ഈയാഴ്‌ചയിലെ ശ്രദ്ധേയമായകഥ സമകാലിക മലയാളത്തിൽ ധന്യരാജ് എഴുതിയ അപരൻ തന്നെയായിരിക്കണം. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഈട എന്ന സിനിമയുടെ പ്രമേയത്തെ എവിടൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട് ഇക്കഥ. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടു കുഞ്ഞുങ്ങൾക്കിടയിലുള്ള ആത്‌മബന്ധത്തെക്കുറിച്ചാണ് കഥ. കൊലയാളിയുടെ മകനും കൊല ചെയ്യപ്പെട്ടയാളുടെ മകനും ഏറ്റവുമടുത്ത സുഹൃത്തുക്കളും അയൽക്കാരുമായിരുന്നു. രഞ്ജിത്തിന്റെ മരണശേഷം എല്ലാം മാറിമറിയുന്നു. സഞ്ജുവും ആദിയും ഒരുമിച്ചുകൂടെന്നു മുതിർന്നവർ നിശ്ചയിക്കുന്നു. സഞ്ജുവിന് തന്റെ കളിക്കൂട്ടുകാരനെ മറക്കാനാവില്ല. അവനും തന്റെ കൂടെയുണ്ടെന്ന തോന്നലിലാണ് അവന്റെ  കളികളെല്ലാം.

രാഷ്‌ട്രീയ പകപോക്കലുകളിൽ, നീതിരഹിതമായ, മനുഷ്യത്വവിരുദ്ധമായ ഹിംസകളിൽ ഉലഞ്ഞു പോവുന്ന നിസഹായരായ മനുഷ്യരുടെ നിരാലംബതകൾ, ഏകാന്തത, ഇതൊക്കെ കഥയിലുണ്ട്. ഒരു രക്‌തസാക്ഷിയെ എത്ര ദയാരഹിതമായി, വികാരനിരപേക്ഷമായി പാർട്ടി അതിന്റെ വൈകാരിക ലാഭങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നും കഥ സൂക്ഷ്‌മമായി വരച്ചിട്ടിരിക്കുന്നു. മകനെയും കൂട്ടി സഹായധനം വാങ്ങാൻ വരണമെന്ന് പാർട്ടി സെക്രട്ടറി ആവശ്യപ്പെടുന്നത് രക്‌തസാക്ഷിയുടെ വിധവയ്ക്കു കിട്ടാനിടയുള്ള സഹതാപം അത്യന്തികമായി പാർട്ടിക്കു ഗുണകരമാവുമെന്നതുകൊണ്ടാണ്. ഹൃദയശൂന്യമായ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ കാപട്യം മുഴുവനായും കഥയിലുണ്ട്. സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി അല്ലാതെ ആർക്കും ആരോടും സ്ഥായിയായ മമതകളില്ല.

ചില കറകൾ അങ്ങനെയാണ്, അത്രയെളുപ്പമൊന്നും മാഞ്ഞു പോകില്ല, എന്നു ശ്രീജ പറയുന്നത് അക്ഷരാർത്ഥത്തിൽത്തന്നെ ശരിയുമാണ്. രണ്ടു പേരുണ്ടെന്നു സങ്കൽപ്പിച്ച് ഒറ്റയ്ക്കു കളിക്കുന്ന സഞ്ജുവിന്റെ കൂടെയുള്ളത് ആദിയല്ലെന്നും രണ്ടും അവൻ തന്നെയാണ് – ഇതു ഞാൻ, ഇതും ഞാൻ – എന്ന് സഞ്ജു പറയുമ്പോൾ മുതിർന്നവരുടെ ലോകത്തിനും ധാരണകൾക്കുമാണ് ഉലച്ചിൽ തട്ടുന്നത്. സഞ്ജുവും രാഷ്‌ട്രീയപ്പകയുടെ, ഹിംസയുടെ ലോകത്തേക്കു നടന്നു കയറുകയാണോ, അച്ഛന്റെ കൊലപാതകം അവനിലടിച്ചേൽപ്പിച്ച ആഘാതത്തിന്റെ തീക്ഷ്‌ണതയിൽ കൂടുതൽ ഏകാകിയും സ്വപ്‌നജീവിയുമാകുകയാണോ എന്ന തീർപ്പ് വായനക്കാർക്കു വിട്ടു കൊണ്ടാണ് കഥ അവസാനിക്കുന്നത്.

അതേ ലക്കത്തിൽ ടി.സി. രാജേഷ് എഴുതിയ അവിചാരിത മരണങ്ങൾ ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിനു മുന്നിലും അകത്തുമുള്ള ചില രംഗങ്ങളാണ്. മരണം, ജീവിതാസക്‌തി, തുടങ്ങി എന്നും പ്രസക്‌തമായവയെ ശക്‌തമായോർമ്മിപ്പിക്കുന്ന കഥ. 90 വയസുള്ള അച്ഛനെ വെൻറിലേറ്ററിൽ നിന്നു മാറ്റാനും മരിക്കാനുമനുവദിച്ചാൽ ആക്‌സിഡന്റായെത്തിയ ചെറുപ്പക്കാരന് ഒഴിഞ്ഞ വെന്റിലേറ്ററിൽ ജീവൻ തിരിച്ചുകിട്ടിയേക്കാം. പക്ഷേ മകൾ റീന അതിനു തയ്യാറാവുന്നില്ല. ഏറ്റവും പ്രിയപ്പെട്ടയാളെ അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് വിടാൻ അവൾക്കു സാധിക്കില്ല. “എനിക്ക് വലുത് എന്റെ അച്ഛന്റെ ജീവനാണ്. നിങ്ങൾക്ക് അതെത്ര നിസാരമായാലും”. അവളെ സംബന്ധിച്ച് അപകടം പറ്റി വന്നെത്തിയ ആളുടെ ജീവൻ പ്രസക്‌തമല്ല. ആശുപത്രി വരാന്തയിലെ കാത്തിരിപ്പും അനിശ്ചിതത്വങ്ങളും ICU വിനുള്ളിലെ പ്രാണപ്പിടച്ചിലുകളും ഡോക്റ്ററുടെ ധർമ്മസങ്കടങ്ങളും നന്നായനുഭവപ്പെടുത്തുന്നുണ്ട് കഥ. ന്യൂനതയായി തോന്നുക കഥാവസാനം ഇടയ്ക്കുവെച്ച് ഊഹിക്കാൻ കഴിയുമെന്നതും ആ അവസാനം അങ്ങേയറ്റം നാടകീയമായിപ്പോയെന്നതുമാണ്.

മാതൃഭൂമിയിൽ യു.എ. ഖാദർ എഴുതിയ ഗന്ധമാപിനി പഴഞ്ചൻ നൊസ്റ്റാൾജിയക്കഥയാണ്. ഉമ്മയില്ലാത്ത  കുട്ടിയെ സഹാനുഭൂതിയോടെ കാണുന്ന പാത്തുവെന്ന പണിക്കാരി, അവളുടെ തൊട്ടുരുമ്മലുകൾ, മുളകിട്ട മീൻകറി, വറവ് ചെയ്‌ത എണ്ണയുടെ മണം, അവളുടെ വാത്‌സല്യം, അതിന് കാമത്തിന്റെ ഛായയായിരുന്നു കൂടുതൽ, രഹസ്യമായി തന്ന പ്രത്യേക ഭക്ഷണം, ഇതെല്ലാം വാർദ്ധക്യകാലത്ത് അനുസ്‌മരിക്കുന്നതിലെ ആനന്ദം… ചുരുക്കത്തിൽ കഥയും പഴയത്, കഥ പറച്ചിലും പഴയത്. പുതിയതായി ഒന്നും പറയാനില്ലാത്തതാണ് കഥയെ ഇത്രയും ദുർബലമാക്കുന്നത്.

മാധ്യമത്തിൽ 7 കഥകളാണ് ഇത്തവണ. എല്ലാം പ്രഗത്‌ഭരുടെ, പ്രശസ്‌തരുടെ കഥകൾ. പക്ഷേ ഒന്നു പോലും ഒറ്റ വായനയ്ക്കപ്പുറം മനസിലേക്കു കേറി വരുന്നവയല്ല. ഇക്കൂട്ടത്തിൽ ഏറ്റവും അസഹ്യമായിട്ടുള്ളത് സി. രാധാകൃഷ്‌ണന്റെ ആയിരം തിരതിരച്ച് അകത്തിരിക്കുന്നത് എന്ന നീണ്ട കഥയാണ്. കുറ്റാന്വേഷണ കഥയായാണ് വിഭാവന ചെയ്‌തിട്ടുള്ളത്. യുക്‌തിയോ വിശ്വസനീയതയോ തരിമ്പുമില്ലാതെ എന്തൊക്കെയോ വാരിവലിച്ചെഴുതിയിരിക്കുന്നുവെന്നു മാത്രം. കഥയുടെ രൂപഭദ്രത ഒട്ടുമില്ലാത്ത വികൃതരൂപിയായ കഥാ ശരീരം. ഗ്രേസിയുടെ കഥയാണ് തമ്മിൽ മെച്ചപ്പെട്ടത്. അഷിത, വി.ആർ. സുധീഷ്, ബി. മുരളി, സുസ്‌മേഷ് ചന്ത്രോത്ത്, സോണിയ റഫീക് എന്നിവരുടെ കഥകളെക്കുറിച്ചും സവിശേഷമായി ഒന്നും പറയാനില്ല.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account