മലയാളത്തിലെ സ്‌ത്രീ കഥകളിൽ ലിംഗപദവി, സ്വത്വം എന്നിവ എങ്ങനെയാണ് ആവിഷ്‌കൃതമാവുന്നതെന്ന അന്വേഷണം കൗതുകകരമാണ്. ഷാഹിന ഇ.കെയുടെ മാതൃഭൂമിയിലെ കഥ അവനവൾ സ്‌ത്രീ, പുരുഷൻ എന്നീ ലിംഗാവസ്ഥകളിലേക്ക് മനുഷ്യനെ ക്രമീകരിക്കുന്ന യാഥാസ്ഥിതിക നീതികൾ, ശാരീരിക ലിംഗഭേദത്തിനപ്പുറം സ്‌ത്രൈണത/പൗരുഷം എന്നിവ പൂർണമായും സാംസ്‌കാരിക നിർമ്മിതിയാവുന്നതിന്റെ രാഷ്‌ട്രീയം എന്നിവയുടെ അപഗ്രഥനമാവേണ്ടതായിരുന്നു,  ഒട്ടും പ്രത്യക്ഷമാവാതെ തന്നെ കൃതിയുടെ അബോധ ഘടനയെ കർക്കശമായി സ്വാധീനിക്കുന്ന രീതിയിൽ, അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പെൺകഥകൾ നമുക്കു പരിചിതമല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. സ്‌ത്രീയെ ഒരു രാഷ്‌ട്രീയ സംവർഗ്ഗമായി തിരിച്ചറിയുന്ന,  വൈയക്‌തികമായിരിക്കുമ്പോഴും പ്രത്യയശാസ്‌ത്രപരമായ ഉൾക്കനമുള്ള, തമസ്‌കരണത്തിന്റെ, അന്യവൽക്കരണത്തിന്റെ അനുഭവങ്ങളെ വ്യത്യസ്‌ത രീതികളിൽ മറികടക്കുന്ന രചനകളാണ് പലപ്പോഴും സ്‌ത്രീകളുടേത്. വൈകാരികതകൾക്കപ്പുറം കുടുംബം, പ്രണയം, മാതൃത്വം എന്നിവയെ പ്രതിരോധാത്‌മകമായും ലിംഗ പദവിയെ സമീകരിക്കാനുള്ള ഇടമായും പ്രയോജനപ്പെടുത്തുന്ന കഥകൾ.

പക്ഷേ, നിർഭാഗ്യവശാൽ ഷാഹിനയുടെ കഥ  കുടുംബഘടനയിലെ, ആണധികാരവും സ്വാഭാവികമായുണ്ടാകുന്ന  പെൺവിധേയത്വമെന്ന സാമ്പ്രദായിക വലയത്തിനുള്ളിൽ ചുറ്റിത്തിരിയുകയാണ്. മലയാള കഥയിൽ അത്രയൊന്നും സാധാരണമല്ലാത്ത ന്യൂനപക്ഷ ലൈംഗിക വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം നായികാ സ്ഥാനത്തു തന്നെയുണ്ടായിട്ടും കഥ പരമ്പരാഗത ആൺ പെൺ കാഴ്ച്ചകളിലൂടെ, കുടുംബത്തിന് മേൽ അടിച്ചേൽപ്പിച്ച അമിത വൈകാരികതയുടെ ഓളങ്ങളിൽ അലസമായി സഞ്ചരിക്കുന്ന പ്രതീതിയുണ്ടായിപ്പോയി.  ട്രാൻസ് ജൻഡർ ആയ അപർണ മകന്റെ ഭാര്യയായി കയറി വരുമ്പോൾ അമ്മയ്ക്കുണ്ടാവുന്ന അങ്കലാപ്പുകളും അച്ഛന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഭീതിയുമൊക്കെ ആകാവുന്നത്ര അതിഭാവുകത്വത്തോടെ പൊലിപ്പിച്ചെഴുതിയതിലൂടെ കഥയുടെ രാഷ്‌ട്രീയമൊട്ടാകെ റദ്ദായിപ്പോയി. അമ്മയുടെ അത്തരം ഭയങ്ങൾ, വിഹ്വലതകൾ വായനക്കാർ മുമ്പു കണ്ടിട്ടുള്ളതുമാണ്. മക്കളുടെ സ്വയം തെരഞ്ഞെടുപ്പുകൾ അവരെ എക്കാലത്തും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇവിടെ സാധാരണ ഒരു  പെൺകുട്ടിക്കു പകരം ട്രാൻസ്റാ ജൻഡറായിപ്പോയി എന്ന വ്യത്യാസം മാത്രം. മറ്റെല്ലാം പതിവുള്ളവ.  ലിംഗ പദവിയുടെ വിധേയത്വപരമായ ഇടങ്ങളെ ദ്രവീകരിപ്പിക്കുന്ന ഒന്നായി അപർണയെന്ന കഥാപാത്രത്തിന്റെ ഇടപെടലുകളെ മാറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. അവളെ (അവനെ) അങ്ങനെ മകന്റെ മറവിൽ നിർത്താതിരുന്നെങ്കിൽ തീർച്ചയായും ഷാഹിനയുടെ കഥ  ലിംഗ രാഷ്‌ട്രീയത്തിന്റെ ശക്‌തമായ ആഖ്യാനമായേനെ.

