വി.എച്ച്. നിഷാദ് മാതൃഭൂമിയിലെഴുതിയ മലാല ടാക്കീസ് വിലക്കുകളുടെ, വിലങ്ങുകളുടെ ഇത്തിരിയിടങ്ങളിൽ കുറ്റിയിലെന്നോണം കെട്ടിയിടപ്പെട്ട സ്‌ത്രീജീവിതങ്ങളുടെ മൗനപ്രതിഷേധത്തിന്റെ കഥയാണ്. അവർക്കു വേണ്ടി ‘പെമിനിസ്റ്റ് ജമാഅത്ത്’ നടത്തുന്നത്, അവർക്കു കൂടിയിരിക്കാനും ആകാശങ്ങളിലേക്കു പറന്നുയരാൻ ചിറകുവിടർത്താനും അവസരമുണ്ടാക്കുന്നത് ഭ്രാന്തനായ ഹസനെളാപ്പയും. അത്തരമൊരു ഭ്രാന്തിന്റെ, അത്തരമൊരു ഭ്രാന്തന്റെ വെളിച്ചം വീശലുകളില്ലെങ്കിൽ എക്കാലത്തും ഇരുട്ടിലാകേണ്ടിയിരുന്ന പെൺജീവിതങ്ങളുടെ നിസഹായതയാണ് ഈ കഥയെ വ്യത്യസ്‌തമാക്കുന്നത്. കോയി ബിരിയാണീം കല്ലുമ്മക്കായേം സുലൈമാനീം പിന്നെ വടക്കും തെക്കും ന്യൂസെത്തിക്കുന്ന കോളാമ്പിത്താത്തേമായാൽ ഞങ്ങളുടെ ലോകമായി എന്ന പെൺ വിശ്വാസത്തെയാണ് ഹസനെളാപ്പ കീഴ്‌മേൽ മാറ്റിമറിക്കുന്നത്.

മച്ചുമ്പുറത്ത് അയാൾ രഹസ്യമായി ആ നാലഞ്ചു പെണ്ണുങ്ങൾക്കുണ്ടാക്കിക്കൊടുത്തത് ഒരു സമാന്തര രഹസ്യ ലോകമായിരുന്നു. താഴത്തെ നിത്യമിടപെടുന്ന, ജീവിക്കേണ്ട ലോകത്തിൽ നിന്ന് ഇടയ്ക്കിടെ അവരാ മായാലോകത്തിലേക്ക് കോണി കയറി. ഒരുതരം ചിറകു വീശിപ്പറക്കൽ തന്നെയായിരുന്നു അത്. നിഷേധിക്കപ്പെട്ട ആനന്ദങ്ങളിലേക്ക്, വിലക്കപ്പെട്ട അറിവുകളിലേക്ക് ചില നിഗൂഡ പ്രയാണങ്ങൾ, ഫെമിനിസ്റ്റ് ജമാഅത്തുക്കൾ. ആദ്യമത് ആൻഫ്രാങ്ക് യൂണിവേഴ്‌സിറ്റിയായി പെണ്ണുങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചു. പിന്നെ  കമലാസുരയ്യ ഗ്രന്ഥാലയമായി അവരെ വായന ശീലിപ്പിച്ചു. പിന്നീട് മലാല ടാക്കീസായി, അവർക്കു മുന്നിൽ സിനിമക്കാഴ്‌ചകളുടെ വിസ്‌മയം തീർത്തു. ഓരോ തവണയും ഹസനെളാപ്പയും പെണ്ണുങ്ങളും കയ്യോടെ പിടിക്കപ്പെടുന്നു. വായനയും എഴുത്തും സിനിമക്കാഴ്‌ചകളും വിലക്കപ്പെടുന്നു. പക്ഷേ ഓളിനി വായിക്കാൻ പോകുന്നതേ ഉള്ളു, ഇനി മൊണ്ട് സിനിമകള്… എന്നൊക്കെയുള്ള എളാപ്പയുടെ വാക്കുകളിൽ ഇരുട്ടുമൂടിയ പെൺജീവിതങ്ങളുടെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെ സൂചനകളുണ്ട്. ഒരു ഭ്രാന്തനു മാത്രമുണ്ടാകുന്ന സഹാനുഭൂതിയാണത്. നോർമൽ ആയ മറ്റു മനുഷ്യർക്കോ, നോർമൽ ആയ അവസ്ഥയിൽ ഹസനെളാപ്പയ്ക്കു തന്നെയോ അവരോടു ഇത്തരത്തിലുള്ള  യാതൊരു മമതയുമില്ല. ചില ഭ്രാന്തുകൾക്കു മാത്രം വെച്ചു നീട്ടാൻ കഴിയുന്ന സ്‌നേഹവും കരുതലുമാണത്. ഹസനെളാപ്പയ്ക്കു വീണ്ടും ഭ്രാന്തു വരാനായി കൊതിക്കുന്ന പെണ്ണുങ്ങളിലാണ് കഥ അവസാനിക്കുന്നത്.

