മലയാളകഥയുടെ വർത്തമാനം ചലനാത്മകവും സജീവവുമാകാ ൻ തുടങ്ങിയത് പുതിയ പ്രവണതയല്ല. 2017 അതിശക്‌തവും വ്യത്യസ്‌തവുമായ കഥകൾ കൊണ്ട് കൂടുതൽ തീവ്രവും ആസ്വാദ്യവുമാവുന്നുവെന്നതാണ് കൗതുകകരം. മറ്റേതു സാഹിത്യ രൂപത്തിനും സാധ്യമാവാത്ത വിധം വ്യത്യസ്‌തതകളുടെ ഉൽസവമാണ് ഇന്ന് കഥ. ജീവിതത്തെ വായിക്കുന്നതിലെ അപൂർവ്വതകൾ കൊണ്ട് അത് വായനക്കാരെ വിസ്‌മയിപ്പിക്കുന്നു. ആഗോളീകരണം, വിവര സാങ്കേതിക വിദ്യ, മുതലാളിത്തം, സമൂഹമാധ്യമങ്ങൾ, എല്ലാമടങ്ങിയ നവലിബറൽ കാലത്തെ ജീവിതാവസ്ഥകൾ കഥയ്ക്കുള്ള ഇടങ്ങൾ വിപുലമാക്കി. ഓരോ ജീവിതവും സവിശേഷമാം വിധം അസാധാരണമാവുന്നു. അനവധി കഥകൾക്കുള്ള സാധ്യതകളും അവശേഷിപ്പുകളുമാവുന്നു ജീവിതം. അനുനിമിഷമെന്നോണം മാറിമറിയുന്ന ജീവിതങ്ങളെ, കാഴ്ച്ചകളെ, വീക്ഷണ വ്യതിയാനങ്ങളെ സമഗ്രമായും സംക്ഷിപ്‌തമായും പകർത്താനുള്ള കെൽപ്പ്‌ മറ്റേതു  സാഹിത്യരൂപത്തെ അപേക്ഷിച്ചും കഥ എന്ന മാധ്യമത്തിനാണുള്ളത് എന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെളിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. ഈ വർഷവും അതു തുടരുന്നു.

2017 ലെ മികച്ച കഥകളെക്കുറിച്ചുള ള അന്വേഷണത്തിൽ ആധികാരികമോ വസ്‌തുനിഷ്ഠമോ ആയ മാനദണ്ഡങ്ങളോ, അളവുകോലുകളോ ഉപയോഗിക്കുക സാധ്യമല്ലാത്തതുകൊണ്ടുതന്നെ നിരീക്ഷണങ്ങളിൽ വൈയക്തികമായ അഭിരുചികളും പ്രിയങ്ങളും കടന്നു കൂടുക സ്വാഭാവികമാണ്. കഥയുടെ ആസ്വാദനം അങ്ങനെയേ സാധ്യമാവുകയുള്ളു താനും. കഴിഞ്ഞ വർഷം കഥ/കഥയെഴുത്ത് വിപ്ലവകരമോ നിർണായകമോ ആയപുതുമകൾ കൊണ്ടല്ല ശ്രദ്ധേയമാവുന്നത്, നല്ല കഥകൾ കൊണ്ടാണ്. മുൻ വർഷങ്ങളിൽ മികച്ച കഥകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരുടെ ആ പുതുനിരയിൽ പുതിയതായി വലിയ കൂട്ടിച്ചേർക്കലുകളൊന്നും നടന്നിട്ടില്ല, ആ നിര ചുരുങ്ങുകയാണെന്നുപോലും തോന്നിപ്പോവാം. പക്ഷേ നല്ല കഥകളുടെ എണ്ണം കുറയുന്നുമില്ല. ഈ രസകരമായ വൈരുദ്ധ്യമാണ് 2017ന്റെ സവിശേഷതകളിലൊന്ന്.

രണ്ടോ മൂന്നോ എഴുത്തുകാരെ ചുറ്റിപ്പറ്റി കഥയെഴുത്തിന്റെ ലോകം ഭ്രമണം ചെയ്യുന്നുവെന്ന പ്രതീതി, നല്ല കഥകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരേ എഴുത്തുകാരന്റെ ഒന്നിലധികം കഥകൾ അതോ ഇതോ അല്ലെങ്കിൽ അതും ഇതും എന്ന സന്ദേഹം ജനിപ്പിക്കുക തുടങ്ങി അനേകം പ്രത്യേകതകൾ വേറെയുമുണ്ട്.