മാതൃഭൂമിയിൽ പി. വത്‌സലയുടെ കഥയുമുണ്ട്. വനിതാദിനത്തിന്റെ ആഴ്ച്ചയായതിനാലാവാം രണ്ടു പെൺകഥകൾ ഒരേ ലക്കത്തിൽ പ്രത്യക്ഷപ്പെട്ടത്. പരുന്ത് എന്ന കഥയ്ക്ക് പ്രത്യേകിച്ച് പുതുമയോ രൂപഭദ്രതയോ ഒന്നും അവകാശപ്പെടാനില്ല. വത്‌സല എഴുതി എന്നതിനപ്പുറം. ആദിവാസിയായ ചല്ലിയുടെ മക്കളെ അവളുടെ നാഗരികനായ ഭർത്താവ് പരുന്തിനെപ്പോലെ റാഞ്ചിക്കൊണ്ടു പോകുന്നതും ചല്ലി ദുർബലമായി പ്രതിരോധിക്കുന്നതുമൊക്കെ ശിഥിലമായി എഴുതിയിരിക്കുക മാത്രം.

മാതൃഭൂമിയിൽ കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തൊട്ടടുത്ത ആഴ്ച്ച സമകാലിക മലയാളത്തിലും കഥ വേണമെന്നത് ഒരാചാരം പോലെ ആയിട്ടുണ്ടോ എന്നു സംശയം തോന്നാൻ വായനക്കാർക്കവകാശമുണ്ട്. എന്തായാലും ഈയാഴ്ച്ച ഷിനിലാലിന്റെ മറ്റൊരു രസകരമായ കഥ കൂടി വായിക്കാനായി. ആചാരപാലനത്തിനായാണോ മറ്റേതെങ്കിലും കാരണത്തിനായാണോ എന്നറിയില്ല, വേടൻ തൊടി അൽപ്പം തിരക്കിട്ടെഴുതിയതാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ചില അഭംഗികൾ കഥയിലുണ്ട്. ഫാന്റസിയായി വളർത്താൻ ആഗ്രഹിച്ചതിനാലാവണം ഇടയ്ക്കൊരു ഖണ്ഡത്തിൽ പേടകത്തിനുള്ളിലെ ഭൂതം പ്രത്യക്ഷപ്പെടുന്നതും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അപ്രത്യക്ഷനാവുന്നതും. കഥയിൽ ഫാന്റസിയുടെ ഘടകങ്ങളുണ്ട്, പക്ഷേ അതിനെ മറികടക്കുന്ന റിയലിസ്റ്റിക് അംശങ്ങളാണു മുന്നിട്ടു നിൽക്കുന്നത്. ഭൂതത്തിന്റെ ആഗമനത്തിനു പ്രത്യേകിച്ചു ലക്ഷ്യം വല്ലതുമുണ്ടോ എന്നതു വായനയിൽ തെളിയാതെയുമിരിക്കുന്നു. കഥയിലെ സ്‌ത്രീ കഥാപാത്രം രേവതിയെന്നും രാധികയെന്നുമൊക്കെ മാറി മാറി വിളിക്കപ്പെടുന്നതിലെ അശ്രദ്ധയും തിരിച്ചറിയാതെ പോകുന്നില്ല.

