പുതുകാലത്തെ സാമൂഹ്യ-വൈയക്തിക ജീവിതങ്ങളെ ജാഗ്രതയോടെ  നോക്കിക്കാണുന്ന കഥകൾ സ്വാഭാവികമായും ചരിത്രം, സംസ്‌കാരം, അധിനിവേശം തുടങ്ങി ബഹുതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്  സ്വാഭാവികം. അത്രയും സ്വാഭാവികമായിത്തന്നെ ആ കഥകൾ പ്രാദേശിക സംസ്‌കൃതിയുടെ സാധ്യതകൾ, കൃത്യമായ സ്‌ത്രീപക്ഷം, ദളിത് ബോധം, സൂക്ഷ്‌മത എന്നിവകൊണ്ടു കർക്കശമാം വിധം  രാഷ്‌ട്രീയ ശരിയുള്ളതായിത്തീരുകയും ചെയ്യും.

സമകാലിക മലയാളത്തിൽ നിത്യാർത്തവാംബിക എന്ന കഥയെഴുതിയ ബിജു സി.പിയ്ക്ക് തന്റെ കഥയെ പ്രാചീനമായൊരു ഐതിഹ്യത്തിന്റെയും കാലത്തിന്റെയും കഥയായി നിലനിർത്തിക്കൊണ്ടുതന്നെ, (പ്രമേയത്തിലുള്ള പഴമയെ  ആഖ്യാനത്തിലൂടെയും സംരക്ഷിക്കുകയെന്നത് ഒട്ടും എളുപ്പമല്ല, എന്നു മാത്രമല്ല നന്നേ ക്ലേശകരവുമാണ്) ഏറ്റവും പുതിയ രാഷ്‌ട്രീയ സാമൂഹിക കാലാവസ്ഥകളിലേക്ക് വിന്യസിപ്പിക്കാൻ കഴിയുന്നുവെന്നത് നിസാരമല്ല. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൂടെ കായൽയാത്ര ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞുതന്ന കഥയായിട്ടാണ് നിത്യാർത്തവാംബികയുടെ കഥ എഴുതുന്നത്. ഐതിഹ്യമാലയിലെ ഭാഷയും ശൈലിയും തന്നെ കഥയുടേതും. ഫ്യൂഡൽ കാലഘട്ടത്തിന്റെ ക്ഷയോന്മുഖമായ ഒരു ദശാസന്ധിയിലെ കഥ. തീണ്ടലും തൊടീലും ജന്മിത്തത്തിന്റെ നിഷ്ഠുര പീഡനങ്ങളും ലൈംഗികചൂഷണവും

ഹിംസയും മതപരിവർത്തനവും ഇംഗ്ലീഷ് വിദ്യാഭ്യാസം തുറന്നു തരുന്ന വെളിച്ചവുമൊക്കെത്തന്നെ കഥാതന്തു. പക്ഷേ ബിജുവിന്റെ കഥയെ പുതിയതാക്കുന്നത് വേറെ ചില കർശന നിരീക്ഷണങ്ങളാണ്. അതു തന്നെയാണ് കഥയുടെ രാഷ്‌ട്രീയവും. നിത്യ സഞ്ചാരിയും എല്ലാത്തരം ജീവിതങ്ങളുമായും അടുത്തിടപഴകാൻ ശ്രമിച്ചിരുന്നവനുമായിട്ടും കൊട്ടാരത്തിൽ ശങ്കുണ്ണി  തന്റെ പുസ്‌തകത്തിൽ ബ്രാഹ്മണ ക്ഷത്രിയ ശൂദ്ര വൈശ്യാദികളുടെ മാഹാത്‌മ്യ കഥകൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. പേരിന് ഒരു കത്തനാരുണ്ട്. മുഹമ്മദീയരെല്ലാം തസ്‌കരവീരന്മാർ. കഥകൾ പ്രസിദ്ധീകരിച്ചിരുന്ന പത്രമാസികകൾ വായിച്ചിരുന്നതാവട്ടെ സവർണർ മാത്രം. അവർക്കു മാത്രമാണല്ലോ അക്കാലത്ത് അക്ഷരാഭ്യാസം. ബ്രാഹ്മണ ശൂദ്രാദികൾക്ക് പാരായണ സുഖത്തിനും മനസുഖത്തിനുമായിരുന്നു അദ്ദേഹത്തിന്റെ രചന. അവരുടെ പ്രീതി പിടിച്ചുപറ്റാനും. അതുകൊണ്ടുതന്നെ അമ്പിച്ചിയെപ്പോലുള്ള പുലയ സ്‌ത്രീകളുടെ പ്രതിരോധത്തിനും സഹനത്തിനും അത്തരം പുസ്‌തകങ്ങളിൽ ഇടമില്ല, അവർ പൂർണമായി ഗളഹസ്‌തം ചെയ്യപ്പെടുന്നു. ‘ഒരു ദേശത്തിന്റെ ചരിത്ര ഗാഥയിൽ നിന്നു ജനവിഭാഗങ്ങളെത്തന്നെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ സ്വാഭാവികമായെന്നോണം വീഴ്ത്തിക്കളയുന്നു… ഒരു ജനതതിയാകെ ചരിത്രത്തിൽ നിന്നും ഓർമ്മകളിൽ നിന്നും നിഷ്‌കാസിതരാകും… ചരിത്രവും ഓർമ്മകളും പോലും ഒരു കൂട്ടരുടേതു മാത്രമായിത്തീരും’.

