൻ അവതാരങ്ങളാണ് ഗ്രിഗറി എന്ന അടിമയും അവന്റെ മുതലാളി ജോർജ് വില്യംസും.  അധ്വാനം, ഉപഭോഗം, ഉൽപ്പാദനം എന്നിങ്ങനെ പരസ്‌പര ബന്ധിതങ്ങളായ ശൃംഖലകളാണ് ഓരോ ഉൽപ്പാദനപ്രക്രിയയിലുമുള്ളത്. പക്ഷേ നിർഭാഗ്യവശാൽ അധ്വാനവും പ്രാകൃതമായ ഉൽപ്പാദനരീതികളും കൈവശമുള്ള തൊഴിലാളിയുടെ ശേഷികളെല്ലാം മുതലാളിത്ത സമൂഹം കൈവശപ്പെടുത്തുകയും ഉപഭോഗം നടത്തുകയും ചെയ്യുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ഇടപെടലുകളാണ് ആദിമമായ ഉൽപ്പാദനശക്‌തി. സഹിഷ്‌ണുതയും സഹവർത്തിത്വമുള്ള ജൈവിക ബന്ധമാണത്.  മുതലാളിത്തം അതിനെ കൂലിവേലയാക്കി പരിണമിപ്പിക്കുകയും അധ്വാനിക്കുന്ന വിഭാഗത്തെ ഉൽപ്പാദനം, ഉപഭോഗം, ലാഭം എന്നിവയിൽ നിന്നകറ്റി നിർത്തുകയും ചെയ്യുന്നു. കാലിക പരിതസ്ഥിതികളിൽ ഏറ്റവും പ്രസക്തമായ കഥ കൂടിയാണിത്.

കെ.എൻ പ്രശാന്തിന്റെ ചുടല, മഞ്ചു എന്നീ രണ്ടു കഥകളും ശ്രദ്ധേയങ്ങളായിരുന്നു. വിനു എബ്രഹാമിന്റെ കോട മറ്റൊരു നല്ല കഥ .

2018ൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് ഇന്ദുചൂഡൻ കിഴക്കേടം. അദ്ദേഹത്തിന്റെ 3 കഥകളും 3 തരത്തിൽ ജീവിതത്തെക്കുറിച്ചു പറയുന്നു.  അതിമനോഹരമായി, തീർത്തും വ്യക്‌തിപരമായൊരു പ്രണയാഖ്യാനത്തിലൂടെ സംസ്‌കാരത്തെക്കുറിച്ച്, അതിലെ അധിനിവേശങ്ങളെക്കുറിച്ച് ധ്വനിപ്പിക്കുന്ന കഥയാണ് കിസാമ. മംഗളപത്രം എന്ന കഥ ആർഭാടങ്ങളില്ലാതെ അനായാസമായി  വാർദ്ധക്യത്തിന്റെ നിസഹായതകൾ അനുഭവപ്പെടുത്തുന്നു. പറച്ചിലിന്റെ വൈശിഷ്‌ട്യമാണ് ഈ കഥയിലെ പ്രമേയത്തിന്റെ പഴമയെപ്പോലും ഇത്രമേൽ തീവ്രമാക്കുന്നതും. മേൽ മണ്ണും കുളപ്പാറയും എന്ന കഥയിൽ മണ്ണിന്റെ, കീഴാളന്റെ പ്രതിരോധത്തെക്കുറിച്ചു പറയുന്നു.

