സമകാലിക മലയാളത്തിൽ എൻ. പ്രദീപ് കുമാറെഴുതിയ സമർപ്പിതജീവിതം ശിൽപ്പഭദ്രതയുള്ള മികച്ച സറ്റയറാണ്. ഈയാഴ്ച്ചത്തെ ഏറ്റവും മികച്ച കഥയും. സമകാലിക ജീവിതത്തിന്റെ കാപട്യങ്ങളെ, വൈരുദ്ധ്യങ്ങളെ എത്രയോ ശാന്തമായും അതേ സമയം  ശക്‌തിയൊട്ടും ചോർന്നു പോവാതെയും ഈ കഥ പകർത്തുന്നു. ആക്ഷേപഹാസ്യത്തിന്റെ ധ്വനികൾ പോലും നിലീനവും അങ്ങേയറ്റം അച്ചടക്കമുള്ളതുമാണ്. അനാവശ്യമായൊന്നുമില്ല, പൊട്ടിച്ചിരികളുമില്ല. ചില്ലുമുനകൊണ്ട് ആഴത്തിലേൽപ്പിക്കുന്ന മുറിവു പോലെ രൂക്ഷമായ സാമൂഹിക വിമർശനമാണിത്. ബാഹ്യമായ പരിക്കുകളേതുമില്ല. മുറിവും രക്‌തച്ചൊരിച്ചലും ആന്തരികമാണ്. ‘വിദേശങ്ങളിലെ പൊളിറ്റിക്കൽ ലീഡേഴ്‌സ് തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയുമൊക്കെ ചെയ്യുന്നവരാണ്, പ്രൊഡക്റ്റീവായി അതായത് നാഷന് ഒരു കോൺട്രിബ്യൂഷൻ, അങ്ങനെയൊരു ചിന്താഗതി ഇല്ലാത്തത് ഇവിടെ മാത്രമാണെന്നു തോന്നുന്നു’ എന്നു കഥയിലെ വരുൺ എസ് നായരുടെ അഭിപ്രായത്തിന് സമർപ്പിത രാഷ്‌ട്രീയ ജീവിയായ ചീമ്പാരൻ രാമൻകുട്ടി കൊടുക്കുന്ന വിശദീകരണത്തിലുണ്ട് കഥയുടെ തീവ്രമായ ഹാസ്യവും രാഷ്‌ട്രീയവിമർശനവുമൊട്ടാകെ .

‘ആരു പറഞ്ഞു പ്രൊഡക്റ്റീവ് കോൺട്രിബ്യൂഷൻ ഇല്ലെന്ന്? എന്റെ വസ്‌ത്രങ്ങൾ കഴുകാനും ഇസ്‌തരിയിടാനും മറ്റൊരാളെ ആശ്രയിക്കാറില്ല….’ എന്നു തുടങ്ങുന്ന ആ മറുപടി സമകാലരാഷ്‌ട്രീയ പ്രവർത്തനത്തെക്കുറിച്ചുള്ള ഒരു ക്ലാസിക് വിശദീകരണം തന്നെയായിരിക്കുന്നു. 30 വർഷമായി പൊതുരംഗത്തുള്ള, ഇപ്പോഴും മണ്ഡലത്തിനപ്പുറത്തേക്ക് വളരാത്ത, വളരണമെന്നിച്ഛിക്കുകയും ചെയ്യാത്ത ചീമ്പാരൻ രാമൻകുട്ടിയെന്ന മുഴുവൻസമയ രാഷ്‌ട്രീയക്കാരന്റെ  ദിനസരിയാണ് കഥ. അധ്യാപികയായ ഭാര്യയും, വിദേശത്തു സെറ്റിലായ മകളും പോർച്ചിലെ വലിയ കാറുമൊക്കെ കീമ്പാരന്റെ/കേരളത്തിലെ ഒരു ശരാശരി രാഷ്‌ട്രീയക്കാരന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒന്നും പറയാതെ പറയുന്നു. വീട്ടിൽ നിന്നാകെ കുടിക്കുന്ന കട്ടൻ ചായ, മറ്റുള്ളവരുടെ ഓസിലുള്ള ചായകുടി, ഭക്ഷണം, യാത്ര.. ചീമ്പാരന്റെ ഇടപെടലുകൾ എല്ലാത്തരം ബൂർഷ്വാസികളോടുമാണ്. മുതലാളിത്തത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും മുന്തിയ ഗുണഭോക്‌താവാണയാൾ, വർഷങ്ങളായി. അതേസമയം