കഥ കാലത്തെ പ്രതിഫലിപ്പിക്കണമെന്നും സമൂഹത്തിന്റെ പരിച്ഛേദമാവണമെന്നുമൊക്കെയുള്ള നിർബന്ധങ്ങൾക്ക് പുതിയകാല കഥകളെ സംബന്ധിച്ച്  എന്തെങ്കിലും പ്രസക്‌തിയുണ്ടോ എന്നതിനെക്കുറിച്ചുള്ള ആലോചനകൾക്കുപോലും ഇടമില്ലാത്ത വിധമാണ് കഥയെഴുത്ത് പലപ്പോഴും നടക്കുന്നത്. കല/കഥ ജീവിതം തന്നെയെന്ന് മിക്കവാറും വിസ്‌മരിപ്പിച്ചു കൊണ്ട് എത്രയോ സൂക്ഷ്‌മമായാണ് അത് ജീവിതം തന്നെയാവുന്നത്.

സമകാലികമലയാളത്തിൽ സുസ്‌മേഷ് ചന്ത്രോത്ത് എഴുതിയ കണ്ണാടിക്കാലം പക്ഷേ അക്ഷരാർത്ഥത്തിൽത്തന്നെ പുതിയ കാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. ഇത്രയും പ്രകടമായ വിധത്തിലുള്ള  സമൂഹചിത്രണം മുദ്രാവാക്യപാകത്തിൽ കഥയുടെ, അല്ലെങ്കിൽ കഥയ്ക്കുണ്ടാവണമെന്നു നമ്മൾ ശഠിക്കുന്ന ധ്വനന -നിമീല ഭംഗികൾ ചോർന്നു പോയി വിരസമാവുന്നതാണ് സ്വാഭാവികം. പക്ഷേ കണ്ണാടിക്കാലം അങ്ങനെയാവുന്നില്ല എന്നു മാത്രമല്ല, അതിശയകരമായ വിധത്തിൽ അതു ഹൃദയത്തിലേക്കു പടരുന്നു, പടർന്നു പെരുകുന്നു.  ആരോഗ്യകരമായ സാംസ്‌കാരിക രാഷ്‌ട്രീയ പരിസരങ്ങളിലൂടെയല്ല, സുഖകരമായ അനുഭവങ്ങളിലൂടെയുമല്ല, സമകാലകേരളീയ സമൂഹം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആ അസ്വസ്ഥതയൊട്ടാകെ പ്രത്യക്ഷത്തിൽത്തന്നെ കഥയിലുണ്ട്. രണ്ടു കാലങ്ങൾക്കിടയിലുള്ള  കൃത്യമായൊരു പിളർപ്പ്, അതിന്റെ അഗാധത ചിന്തിക്കാനാവുന്നതിനുമപ്പുറമാണ്, അനായാസമായിരുന്ന  ഒരൊഴുക്കിനു പെട്ടന്നുണ്ടായ തടസ്സം, അത് ഇനിയൊരിക്കലും നീക്കിക്കളയാനാവാത്തതുമാണ്. ഇനി ഒന്നും പഴയതുപോലായിരിക്കില്ല.

കണ്ണാടിക്കാലത്തിൽ ജീവിതത്തിന്റെ/കാലത്തിന്റെ രണ്ടു മാതൃകകളുണ്ട്. ഫ്യൂഡൽ – ബൂർഷ്വാ കാലത്തിന്റെ മഹനീയമെന്നും അനുകരണീയമെന്നും അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്ന മൂല്യഘടനകളെ നിരന്തര വിചാരണകളിലൂടെ മാറ്റിപ്പണിത വ്യക്‌തികളുടെ കാലം, അവരുടെ സാഹസികമായ ജീവിതം – അതാണ് ഒന്നാമത്തേത്. സമൂഹത്തെയും സംസ്‌കാരത്തെയും പുനർനിർമ്മിച്ച നവോത്ഥാനമൂല്യങ്ങളോടേറ്റുമുട്ടി പഴയ സംസ്‌കാരത്തിലേക്ക്, അതിന്റെ സങ്കുചിതത്വങ്ങളിലേക്ക് ആവേശപൂർവ്വം തിരിച്ചു പോവുന്ന പുതിയ മനുഷ്യരുടെ, സേഫ് സോണുകളിലെ ജീവിതമാണ് രണ്ടാമത്തേത്. തികച്ചും മതാധിഷ്ഠിതമായ, ജാതിമതങ്ങളെ മുൻനിർത്തി മാത്രം മനുഷ്യരെ വേർതിരിച്ചറിയുന്ന പുതിയ ധാർമ്മികത പകർച്ചവ്യാധിയെന്നോണം അതിവേഗത്തിൽ സമൂഹശരീരത്തെ കാർന്നു കൊണ്ടിരിക്കുന്നതിലെ ഉഗ്രതയാണ് സുസ്‌മേഷിന്റെ കഥ പറയുന്നത്. പുതിയ രീതിയിൽ സാമൂഹ്യവൽക്കരിക്കപ്പെട്ട വ്യക്‌തികൾ കോണോൻ വാലു പോലെയെന്ന് പണ്ടധിക്ഷേപിച്ച് തള്ളിക്കളഞ്ഞ ജാതിവാല്  പ്രിയത്തോടെ ദേഹത്ത് ഒട്ടിച്ചു വെയ്ക്കും. അവർക്ക്‌ കൂടപ്പിറപ്പുകളേക്കാൾ ആഴത്തിൽ സ്‌നേഹിച്ച ആപ്‌തമിത്രങ്ങളായ ചെല്ലനെയോ ഇബ്രാഹിമിനെയോ ഇനിമേൽ തിരിച്ചറിയാനാവില്ല. പുലയനെന്നും മുസ്ലീമെന്നുമേ അവരെ അടയാളപ്പെടുത്താനുമാവൂ.