ഏറെ വർഷങ്ങളായി എഴുതുന്നവരും പ്രശസ്‌തരുമായ കഥയെഴുത്തുകാർ താരതമ്യേനെ നിശബ്‌ദരായ വർഷമാണ് 2017. കഥകളെഴുതാതെയല്ല, ശ്രദ്ധാർഹമായ കഥകളെഴുതാതെ അവർ പിൻവാങ്ങി നിൽക്കുന്നു. അസാധാരണമായ കഥകളെന്ന വിശേഷണങ്ങളൊക്കെ നൽകി മുൻതലമുറ എഴുത്തുകാരെ പത്രാധിപന്മാർ ആഘോഷപൂർവ്വം അവതരിപ്പിക്കുന്നുവെങ്കിലും കഥകൾ അവയുടെ പുതുമയില്ലായ്‌മ കൊണ്ടുതന്നെ വളരെപ്പെട്ടന്ന് അപ്രസക്തമാവുകയാണ്. മുതിർന്ന എഴുത്തുകാർക്കു ശേഷം കഥയെ നവീകരിച്ചവരെന്നു വിശേഷിപ്പിക്കപ്പെട്ടവരും കേളി കേട്ടവരുമായ ഒരു വലിയ നിര എഴുത്തുകാരിൽ നിന്നും, അക്കൂട്ടത്തിൽ സുഭാഷ് ചന്ദ്രനും സന്തോഷ് എച്ചിക്കാനവും ഉണ്ണി ആറും ഒക്കെയുണ്ട്, കാര്യമായതൊന്നും കഴിഞ്ഞ വർഷം ലഭിച്ചിട്ടില്ല. എഴുത്തുകാർ പലരും കഥകൾ കൊണ്ട് ചലനം സൃഷ്‌ടിക്കാതിരിക്കുന്നു, ഭാവുകത്വത്തെയും വായനയെയും ഇളക്കിമറിക്കുന്ന ചില എഴുത്തുകൾ നിരന്തരം അത് ചെയ്‌തുകൊണ്ടുമിരിക്കുന്നു. സ്‌ത്രീ കഥകളുടെ ലോകം ഏറെക്കുറെ മൗനത്തിലായ വർഷമായിരുന്നു 2017. എഴുത്തുകാരികൾ ധാരാളമുണ്ടായിരുന്നു. സാറാ ജോസഫിന്റെയും മീരയുടെയുമൊക്കെ ഒന്നിലധികം കഥകളുണ്ടായിരുന്നു. പക്ഷേ, യമ, അഷിത എന്നിവരുടെ കഥകളല്ലാതെ മറ്റൊന്നും എടുത്തു പറയാനില്ല.

2017 ലെ ശ്രദ്ധേയമായ ചില കഥകളിലൂടെ ഒന്നോടിച്ചു നോക്കാനാണിവിടെ ശ്രമം. വി.ജെ .ജെയിംസിന്റെ ഉയിരെഴുത്ത് സമകാലലോകം നേരിടുന്ന ചില സാങ്കേതിക -സ്വത്വ പ്രതിസന്ധികളെക്കുറിച്ചുള്ള വിചാരണയാണ്. വിവര സാങ്കേതികതയുടെ, നവമാധ്യമങ്ങളുടെ വിപുലവും മുറുക്കമുള്ളതുമായ നെറ്റിൽ കുരുങ്ങുന്ന സാധാരണ യുവത്വത്തിന്റെ പ്രതിനിധികളിലൊരാളാണ് കഥയിലെ നായകൻ ചിരഞ്‌ജീവി. പേര് ചിരഞ്‌ജീവിയെന്നായാലും മനുഷ്യന്റെ നശ്വരമായ ജീവിതകാലമേ അയാൾക്കുമുള്ളൂ. മനുഷ്യന്റെ ചിരന്തനമായ മരണഭയവും ജീവിതാസക്തിയും ചൂഷണം ചെയ്യപ്പെടുന്നത് പുതിയ കാര്യമല്ല. ഓരോ കാലത്തും വ്യത്യസ്‌തമാർഗ്ഗങ്ങളിലൂടെ അതു നടന്നു കൊണ്ടേയിരിക്കുന്നു. മുൻ കാലത്ത് ജ്യോത്സ്യന്മാരും പ്രവചനക്കാരുമൊക്കെ ചെയ്‌തു കൊണ്ടിരിക്കുന്നത് ഇന്ന് പുതിയ ആപ്പുകളാണ് ചെയ്യുന്നതെന്നു മാത്രം.

