മറച്ചുവെയ്ക്കപ്പെട്ടവയുടെ വെളിപ്പെടുത്തൽ, വ്യാജമായ യാഥാർത്ഥ്യങ്ങളുടെ നിർമ്മിതി, അധീശയുക്‌തികളുടെ തീർപ്പുകൾ, ഇവയൊക്കെയും ചേർന്നു സൃഷ്‌ടിക്കുന്ന പലപ്പോഴും പരസ്‌പരം ചേരാതെ കലഹിക്കുന്ന ഒട്ടനവധി അനുഭവങ്ങളുടെ സങ്കരമാണ്  ജീവിതം. കെട്ടുപിണഞ്ഞതും ഒരിക്കലും അഴിച്ചെടുക്കാനാവാത്തതുമായ താത്‌പര്യങ്ങളാണതിനെ രൂപപ്പെടുത്തുന്നത്. രാഷ്‌ട്രീയവും വംശീയവും സാമ്പത്തികവുമായ കാരണങ്ങളാവാം ഇത്തരം താത്‌പര്യങ്ങൾക്കു പിന്നിലുള്ളത്.

സമകാലിക മലയാളത്തിൽ കരുണാകരനെഴുതിയ ഒളിസ്ഥലം എന്ന കഥ ജീവിതത്തിന്റെ നിഗൂഡതകളെ, ഒളിച്ചിരിപ്പുകളെ, പിടികൊടുക്കലുകളെ, ദാർശനികമായ കടുംയുക്‌തികളോടെ പകർത്തുന്നു. 11 പേർ ചേർന്നു നടത്തിയ രാഷ്‌ട്രീയക്കൊലയിൽ പങ്കാളിയായ മാധവൻ ഇപ്പോൾ വിദേശത്ത് ഒളിവിലാണ്. സത്യത്തിൽ ആ കേസിലെ 11 പ്രതികളും പിടിക്കപ്പെടുകയും ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.  എന്നെ പിടിച്ചിട്ടില്ല എന്ന ശാഠ്യം കലർന്ന മറുപടിയിലൂടെ മാധവൻ ഹിംസാത്‌മകമായ അധീശരാഷട്രീയത്തിന്റെ കപട നിർമ്മിതികളെ, വ്യാജമായ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു. നാട്ടിൽ നിന്നെത്തുന്ന ചലച്ചിത്രകാരന്റെ – അദ്ദേഹം ആരാണെന്നൂഹിക്കാൻ മാത്രം തെളിവുകൾ കഥയിലുണ്ട് – താൽക്കാലിക ഡ്രൈവറായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് മാധവൻ. ഫാന്റസിയെന്നോ മാജിക്കൽ റിയലിസമെന്നോ ഒക്കെ വിലയിരുത്താവുന്ന വിഭ്രാമകമായ അനുഭൂതികളിലൂടെ മാധവനും മാധവനൊപ്പം ചലച്ചിത്രകാരനും കടന്നു പോവുന്നുണ്ട്. കഥയുടെ സത്തയെയൊട്ടാകെ അവർ തമ്മിലുള്ള ഒരു സംഭാഷണത്തിൽ ക്രോഡീകരിക്കാം. ‘നമ്മൾ എല്ലാവരും ഒളിച്ചു പാർക്കുകയാണ്, എന്തിൽ നിന്നെങ്കിലും.’ താനൊരു പിടി കിട്ടാപ്പുള്ളിയാണ്, ഒളിവിലാണ് എന്നു തുറന്നു പറയുന്ന മാധവനെ ഇങ്ങനെ സമാശ്വസിപ്പിക്കുന്നത് ചലച്ചിത്രകാരൻ തന്നെയാണ്. നിരന്തരമായ ഒളിച്ചു പാർക്കലുകളുടെ ആകെത്തുകയായ ജീവിതത്തെ സവിശേഷമായി അവതരിപ്പിക്കുന്നുവെന്നതാണ് കരുണാകരന്റെ കഥയുടെ വ്യതിരിക്‌തത.

