വ്യത്യസ്‌തമായ ജീവിതങ്ങൾ വ്യത്യസ്‌തമായ രീതികളിലാവിഷ്‌ക്കരിക്കുന്ന സമയംതന്നെ, സൂക്ഷ്‌മവും നിശിതവുമായ രാഷ്‌ട്രീയത്തിന്റെ ആഖ്യാനം കൊണ്ടു ചില സമാനതകൾ പ്രദർശിപ്പിക്കുന്ന 3 കഥകളാണ് കഴിഞ്ഞാഴ്ച്ചയുടെ സവിശേഷത. ആനന്ദ ബ്രാന്റനും, ആനന്ദവും ആരും പുണരാത്ത ഒരുടലും ആണ് ആ കഥകൾ.

അധിനിവേശത്തിന്റെ ചരിത്രപരവും കാലികവുമായ അനുഭവപരിസരങ്ങൾക്കുള്ളിൽ സ്വത്വവും ഇടവും നഷ്‌ടപ്പെടുന്ന മനുഷ്യന്റെ പ്രതിസന്ധികളും പ്രതിരോധങ്ങളും കഥയുടെ അനവധിയായ ആഖ്യാന സാധ്യതകളിലൂടെ മുമ്പും ആവിഷ്‌കൃതമായിട്ടുണ്ട്. രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടതല്ലാത്തതായി നിത്യജീവിതത്തിൽ ഒന്നും അവശേഷിക്കാത്ത സമകാലസാഹചര്യങ്ങളിലുണ്ടാവുന്ന കഥകളുടെ പ്രത്യയശാസ്‌ത്രമന്വേഷിക്കുന്നത് പുതിയ കാലത്തിന്റെ രാഷ്‌ട്രീയത്തെ കൃത്യമായിത്തന്നെ വെളിപ്പെടുത്തും.

വിനോയ് തോമസ് ഒരു പക്ഷേ ഇതുവരെ എഴുതിയതിൽ വെച്ച് ഏറ്റവും ശക്‌തമായ രാഷ്‌ട്രീയകഥയാണ് ആനന്ദ ബ്രാൻറൻ.ബോധപൂർവ്വം സൃഷ്‌ടിക്കുന്ന കൃത്രിമത്വം, പുതു പ്രയോഗങ്ങൾ, വാക്കുകൾ, ആക്ഷേപഹാസ്യം എന്നിവ കൊണ്ടെല്ലാം വിനോയ് തന്റെ പതിവു രചനാശീലങ്ങളെ അട്ടിമറിക്കുന്നത് കൗതുകകരമാണ്. കഥാവസാനത്തിൽ തന്റെ തന്നെ മുൻ കഥയിലെ സന്ദർഭത്തെ വിളക്കിച്ചേർത്തും പുതുമയുണ്ടാക്കുന്നു.