ഇതൊക്കെയെങ്കിലും ആക്ഷേപഹാസ്യധ്വനികളുള്ള ആഖ്യാനത്തിലൂടെ സമകാലകേരളം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമായ ജാതീയതയും ജാതി ശ്രേണീകരണവും ഇത്രമേൽ കൃത്യമായി അഭിസംബോധന ചെയ്യുന്നുവെന്നത് ഈ കഥയുടെ ഉൾക്കരുത്താണ്. ഏറ്റവും കാലികമായ സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ ഘടനകളെ അപനിർമ്മിച്ചുകൊണ്ട്  തറവാടിത്ത ഘോഷണത്തെ കശാപ്പു ചെയ്യുക തന്നെയാണ് വേടൻ തൊടി. മക്കളില്ലാത്ത, ഉണ്ടാവാൻ സാധ്യതയില്ലാത്ത രേവതി, അയാൾ. അവർക്ക് പൊളിച്ചു വിൽക്കാൻ തീരുമാനിച്ച തറവാട്ടിൽ നിന്ന് സുരക്ഷിതമായി പ്രിസർവു ചെയ്യപ്പെട്ട ബീജം ലഭിക്കുന്നു. ഇരുന്നൂറു വർഷം പഴക്കമുള്ളത്. വേടന്മാരെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ മഹത്തായ പാരമ്പര്യമുള്ള വീരകേസരിയായ കാരണവരുടെ ബീജമെന്ന വിശ്വാസത്തിൽ അതുപയോഗിച്ച് അവർ കൃത്രിമ ഗർഭധാരണം നടത്തുന്നു. സവർണഹൈന്ദവതയോടു ചേർത്തുവായിക്കേണ്ട പാരമ്പര്യം, പൈതൃകം, കരുത്ത്, അധികാരം എന്നിവയുടെ സങ്കലനമായാണ് അവർ (എല്ലാവരെയും പോലെ) അതിനെ കണ്ടതും അഭിമാനത്തോടെ സ്വീകരിച്ചതും. കേരളീയ പൊതുബോധത്തിന്റെ  വ്യാജ മതനിരപേക്ഷത, അരാഷ്‌ട്രീയത, കീഴാളതയോടുള്ള വിധ്വംസക മനോഭാവം തുടങ്ങിയവയെ രൂക്ഷമായി കളിയാക്കുന്നു വേടൻ തൊടി. ജാത്യാഭിമാനത്തിന്റെ പൊള്ളത്തരത്തെ, സവർണതയുടെ ഹിംസാത്‌മകതയെ ഇത്രത്തോളം നിസാരമാക്കാൻ കഴിഞ്ഞതു തന്നെയാണ് ഈ കഥയുടെ രാഷ്‌ട്രീയവും.

മലയാളത്തിൽ തന്നെയുള്ള പി. മോഹനചന്ദ്രന്റെ ഉസിത എന്ന അതി ദീർഘമായ റോഡ് സ്‌റ്റോറിയുടെ അർത്ഥവും ആശയവുമൊക്കെ കഥ വായിച്ചു തീർത്തിട്ടും അവ്യക്‌തമായിരിക്കുന്നു. യാത്രാനുഭവങ്ങൾ രസകരമായിട്ടുണ്ട്. ചില സാംസ്‌കാരിക വിമർശനങ്ങൾ അങ്ങിങ്ങായി സാധ്യമാക്കിയിട്ടുണ്ട്. സ്വപ്‌നവാസവദത്തത്തെ അനുസ്‌മരിപ്പിക്കുന്ന വിധമാവണം ഉദയനനെ, വാസവദത്തയുടെ അച്ഛൻ കാന്തപുരിയിലേക്കെത്തിക്കുന്നത്. തുടർ സംഭവങ്ങൾക്കും ഭാസനോടു കടപ്പാടു വെയ്ക്കാം,പക്ഷേ കൂടെ വന്നത് തോഴി ഉസിതയാണെന്നും  ഒറിജിനൽ വാസവദത്ത ഉപഗുപ്‌തന്റെ കരതലങ്ങളിലാണെന്നും കഥയ്ക്ക് മറ്റൊരു പാഠാന്തര ബന്ധം കൂടിയുണ്ടാവുന്നു അവസാനം. എന്തായാലും ഈ കഥ എന്തിനാണു വായിച്ചതെന്ന വലിയ സന്ദേഹം മാത്രമായിരിക്കാം വായനക്കാരനിൽ അവശേഷിക്കുക.

