പ്രകൃതിയുടെ താളങ്ങൾ, ദർശനങ്ങളുടെ സമൃദ്ധി, പൂർവ്വനിയോഗങ്ങളുടെ സൂചികകൾ, ഭ്രമാത്‌മ കത  തുടങ്ങി അത്യന്തം സങ്കീർണവും യുക്‌തികൾ കൊണ്ടു വിശദീകരിക്കാനാവാത്തതുമായ പ്രമേയങ്ങളുടെ സാന്നിധ്യമാണ് ഈയാഴ്‌ചയിലെ കഥകളുടെ സവിശേഷതയെന്നു പെട്ടന്നു തോന്നിപ്പോവുന്നു. മാതൃഭൂമിയിലെ ഈനു (അമൽ), മലയാളത്തിലെ അബ്രഹാമികൾ (സുദീപ് ടി.ജോർജ്) ഭാഷാപോഷിണിയിലെ പുത്രം (വി.കെ. ദീപ) ഈ മൂന്നും  സ്വയം പീഡനത്തിന്റെ, ഏകാന്തതയുടെ, ആത്‌മാന്വേഷണത്തിന്റെ കഥകളാണ്. മൂന്നു കാലങ്ങളിൽ, വ്യത്യസ്‌തലോകങ്ങളിൽ അത് പല രീതികളിൽ ജീവിതത്തെ തിരയുന്നു.

അമലിന്റെ ഈനു അപരിചിതമായ ദേശത്തെയും അതിന്റെ സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്നതു കൊണ്ടു കൂടിയാണ് കൂടുതൽ ശ്രദ്ധേയമാവുന്നത്. ടോക്യോ നഗരത്തിനടുത്തുള്ള കസായി എന്ന പട്ടണത്തിലെ താമസക്കാരനായ യുവാവ്. അയാളുടെ ഒറ്റപ്പെടൽ, മലയാളികളെ കാണാനോ മലയാളം പറയാനോ അവസരമില്ലാതെ വീർപ്പുമുട്ടുന്ന നായകനിൽ കഥാകാരന്റെ ആത്‌മാംശം തീർച്ചയായുമുണ്ടായേക്കും. ഉച്ചരിക്കപ്പെടാത്ത വാക്കുകളുടെ, മൗനത്തിന്റെ, അടങ്ങിയ ഒച്ചകളുടെ നാടാണ് ജപ്പാൻ. മൗനം കലയും തത്ത്വശാസ്‌ത്രവും ആത്‌മാവിലേക്കുള്ള വാതിലുമായി കാണുന്ന ജനത. ആക്രോശങ്ങളും വഴക്കും ബഹളവും നിറഞ്ഞ, സദാ അധരവ്യായാമത്തിലേർപ്പെടുന്ന ഒരു സംസ്‌കാരത്തിൽ നിന്നാണയാൾ മഞ്ഞുതുള്ളികളുടെ പതന ശബ്‌ദം പോലും ശബ്‌ദവിസ്‌ഫോടനമായെണ്ണുന്ന നാട്ടിലേക്ക് പറിച്ചുനടപ്പെടുന്നത്. സ്വാഭാവികമായും ഈ നിശബ്‌ദതയെ അതിജീവിക്കാൻ അയാൾ ശബ്‌ദങ്ങൾക്കു കാതോർത്തു തുടങ്ങുന്നു. മരപ്പലകകൾ പാകിയ അപ്പാർട്ട്‌മെന്റിന്റെ മുകൾ നിലയിലെ ഒച്ചയനക്കങ്ങളിൽ നിന്ന് അവിടെ ഒരു  നായ കൂടി താമസമുണ്ടെന്നു മനസിലാക്കിയെടുക്കുന്നതും അത്തരം ചെവിയോർക്കലിലൂടെയാണ്. ഭാര്യ കുമികോ അവളുടെ വീട്ടിലേക്കു പോയ ദിവസങ്ങളിൽ കൂടുതൽ ഒറ്റയ്ക്കായ നായകൻ മുകൾനിലയിലെ ഈനു എന്ന ഡാൽമേഷ്യനോടും അവന്റെ ഉടമസ്ഥയായ സുന്ദരിയോടും  സൗഹൃദത്തിലാവുന്നു. മിയാസോവയിലൂടെ മനസിലാക്കിയെടുക്കുന്ന ടോക്യോവിന്റെ സംസ്‌കാരം, ഈനുവിന്റെ, പാർക്കിലെത്തുന്ന അനേകം നായ്ക്കളുടെയും ഉടമസ്ഥരുടെയും കഥ. സൗഹൃദത്തിൽ പ്രണയത്തിന്റെ ഛായ പെട്ടന്നു കലരുന്നു. ഏകാന്തതയാണോ നിശബ്‌ദതയാണോ യഥാർത്ഥ പ്രശ്‌നമെന്ന അവളുടെ ചോദ്യത്തിന് അയാൾക്ക് കൃത്യമായ ഉത്തരമില്ല. മനുഷ്യരെക്കാൾ യന്ത്രങ്ങൾ സംസാരിക്കുന്ന, അനാവശ്യമായും നിയമം തെറ്റിച്ചും കുരയ്ക്കുന്ന ഒരൊറ്റ തെരുവു പട്ടി പോലുമില്ലാത്ത നഗരത്തിൽ അയാൾ ഏകാന്തതയുടെയും നിശ്ശബ്‌ദതയുടെയും തടവുകാരൻ തന്നെയാണ്. മൗനത്തിന്റെ, മനനത്തിന്റെ, ദാർശനികവും ആനന്ദദായകവുമായ മുക്‌തിയെക്കുറിച്ചൊന്നും ചിന്തിക്കാനോ ആസ്വദിക്കാനോ കഴിയാത്ത വിധം അയാൾ ചെറുപ്പക്കാരനും നിശബ്‌ദതയാൽ മുറിവേൽപ്പിക്കപ്പെട്ടവനുമാണ്. അയാൾക്കാവശ്യം ഒച്ചകളാണ്. ശരീരാധിഷ്ഠിതമായ ആസക്‌തികളുടെ ഉറക്കെയുള്ള വെളിപ്പെടലുകളാണ്. അവളുടെ അപ്പാത്തേയിലേക്കുള്ള ക്ഷണം അതുകൊണ്ടുതന്നെ അയാളെ പ്രലോഭിപ്പിക്കുന്നു.

