ഭൗതികമായ ഉൽപ്പന്നങ്ങളും ചിന്തയുടെ ഉൽപ്പന്നങ്ങളും കൂടിക്കലരുന്നതും ഏതാണ് കൂടുതൽ യഥാർത്ഥമായത് എന്ന സംശയാസ്‌പദമായ നില ഉടലെടുക്കുന്നതും പുതിയ കാലത്തിന്റെ പ്രതിസന്ധികളിലൊന്നായി പലപ്പോഴും ചൂണ്ടിക്കാട്ടപ്പെടാറുണ്ട്. സാമ്പത്തികമൂല്യങ്ങളുടെ വർദ്ധനവ് പലപ്പോഴും സാംസ്‌കാരികമൂല്യങ്ങളുടെ ശോഷണമായി മാറുന്ന സാംസ്‌കാരിക പ്രതിസന്ധിയെക്കുറിച്ചും അത്തരം പഠനങ്ങൾ പറയുന്നു. സമകാലിക മലയാളത്തിലെ അശോകന്റെ ചിഹ്നമില്ലാച്ചീട്ട് രാഷ്‌ട്രീയമായ ഉൾക്കരുത്തുകൊണ്ടാണ് ശ്രദ്ധേയമാവുന്നത്. പുതിയ കാലത്തിന്റെ സാംസ്‌കാരികമായ സങ്കീർണതകൾ, മൂല്യശോഷണങ്ങൾ കഥയിൽ ചിതറിക്കിടക്കുന്നു. അവയെ  ഒരുമിച്ചാക്കുന്നത്, സമാഹരിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ കഥാവായനയും ഒട്ടും അനായാസമല്ല. പല കഥകളിലേക്ക്, ഉപാഖ്യാനങ്ങളിലേക്ക് നീളുന്ന പ്രവണതയാണ് ചിഹ്നമില്ലാച്ചീട്ട് എപ്പോഴും പ്രദർശിപ്പിക്കുന്നത്. കഥയ്ക്കു പതിച്ചു കിട്ടിയ ഇടങ്ങളിൽ പരിമിതമാവാൻ മനസില്ലാതെ അൽപ്പമൊരു ധാർഷ്‌ട്യത്തോടെ കഥ മറ്റു പലതിലേക്കും പടരുന്നു. ചരിത്രാഖ്യാനങ്ങൾ, പുരാണ കഥകൾ, നാട്ടു മൊഴികൾ, തുടങ്ങി പലതിലേക്കും. അത്തരം അടങ്ങി നിൽക്കായ്‌ക, ആ ധാർഷ്‌ട്യം, അതൊക്കെയാണ് കഥയുടെ സവിശേഷതയും. ജിംനേഷ്യം നടത്തിപ്പുകാരനായ, എല്ലാത്തരത്തിലും പുത്തൻ മുതലാളിത്തത്തിന്റെ പ്രതിനിധിയായ അവിനാശിന്റെ ഭാവി പ്രവചിക്കാൻ അയാളുടെ അപേക്ഷയനുസരിച്ച്  അരവിന്ദൻ അവിനാശിന്റെ പ്രദർശനക്കളിസ്ഥലത്തേക്കു വരുന്നു. മനോഹരമായ പാദങ്ങൾ കൊണ്ട് കാമാർത്തനാക്കിയ ഭാരതി എന്ന പെണ്ണുമായുള്ള തന്റെ ബന്ധത്തിന്റെ ഭാവിയാണയാൾക്കറിയേണ്ടത്. ആ പേര് ഒരു ആകസ്‌മികതയല്ല താനും.