നിഷേധിക്കപ്പെട്ട ഉടലനുഭവങ്ങളുടെ, ഉടൽ തന്നെ ബാധ്യതയാവുന്നവന്റെ, ഉടൽ കൊണ്ടു നിർണയിക്കപ്പെടുന്നവന്റെ നിസഹായതകളെ ചിത്രരചനയുടെ വർണശബളമായ ലോകത്തോടു ചേർത്തു നിർത്തി സമാന്തരമായാഖ്യാനം ചെയ്യുന്ന മനോഹരമായ കഥയാണ് യേശുദാസ് പി.എം ന്റെ ‘ചെക്കോവ്’.  സ്വന്തം മുഖത്തിനു ചേരാത്ത ചെക്കോവ് എന്ന പേരും ചുമന്ന് ജീവിക്കുന്ന വിരൂപനായ നായകൻ. മുതലയെന്ന് അവനെ കളിയാക്കി വിളിച്ച കൂട്ടുകാരൻ, ഉറപ്പിച്ച കല്യാണത്തിൽ നിന്ന് ഓടി രക്ഷപെട്ട പ്രതിശ്രുതവധു, ചെക്കോവിന് സ്വന്തം രൂപം തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏകാകിയായ അയാളെ ചിത്രകാരൻ അങ്ങോട്ടു പോയി പരിചയപ്പെടുകയായിരുന്നു. നരച്ച വർണങ്ങളും കറുപ്പ് ചെമ്മൺ നിറങ്ങളും മാത്രമുപയോഗിക്കുന്ന ചിത്രകാരനോട് ചെക്കോവ് തന്റെ വിചിത്രമായ സ്വപ്‌നങ്ങളെക്കുറിച്ചു പറയുന്നു. സുന്ദരിമാർ, നഗ്നസുന്ദരിമാർ, വശ്യമായ പ്രകൃതിയുടെ ചാരുത, അയാൾക്ക് യഥാർത്ഥ ലോകത്തിലില്ലാത്തതെല്ലാം ആ സ്വപ്‌ന ലോകത്തുണ്ട്. കടുംനിറങ്ങളുള്ള, രതിയുടെ, ആസക്‌തിയുടെ ഉന്മാദലോകം. രാത്രി വൈകുവോളം പോൺ സൈറ്റുകളിലലഞ്ഞു നടന്നിട്ടാണയാൾ സ്വപ്‌നങ്ങളുടെ മായാലോകത്തേക്കു കടക്കുന്നത്. ആ സ്വപ്‌ന ദൃശ്യങ്ങൾക്ക്, പ്രസിദ്ധമായ ചില പെയിന്റിങ്ങുകളുടെ വർണ്ണക്കലർപ്പും ദൃശ്യഭംഗിയുമുണ്ടെന്ന് ചിത്രകാരനു തിരിച്ചറിയാനാവുന്നു. വൈരൂപ്യം ഉടലനുഭവങ്ങളെ, അതിന്റെ ആനന്ദങ്ങളെ നിഷേധിക്കുമ്പോഴുണ്ടാകുന്ന സ്വത്വപരം കൂടിയായ സംഘർഷങ്ങളാണ് ചെക്കോവ് അനുഭവിക്കുന്നത്.