പക്ഷേ ആ സന്ദർശനം ഉണ്ടാവുന്നില്ല. മുകളിലെ മുറിയിലെ താമസക്കാരൻ പഴയൊരു അധോലോക നായകനാണെന്നും അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത നായ തന്നെയാണ് അയാളുടെ സഹായിയായി കൂടെയുള്ളതെന്നും കുമികോവിൽ നിന്നറിയുമ്പോൾ അയാൾ മരവിച്ചു പോകുന്നു. മിയാസോവയും ആ ഡാൽമേഷ്യനും അയഥാർത്ഥമായിരുന്നു – ഏകാകിയായ അയാളുടെ മനസിന്റെ മനോഹരമായ ഭാവനാസൃഷ്‌ടി. യാഥാർത്ഥ്യം ഭയാനകവും  കനിവറ്റതുമാണ്.

തന്റെ സങ്കൽപ്പങ്ങളെ, ആഗ്രഹങ്ങളെ മൂർത്തമാക്കാനുള്ള വ്യഗ്രത മനുഷ്യ മനസിനു സഹജമാണ്. സാധ്യമാവുന്നേടത്തോളം യാഥാർത്ഥ്യബോധത്തോടെ അവബോധമനസ് അവയെ യഥാതഥമാക്കുകയും ചെയ്യുന്നു. സ്വപ്‌നത്തിന്റെ ആർദ്രതയില്ലാത്തതായി ഒരു ചിന്തയും ഒരു കലാസൃഷ്‌ടിയും ഉണ്ടാവുന്നില്ലെന്ന പ്രശസ്‌തമായൊരു നിരീക്ഷണമുണ്ട്. ചിലപ്പോൾ യുക്‌തികൾ കൊണ്ടു നിർണയിക്കാനാവാത്ത അതീന്ദ്രിയം പോലുമായ, അനുഭൂതികളുടെ ആവിഷ്‌കാരമാവുന്നു കഥ. ധ്യാനതീവ്രമായ, മൗനമുറഞ്ഞ ഒരു  ജീവിത ശൈലിയെ അമ്പരപ്പോടും അകൽച്ചയോടും നോക്കിക്കാണുന്ന തുറന്നുവിട്ട ഒച്ചകളുടെ നാട്ടിൽ നിന്നു വരുന്നയാളുടെ സന്ദിഗ്ദ്ധതകൾ, അരക്ഷിതത്വം കഥയിലെ വിഭ്രാന്തികളെ ന്യായീകരിക്കാൻ കൃത്യമായും പര്യാപ്‌തമാവുന്നു. ടോക്യോവിലെ അച്ചടക്കത്തോടെ കുരയ്ക്കുന്ന, അനുസരണയോടെ കളിക്കുന്ന നായ്ക്കളുമായി താരതമ്യം ചെയ്‌ത്‌ സ്വന്തം വീട്ടിലുണ്ടായിരുന്ന നായ്ക്കളെക്കുറിച്ചയാൾ ഓർക്കുന്ന ദൃശ്യം തന്നെ സാംസ്‌കാരികമായ അന്തരം സ്‌പഷ്‌ടമാക്കാൻ ഏറെ ഉതകുന്നുണ്ട്. കഥാവസാനം സുന്ദരിയായ മിയാസോവ മാഞ്ഞു പോവുകയും  ഇരുണ്ടു കറുത്തൊരു അനുഭവാഖ്യാനം തൽസ്ഥാനത്തു കടന്നു വരികയും ചെയ്യുന്നു. അതാണ് സത്യം. മറ്റെല്ലാം മിഥ്യകളായിരുന്നു. പക്ഷേ അതിജീവനത്തിന് അത്തരം മിഥ്യകളുടെ കൂട്ട് കൂടിയേ കഴിയൂ മനുഷ്യർക്ക്.