ഇന്റർനെറ്റും ഫേസ് ബുക്കും വാട്‍സ് ആപ്പുമൊക്കെച്ചേർന്ന് സൃഷ്‌ടിക്കുന്ന അയഞ്ഞ ഒരു ലോകം – അയഥാർത്ഥമായ ആ വെർച്വൽ സ്‌പേസിനുള്ളിലേക്ക് തന്റെ എല്ലാത്തരത്തിലുള്ള സാമൂഹ്യ ഇടപെടലുകളെയും പരിമിതപ്പെടുത്തുന്നു ചിരഞ്‌ജീവി. ഈ ലോകത്തിന്റെ പ്രശ്നങ്ങൾ വിട്ട് ശരാശരി മലയാളി യുവാവിനെപ്പോലെ ഇ-ലോകത്തിന്റെ സന്തോഷങ്ങളിലേക്ക്. വെറുതെ കിട്ടിയാൽ എന്തും സ്വീകരിക്കുന്ന മലയാളികളെപ്പോലെ മരണസമയം ഗണിച്ചു പറയുന്ന മരണമാപിനി എന്ന ആപ്പിനുള്ളിൽ അയാൾ കടക്കുന്നതും സ്വന്തം മരണ സമയം തിരിച്ചറിയുന്നതും മരണം നീട്ടിക്കിട്ടാനുള്ള ഉപാധികൾ സ്വയം കണ്ടെത്തുന്നതും തദനുസൃതമായി ജീവിതക്രമീകരണങ്ങൾ വരുത്തുന്നതുമൊക്കെ കഥ സൂക്ഷമമായി പകർത്തുന്നു. ഈ കഥ ഒരേ സമയം മലയാളി ജീവിതത്തിന്റെ രസകരമായൊരു ഹാസ്യ ചിത്രണം ആണ്. ഒപ്പം നവസാങ്കേതികകാലത്തെ യുവത്വത്തിന്റെ പ്രത്യയശാസ്‌ത്രവും. അതിന്റെ ചരിത്രനിരാസവും വർത്തമാന സാമൂഹ്യാവസ്ഥകളിൽ സങ്കലനം ചെയ്യുന്ന കൃത്യമായൊരു രാഷ്‌ട്രീയംകൂടി ഉയിരെഴുത്തിന്നുണ്ട്. സമൂഹത്തിൽ നിന്ന് പൂർണമായി അന്യവല്ക്കരിക്കപ്പെടുന്ന യുവത്വത്തെ അത് പ്രശ്‌നവല്ക്കരിക്കുന്നു. കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു, മരണ ഫലകത്തിലെ കുറിപ്പ് എന്തായിരിക്കും തുടങ്ങിയ അനേകം കണ്ടെത്തലുകൾ, അവ ഫേസ്ബുക്കിൽ ഷെയർ ചെയ്‌ത്‌ ലൈക്കും കമൻറും നേടൽ, തുടങ്ങിയ വിനോദങ്ങളിലൂടെയേ ഇന്ന് നമ്മുടെ ഫേസ് ബുക്ക് ജീവിതം കടന്നു പോവുന്നുള്ളു. അവയുടെ അർത്ഥശൂന്യത അറിഞ്ഞു കൊണ്ടു തന്നെ, അവയിലെ അധിനിവേശം തിരിച്ചറിയാതെ ഇരകളായി മാറുന്നു മനുഷ്യർ .