പ്രവചനങ്ങളെഴുതി ഞെരുങ്ങി ജീവിക്കുന്നവനാണ്  അരവിന്ദൻ. പശുവിറച്ചിയുടെ അതേ മണവും രുചിയുമുള്ള  വെജ് റെഡ് മീറ്റ് കൂടി ഉൽപ്പാദിപ്പിക്കുന്ന അതിസമ്പന്നനാണ് അവിനാശ്. കളിസ്ഥലത്തെ അനേകം കാഴ്‌ചകൾക്കിടയിൽ ഒന്നിലധികം തവണ അരവിന്ദന് തന്റെ പ്രവചനക്കുറിപ്പ് മാറ്റിയെഴുതേണ്ടി വരുന്നു. അവിടെ കാണുന്ന ഒരു കാഴ്‌ചയും യാദൃച്ഛികങ്ങളല്ല താനും. അരവിന്ദന്റെ മാറി മാറി വരുന്ന പ്രവചനങ്ങൾക്കു ആഴമുള്ള അർത്ഥങ്ങളാണുള്ളത്. വ്യക്‌തി തലങ്ങളെ മറികടന്ന് അതിന് ഗൂഡമായ ധ്വനികളുണ്ടാവുന്നു. അതിനൊക്കെയും രാഷ്‌ട്രത്തെയോ കാലത്തെയോ ലോകത്തെത്തന്നെയോ ലക്ഷ്യം വെയ്ക്കുന്ന മുനകളുണ്ടാവുന്നു. ചിഹ്നമില്ലാച്ചീട്ട് സയൻസിന്റെ, സാങ്കേതിക വിദ്യയുടെ വലിയ ലോകങ്ങളിൽ ലക്ഷ്യം തെറ്റിയലയുന്ന, ഭാഷ മാത്രം പഠിച്ചവന്റെ, പ്രവചനക്കുറിപ്പുകളെഴുതി പിഴക്കുന്നവന്റെ നിസഹായതയെയും പ്രതിഫലിപ്പിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ സന്ദേഹവും നിഷേധാത്‌മകതയും കൃത്യമായി വരച്ചിടുന്നുണ്ട് അവിനാശിന്റെ പാത്രസൃഷ്‌ടി. പലതരം ഡീ-കോഡിങ്ങിന്റെ സാധ്യതകളിലൂടെയേ ഈ കഥ വായിച്ചെടുക്കാനാവുകയുള്ളു. ഓരോരോ ഗൂഡസ്ഥലികളുടെ  അടരുകൾ നീക്കിച്ചെല്ലുന്നിടത്തെല്ലാം കഥ പലതായി മാറുന്നു. പലതരം സൂചനകളുടെ സമൃദ്ധി. സമകാല ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ കഥ എത്രത്തോളം പ്രസക്‌തമാകുന്നുവോ അത്ര തന്നെ പ്രാധാന്യം ആഗോള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടും കഥയ്ക്കുണ്ടെന്നു വായനക്കാർക്കു തോന്നുന്നുവെങ്കിൽ അതു നിസാരവുമല്ല.

ഈയാഴ്‌ചയിലെ മറ്റു കഥകളിൽ മാതൃഭൂമിയിലെ തോതാമേരീസ് നാടൻ അടുക്കള (ബിജു സി.പി) ആഖ്യാനത്തിലെ ഋജുത്വം  കൊണ്ടും ഭാഷയുടെ നാടൻ ചുവ കൊണ്ടും രസകരമായിരിക്കുന്നു. തോപ്രാംകുടിയെന്ന ഗ്രാമവും തോതോചേട്ടനെന്ന സമ്പന്ന കർഷകനും ഏലപ്പുരയും ശ്രീരാമചന്ദ്രനെന്ന ആനയുമെല്ലാം ചേർന്ന കഥാപരിസരത്തെ വ്യത്യസ്‌തമാക്കുന്നത് തോതോച്ചേട്ടൻ ജനപ്രിയ നോവലിസ്റ്റാണെന്നതാണ്. ആ എഴുത്തുകളെല്ലാം മറ്റു പല പ്രശസ്‌ത  രചനകളുമായി ഇഴചേർന്നു കിടക്കുകയും ചെയ്യുന്നു. കഥയ്ക്കുള്ളിലെ കഥകളുടെ പാതി  നിഗൂഡമായതും മറുപാതി സുതാര്യമായതുമായൊരൊളിച്ചുകളിയാണത്. തോതോച്ചേട്ടന്റെ ഏറ്റവും വിറ്റഴിഞ്ഞ  ആശാന്റെ ലീലാമ്മ കുമാരനാശാന്റ ലീലയുടെ സത്ത മുഴുവൻ ചോർത്തിയെടുത്തു നിർമ്മിച്ചതാണെന്നു പറയാതെ പറയുന്നതിലെ കുസൃതിയാണ് ഈ കഥയ്‌ക്കൊട്ടാകെയുള്ളത്. പേരക്കുട്ടിയായ റൂത്ത്.ടി.നവോമിയെ ഷൂട്ടിങ് പഠിപ്പിക്കാൻ വിട്ടത് തോതോച്ചേട്ടനെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. മൂന്നു വാരികകൾക്ക് ഒറ്റയിരുപ്പിന് നോവലെഴുതിക്കൊടുത്തിട്ടാണ് തോതോച്ചേട്ടൻ ശ്രീരാമചന്ദ്രനെ വാങ്ങുന്നത്. അപ്പനെക്കൊണ്ട് തിരക്കഥയെഴുതിക്കാൻ പത്തു നാൽപ്പത് സിനിമാസിഡികൾ വാങ്ങിക്കൊടുത്ത് അതു കാണാൻ പ്രേരിപ്പിക്കുന്നു ടോണി. തോതോച്ചേട്ടനെ ഹരം പിടിപ്പിക്കുന്ന ലീല എന്ന സിനിമ, വിജനമായ ഏലപ്പുര, എഴുത്തുകാർക്ക് ഇളക്കം കൂടുതലായിരിക്കുമെന്ന മുൻകൂർ ജാമ്യം, റൂത്തിന്റെ സ്‌നേഹിത ശ്രീലക്ഷ്‌മി… കഥ അനിവാര്യവും സ്വാഭാവികവുമായ അതേ അവസാനത്തിലേക്കു നീങ്ങുമെന്ന പ്രതീക്ഷയുണ്ടാക്കി മുന്നേറുമ്പോഴാണ് അവിചാരിതമായ  ട്വിസ്റ്റുകളിലൂടെ അത് വേറൊന്നായിത്തീരുന്നത്. ധ്വനിപ്രധാനമായ നർമ്മത്തിന്റെ ധാരാളിത്തമാണ് ഈ കഥയെ ഇത്രയധികം വായനാക്ഷമമാക്കുന്നത്.