എക്കാലത്തും സംഭവിച്ചത് അതുതന്നെയാണ്. സംഭവിക്കുന്നതും. കഥകൾ, പാട്ടുകൾ, നാട്ടാചാരങ്ങൾ ഒക്കെ കൊണ്ട് സമ്പന്നരായ പറയരുടെയും പുലയരുടെയും ഈഴവരുടെയുമൊക്കെ കഥകൾ ആരുമറിയാതെ, രേഖപ്പെടുത്തപ്പെടാതെ മാഞ്ഞു പോകുന്നുവെന്ന ദു:ഖത്തിൽ നിന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണി വാമൊഴിയായി പറഞ്ഞ അമ്പിച്ചിയെന്ന പുലയ സ്‌ത്രീയുടെ കഥ എഴുതണമെന്നു കഥ പറയുന്നയാൾ നിശ്ചയിക്കുന്നത്. അമ്പിച്ചി എങ്ങനെ കീഴാളസ്‌ത്രീകൾക്ക്  അമ്പിച്ചിത്തറയിലെ ചൈതന്യവും ആശ്രയവുമായെന്ന് പറയുന്നു കഥ. ശൂദ്ര സ്‌ത്രീകൾ അവിടെ വിളക്കു വെച്ചു തുടങ്ങിയതോടെ  അമ്പിച്ചി നിത്യാർത്തവാംബിക എന്ന ദേവീവിഭാഗത്തിലേക്കു സ്ഥാനക്കയറ്റം നേടി. അവർണർ അവളെ തീണ്ടാരിക്കാവിലമ്മയെന്നു  വിളിച്ചു. ദൈവങ്ങളുടെ ഗ്രേഡ് നിർണയിക്കുന്നതിൽ പോലും ജാതിവ്യവസ്ഥയുടെ ഇടപെടലുകളെക്കുറിച്ച് കഥ മൂർച്ചയോടുകൂടിത്തന്നെ സംസാരിക്കുന്നു. ഐതിഹ്യകഥകളുടെ നിഗൂഡമായ ജാതിരാഷ്‌ട്രീയം തിരിച്ചറിയുകയും അവ തമസ്‌കരിച്ച ജീവിതങ്ങൾ കണ്ടെടുത്ത് ആഖ്യാനം ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയെന്നു ഐതിഹ്യമാലയിലെ ഭാഷയും ശൈലിയും ഉപയോഗിച്ചു തന്നെ സ്ഥാപിക്കുകയുമാണ് നിത്യാർത്തവാംബിക. ചരിത്രത്തിന്റെ, ഐതിഹ്യത്തിന്റെ ഒരു ബദൽ ആഖ്യാനമാണിത്.