അബ്രഹാമികൾ അലച്ചിലിന്റെ, അന്വേഷണത്തിന്റെ, പ്രയാണത്തിന്റെ കഥയാണ്, എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്തുകയില്ല, ഒരു പക്ഷേ എത്തുകയേയില്ല. പക്ഷേ നടത്തം നിർത്താനുമാവില്ല. വഴി തന്നെ ഇല്ലാത്തിടങ്ങളിലൂടെ, അടച്ചു കളഞ്ഞ വഴികളിലൂടെ സഞ്ചരിച്ചേ മതിയാവൂ. അബ്രഹാമിന്റെ വംശാവലിയുടെ തുടർച്ചയാണ് മനുഷ്യരെല്ലാവരും, അവർ ആദികാലം മുതൽ നിരന്തരമായ സഞ്ചാരങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. വഴിതെറ്റിയെത്തുന്നിടങ്ങളിൽ അസുഖകരമായ എത്രയോ കാഴ്‌ചകൾ അവർക്ക് കണ്ടു തീർക്കാനുണ്ട്. കേവലം സാക്ഷിയാവൽ മാത്രമല്ല, ആ സംഭവങ്ങൾക്കുള്ളിൽ തീവ്രമായകപ്പെട്ടു പോകേണ്ടതുമുണ്ട്.

തിന്മയുടെ ദേശമായ പുലിക്കുന്നിലെ പുതിയ പള്ളി വെഞ്ചരിക്കാനും കുർബാന ചൊല്ലാനും പാപികളെ നേർവഴി കാട്ടാനുമാണ് അറീലിയോസച്ചൻ പുറപ്പെടുന്നത്. കാട്ടുവഴികളിലൂടെയുള്ള രാത്രിയാത്ര അയാളെ ഉത്തേജിതനാക്കുന്നു. അപരിചിതമായ വഴിത്താരകൾ, അപകടങ്ങൾ, അതിനിടയിൽ അദ്ദേഹം കാണുന്ന, ഉൾപ്പെട്ടു പോകുന്ന വിചിത്രമായ ഒട്ടനവധി സംഭവങ്ങൾ.