തന്നെ സദാസമയം ജനമധ്യത്തിൽ അവരുടെ പ്രശ്‌ന പരിഹാരത്തിനായി ജീവിതം സമർപ്പിച്ച   ആർഭാടതൽപ്പരനല്ലാത്ത ഒരു രാഷ്‌ട്രീയ നേതാവിന്റെ വ്യാജമായ ഇമേജ് ഉണ്ടാക്കാനും അതിനെക്കുറിച്ച് നിരന്തരം പറഞ്ഞ് ആ ഇമേജ് സുരക്ഷിതമായി നിലനിർത്താനും അയാൾക്കു കഴിഞ്ഞിരിക്കുന്നു. നമ്മുടെ രാഷ്‌ട്രീയരംഗത്തെ മൂല്യച്യുതികളെ, അധാർമ്മികതകളെ കഥ അഭിസംബോധന ചെയ്യുന്നതങ്ങനെയാണ്. യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന  വ്യാജപ്രതീതികളുടെ ഉത്‌പാദനമാണ് പുതിയ കാലത്ത്  സാമൂഹ്യഘടനകളിൽ  നടന്നുകൊണ്ടിരിക്കുന്നത്. അത് എല്ലാത്തരം നൈതികതയെയും തുടച്ചു നീക്കുന്നു. മറ്റുള്ളവരെ ചൂഷണം ചെയ്‌തും  തന്ത്രപരമായ കരുനീക്കങ്ങൾ നടത്തിയും വ്യാജ നിർമ്മിതികൾ – വിഗ്രഹങ്ങൾ സ്വയം അഭിഷിക്‌തരാവുകയാണ്, പ്രത്യേകിച്ച് രാഷ്‌ട്രീയരംഗത്ത്. അവർ വിമർശിക്കപ്പെടുന്നുണ്ട്. പക്ഷേ അത്തരം വിമർശനങ്ങളെയും പരിഹാസങ്ങളെയും പോലും തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ചെടുക്കാനുള്ള കൗശലവും തൊലിക്കട്ടിയും ആ രാഷ്‌ട്രീയ ദൈവങ്ങൾക്കുണ്ട്.

ചീമ്പാരന്റെ പോക്കറ്റിലെ ഒരിക്കലും ചില്ലറയാവാനവസരം കിട്ടാത്ത രണ്ടായിരം രൂപയെക്കുറിച്ചുള്ള പരാമർശം, അത്താഴം പോലും വീട്ടിൽ നിന്നു കഴിക്കില്ലെന്ന പ്രസ്‌താവന… ഇതൊക്കെ ഒരു മുഴുവൻ സമയ രാഷ്‌ട്രീയമുതലാളിയുടെ ജീവിതത്തെ കൃത്യമായി വിലയിരുത്തുന്നതും പരിഹസിക്കുന്നതുമാണ്. ചൂഷണം രാഷ്‌ട്രീയത്തിൽ മാത്രമല്ല, വിശ്വാസത്തിന്റെ മണ്ഡലത്തിലുമുണ്ട്. ഒരു പക്ഷേ ഇവിടുത്തെക്കാൾ മത്‌സരം കുറഞ്ഞതും കൂടുതൽ സുരക്ഷിതവുമായ ഇടമാണത്. ചീമ്പാരന്റെ സ്വപ്‌നത്തിലെ വിപ്ലവനായകൻ വരുണിന്റെ ആരാധനാമൂർത്തിയായ ഗുരുവായി പ്രത്യക്ഷപ്പെടുന്നത് പ്രതീകാത്‌മകം കൂടിയാണു താനും. രണ്ടു കൂട്ടരും ചരിത്രത്തെയും വ്യവഹാരങ്ങളെയും അട്ടിമറിച്ച് അയഥാർത്ഥമായ, അരാഷ്‌ട്രീയമായ സുരക്ഷിത ഇടങ്ങളുണ്ടാക്കി അതിനനുകൂലമായ വിധത്തിൽ പൊതുബോധത്തെ സ്വാധീനിക്കുന്നു. സമകാല സമൂഹം നേരിടുന്ന ഗുരുതരമായ സാംസ്‌കാരിക പ്രതിസന്ധിയെ ഇങ്ങനെ തുറന്നു കാട്ടുന്നുവെന്നതു തന്നെയാണ് സമർപ്പിതജീവിതത്തിന്റെ പ്രസക്തി. അത് ഇത്രയും കഥാത്‌മകമായി ചെയ്യാൻ കഴിഞ്ഞിരിക്കുന്നുവെന്നത് അതിന്റെ സൗന്ദര്യവും.

