മാതൃഭൂമിയിൽ എം.ജി .ബാബു എഴുതിയ ഇരുട്ട് എന്ന കഥയുടെ ഏറ്റവും വലിയ സവിശേഷത അതിനു വരച്ചിരിക്കുന്ന ചിത്രങ്ങളാണ്. ഇരുട്ടിനെ ഒരു വികാരമായോ അനുഭവമായോ ഒക്കെ വിനിമയം ചെയ്യുന്നുണ്ട് കെ. ഷെരീഫിന്റെ വരകൾ. ചിലപ്പോഴെങ്കിലും കഥയേക്കാൾ കഥയുടെ ഭാവം പകർത്തുന്നത്, പ്രകടിപ്പിക്കുന്നത് ചിത്രങ്ങളായിപ്പോവുമെന്നത് സത്യവുമാണ്. ഇരുട്ടിൽ ഒരു പ്രാദേശിക പത്രപ്രവർത്തകൻ നേരിടുന്ന പ്രതിസന്ധികളാണ് കഥാതന്തു. രണ്ടു തരത്തിലുള്ള വിഷമസന്ധികളാണ് ഒരു പത്രലേഖകൻ അഭിമുഖീകരിക്കേണ്ടി വരുന്നതെന്ന് രാജു ഓർക്കുന്നുമുണ്ട്. ക്രൂരമായ സത്യം മറ്റെല്ലാവരും അറിയുകയും ഒരാൾ മാത്രം അറിയാതിരിക്കുകയും ചെയ്യുന്ന സർവ്വസാധാരണമായ അവസ്ഥയാണൊന്ന്. രാജു നേരിടുന്ന പ്രശ്‌നമാവട്ടെ, സത്യം അയാൾക്കു മാത്രമേ അറിയൂ എന്നതാണ്. മറ്റെല്ലാവരും അതിനെക്കുറിച്ച് അജ്ഞരായിരിക്കുന്നു. ഈ വിഷമസന്ധി കൈകാര്യം ചെയ്യാൻ പ്രയാസമാണു താനും.

പഴയ സഖാവും പാട്ടുകാരനുമൊക്കെയായ മാണി ലൂക്കോസിന്റെ അപകടമരണമറിഞ്ഞ് പിറ്റേന്നത്തെ പത്രത്തിലേക്ക് അയാളുടെ ഫോട്ടോ തിരഞ്ഞു വരുന്ന രാജുവിന്റെ സമ്മർദ്ദങ്ങളാണ് കഥ. മണ്ണെണ്ണ വാങ്ങാൻ പോയ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ, അച്ഛൻ നഷ്‌ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ച് അസ്വസ്ഥനായ മകൻ, ബില്ലടക്കാത്തതുകൊണ്ട് വെളിച്ചം കെട്ടുകൊണ്ടിരിക്കുന്ന കുന്നുമ്പുറത്തെ പഴയ വീട്… കഥയെ സ്‌തോഭജനകമാക്കുന്നതൊക്കെ ഇവിടെയുണ്ട്. രാജുവകപ്പെട്ട വിഷമവൃത്തത്തിന്റെ സംഘർഷങ്ങൾ കുറെയെല്ലാം കഥ അനുഭവപ്പെടുത്തുന്നുണ്ട്. മരണ വാർത്ത അപരിചിതനായ തന്നിൽ നിന്നല്ല അമ്മയും മകനും അറിയേണ്ടതെന്നയാൾ അവസാനം നിശ്ചയിക്കുന്നു. കിട്ടിയ ഫോട്ടോയുമായി തികഞ്ഞ പ്രൊഫഷണലിനെപ്പോലെ അവിടം വിടുകയും ചെയ്യുന്നു. വൈകാരികതകൾക്കിടമില്ലാത്തതാണ് പലപ്പോഴും പത്രക്കാരന്റെ ജോലി. അക്കാര്യം വൃത്തിയായി സൂചിപ്പിക്കുന്നുമുണ്ട് ഇക്കഥ. പക്ഷേ വളരെ തിരക്കിട്ട് എഴുതിയതാണോ എന്നു തോന്നിപ്പിക്കുന്ന രീതിയിൽ ധാരാളം അഭംഗികൾ കഥയിൽ മുഴച്ചു നിൽക്കുന്നു. ഒരുപക്ഷേ പത്രാധിപരുടെ ആവശ്യാർത്ഥം പെട്ടന്നു പൂർത്തിയാക്കിയതാവാം കഥ. രണ്ടാമതൊരു വായനയ്ക്കു സാവകാശം ഇല്ലാതെ വന്നിരിക്കാനും ഇടയുണ്ട്. ഒന്നാമത്തെ ചെറിയ  പാരഗ്രാഫിൽത്തന്നെ രണ്ടു തവണയാണ് രാജു അക്ഷമയോടെ നോക്കുന്നത്. ‘ഒരു ദുർബ്ബലമായ മെഴുകുതിരി’ പോലത്തെ പ്രയോഗങ്ങളും സുലഭം. ‘സാറിരുന്നാട്ടെ’ എന്നൊക്കെ പറയുന്ന അപരിഷ്‌കൃതയായ സ്‌ത്രീയുടെ തുടർന്നുള്ള സംഭാഷണം അച്ചടി വടിവുള്ള സാഹിത്യ ഭാഷയിലും. അതിക്രമിച്ചു, കലഹിച്ചു.. അങ്ങനെ പല ഉദാഹരണങ്ങൾ. മുണ്ടും ഷർട്ടുമിട്ട് പുറത്തു നിന്നു കടന്നു വന്ന മകൻ അൽപ്പസമയം കഴിഞ്ഞ് പാന്റും ഷർട്ടും മാറ്റി മുണ്ടുടുത്ത് മുറിയിൽ നിന്നു ഇറങ്ങിവരുന്നു. ഏച്ചുകെട്ടിയ പോലെ ഉദ്യോഗത്തെ കുറിച്ചു അമ്മയും മകനും തമ്മിലുള്ള  സംഭാഷണവുമുണ്ട്. വിദ്യാസമ്പന്നനായ, ഉദ്യോഗാർത്ഥിയായ, പക്ഷേ സ്വന്തമായി മൊബൈൽ ഫോണില്ലാത്ത ചെറുപ്പക്കാരൻ, മെഴുകുതിരി തീർന്നതുകൊണ്ട് മണ്ണെണ്ണ വാങ്ങാൻ പോകുന്ന ഗൃഹനാഥൻ.. ഇങ്ങനെ നിരവധി അസുഖകരമായ  വൈരുദ്ധ്യങ്ങളാണ് കഥയിലൊട്ടാകെ . കുട്ടിക്കാലത്ത് ചില്ലു പൊട്ടിച്ച ഫോട്ടോ ഇത്ര കാലവും അച്ഛൻ അന്വേഷിക്കാത്തതും ഈ വർഷങ്ങളത്രയും അത് മകൻ സൂക്ഷിക്കുന്നതുമൊക്കെ അവിശ്വസനീയമായിരിക്കുന്നു. ചുരുക്കത്തിൽ നല്ലതാകുമായിരുന്ന ഒരു കഥയെ ഞെക്കിപ്പഴുപ്പിച്ച് അരുചികരമാക്കിയിരിക്കുന്നു കഥാകൃത്ത്.

അതേ ലക്കത്തിൽ ഐസക് ഈപ്പന്റെ കാട്ടുപൂച്ച എന്ന കഥയുമുണ്ട്. ദുഷ്‌ടനായ സിൽവർസ്റ്ററിനെ തലയ്ക്കടിച്ച്  പൊട്ടക്കിണറ്റിൽ തള്ളുന്ന റീത്താമ്മ, പിടിക്കപ്പെടാതിരിക്കാൻ ചില പ്രായോഗികബുദ്ധിയും അവൾ പ്രകടിപ്പിക്കുന്നുണ്ട്. കഥ പഴയതു തന്നെ. പീഡനം, കൊലപാതകം, അനാഥത്വം, ബലാൽക്കാരം… ഒരു സ്‌ത്രീയെ കൊലപാതകിയാക്കാനുള്ള ചേരുവകളെല്ലാം യഥാവിധി ചേർത്തിരിക്കുന്നു. മേമ്പൊടിക്ക് കമ്മ്യൂണിസത്തിന്റെ ആദർശങ്ങളും.

