ഈയാഴ്ച്ചത്തെ കഥകളിൽ മികച്ചത് എന്നല്ല, സമീപകാലകഥകളിൽ വെച്ച് ആഖ്യാനത്തിന്റെ പുതുമ കൊണ്ടും പ്രമേയപരിചരണം കൊണ്ടും മികച്ചവയിൽ ഒന്ന് എന്നു വിശേഷിപ്പിക്കേണ്ടതാണ്  വി. ഷിനിലാലിന്റെ ബുദ്ധപഥത്തെ. കഥ മാതൃഭൂമിആഴ്ച്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സാർവ്വകാലികമായ മനുഷ്യാവസ്ഥകളെയാണ് പരസ്‌പര വിരുദ്ധങ്ങളെന്നു പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന രണ്ടു ലോകങ്ങളുടെ അൽപ്പം കുസൃതി നിറഞ്ഞ നരേഷനിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. രണ്ടു ലോകങ്ങളും സൂക്ഷ്‌മാർത്ഥത്തിൽ വിപരീതങ്ങളല്ല, വ്യത്യസ്‌തങ്ങളുമല്ല. കഥയിൽ രണ്ടിനെയും ബന്ധിപ്പിക്കുന്നത് കോണിപ്പടികളാണെങ്കിൽ ജീവിതത്തിൽ അവയ്ക്കു രണ്ടിനുമിടയിലൂടെ അദൃശ്യമായ ഒഴുക്കുകളുണ്ട്. രണ്ടു ലോകങ്ങളെയും അത് ഒന്നാക്കി മാറ്റുന്നു. രണ്ടിലെയും അന്തേവാസികളെ കൂട്ടിക്കലർത്തുന്നു. ഒരു പ്രളയത്തിനോ പ്രവാഹത്തിനോ ശേഷം എല്ലാറ്റിനും, എല്ലാവർക്കും സ്ഥാനചലനം സംഭവിക്കുന്നു. ഇവിടെയുള്ളവർ അവിടെയും അവിടെയുള്ളവർ ഇവിടെയും.

മനുഷ്യന്റെ ഒരവസ്ഥയും സ്ഥായി അല്ല. പ്രവചനീയവുമല്ല. അവിശ്വസനീയങ്ങളായ അസന്ദിഗ്ദ്ധതകളും സന്ദേഹങ്ങളുമാണവയെ നിർണയിക്കുക.

മുകളിലെ നിലയിൽ 30 ബുദ്ധസന്യാസിമാരും താഴത്തെ നിലയിൽ 30 ഗുണ്ടകളും താമസിക്കുന്ന ഒരു വലിയ കെട്ടിടമാണ് ഷിനിലാലിന്റെ കഥയുടെ പശ്ചാത്തലം. ഉപരിലോകത്തുള്ളവർ  നിർമമർ, നിഷ്‌ക്രിയർ, ശരീരത്തെ നിരസിച്ചവർ. ആനന്ദത്തെ ആത്‌മാവിൽ മാത്രം അന്വേഷിച്ചവർ. ബുദ്ധന്റെ അനുയായികൾ. നിശബ്‌ദതയായിരുന്നു ആ സംഘത്തിന്റെ മുഖമുദ്ര. അധോലോകത്താവട്ടെ ഹിംസ, രക്‌തച്ചൊരിച്ചൽ, ശബ്‌ദം, ഭക്ഷണത്തിന്റെയും രതിയുടെയും ആഘോഷങ്ങൾ. ശരീരബദ്ധമായ ആനന്ദങ്ങൾ. ഇരു സംഘങ്ങളിലെയും തലവന്മാരായ അജാതവിജൃoഭിതനും സമ്പായി ജാക്കിയും പരസ്‌പരം തങ്ങളുടെ ലോകങ്ങൾ വിട്ട് അപരന്റെ ലോകത്തേക്ക് എത്തി നോക്കാൻ തുടങ്ങുന്നതോടെ കഥ മാറുന്നു. ജീവിതവും അതിനെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളും മാറി മറിയുന്നു. ഗുണ്ടകളും ബുദ്ധ സന്യാസിമാരും സംഘത്തെ ശരണമായി കാണുന്നവരാണ്. അത്യന്തികമായി രണ്ടു സംഘങ്ങൾക്കുമിടയിലെ അകലവും വൈരുദ്ധ്യവും കേവലം മായയാണ്. രണ്ടും ഒന്നു തന്നെ. അല്ലെങ്കിൽ ഒന്ന് മറ്റൊന്നായിത്തീരുന്നത് അത്രയേറെ അനായാസമാണ്.