മലയാളത്തിലെ തന്നെ എന്റെ ശരീരങ്ങൾ (അനീഷ് ബർസോം) ആഖ്യാനത്തിന്റെ മുറുക്കം കൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമാവുന്നു. ബൈസെക്ഷ്വൽ ആയ ആബിയുടെയും ഹോമോസെക്ഷ്വൽ ആയ എബ്രിയുടെയും കഥയാണത്. സ്വവർഗ്ഗ ലൈംഗികത മലയാള കഥയിൽ ഒളിഞ്ഞും മറഞ്ഞുമല്ലാതെ കേറി വന്നു തുടങ്ങിക്കഴിഞ്ഞു. LGBTവിഭാഗങ്ങളുടെ കഥകൾ  പ്രമേയമാവുന്ന രചനകൾ അശ്ലീലമെന്നോ അസഭ്യമെന്നോ അല്ല പുതിയ കാലം വിലയിരുത്തുന്നത്. രണ്ടു പുരുഷ പ്രണയികൾ, അതിലൊരാൾ വിവാഹിതനാവാൻ തീരുമാനിക്കുന്നതോടെ മറ്റേയാൾ അനിവാര്യമായൊരു തെരഞ്ഞെടുപ്പു നടത്തേണ്ടി വരുന്നു. അനീഷിന്റെ കഥയുടെ സവിശേഷത പുരുഷന്മാർ തമ്മിലുള്ള ശരീരങ്ങളുടെ ഉത്‌സവം ഒട്ടും അശ്ലീലമാവാതെ, കടും വർണങ്ങളില്ലാതെ അനായാസമായും സ്വാഭാവികമായും വരച്ചിരിക്കുന്നുവെന്നതാണ്. വേറൊരു സന്ദർഭത്തിലെങ്കിൽ വൃത്തികേട് എന്നു പോലും തോന്നിപ്പിക്കാവുന്ന സ്വവർഗ്ഗരതിയെ മനോഹരമായവതരിപ്പിക്കുന്ന ഒന്നിലധികം രംഗങ്ങളുണ്ട് കഥയിൽ. ഇതുമെത്രയോ സ്വാഭാവികമെന്നോ സാധാരണമെന്നോ വായനക്കാരെ വിസ്‌മയിപ്പിക്കുന്നത്രയും സുന്ദരമായവ. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ചു  വാചാലമാവുന്ന കഥ പക്ഷേ പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗ സാമൂഹ്യപരതയെക്കുറിച്ചു സംസാരിക്കുന്നില്ലെന്നതും ശ്രദ്ധേയം, മദ്യപാനത്തിലൂടെ ഉടലെടുത്ത സൗഹൃദത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശമല്ലാതെ. കഥയിൽ പുരുഷന്മാർ തമ്മിലുള്ള ശാരീരിക ബന്ധം അവരിലെ അധീശത്വബോധത്തെ വർദ്ധിപ്പിക്കുകയല്ല, അതിനെ ദുർബലമാക്കുകയാണ്. കഥയിലെ സ്‌ത്രീ കഥാപാത്രമാണിവിടെ അധികാരത്തിന്റെ പ്രതിരൂപമായി വരുന്നതെന്ന വൈരുദ്ധ്യം കൂടി അനീഷിന്റെ കഥയിലുണ്ട്. ഏതു നിലയ്ക്കും ശ്രദ്ധേയമായ കഥ.