സമത്വം, സ്വാതന്ത്ര്യം, തുല്യനീതി തുടങ്ങിയവയെക്കുറിച്ചൊന്നും സ്വപ്‌നം കാണാൻ പോലും അവകാശമില്ലാത്ത ലിംഗാധികാരത്തിന്റെ രാഷ്‌ട്രീയയത്തെക്കുറിച്ചറിവില്ലാത്ത നിസഹായമായ പെൺലോകത്തെ ഇത്രമേൽ സത്യസന്ധതയോടെ, ആർജ്ജവത്തോടെ പകർത്തിയെന്നതുതന്നെയാണ് നിഷാദിന്റെ കഥയുടെ സവിശേഷത. പൂർണമായും പുരുഷനിർമ്മിതമായ വ്യവസ്ഥകളിൽ  അവന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനായി മാത്രം ജീവിക്കേണ്ടി വരുന്ന, പുറം ലോകങ്ങളില്ലാത്ത സ്‌ത്രീകൾക്ക് ആ തട്ടിൻപുറം തുറന്നുകൊടുത്തത് എത്രയോ വിശാലമായൊരിടമാണ്. നിഷേധികളായ, വ്യവസ്ഥകളെ തള്ളിക്കളഞ്ഞ, അവസാനം വരെയും അതിജീവനത്തിനായി അധികാര സ്ഥാപനങ്ങളോടു കലഹിച്ച, കലഹിച്ചു കൊണ്ടിരിക്കുന്ന സ്‌ത്രീകളുടെ പേരിട്ടാണ് ആ പുറം കാഴ്‌ചകളെ, പുത്തൻ അനുഭവങ്ങളെ ഹസനെളാപ്പ അടയാളപ്പെടുത്തുന്നതും. വിവേചനങ്ങൾ, അസമത്വം, നിയന്ത്രണങ്ങൾ തുടങ്ങി സദാ കർശന നിരീക്ഷണങ്ങൾക്കുള്ളിലൊതുങ്ങി ജീവിക്കേണ്ടി വരുന്ന സ്‌ത്രീയുടെ വിമോചനത്തിനായുള്ള ബദൽ സാധ്യതകളെക്കുറിച്ചാണ് ഭ്രാന്തമായ അവസ്ഥയിലാണെങ്കിലും ഹസനെളാപ്പ ചിന്തിക്കുന്നത്. പെണ്ണുങ്ങൾ കൂട്ടുകൂടുമ്പോൾ, അവരൊന്നിച്ചിരുന്നു പുസ്‌തകം വായിക്കുമ്പോൾ, സിനിമ കാണുമ്പോൾ പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ കൊടുങ്കാറ്റുകളുണ്ടാവുന്നു. ആൺലോകത്തിനവയെ ഭയപ്പെടാതെ വയ്യ. ഹസനെളാപ്പയെ  നാടുകടത്തി തൽക്കാലം അവർ ആ കാറ്റുകളെ ശമിപ്പിച്ചേക്കും. പക്ഷേ പുതിയൊരാശയവുമായി അയാൾ വരാതിരിക്കില്ല, പെണ്ണുങ്ങൾ അയാളെ ആവാഹിച്ചു വരുത്താതിരിക്കില്ല.

സമകാലിക മലയാളത്തിലെ ഭഗവതിയുടെ ജട (കെ.വി. മണികണ്ഠൻ) ദീർഘമായ ആക്ഷേപഹാസ്യ രചനയാണ്. മലയാളത്തിലെ പലതരം  എഴുത്തുകാരുടെ ഒരു സംഘമാണ് പുരാതനലോഡ്‌ജിൽ ഒത്തുചേരുന്നത്. പ്രശസ്‌തി മോഹിയായ പ്രവാസി സാഹിത്യകാരൻ, യുവകഥാകൃത്ത്, ഫെയ്സ്ബുക്ക് സെലിബ്രിറ്റി, ആർഷ നിരൂപകൻ, പെൺകവി അവരുടെ സംഭാഷണങ്ങൾ, കലഹങ്ങൾ, മദ്യപാനം, അസൂയ, തുടങ്ങി ആ ലോഡ്‌ജ് മുറിയിൽ നടക്കുന്നതൊക്കെയും സമകാല സാഹിത്യലോകത്തിന്റെ പരിച്ഛേദം തന്നെയാവാം. ഓരോ കഥാപാത്രത്തിനും യഥാർത്ഥ മാതൃകകളുമുണ്ടാവാം, വായനക്കാരിൽ ചിലർക്കെങ്കിലും അവരെ തിരിച്ചറിയാനും പറ്റുന്നുണ്ടാവും.

കഥ സറ്റയറിന്റെ തീക്ഷ്‌ണതയും മൂർച്ചയും കൊണ്ട് പലപ്പോഴും മുറിപ്പെടുത്തുന്നതാണ്. മണികണ്ഠന്റെ ശൈലി അനായാസവും ആഴത്തിൽ നിന്നുള്ള  ചിരി കൊണ്ട് മുഴക്കമുള്ളതുമാണ്. കഥ നീണ്ടതെങ്കിലും രസകരമായി വായിച്ചു തീർക്കാം. കഥയ്ക്കുള്ളിലെ യഥാർത്ഥ മനുഷ്യരെ – അവർ യഥാർത്ഥത്തിലുണ്ടെങ്കിൽ – കണ്ടെത്താൻ കഴിഞ്ഞവർക്ക് അൽപ്പം കൂടുതൽ രസിക്കാനും  ചിരിക്കാനും കഴിഞ്ഞേക്കുമെന്നു മാത്രം.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account