രസകരമായ കഥ പറച്ചിലാണ് ബുദ്ധപഥത്തെ ഇത്രയും വായനാ ക്ഷമമാക്കുന്നതെന്നു പറയാതെ വയ്യ. കഥയിലൂടെ, കഥയിലെ രണ്ടു ലോകങ്ങളുടെ ചിത്രണത്തിലൂടെ കഥാകൃത്ത് സമകാല സാമൂഹ്യ സാംസ്‌കാരികാവസ്ഥകളെ, അവയുടെ ബഹുസ്വരതയെ, സാമൂഹ്യനീതിയെ, ലൈംഗികതയെ, ഒക്കെ അഭിസംബോധന ചെയ്യുന്ന രീതിയും രസകരമാണ്. കഥ രണ്ടു നിഗൂഡ ലോകങ്ങളുടെ മാത്രം കഥയല്ല. നമ്മളൊക്കെ ജീവിക്കുന്ന, ഇടപെടുന്ന വാസ്‌തവ ലോകത്തിന്റെ യഥാതഥമായ ആവിഷ്‌കാരം കൂടിയായി മാറുന്നതങ്ങനെയാണ്. ചരിത്രബദ്ധത, സ്ഥായീസ്വഭാവം എന്നിവ അപ്രസക്‌തമാവുന്നു. സാമൂഹിക ഇടപെടലുകളും പ്രയോഗക്രമങ്ങളും മാത്രമാണ് മനുഷ്യന്റെ നിലപാടുതറകളെ രൂപപ്പെടുത്തുന്നത്. വിശ്വാസങ്ങളുടെ, ജീവിതക്രമങ്ങളുടെ സ്ഥായീസ്വഭാവം, നിശ്ചലത എന്നിവയെ നിരസിച്ച് വ്യാവഹാരികതയുടെ അടിസ്ഥാനത്തിൽ അവയുടെ അയവും കൂടിക്കലരലുമെന്ന സാധ്യതയിലാണ് കഥ ഊന്നുന്നത്. മാറാത്തതായി ഒന്നുമില്ല, മാറ്റം പോലും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

മാതൃഭൂമിയിൽ യു.എ. ഖാദറിന്റെ ദർബാർ എന്നൊരു കഥ കൂടിയുണ്ട്. സമ്പന്നനായ ഹാജിയാർ, മലഞ്ചരക്കു വ്യാപാരം, തീവണ്ടിയാത്ര, കോഴിക്കോടെ പ്രധാനഹോട്ടലുകൾ, അവിടുത്തെ ആട്ടിറച്ചി ബിരിയാണി, റിക്ഷാ വണ്ടി, രഹസ്യ വേഴ്ച്ച, സൽക്കാരം തുടങ്ങി എന്തൊക്കെയോ രണ്ടു മൂന്നു പേജുകളിലായി പരന്നു കിടക്കുന്നുണ്ടെന്നല്ലാതെ അതിനെ ഒരു കഥയാക്കി വായിച്ചെടുക്കാൻ വായനക്കാർ കുറച്ചൊന്നുമല്ല ക്ലേശിക്കുക.

മാധ്യമം ഈ ലക്കം കഥാപതിപ്പാണ്. പുതുകാലത്തെ എട്ടു കഥകളെന്നാണ് വിശേഷണം. താരതമ്യേന പുതിയ/ചെറുപ്പക്കാരായ  കഥാകൃത്തുക്കളുടെ കഥകളെന്നോ പുതിയ കാലത്തെ പ്രതിഫലിപ്പിക്കുന്ന കഥകളെന്നോ എന്താണ് ഇതിന്റെ ആശയമെന്നത് കഥകൾ വായിച്ചു കഴിഞ്ഞാലും അവ്യക്‌തമായിരിക്കുന്നു. എന്തായാലും, ശരാശരി നിലവാരത്തിലുള്ള ഈ 8 കഥകൾ പുതുകാല മലയാളകഥയുടെ അടയാളങ്ങളല്ല. എട്ടു കഥകൾ ഒന്നിച്ചു വായിച്ചു തീർക്കുകയെന്നതാവട്ടെ ക്ലേശകരവും. ഒറ്റക്കഥകളുള്ള ലക്കങ്ങൾ തന്നെയാണ് ആസ്വാദ്യമെന്ന തീരുമാനത്തിൽ വളരെ പെട്ടന്ന്  വായനക്കാരെത്തിച്ചേരുകയും ചെയ്യും.

സമകാലിക ലോകത്തിന്റെ സങ്കീർണമായ പലവിധം പ്രശ്‌നങ്ങളെയാണ് 8 കഥകളും പല തരത്തിൽ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നതെന്നത് ആശ്വാസകരമായി ചൂണ്ടിക്കാട്ടാം. പക്ഷേ, ബോധപൂർവ്വമായ വിഷയ സ്വീകരണവും കൃത്രിമമായ ആഖ്യാനവും ചിലപ്പോഴെങ്കിലും അസ്വാഭാവികവും അപക്വവുമാകുന്നു.  അനുഭവതീവ്രത കൊണ്ടു നൈസർഗ്ഗികമാം വിധം ഊഷ്‌മളമാവേണ്ടതിനു പകരം കൃത്രിമത്വം കൊണ്ടു വിരസമാവുന്നു.