കഥ മാസികയിൽ അമൽ എഴുതിയ ഹന എന്ന കഥ ജപ്പാനീസ് സംസ്‌കാരത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പശ്ചാത്തലത്തിലുള്ളതാണ്. ഹന എന്ന വാക്കിനർത്ഥം പൂക്കൾ എന്നാണ്. അപരിചിതമായ ഭൂപ്രദേശത്തോട്, ആചാരമര്യാദകളോട് വായനക്കാർക്കുള്ള കൗതുകം തന്നെയാണ് കഥവായനക്ക് ഉള്ള ആദ്യ പ്രേരണ. കഥയ്ക്കുള്ളിൽ നിഗൂഡമായ ജീവിതങ്ങളുണ്ട്, ജീവിതാസക്‌തിയുണ്ട്, ഒരു പക്ഷേ രണ്ടാം ലോകമഹായുദ്ധക്കാലത്തെ  ആണവാക്രമണങ്ങളോളം വേരു പടർത്തിയ രോഗത്തുടർച്ചയുണ്ട്, അത്രയും തന്നെ ഏകാന്തമായ വൃദ്ധജീവിതങ്ങളും പൂക്കളുടെ സവിശേഷമായ ഭാഷയുമുണ്ട്. ഇതൊക്കെയും കൗതുകമുണർത്തുന്ന ശൈലിയിൽത്തന്നെ അമൽ പറയുകയും ചെയ്‌തിരിക്കുന്നു. പൂവുകൾക്ക് രണ്ടു അർത്ഥങ്ങളാണുള്ളത്. ഒന്ന്,  ജീവിതം; രണ്ട്, മരണം എന്ന് വായനക്കാരും പറഞ്ഞു പോവുന്നു. കഥയിലുടനീളം മരണത്തിന്റെ നനഞ്ഞ സാന്നിധ്യമുണ്ട്. അതിനെ മറികടക്കാൻ ദുർബലമായി ശ്രമിക്കുന്ന ജീവിതാസക്‌തിയുമുണ്ട്. ഒരു ചെറി മരം അടിമുടി പൂവിട്ട് പെട്ടന്ന് പൂക്കൾ കൊഴിഞ്ഞ് മരിച്ച വീടുപോലെയായ അനുഭൂതി കഥ അവശേഷിപ്പിക്കും. മരണമാണ് ശാശ്വതമായ സത്യം. ഒരു സാക്കുറയും നിത്യമല്ല.

മാധ്യമത്തിൽ ശ്രീകണ്ഠൻ കരിക്കകമെഴുതിയ ലോങ് മാർച്ച് വിഷയത്തിന്റെ പുതുമകൊണ്ട് ശ്രദ്ധേയമാകുന്നുവെങ്കിലും ദൈർഘ്യം കൊണ്ടും ആഖ്യാനത്തിലെ ഏകതാനതകൊണ്ടും ചിലപ്പോഴെങ്കിലും മടുപ്പിക്കുന്നുവെന്നു പറയാതെ വയ്യ. മരിച്ചവരുടെ ഫോൺനമ്പറുകൾ ഡിലീറ്റു ചെയ്യാനാവാതെ സ്വന്തം ഫോണിൽ സൂക്ഷിക്കേണ്ടി വരുന്ന ശൈലേശ്വരന്റെ കഥയാണ് ലോങ് മാർച്ച്. ഒരു ശവപ്പറമ്പിൽ ചെന്നു നിൽക്കുന്ന തോന്നലുളവാക്കുന്ന അത്രയും മരിച്ചവരുടെ നമ്പറുകൾ. ഒടുവിലൊടുവിൽ അയാൾക്ക് മരിച്ചവരോട് മമതയാവുന്നു, അവരോടു സംസാരിക്കുന്നത് ശീലമാവുന്നു. ശൈലേശ്വരന്റെ ഫാന്റസികളാണ് കഥയെന്നു വായനക്കാരും ഭ്രമിച്ചു പോകാനിടയുണ്ട്. ജീവിച്ചിരിക്കുമ്പോൾ കളിക്കളത്തിൽ നിർത്താതെ കളിച്ചു കൊണ്ടിരുന്നവർ, ഇപ്പോൾ അതേ കളി സൈഡിലിരുന്നു കാണുന്നവർ – അതാണ്  മരിച്ചവർ. കളിക്കുക, കളി കാണുക ഈ രണ്ടവസ്ഥകൾ മാത്രമാണു മനുഷ്യനുള്ളത്. മരിച്ചവരോടുള്ള ഫോൺ സംഭാഷണങ്ങൾ അയാളുടെ കുടുംബത്തെ അസ്വസ്ഥമാക്കുന്നതും ഒടുവിലത് പോലീസ് സ്റ്റേഷനിലെത്തുന്നതും അവിടെ വെച്ച് താഴെ വീണു തകർന്ന ഫോണിൽ നിന്ന് മരിച്ചവർ – അവരെല്ലാം പല പല മേഖലകളിലെ പ്രശസ്‌തരും കുപ്രസിദ്ധരുമൊക്കെയാണ് – മാർച്ച് നടത്തുന്നതുമാണ് കഥ. മരിച്ചവരുടെ നമ്പറുകൾ, അവരോടുള്ള സ്വകാര്യമായ സംഭാഷണങ്ങൾ – അതു വ്യക്‌തിജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ എന്നിവയൊക്കെ നന്നായിത്തന്നെ ആഖ്യാനം ചെയ്യുന്നുണ്ടെങ്കിലും കഥയുടെ അതി വാചാലതയാണ് അതിനെ ഇടക്കെല്ലാം വിരസമാക്കുന്നത്.