എന്തിനെന്നറിയാതെ എന്തിന്റെയെങ്കിലും പിന്നാലെ പോകുന്നതിലെ വല്ലാത്ത രസമാണ്  അദ്ദേഹത്തെ ആ നടത്തത്തിനായി പ്രേചോദിപ്പിക്കുന്നത്‌ .വഴിതെറ്റി തെറ്റി ഉടുതുണി പോലുമില്ലാതെ അച്ചനെത്തുന്നത് പന്നിമലയിൽ. അവിടുത്തെ ദുരന്തക്കാഴ്ച്ചകൾക്കും അയാൾ ദൃക്‌സാക്ഷിയാവുന്നു. ഒടുവിൽ തന്നെ കാത്തു പന്നിമലയ്‌ക്കെതിർവശം കിടക്കുന്ന പുലിക്കുന്നിലേക്ക്, ഇല്ലാത്ത വഴികളിലൂടെയുള്ള യാത്ര അച്ചൻ തുടർന്നേ മതിയാവൂ, അതദ്ദേഹത്തിന്റെ നിയോഗമാണ്. പന്നിമലയിലെ രണ്ടു ജനനങ്ങൾ, ഒന്ന് അച്ചന്റെ ഭ്രമ കൽപ്പനയാണ്, മറ്റൊന്ന് യഥാർത്ഥവും. മരണം വിധിച്ച് കെട്ടിയിടപ്പെട്ട പൂർണ ഗർഭിണിയായ പെൺപന്നി  രക്ഷപെടുന്നത് പള്ളീലച്ചന്റെ മകനെ പുലി പിടിച്ചു കൊണ്ടുപോയതോടെയുണ്ടാവുന്ന ആശങ്കകൾക്കിടയിലാണ്. വിചിത്രവും ശിഥിലവുമായ ദൃശ്യങ്ങളുടെ പരമ്പരയാണ് കഥയൊട്ടാകെ. മനുഷ്യന്റെ നിസഹായതകളും, പുണ്യപാപ സങ്കൽപ്പങ്ങളുമെല്ലാം ഇഴുകിച്ചേർന്ന കഥാന്തരീഷത്തിന്റെ മുറുക്കവും തീവ്രതയും അസൂയാവഹം തന്നെയായിരിക്കുന്നു. അസ്വാഭാവികമോ അതിവൈകാരികമോ ആയ സംഭവങ്ങളുടെ ആധിക്യം പക്ഷേ കഥയെ അൽപ്പമൊന്നു ദുർബലമാക്കുന്നതും കാണാതെ വയ്യ. അച്ചന്റെ നക്‌സൽ ബന്ധം പോലുള്ളവ ഉദാഹരണം. അത്തരം ചില ന്യൂനതകളൊഴിവാക്കിയാൽപ്പോലും അബ്രഹാമികൾ ഏതൊക്കെയോ വിഭ്രാന്തികൾക്കിടയിലൂടെ, ചരിത്രവും വർത്തമാനവുമൊക്കെ കൂടിപ്പിണഞ്ഞ കാട്ടുവഴികളിലൂടെ അതിശീഘ്രം വായനക്കാരെയും കൊണ്ടോടുകയാണ്, ആ യാത്രയുടെ ക്ലേശങ്ങളെല്ലാം അച്ചൻ മാത്രമല്ല, അവരും ഹൃദയത്തിലറിയുന്നു. കഥയുടെ വിജയമാണത്.

പുത്രം ആവർത്തിക്കുന്ന ചരിത്രത്തിന്റെ ആഖ്യാനമാണ്. സ്‌ത്രീലമ്പടനും സമ്പന്നനുമായ അച്ഛൻ, അയാളുടെ സ്വേച്ഛാപൂർണമായ രതികൾ, ഹിംസകൾ. പലതിനും ദൃക്‌സാക്ഷിയാവേണ്ടി വന്ന മകൻ അച്ഛനോട് സവിശേഷമായ രീതിയിലാണ് പ്രതികാരം ചെയ്യുന്നത്. അച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്ന ഭവാനിയുടെ പ്രേതത്തെ അവൻ പരകായപ്രവേശത്തിലൂടെ അച്ഛന്റടുത്തെത്തിക്കുന്നു. അച്ഛൻ തകർന്നു വീണപ്പോഴാണ് മകന് മനസിലാവുന്നത് അധികാര കൈമാറ്റമൊരു ലഹരിയാണ്. പുതിയ ഭവാനിമാർ അയാൾക്കുമുണ്ടാവുന്നു.

ഒടുവിൽ അച്ഛന്റെ മരണശേഷം അച്ഛന്റെ കുപ്പായത്തിൽ സ്വയം കുടുങ്ങിയവനായി കാണുന്ന മകന് ബലിയിടാൻ നാളും നക്ഷത്രവും പറഞ്ഞു കൊടുക്കുന്ന അമ്മ അവനെ ഞെട്ടിക്കുന്നു. മരിച്ചത് അച്ഛനല്ല, മകൻ തന്നെയാണ്. ആ മരണം ശരീരത്തിന്റേതല്ല. മനസിന്റേതാണ്. അധികാരവും ഹിംസയും  അത്രത്തോളം ജീർണ്ണിപ്പിച്ച മനസിന്റെ മരണം. പെണ്ണിന്റെ അതിജീവന തന്ത്രങ്ങളുടെ നിഗൂഡത, ചുട്ടു നീറ്റുന്ന പെൺപക  അയാൾക്കിനി ജീവിക്കാനുള്ള അർഹതകളെ നിഷേധിക്കുകയാണ്.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account