രേഷ്‌മയുടെ ആർഗസ് തമ്മിൽ മെച്ചപ്പെട്ട കഥയാണ്. ഗ്രീക്ക് പുരാണത്തിലെ 100 കണ്ണുകളുള്ള ആർഗസിനെപ്പോലെ 100 കണ്ണുള്ള സെയിൽസ് മാൻ – അയാൾ തന്റെ അധികമായ കാഴ്ച്ചകളിൽ അസ്വസ്ഥനാണ്, അനുവെന്ന പെൺകുട്ടിയും തമ്മിലുള്ള കണ്ടുമുട്ടൽ. എല്ലാം കാണുന്നവന്റെ അന്തിമ വിധി മരണമാകുന്നു എന്ന യാഥാർത്ഥ്യം, നഗരത്തിൽ ഒരു പെൺകുട്ടി ഇരയാക്കപ്പെടുന്ന വിധം, തുടങ്ങി കാര്യമായ പുതുമകളൊന്നുമില്ലാതെ കഥ പൂർത്തിയാവുന്നു. സുനു എം.വിയുടെ ഇന്ത്യൻ പൂച്ച ആസന്നമായ ഇന്ത്യ-പാക് യുദ്ധകാലാവസ്ഥയിൽ വായിക്കുമ്പോൾ കൂടുതൽ അർത്ഥ തലങ്ങളുണ്ട്. കഥയുടെ നരേഷനും കൗതുകകരമാണ്. വിശപ്പിനു മുന്നിൽ ഇന്ത്യയും പാക്കിസ്ഥാനും രണ്ടു ശത്രുരാജ്യങ്ങൾ പോയിട്ട് ശത്രുക്കൾ പോലുമല്ലെന്ന് എത്ര ലളിതമായി ആ പൂച്ച കാണിച്ചു തരുന്നു.

കഥാപതിപ്പിലെ ഏറ്റവും ശ്രദ്ധേയമായ കഥ എം.എ ബൈജുവിന്റെ മുഖം മൂടി അണിഞ്ഞ മനുഷ്യർ ആണ്. കഥയുടെ രാഷ്‌ട്രീയം, നിഗൂഡതകൾ, ആകാംക്ഷയുണർത്തുന്ന ആഖ്യാനം, ചരിത്രത്തിന്റെയും കാലത്തിന്റെയും ചാക്രികഗതി തുടങ്ങി വിസ്‌മയിപ്പിക്കുന്ന പലതുമുണ്ട് ഈ കഥയിൽ. അന്ധനും മൂഢനുമാകാതെ പുതിയ ലോകത്ത് പുതിയൊരു കളി കളിക്കുന്നതാണ് അതിജീവനത്തിനുള്ള ഒരേയൊരു മാർഗ്ഗമെന്ന് കഥയിലെ ഇരട്ടമുഖങ്ങളുള്ള നായകൻ തിരിച്ചറിയുന്നു. നാടകത്തിന്റെ പേരുമാത്രമല്ല മുഖംമൂടി അണിഞ്ഞ മനുഷ്യർ.പുതിയ കാലത്തെ എല്ലാ മനുഷ്യരും മുഖംമൂടികളണിഞ്ഞിരിക്കുന്നു.

കെ.എസ് രതീഷിന്റെ സിറാത്ത് ശിഥിലമായ രചനയാണ്. കാലികമാണ് പ്രമേയമെങ്കിലും കഥയെ മുറുക്കിക്കെട്ടാൻ കഥാകൃത്തിനു കഴിയാത്ത പ്രതീതി വായനയ്ക്കു ശേഷം അവശേഷിക്കുന്നു. വീണയുടെ ഒരു സരളോപദേശ കഥയിലെ ചില അവ്യക്‌തതകൾ അങ്ങനെത്തന്നെ  നിലനിൽക്കുന്നുവെങ്കിലും കഥ ദൃഢവു ശക്‌തവുമാണ്. ഷബ്‌ന എസിന്റെ അർമഗദോൻ അതിസാധാരണമായൊരു പ്രണയകഥ മാത്രം. യാസർ അരാഫത്തിന്റെ കാന്റർബറി ടെയിൽ സ്‌മരണത്തിന്റെ മുനമ്പിൽ കഥ പറയാൻ തുടങ്ങുന്ന യാത്രിസംഘത്തെക്കുറിച്ചു പറയുന്നു. നക്‌സലിസം, വിപ്ലവം, കലാപം തുടങ്ങിയവയൊക്കെ കഥയിൽ വേണ്ടത്ര ചേർത്തത് അലിയാതെ വേറിട്ടു കിടക്കുന്നുമുണ്ട്.

എന്തായാലും ആഴ്ച്ചപ്പതിപ്പുകൾ കഥാപതിപ്പുകളാവത്തതത്രേ നല്ലതെന്ന തോന്നലോടെയാവണം ഭൂരിപക്ഷം പേരും മാധ്യമം അടച്ചു വെയ്ക്കുക എന്നു തോന്നുന്നു.

– ജിസാ ജോസ്

1 Comment
  1. AchuAbhilash 3 years ago

    നിരീക്ഷണം നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account