സമകാലിക മലയാളത്തിൽ വി.കെ.കെ രമേഷ് എഴുതിയ ഡ്രാക്കുള രസകരമായി വായിക്കാവുന്ന ഹൊറർ പശ്ചാത്തലമുള്ള കഥയാണ്. ബ്രോംസ് റ്റോക്കറുടെ  ഡ്രാക്കുള നോവലിന്റെ ആരംഭത്തിലുള്ളതുപോലെ തന്നെയാണ് കഥയുടെ തുടക്കവും. കഥാനായകന്റെ പേര് കോട്ടയം പുഷ്‌പനാഥ് എന്നും. അസ്ഥി മരവിപ്പിക്കുന്ന അനേകം പ്രകൃതിക്ഷോഭങ്ങൾ കടന്ന് ഡ്രാക്കുള കോട്ടയിലെത്തുമ്പോൾ അയാളെ എതിരേൽക്കുന്നത് രണ്ടു പിശാചിനികളാണ്. അവരുടെ കൈയ്യിൽ നിന്ന് അയാൾ മോചിപ്പിക്കുന്ന കുട്ടി, യക്ഷികളിലൊരാൾ അയാളെ ഡ്രാക്കുളയെന്നു വിളിക്കുന്നു. കോട്ടയ്ക്കുള്ളിൽ സാഹസികമായി കടന്നു ചെല്ലുന്ന അയാൾക്ക് താൻ തന്നെയാണ് ഡ്രാക്കുളയെന്നു തിരിച്ചറിവുണ്ടാകുന്നു. ‘വിഷാദഭരിതമായ പള്ളികളും വനപാതയുമൊക്കെ പിന്നിട്ട് ഇവിടെയെത്തിയത് ഞാനല്ല, ഞാനിവിടെത്തന്നെയുണ്ടായിരുന്നു. ഉണ്ടായിരിക്കയും ചെയ്യും. ഞാൻ എവിടെ നിന്നും വന്നവനല്ല. എന്നെക്കാണാൻ എനിക്കു വരേണ്ടതില്ലല്ലോ’.  ഒടുവിൽ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് അയാളാ കുട്ടിയെ അവന്റെ വീട്ടിലെത്തിക്കുന്നു. സ്‌നേഹത്തിന്റെ അധിദിനസ്‌മരണ. അധികം വൈകാതെ കുരിശിനാൽ ധൂളിയാകാനിരിക്കുന്നവന്റെ പ്രായശ്ചിത്തം. കഥയുടെ അന്തരീക്ഷസൃഷ്‌ടി ശ്രദ്ധേയമായിരിക്കുന്നു. ആ പ്രേതഭവനത്തെ, ഡ്രാക്കുളയെ ഭീതി വളർത്തുന്ന രീതിയിൽ തന്നെ വരച്ചിരിക്കുന്നു. അതേ സമയം തന്നെ നർമ്മത്തിന്റെ നേരിയൊരൊഴുക്ക്  നമ്മൾ കാണാതിരിക്കുന്നുമില്ല. പല വീക്ഷണകോണിലുള്ള വായനകൾക്കു സാധ്യതയുള്ള നല്ലൊരു കഥയാണ് ഡ്രാക്കുള.

മാധ്യമത്തിൽ യു.എ.ഖാദർ എഴുതിയ പാതിരാ മലരുകൾ തറവാടും പണിക്കാരിപ്പെണ്ണുങ്ങളും കാര്യസ്ഥൻ കുഞ്ഞിക്കണാരൻ നായരും നിറഞ്ഞ  പത്തായവും നാട്ടിൻ പുറ ദൃശ്യങ്ങളുമെല്ലാം ചേർന്ന ഒരു ഫ്യൂഡൽ നൊസ്റ്റാൾജിക് ഛായ, പഴഞ്ചൻ മണം, പഴക്കമുള്ള ശൈലി.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account