സുദീപ് ടി.ജോർജ് എഴുതിയ ‘താഴിയിൽ കവിപ്പോർ’ പരിസ്ഥിതിയുടെ, അധസ്ഥിതരുടെ ജീവിതക്രമങ്ങളിലൂടെ അനായാസം സഞ്ചരിക്കുന്ന കഥയാണ്. ആഘോഷിക്കപ്പെടുന്ന പരിസ്ഥിതി എഴുത്തുകാർക്കോ അവർ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന പാരിസ്ഥിതികാവബോധ ലേബലൊട്ടിച്ച രചനകൾക്കോ സാധ്യമല്ലാത്ത വിധം പോലെ ഈ കഥ മിടിച്ചു കൊണ്ടിരിക്കുന്നു, മുഴുവൻ ജീവനോടെ. കേരളത്തിലെ ദളിത് ജീവിതത്തിന്റെ ഒരു നേർച്ചിത്രമാവുന്നുണ്ട് കഥ. അവരുടെ പ്രതിരോധത്തിന്റെയോ അമർത്തിവെച്ച പ്രതിഷേധത്തിന്റെയോ പ്രതിരൂപമാണ് ഒറ്റയ്ക്കു ജീവിക്കുന്ന ആഞ്ഞിലിച്ചോത്തി. മധ്യകേരളത്തിലെ അനേകം ദളിത് സ്‌ത്രീ ജീവിതങ്ങളിലൊന്നാണ് ആഞ്ഞിലിയുടേത്. സത്തയെ നിർണയിക്കുന്ന, അസ്‌തിത്വം തന്നെയായ വേരുകൾ, ആഴങ്ങൾ കഥയിൽ നിറഞ്ഞു പടരുന്നു. അവളുടെ ഭൂതകാലസ്‌മൃതികളിൽ സ്വാതന്ത്ര്യവും പ്രണയവുമുണ്ട്. നിന്ദകളും നിരാസങ്ങളും നഷ്‌ടങ്ങളുമുണ്ട്. പരിഷ്‌കൃതിയുടെ മിന്നൽ വെളിച്ചങ്ങളാൽ ഒരിക്കലും ഭ്രമിക്കാതെ സ്വന്തം ഇടത്തിന്റെ സ്വസ്ഥതയിൽ സ്വതന്ത്രയായി ജീവിക്കുന്ന സ്‌ത്രീയാണവൾ. പുതിയ ലോകം, പുതിയ പ്രലോഭനങ്ങൾ അവളെയൊരിക്കലും ആകർഷിക്കില്ല. താനെന്താണോ അത് താൻ ജീവിക്കുന്നിടം കൂടിയാണ് എന്നറിയുന്നതു കൊണ്ടാണ് ആഞ്ഞിലിച്ചോത്തി മതം മാറ്റത്തിന്റെ വശീകരണത്തിൽ നിന്നൊളിച്ചുമാറുന്നത്. പാമ്പും കീരീംപോലും കേറുന്ന മേലാളരുടെ കാവിൽ തങ്ങൾക്കു കേറിക്കൂടെന്നും അക്ഷരം പഠിച്ചു കൂടെന്നും അമ്പലത്തിന്റെ അകലെ നിന്ന് ഒച്ചയും വെട്ടവും കേട്ട് തൊഴാനെ അവകാശമുള്ളെന്നുമൊക്കെയുള്ള വിലക്കുകൾ ശ്വാസം മുട്ടിക്കുമ്പോഴും ഭർത്താവും തുരുത്തിലെ എല്ലാ താമസക്കാരും മതം മാറി അവിടുന്നൊഴിഞ്ഞു പോയിട്ടും ആഞ്ഞിലി അവിടെത്തന്നെ തുടരുന്നു.  വൈകാരികമായ ഒരു നിരാലംബതയുമില്ലാത്ത ആഞ്ഞിലിച്ചോത്തി തന്റെ ഏകാന്തത ആസ്വദിച്ചു തീർക്കുന്നു. പാമ്പുകളും കീരികളും മരങ്ങളും വള്ളികളും വെള്ളവും ഒഴുക്കും വള്ളവും എല്ലാം ചേർന്ന് ഗഹനമായൊരു സംസ്‌കാര സ്ഥലിയായി ആ തോട്ടിറമ്പും വെട്ടിപ്പറമ്പും മാറുന്നു. ഭീതികളില്ലാതെ പ്രകൃതിയുടെ സ്വച്ഛതയിൽ അവർ മാത്രമല്ല വായനക്കാരും അലഞ്ഞു നടക്കുകയാണ്.

ഈ വർഷം സോക്രട്ടീസ് കെ വാലത്തെഴുതിയ രണ്ടു നല്ല കഥകളാണ്  കാലാളും ചില്ലതിരും. പ്രത്യേകിച്ച് കാലാൾ. കേന്ദ്രകഥാപാത്രമായ  ബധിരയും മൂകയുമായ പതിമൂന്നുകാരി പെൺകുട്ടി, അധ:കൃതയും പാർശ്വവൽകൃതയുമാണ്. അവൾ നേരിട്ടു കഥയിൽ വരികയോ ഇടപെടുകയോ ചെയ്യുന്നില്ല. മറ്റുള്ളവരാണ് അവളെ കരുവാക്കി കളിക്കുന്നത്. പക്ഷേ കഥയ്ക്കിടയിലെവിടെയോ വെച്ച് അവൾ സ്വയം കളിക്കാൻ തുടങ്ങുന്നു, കരു എന്ന നിലയിൽ നിന്ന് കളിക്കാരിയായി മാറുന്നു. അപ്പോഴും അവൾ ലായത്തിലെ കുഞ്ഞുവീട്ടിനുള്ളിൽത്തന്നെയാണ്, അവളായിട്ട് ഒന്നും ചെയ്യുന്നുമില്ല. ഈ വൈരുദ്ധ്യത്തിന്റെ തീക്ഷ്‌ണതയാണ് കാലാൾ എന്ന കഥയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. മറ്റെല്ലാം അതിനെ ഉയർത്തിക്കാട്ടാനുള്ള ഉപഘടകങ്ങൾ മാത്രം.