മാധ്യമത്തിലെ ഐസക് ഈപ്പന്റെ ഒളിച്ചോട്ടം കഥ വായനയ്ക്കിടയിൽ പലവട്ടം ഒളിച്ചോട്ടത്തിനു വായനക്കാരെയും പ്രേരിപ്പിക്കാനിടയുണ്ട്. മാർകേസിന്റെ മക്കൊണ്ടയോടൊക്കെയാണ് കഥ നടക്കുന്ന സ്ഥലത്തെ ഉപമിച്ചിരിക്കുന്നത്. വാഴത്തോട്ടങ്ങൾ, വാഴക്കൃഷിയുടെ സാങ്കേതിക വശങ്ങൾ, പ്രണയം, എതിർപ്പ്, മല്ലികയോടൊപ്പമുള്ള ഒളിച്ചോട്ടം, ബസ് യാത്ര, അവരുടെ രക്ഷകനായെത്തുന്ന ബാലേട്ടൻ, അയാളുടെ രാധ… എന്തിനായിരുന്നു  ഇത്രയും ദീർഘമായൊരു കഥയെന്ന സന്ദേഹം മാത്രമവശേഷിപ്പിച്ച്  ഒളിച്ചോട്ടം അവസാനിക്കുന്നു. എവിടെയും മുറുക്കമില്ലാതെ അഴിഞ്ഞു പരന്ന വിരസമായൊരു കഥ.

കലാകൗമുദിയിൽ ഇടപ്പോൺ അജികുമാർ എഴുതിയ ഫൂ  ചരിത്ര സംഭവത്തെ കഥയാക്കാൻ നടത്തിയ വിഫലമായ ശ്രമമാണ്. അടുത്ത കാലത്ത് അന്തരിച്ച ഒരു പ്രശസ്‌ത കവിയുടെ ഓർമ്മക്കുറിപ്പിലെ സംഭവവുമായി കഥയ്ക്കു ബന്ധമുണ്ടെങ്കിലും കടപ്പാടൊന്നും സൂചിപ്പിച്ചു കാണുന്നില്ല. ക്ഷേത്രപ്രവേശന വിളംബരത്തിൽ പ്രതിഷേധിച്ച്, മുറജപത്തിൽ പങ്കെടുക്കില്ലെന്ന നമ്പൂതിരി സമുദായത്തിന്റെ തീരുമാനത്തെ ലംഘിച്ച് ദരിദ്രനായ നമ്പൂതിരി ജപത്തിൽ പങ്കെടുക്കുന്നതും തുടർന്നുണ്ടാവുന്ന വിലക്കുകളുമൊക്കെയാണ് കഥ. (തുടർന്നുള്ള സംഭവങ്ങളൊക്കെ അതേപടി കവിയുടെ ജീവിതത്തിലുണ്ടായതുമാണ്, അവിടെ അനിയനാണു മരിച്ചതെങ്കിൽ ഇവിടെ അമ്മയാണെന്നു മാത്രം.) നവോത്ഥാനസൂചകമായ ചില ഉദ്ബോധനങ്ങളും താഴ്ന്ന ജാതിക്കാരിയുമായുള്ള പ്രണയവുമൊക്കെ കൂടെ ചേർത്തുവെച്ചിട്ടുണ്ട്. ഒട്ടും കഥയാവാതെ ഈ രചന വേറെ  നിൽക്കുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account