യുക്‌തിസഹമായി ചിന്തിക്കാൻ പഠിപ്പിച്ച കമ്മ്യൂണിസത്തെ അവർ നിർദ്ദയം തള്ളിപ്പറയും. മുൻ കാലത്ത് പ്രിയപ്പെട്ടതും സ്വീകാര്യവുമായതിനെയെല്ലാം എത്ര വേഗത്തിൽ അവർ വലിച്ചെറിയുന്നു. ഇക്കാലത്ത്  ട്രെൻഡി ആയും ഫാഷൻ ആയും കണക്കാക്കപ്പെടുന്ന മതബോധത്തിന്റെ ഇടുങ്ങിയ ഏക തലക്കാഴ്‌ചകൾ മാത്രമേ ഇനിയവർക്കുള്ളൂ, അതിലവർ സന്തുഷ്‌ടരുമാകുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ഗുരുതര പ്രതിസന്ധികളെ ഒന്നൊന്നായി എടുത്തു കാട്ടുന്നതുകൊണ്ടു തന്നെയാണ് ഈ കഥയുടെ രാഷ്‌ട്രീയം ശ്രദ്ധേയമാവുന്നത്. അതിത്രയും തെളിച്ചു പറയുന്നതാണ് രചനയിലെ ബുദ്ധിപൂർവ്വമായ കൗശലം. അതൊരു തെരഞ്ഞെടുപ്പാണ്. വേണമെങ്കിൽ ഒളിച്ചും മറച്ചും പറയാം. പക്ഷേ  യഥാർത്ഥമായതിനെ അതിന്റെ മുഴുവൻ പരുഷതയോടും കൂടി തുറന്നു കാട്ടുകയാണീ കഥ.