ഈയാഴ്‌ചത്തെ മാതൃഭൂമിയുടെ ഹൈലൈറ്റ് 3 മാധ്യമ പ്രവർത്തകരുടെ കഥകളാണ്. മാധ്യമ പ്രവർത്തകർ എഴുതിയതു കൊണ്ടാവാം, വിഷയം കൊടുത്തതു കൊണ്ടുമാവാം 3കഥകൾക്കും പ്രമേയപരമായ സമാനതയുണ്ട്. 3ഉം ഒരു പോലെ വിരസവും അകാലത്തിൽ വളർച്ച നിലച്ചതുമാണെന്നതാണ് മറ്റൊരു സാമ്യം. കേരളം നടുങ്ങി നിൽക്കുന്ന ആ 2  രാഷ്‌ട്രീയ കൊലപാതകങ്ങൾക്കു ശേഷം വരുന്ന കഥയെന്നതാണ്, അത് ഒട്ടും ബോധപൂർവ്വമല്ല – യാദൃച്ഛികത മാത്രമാണ് – എബ്രഹാം മാത്യുവിന്റെ അ എന്ന യാത്രക്കാരന്റെ സവിശേഷത. അക്കരെയും ഇക്കരെയുമായി നടന്ന രണ്ടു രാഷ്‌ട്രീയക്കൊലകൾക്കു ശേഷം മാധ്യമ പ്രവർത്തകനായ മലയാളിയും ഒരു ബംഗാളിയും ഹർത്താലിൽ നിശ്ചലമായ തെരുവിലൂടെ നടത്തുന്ന യാത്രയാണ് കഥ. അവരുടെ സംഭാഷണങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ ജീവിതത്തിന്റെ, ബംഗാൾ രാഷ്‌ട്രീയത്തിന്റെ ഒക്കെ കൃത്യമായ സൂചനകൾ കുത്തിക്കയറ്റാൻ ശ്രമിച്ചുണ്ടെന്നു പറയാതെ വയ്യ. പക്ഷെ, എന്തു ചെയ്‌തിട്ടും ഇത് കഥയാവുന്നില്ല. പിടിച്ചു വലിച്ച് എഴുതാനിരുത്തിയതാവണം കഥാകൃത്തിനെ. ഒട്ടും കഥ വരാതെ അദ്ദേഹം കുറെ സംഭാഷണങ്ങൾ എഴുതി വെച്ചതുമാവണം.

രണ്ടാമത്തെ കഥ സി. അനൂപിന്റെ കൃഷ്‌ണാഷ്‌ടമി ആണ്. അതിനും കേരളത്തിന്റെ  കക്ഷിരാഷ്‌ട്രീയ പശ്ചാത്തലം തന്നെയാണുള്ളത്. പക്ഷേ ഉപന്യാസം എഴുതുന്നതുപോലെ കുറെ സംഭവങ്ങളും സംഭാഷണങ്ങളും കോർത്തു വെച്ചിരിക്കുന്ന വിരസമായ കഥ. രാഷ്‌ട്രീയ കൊലപാതകം തന്നെ കേന്ദ്ര കഥാതന്തു.  വേണു ബാലകൃഷ്‌ണന്റെ കട്ടച്ചിറ എഫ്.ഐ.ആർ എന്ന കഥയ്ക്കാണ് ഈ എഴുത്തു മത്‌സരത്തിൽ ഒന്നാം സ്ഥാനം കിട്ടാനർഹത. തമ്മിൽ ഭേദം ഈ കഥയാണ്. ഇവിടെയും കൊലപാതകമുണ്ട്. ദൃക്‌സാക്ഷിയുടെ നിഷ്‌ക്രിയതയും നിർവ്വികാരതയുമൊക്കെ പുതിയ കാല മനുഷ്യന്റെ സഹജമായ ഭാവങ്ങളാണ്. ആ ഭാഗം തരക്കേടില്ലാതെ ആഖ്യാനം ചെയ്‌തിട്ടുമുണ്ട്. പക്ഷേ രണ്ടാം ഭാഗം വിശ്വസനീയമായാവിഷ്‌കരിക്കാൻ കഴിഞ്ഞിട്ടില്ല. മാധ്യമ പ്രവർത്തകർക്ക് കഥയെഴുത്തും മാധ്യമ പ്രവർത്തനം പോലെ തന്നെയാവണമെന്നായിരിക്കാം. രണ്ടും രണ്ടു മാധ്യമങ്ങളാണെന്ന്, ഒന്നിൽ വസ്‌തുനിഷ്ഠതക്ക് ഊന്നൽ കൊടുക്കുമ്പോൾ  മറ്റതിൽ വസ്‌തുനിഷ്ഠതയെ കഥാമയമാക്കുകയാണ് വേണ്ടതെന്ന് ഈ എഴുത്തുകാർക്കറിയില്ലെന്ന് കഥ വായിക്കുമ്പോൾ വെളിപ്പെടുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account