പി. മോഹനചന്ദ്രന്റെ  കത്താൾഛേദം ഈ വർഷത്തെ   മികച്ച കഥകളിലൊന്നാണ്. രണ്ടാനച്ഛനെ തിരഞ്ഞു വാരണാസിയിൽ നിന്നു കൊച്ചിയിലേക്കു വരുന്ന ജമീന അഗർവാളെന്ന പെൺകുട്ടിയുടെ ഒരു പകലും രാത്രിയുമാണ് കഥയിലുള്ളത്. പുരുഷശിഖരങ്ങൾ കരവാളുകൾ കൊണ്ട് വെട്ടിമാറ്റുക എളുപ്പമല്ല. വെട്ടിയാലും അവ തുന്നിപ്പിടിപ്പിക്കപ്പെടുന്നു. നഷ്‌ടപ്പെട്ടു പോയ ജമീനയെക്കുറിച്ചോർത്തുള്ള ആധിയും നിസഹായതയും സുപാലിന്റേതു മാത്രമല്ല. കഥ വായിക്കുന്നവരും മഹാ ദുഃഖത്തിനടിപ്പെടുന്നു. അവരും നിസഹായരാവുന്നു.

ബോണി തോമസിന്റെ നീല നക്ഷത്രം വീണ രാത്രി വന്യമായൊരധിനിവേശത്തിന്റെയും നിസഹായമായ പ്രതിരോധത്തിന്റെയും കഥ പറയുന്നു. അദ്ദേഹത്തിന്റെ ‘ആർക്ക് ‘ ആവട്ടെ പ്രളയ പശ്ചാത്തലത്തിൽ വന്ന ആദ്യ കഥയും.

അബിൻ ജോസഫിന്റെ പെലയക്കുരിശു സത്യം, പ്രമോദ് രാമന്റെ ഇന്ത്യാ പസിൽ, ജബ്ബാറിന്റവിടെ അബ്ബാസ് തുടങ്ങിയ കഥകൾ ശക്‌തമായ രാഷ്‌ട്രീയവും കാലികതയും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഗ്രേസിയുടെ ഒന്നു മുതൽ പതിമൂന്നു വരെ, പി ജെ.ജെ ആന്റണിയുടെ ഫ്രാൻസിസ് മാർപ്പാപ്പ വധിക്കപ്പെടുമോ തുടങ്ങിയ കഥകൾക്ക് മതാധികാരവുമായി ബന്ധപ്പെട്ട ആശയതലങ്ങളാണുണ്ടായിരുന്നത്. അഷിത, ചന്ദ്രമതി, പ്രിയ എ.എസ് എന്നിവരുടെ എണ്ണത്തിൽ കുറഞ്ഞ കഥകളും ശ്രദ്ധേയങ്ങളായി. ദേവദാസ് വി.എം ന്റെ പുനർവായനാ സ്വഭാവമുള്ള രണ്ടു കഥകളും മികച്ചവയായിരുന്നു. അമലിന്റെ മീശ പിരിച്ചവളും, ഷിനിലാലിന്റെ കുളച്ചിൽ യുദ്ധവും, ശ്രീകണ്ഠൻ കരിക്കകത്തിന്റെ രണ്ടു സഞ്ചാരിണികളും, കെ.വി മണികണ്ഠന്റെ തത്വമസിയും എടുത്തു പറയേണ്ടവയാണ്. വേറെയുമെത്രയോ കഥകൾ… കഥയുടെ വർത്തമാനങ്ങളവസാനിക്കുന്നില്ല.

3 Comments
  1. Suresh 1 year ago

    മികച്ച റിവ്യൂ…. ഇ സന്തോഷ് കുമാറിന്റെ കഥ ഏറെയിഷ്ടം…

  2. Sreeraj 1 year ago

    Great review!

  3. Socraties k valath 1 year ago

    ‘കാലാൾ ”ചില്ലതിര് ‘ എന്നീ കഥകൾ വായനയിൽ ഉൾപ്പെട്ടു എന്നതിൽ ഏറെ സന്തോഷം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account