കെ.വി. മണികണ്ഠൻ മാതൃഭൂമിയിൽ എഴുതിയ അഫ്‌റാജ് ഒരുപക്ഷേ ഇതുവരെ മലയാളത്തിലാവിഷ്‌കരിക്കപ്പെടാത്ത തരം  ജീവിതത്തിന്റെ സഫലമായ ആഖ്യാനമാണ്. അനാഥത്വവും ഏകാന്തതയുമൊക്കെയാണ് കഥാവിഷയം. പക്ഷേ ഹൃദയത്തിൽത്തന്നെ മുറിവേറ്റവൻ, എപ്പോഴും തിളച്ചു കൊണ്ടിരിക്കുന്നവൻ, ഉള്ളിൽ കടൽ കൊള്ളക്കാരന്റെ സ്വഭാവമുള്ള മുഷി മുക്ര കുത്തിക്കൊണ്ടിരിക്കുന്നവൻ. അവന്റെ അസ്വസ്ഥതകളെ   വ്യത്യസ്‌തമായിത്തന്നെ ചിത്രീകരിക്കാൻ മണികണ്ഠനു കഴിയുന്നു. പാതി അറബിയും പാതി മലയാളിയുമായ സങ്കര സന്തതിയുടെ സ്വത്വ പ്രശ്‌നങ്ങളാണ്  യഥാർത്ഥത്തിൽ കഥയുടെ കാതൽ. അറബിയായ ബാബയ്ക്ക് തെമ്മാടിയായ ജാസിമിനെ വേണ്ട. ജയിൽശിക്ഷയുടെ തുടർച്ചയായി ജാസിം തികച്ചും അപരിചിതമായ മലബാറിലേക്ക് നാടുകടത്തപ്പെടുന്നു. ഇനി തിരിച്ചു പോകാനാവില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത നാട്ടിൽ, അറിയാത്തവർക്കിടയിൽ ഉടുതുണി മാത്രമായി പകച്ചു നിൽക്കേണ്ടി വന്നവന്റെ ഭീതിയും ദാരിദ്ര്യവും ഏകാന്തതയും പോലെ മറ്റൊന്നില്ല. കഥയിൽ മറ്റൊരു നാടുകടത്തലുമുണ്ട്. അറബി കല്യാണം കഴിച്ച്  കൂടെക്കൊണ്ടുപോയ ഉമ്മയുടെ. ഭർത്താവ് അവൾക്കായി പാസ്സ്‌പോർട്ടെടുക്കാത്തതുകൊണ്ട്‌  ജനിച്ച നാട് പിന്നൊരിക്കലും കാണാനാവാതെ വന്നവൾ. ഒരാൾ നിയമത്തിന്റെ കാർക്കശ്യം കൊണ്ടു നാടുകടത്തപ്പെടുമ്പോൾ മറ്റേയാൾ വിവാഹമെന്ന സ്ഥാപനത്തിന്റെ കർശന വ്യവസ്ഥകൾ കൊണ്ട് നാടുകടത്തപ്പെടുന്നു. രണ്ടു പേരുടെ നിസഹായതയും കഥ അനുഭവപ്പെടുത്തുന്നുമുണ്ട്. ജാസിമിന്റെ ജീവിതം കടന്നു പോയ അപരിചിതമായ അനുഭവഭൂമികകൾ വായനക്കാരിൽ ആകാംക്ഷയും ഭയവും ജനിപ്പിക്കുന്നു. അയാളുടെ ഖിസ്സ ചോദിച്ചറിയുന്ന, അതു സ്റ്റോറിയാക്കാൻ വെമ്പുന്ന, അയാളെ കിടക്കയിൽ കശക്കിയുടക്കാൻ കൊതിക്കുന്ന എലിസബത്തെന്ന ജേണലിസ്റ്റിനെ പക്ഷേ മണികണ്ഠന്റെ വേറേതൊക്കെയോ കഥകളിൽ കണ്ട പ്രതീതി, മുറുകി മുറുകിപ്പോകേണ്ടിയിരുന്ന കഥ എവിടൊക്കെയോ അയഞ്ഞു പോവാനുള്ള കാരണമായും അവൾ മാറുന്നു, കഥ വായിച്ചു തീരുമ്പോൾ അദൃശ്യമായ ഏതോ ഒരു പിരിയാണിയുടെ അയവ് സുന്ദരമായ കഥാശിൽപ്പത്തെ ഒട്ടൊന്നിളക്കുന്നുവല്ലോ എന്ന വേവലാതി, അതുകൂടി മുറുകിയിരുന്നെങ്കിൽ എത്രമേൽ അപൂർവ്വമായേനെ ഈ കഥയെന്ന തോന്നൽ – ഒരുപക്ഷേ വ്യക്‌തിപരമായതു മാത്രമാവാം – എങ്കിലും ഉണ്ടായിപ്പോകുന്നു.

ടി. പത്‌മനാഭന്റെ കഥയെഴുത്തിന്റെ എഴുപതു വർഷം ആഘോഷിക്കുകയാണ് മാധ്യമം. കാൽപ്പനികവും നൊസ്റ്റാൾജിയ നിറഞ്ഞതുമായ പുകഴ്ത്തുപാട്ടുകളാണ് കൂടുതലും. കൂട്ടത്തിൽ അദ്ദേഹത്തിന്റെ പുതിയ കഥയായ മായാമാളവ ഗൗളവുമുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ എഴുത്തിന്റെ കരുത്ത്, വ്യത്യസ്‌തം, ഭാവാത്‌മകം എന്നൊക്കെ ആരാധകർ ഈ കഥയെയും വാഴ്ത്തിയേക്കും. കഴിഞ്ഞ പത്തിരുപതു വർഷമായി അദ്ദേഹമെഴുതുന്ന സ്ഥിരം കഥകളിലൊന്ന്, എന്നതിനപ്പുറം ഒരു വിശേഷണവുമർഹിക്കാത്ത രചന. ഇത്തരം കഥകൾ ടി. പത്‌മനാഭൻ ഇനി എഴുതേണ്ടിയിരുന്നില്ല എന്ന് ആരാധകരല്ലാത്ത, പക്ഷേ അദ്ദേഹത്തിന്റെ കഥകളിഷ്‌ടപ്പെടുന്ന ശരാശരി വായനക്കാർ ആഗ്രഹിച്ചു പോകും.

– ജിസാ ജോസ്

2 Comments
  1. John 4 weeks ago

    നല്ല വായന

  2. nice

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account