മനോജ് ഭാരതി മാധ്യമത്തിലെഴുതിയ ചിതൽപ്രതികാരം നീണ്ടതും ക്ഷമ പരീക്ഷിക്കുന്നതുമാണ്. പറഞ്ഞു പഴകിയ പ്രമേയം വീണ്ടും വീണ്ടും പരത്തിപ്പറയുകയാണ് കഥ. കടൽത്തീരം, മണൽഖനനം, മുതലാളിത്ത ചൂഷണം, ഭർത്തൃപീഡനം, വിവാഹേതരബന്ധം, ഒളിച്ചോട്ടം, പ്രാദേശിക ഭാഷ, തുടങ്ങി വേണ്ടതും വേണ്ടാത്തതുമായ  ചേരുവകളേറെയുണ്ട് കഥയിൽ. ഇവയെ പ്രത്യേകിച്ച് അനുപാതങ്ങളോ ചേർച്ചയോ ഒന്നും പരിഗണിക്കാതെ ബന്ധിപ്പിച്ചിരിക്കുന്നു. കടപ്പുറത്ത് ശ്രീധരനെന്ന മദ്യപാനിയുടെ പീഡനങ്ങൾ സഹിക്കവയ്യാതെ ഭാര്യ  മണിയമ്മയും മകളും മറ്റൊരിടത്തേക്കു പോകുന്നു. മണൽഖനനം മൂലം തീരം മുഴുവൻ കടലെടുക്കുന്നതിന്റെയും തീരവാസികൾക്ക് നഷ്‌ടപരിഹാരം കൊടുത്തൊഴിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്, തീരം വിടാൻ തയ്യാറല്ലാത്ത ശ്രീധരനെ വിട്ട് മണിയമ്മ രക്ഷപെടുന്നത്. കോഴി വളർത്തലിലൂടെ അവൾ പച്ച പിടിക്കുന്നു. നടരാജനുമായി അവിഹിത വേഴ്ച്ച, അതിനിടയിൽ മകൾ ഒളിച്ചോടുന്നു. ശ്രീധരന്റെ മരണശേഷം അയാളുടെ ട്രങ്കു പെട്ടിയിലെ ആധാരം ചിതലെടുത്തതായി മണിയമ്മ കണ്ടെത്തുന്നതാവാം ചിതൽപ്രതികാരമെന്നു കഥയ്ക്കു പേരു വരാനുള്ള കാരണം. എന്തായാലും കഥ വിരസമാണെന്നു തോന്നിപ്പോയാൽ വായനക്കാരല്ല അതിനുത്തരവാദി.

എതിർദിശയിൽ രാജീവ് ജി. ഇടവ എഴുതിയ ചേർപ്പുകാള വാചാലമാണ്. വേശ്യയായ ദേവികയുടെയും മകളുടെയും കഥയാണത്. പുതുമയുള്ളതൊന്നും പ്രമേയത്തിലോ ആഖ്യാനത്തിലോ കണ്ടെത്താനില്ല. ചില വൈരുദ്ധ്യങ്ങളുണ്ട് താനും. ആദ്യം വിദ്യാധരന് കുരുത്തക്കേടുകളും ക്രൂരതകളുമില്ല, ചേർത്തു പിടിക്കും, വളരെ സുരക്ഷിതത്വം തോന്നുമെന്നു പറയുന്നു, അധികം വൈകാതെ അയാൾ മഹാ ദുഷ്‌ടനാണ്, അതിക്രമിയാണെന്നും. പിന്നെ അയാളുടെ ക്രൂരതകളുടെ വർണനയും. കഥാവസാനവും മുമ്പേ ഊഹിക്കാനാവുമെന്നത് കഥയുടെ വലിയ പരിമിതിയാണ്. ഇത്രയും വാചാലമായല്ലാതെ ആവിഷ്‌കരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ശ്രദ്ധേയമാകാനിടയുണ്ടായിരുന്ന കഥയാണ് ചേർപ്പുകാള.

മാതൃഭൂമി ഈയാഴ്ച്ച പത്‌മനാഭപുരാണമായതുകൊണ്ടാവാം അദ്ദേഹത്തിന്റെ പഴയ 3 കഥകൾ കൊണ്ടാണ് ഒപ്പിച്ചിരിക്കുന്നത്. പുസ്‌തകരൂപത്തിൽ സുലഭമായ കഥകൾ, അതും 3 എണ്ണമൊക്കെ പുന പ്രസിദ്ധീകരിക്കുന്നത് വായനക്കാരോടുള്ള അനീതിയാണെന്നു പറയാതെ വയ്യ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account