മാതൃഭൂമിയിൽ സതീഷ് ബാബു പയ്യന്നൂരെഴുതിയ വയലറ്റം എന്ന കഥ ദീർഘമായൊരു കുടുംബചരിത്രമാണ്. പക്ഷേ  കഥയുടെ പൊരുളെന്തെന്ന് കഥ വായിച്ചു തീർന്നാലും പിടികിട്ടാതിരിക്കുന്നു. പരസ്‌പര ബന്ധവും കെട്ടുറപ്പുമുള്ള ഒരു കുടുംബ പശ്ചാത്തലമവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. പക്ഷേ കഥ പറയുന്നയാൾ – ഇളയ മകൻ – മുതിർന്നതോടെ ആ ബന്ധങ്ങളഴിഞ്ഞു തുടങ്ങുന്നു. അവൻ ചിത്രകാരനും ചിത്രകാരന്മാർ ആവേണ്ട വിധം അരാജകവാദിയുമായി. പല കാമിനിമാർ, യാത്രകൾ, പെയിന്റിങ്ങുകൾ… ഒപ്പം  കുടുംബത്തോട് അകൽച്ചയിലുമാകുന്നു. ഈ കഥയിലേറ്റവും അരോചകമാവുക ദാക്‌ഷായണിയമ്മ, ചിണ്ടപ്പൊതുവാൾ മാഷ് എന്നിങ്ങനെ അച്ഛനമ്മമാരെയും സഹോദരന്മാരെയും എല്ലാ ബന്ധുക്കളെയും പേരെടുത്തു പറയുന്നതാണ്. ദാക്‌ഷായണിയമ്മ ടീച്ചറാണെങ്കിലും അത് പേരിനോടു ചേർത്തിട്ടുമില്ല. ആഖ്യാനത്തിൽ  പുതുമ കൊണ്ടുവരാനും കഥാനായകന് അവരോടുള്ള വിരക്‌തി കാട്ടാനുമൊക്കെ ഉദ്ദേശിച്ചിട്ടാവണം ഈ പരീക്ഷണം. കഥയിൽ എത്ര തവണ ചിണ്ടപ്പൊതുവാൾ മാഷ് എന്നാവർത്തിച്ചിട്ടുണ്ടെന്ന് എണ്ണി നോക്കുന്നത് രസകരമായേക്കും. കുടുംബത്തോടും അച്ഛനോടും ഇത്രമാത്രം  ശത്രുതയുണ്ടാവാനുള്ള കാരണങ്ങളൊന്നും കഥയിൽ വ്യക്‌തവുമല്ല. സ്വത്തിനോട് ആർത്തിയുള്ളവരായി കഥാപാത്രങ്ങളെ അവതരിപ്പിക്കാത്തതുകൊണ്ടു തന്നെ കഥാവസാനം ഒരു തമാശ പോലെ തോന്നിപ്പോവുന്നു. കഥയിലെ അവിശ്വസനീയതകൾ ആകർഷകമാവേണ്ടതാണ് യഥാർത്ഥത്തിൽ. പക്ഷേ വയലറ്റം അങ്ങനെയാവുന്നില്ല എന്നു മാത്രമല്ല, ഞെക്കിപ്പഴുപ്പിച്ചെടുത്തവക്കൊക്കെ ഉണ്ടാകുന്ന പുളിപ്പും ചവർപ്പും മാത്രം അനുഭവപ്പെടുത്തുകയും ചെയ്യുന്നു.  വയൽക്കിളികളെക്കുറിച്ചൊക്കെയുള്ള പരാമർശങ്ങളിലൂടെ കഥയെ ആനുകാലികമാക്കാൻ നടത്തുന്ന  ബോധപൂർവ്വമുള്ള ശ്രമങ്ങളുമുണ്ട്.. രാജനെക്കുറിച്ചുള്ള സൂചന, ഈച്ചരവാര്യരെ കാണാനുള്ള യാത്ര, തുടങ്ങി വൈകാരിക രാഷ്‌ട്രീയത്തിന്റെ വില കുറഞ്ഞ പ്രയോഗങ്ങളും.

മാധ്യമത്തിൽ 3 പെൺകഥകളാണ് ഈ ആഴ്ച്ച പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആർ. തുഷാരയുടെ പവർ ബാങ്ക് ഒരു പ്രളയകാലാനുഭവമാണ്. പ്രളയത്തിൽ ഒറ്റപ്പെട്ട രണ്ടു പേർ – ഒരാൾ സ്‌ത്രീയാണ് – ഹോട്ടലിൽ ഒന്നിച്ചൊരു രാത്രി കഴിയേണ്ടി വരുന്നതും ആദ്യം ഭയന്നെങ്കിലും അയാളിൽ വിശ്വാസമുണ്ടാവുന്നതും പരസ്‌പരം പിരിയുമ്പോൾ അയാളുടെ പവർ ബാങ്ക് അവൾക്കു കൊടുക്കുന്നതുമൊക്കെ വളരെ പ്ലെയിൻ ആയി എഴുതിയിരിക്കുന്നു. ഇത്തരം കഥകൾ പുതിയതല്ല. അവർ രണ്ടു പേരെയും ഒരു മുറിക്കുള്ളിൽ അടച്ചിടാനുള്ള ഹേതു പ്രളയമായെന്നതു മാത്രമാണ് ഇതിലെ വ്യത്യസ്‌തത. വിരസമാവാതെ കഥ പറഞ്ഞു പോകാൻ തുഷാരയ്ക്കു കഴിയുന്നുണ്ടെന്നത് പക്ഷേ ആശ്വാസമാണ്.

സ്വാതിലക്ഷ്‌മി വിക്രമിന്റെ  കായംകുളം ജംഗ്ഷൻ പുതുമയുള്ള ആഖ്യാനം കൊണ്ടാണു ശ്രദ്ധേയം. അപരിചിതരായ രണ്ടു യാത്രക്കാർ, അവർക്കിടയിൽ വന്നിരിക്കുന്ന പെൺകുട്ടി, മെലോ ഡ്രാമയും യുക്‌തിഭംഗങ്ങളുമുണ്ടെങ്കിലും കഥ രസകരമായനുഭവപ്പെടുന്നു.

ശ്രീകുമാരി രാമചന്ദ്രന്റെ ശ്‌മശാനപാലകൻ വായിച്ചു തീർന്നാൽ ഇത്തരമൊന്ന് എങ്ങനെ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു എന്ന കടുത്ത സംശയമലട്ടിത്തുടങ്ങുന്നതു കൊണ്ട് കഥയെപ്പറ്റിയുള്ള മറ്റു കാര്യങ്ങൾ മറക്കാനിടയുണ്ട്. പക്ഷേ ആ സംശയത്തിനൊരു പരിഹാരം നൽകാൻ മാധ്യമം ബാധ്യസ്ഥമാണെന്നു തന്നെ തോന്നുന്നു.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account