മാധ്യമത്തിൽ പ്രമോദ് കൂവേരി എഴുതിയ പത്തൊമ്പത് മൊട്ടകൾ അനിശ്ചിതമായ മനുഷ്യാവസ്ഥയെപ്പറ്റി വേറൊരു തരത്തിൽ പറയുന്നു. പുതിയ കാലത്ത് പ്രകടനീയതയാണ് മനുഷ്യനെ നിർണയിക്കുക. ഒരാൾ ഇന്നയാളാണ്, ഇന്നതാണ് അയാളുടെ ഐഡന്റിറ്റി എന്നിവയ്‌ക്കൊക്കെ യാതൊരു ഉറപ്പുമില്ല. അയാളെ വേറൊന്നാക്കാൻ ആ സ്വത്വത്തെ മറ്റൊന്ന് എന്നു സ്ഥാപിക്കാൻ വളരെയെളുപ്പവുമാണ്. അങ്ങേയറ്റം ദ്രവാത്‌മകമായ, അയവുകളുള്ള ഒന്നായ ഐഡന്റിറ്റി അതിന്റെ തനിമ ഒക്കെ മാറിമറിയുന്നു. മറ്റുള്ളവർ പറയുന്നതാകുന്നു അയാൾ.  അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചതിന് ജയിലിലായ  വിവിധ സംഘടനാരാഷ്‌ട്രീയക്കാരായ 18 കുട്ടികൾ, ഓഫീസിൽ പ്രിൻസിപ്പാളിനെ കാണാൻ ചെന്നു നിന്നിരുന്ന ഒരു പാവം പയ്യനും അക്കൂട്ടത്തിലുൾപ്പെട്ടു പോവുന്നു. നിഷ്ഠുരമായ അപമാനങ്ങൾക്കും ശിക്ഷകൾക്കും ശേഷം തല മൊട്ടയടിച്ച് 19 പേരും പുറത്തിറക്കി വിടപ്പെട്ടു. നിസഹായനായ ആ പയ്യന്റെ ഭാവിയെന്തെന്ന് ഊഹിക്കാം. മറ്റുള്ളവർ ജീവിതം തുടർന്നു. കാലങ്ങൾക്കു ശേഷം 18 പേരും വീണ്ടും കണ്ടുമുട്ടാൻ തീരുമാനിക്കുന്നു,19 മൊട്ടകളെന്ന പേരിൽ വാട്‍സ് ആപ് ഗ്രൂപ്പ്. കൂടിച്ചേരൽ സാംസ്‌കാരിക മന്ത്രിയാണു ഉദ്ഘാടനം ചെയ്യുന്നത്. പത്തൊൻപതാമത്തെ മൊട്ട അവരുടെ കൂട്ടത്തിലുൾപ്പെട്ടവനല്ല, അവന്റെ പേരു പോലും അവർക്കറിയില്ല. പക്ഷേ നാടകീയമായ സ്വാഗത പ്രസംഗത്തിനൊടുവിൽ സചീന്ദ്രൻ സാംസ്‌കാരിക മന്ത്രിയോട് താങ്കളല്ലേ അവൻ എന്നു ചോദിക്കുമ്പോൾ അയാൾക്ക് നിഷേധിക്കാനാവുന്നില്ല. അയാൾ അവനാവുന്നു. പ്രത്യേകിച്ച് ക്ലേശങ്ങളൊന്നും ആവശ്യമില്ലാത്ത ഭാവപ്പകർച്ച, രൂപപ്പകർച്ച, അതിലൂടെ ആദ്യത്തേവനു കിട്ടേണ്ട എല്ലാ ആനുകൂല്യങ്ങളും അയാൾ കൈപ്പറ്റി അനുഭവിക്കുന്നു. പ്രമോദിന്റെ കഥ കൃത്യമായി പുതിയ കാലത്തെ അഡ്രസ് ചെയ്യുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account