പുതിയ കാലവും സാങ്കേതിക സംസ്‌ക്കാരവും സൃഷ്‌ടിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രതിസന്ധികളുടെ ആഖ്യാതാവാണ് കെ.വി.പ്രവീൺ. നിയതമോ നിശ്ചിതമോ ആയതു കൊണ്ടല്ല, അനേകമനേകം അർത്ഥ സാധ്യതകൾ കൊണ്ടാണ് പ്രവീണിന്റെ കഥകൾ വായനക്കാരോടും കാലത്തോടും സംവദിക്കുക. ആധുനികതയുടെ ചില ദർശനങ്ങളുടെ പാരമ്പര്യം, ഉത്തരാധുനികതയുടെ സാംസ്‌ക്കാരികാന്തരീക്ഷം, വിഭാഗീയതകൾ, വിഭജനങ്ങൾ, സ്വത്വ സംഘർഷങ്ങൾ, അവയുടെ അനിവാര്യമായ തുടർച്ചയായ തീവ്രവാദം, ഭീകരാക്രമണങ്ങൾ, ആഗോളവൽക്കരണത്തിന്റെ അസ്‌പൃശ്യമായ, പക്ഷേ ഭയാനകമായ ദൃശ്യാത്മകത തുടങ്ങി ഒരു കൊളാഷ് പോലെ അതു സമകാലജീവിതത്തെ വരച്ചിടുന്നുവെന്നതാണ് അവയുടെ സവിശേഷതയും. ഓർമ്മച്ചിപ്പ്, ചിത്രദുർഗ്ഗം എന്നീ രണ്ടു കഥകളിൽ ഏതാണു മികച്ചതെന്നു വായനക്കാർ സന്ദേഹികളാവുക സ്വാഭാവികമാണ്.

2017 ന്റെ എഴുത്തുകാർ എന്നൊരുപക്ഷേ ആസ്വാദകലോകം വാഴ്ത്താനിടയുള്ള രണ്ടു പേർ വിനോയ് തോമസും ഫ്രാൻസിസ് നെറോണയുമായിരിക്കാനിടയുണ്ട്. അങ്ങനെ വ്യക്തികളെ കേന്ദ്രീകരിച്ച് കഥ വിലയിരുത്തപ്പെടുന്നത് അപകടകരമെന്നുതന്നെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. പക്ഷേ, ഈ രണ്ടെഴുത്തുകാരും ശ്രദ്ധേയമായ ഒന്നിലധികം കഥകൾ കൊണ്ട് കഴിഞ്ഞ വർഷത്തെ സമ്പന്നമാക്കിയത് കാണാതെയുമിരുന്നുകൂട. വിനോയിയുടെ ഇടവേലിക്കാർ, മിക്കാനിയമൈക്രാന്ത തുടങ്ങിയ കഥകൾ അവയുടെ നിലീനമായ രാഷ്‌ട്രീയം കൊണ്ടും സരളമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാവുന്നു. നിത്യസാധാരണമായ ദൈനന്ദിനാനുഭവങ്ങളുടെ അതീവ ലളിതമായ പകർത്തലാണ് വിനോയിയുടെ കഥകൾ. പക്ഷേ, അദ്ദേഹം കാണിച്ചുതരുമ്പോൾ അതൊക്കെ അപൂർവ്വവും അസാധാരണവുമായി രൂപാന്തരപ്പെടുന്നു. നിഗൂഡഭംഗികൾ കൊണ്ട് സൂക്ഷ്‌മവും വശ്യവുമാവുന്നു. ഭൂരിപക്ഷം വായനക്കാരെയും തൃപ്‌തിപ്പെടുത്തിയ, കൂടുതൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്‌ത, വിനോയിയുടെ 2017 ലെ കഥ രാമച്ചി തന്നെയാവണം.

ഫ്രാൻസിസ് നെറോണയുടെ തൊട്ടപ്പൻ, പെണ്ണാച്ചി, കക്കുകളി തുടങ്ങിയ കഥകൾ അവയുടെ ക്രാഫ്റ്റ്, തീരദേശ ഭാഷ, അനാവൃതമാവുന്ന ആർഭാടങ്ങളേതുമില്ലാത്ത അടിത്തട്ടു ജീവിതങ്ങൾ എന്നിവ കൊണ്ടാണ് മുൻപിൽ നിൽക്കുക. അബിൻ ജോസഫിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ഭർത്താവിനെ കൊന്ന ,അല്ലെങ്കിൽ കൊല്ലേണ്ടി വരുന്ന 3 സ്‌ത്രീകളുടെ ജീവിതത്തിലേക്കുള്ള കുറച്ചൊക്കെ ഉപരിതല സ്‌പർശിയായ നോട്ടമാണ്.

യമയുടെ ചുടലത്തെങ്ങ് എന്ന കഥ പെൺ രചനകൾക്കു മാത്രം സാധ്യമാവും വിധം സ്‌ത്രീയുടെ ഏകാന്തമായ മാനസസഞ്ചാരങ്ങളും അതിന്റെ സങ്കീർണതകളും പകർത്തുന്ന കഥയാണ്.

– ജിസാ ജോസ്

1 Comment
  1. Anil 4 years ago

    Good findings…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account