കൈത്തറി, ഗാന്ധിജി, സത്യാഗ്രഹം, സദാചാരനിഷ്‌ഠ, ധർമ്മബോധം, ചക്ക ഇവയോടെല്ലാം തീവ്രമായ മമത പുലർത്തുന്ന, ഇവ കൊണ്ടെല്ലാം അളവറ്റ ആനന്ദമനുഭവിക്കുന്ന നാരായണന്റെ നിലപാടുകൾക്ക് എതിർധ്രുവത്തിലാണ് ബ്രാന്റുകൾ നിർണയിക്കുന്ന ജീവിതനിലവാരവും ലാവിഷായ ജീവിത ശൈലിയും കൊതിക്കുന്ന നിജേഷ്. രാത്രി ബന്ധം പുലർത്തുന്ന അനിഷയെ തനിക്കു വിവാഹം കഴിക്കാനാവാത്തതിനു കാരണം അവൾ ഒട്ടും ബ്രാന്റഡ് അല്ലാത്തതാണ്. ലോക്കലായ ഇന്നറുകളുപയോഗിക്കുന്ന അനിഷ പ്രശാന്തനെപ്പോലൊരാൾക്കേ ചേരൂ. അടിമുടി, നഖത്തുമ്പുവരെ ബ്രാന്റിസം പുലർത്തുന്ന നിജേഷിനെ ആൻമരിയ കണ്ടെത്തി വിവാഹം കഴിക്കുന്നു. സ്വിറ്റ്സർലണ്ടിലേക്കുള്ള കുടിയേറ്റം, സ്വവർഗപ്രണയങ്ങൾ, അവിടെ കേരളം സൃഷ്‌ടി ക്കാൻ ശ്രമിക്കുന്ന മലയാളികളോടുള്ള പുച്ഛം, ഫാദർ സഖറിയാസുമായുള്ള സംഭാഷണത്തിനിടയിലുണ്ടായ വെളിപാട്… നിജേഷിന്റെ ജീവിതം സംഭവബഹുലമായിത്തുടരുകയാണ്. “ബ്രാന്റുണ്ടാക്കുകാന്നൊള്ളത് നമ്മുടെ നാട്ടുകാർക്ക് പറഞ്ഞിട്ടൊള്ളതല്ല. മറ്റുള്ളോരൊണ്ടൊക്കിയ ബ്രാന്റുകളെ കെട്ടിയെഴുന്നെള്ളിച്ചോണ്ട് നടക്കാനേ നമ്മക്കറിയത്തൊള്ളു, ദേ ഈ കുരിശ് ഉൾപ്പെടെ” എന്ന ഫാദറിന്റെ വാക്കുകളാണ് വീടുവിടാനും ആനന്ദമന്വേഷിച്ച് ദേശസഞ്ചാരം നടത്താനും പ്ലാവിൻ ചുവട്ടിൽ ധ്യാനനിമഗ്‌നനാവാനും ബോധോദയത്തിന്റെ വെളിച്ചത്തിൽ ഐപാഡിൽ പുതിയ ബ്രന്റ്‌മീയതയുടെ തത്വസംഹിതയെഴുതാനും നിജേഷിനു പ്രേരണയാവുന്നത്. ആത്‌മീയതയുടെ, ജ്ഞാനത്തിന്റെ ചില ബ്രാന്റുകൾ പണ്ടേ ഇവിടെയുണ്ടായിരുന്നു. വിസ്‌മൃതമായത്. കാലാനുസൃതമായി അവയെ പുനസൃഷ്‌ടിക്കുന്ന അഭിനവ ബുദ്ധനിലൂടെ പ്രതീകാത്‌മകമായൊരു സ്വത്വസംസ്ഥാപനമാണ് കഥ ലക്ഷ്യം വെയ്ക്കുന്നതെന്നു സംശയിക്കാം. കഥ മുന്നോട്ടുവെയ്ക്കുന്ന ദേശീയ സംസ്‌ക്കാരികസ്വത്വത്തിന്റെ പ്രതീകമാണ് അവസാനത്തെ ബോധോദയവും മടിയിൽ വീഴുന്ന പ്ലാവിലയും. പുതിയ സാംസ്‌ക്കാരികാധിനിവേശത്തിന്റെ, അതു സൃഷ്‌ടിക്കുന്ന നവസംസ്‌ക്കാര ലോകത്തിന്റെ പ്രതിനിധിയായ ആഗോളമനുഷ്യനിൽ നിന്ന് വംശീയതയുടെ, ദേശീയതയുടെ ചിഹ്നങ്ങളുള്ള മറ്റൊരു യഥാർത്ഥ മനുഷ്യനെ കണ്ടെടുക്കുകയാണ് കഥ.

ദേശീയതയും പ്രാദേശിക സംസ്‌ക്കാരവുമെല്ലാം ചേർന്നു രൂപപ്പെടുത്തുന്ന ജീവിതരീതിയാണ് ചാക്കാട് ചാലിയത്തെരുവിലേത്. ജാതീയമായ അപകർഷതകളെ നമ്പൂതിരി പാരമ്പര്യത്തിലേക്ക് കൂട്ടിയിണക്കാനുള്ള ശ്രമത്തെ കഥ പരിഹസിച്ചു കുടയുന്നുണ്ട്. ലൈംഗികതയെയും പ്രണയത്തെയുമൊക്കെ സംബന്ധിച്ച് കാലത്തെക്കാൾ മുമ്പേ സഞ്ചരിക്കുന്ന പുരോഗമനവാദികളാണ് അനിഷയും നിജേഷും. പ്രശാന്തനെയും നാരായണനേയും പോലെ കാലത്തിനു വളരെ പുറകേ പോകുന്നവരും അവിടെയുണ്ട്. സറ്റയറിന്റെ, ഐറണികളുടെ സാധ്യതകളിലൂടെയാണ് വിനോയ് തന്റെ രാഷ്‌ട്രീയം സ്ഥാപിച്ചെടുത്തിരിക്കുന്നത്. സാമാന്യവല്ക്കരിക്കപ്പെട്ട പൊതു സംസ്‌ക്കാരത്തിൽ നിന്ന്, അതെപ്പോഴും അധീശ വർഗ്ഗത്തിന്റെ, കോർപ്പറേറ്റ് മൂലധനശക്‌തികളുടേതാണ്, വിമോചിതനാവാനുള്ള സ്വാഭാവികമായ പ്രതിരോധങ്ങളാണ് ഈ കഥയ്ക്ക് ശക്തമായ രാഷ്‌ട്രീയ സ്വഭാവം നൽകുന്നത്. കഥ അതിസൂക്ഷ്‌മമായി സാംസ്‌ക്കാരിക സാമ്രാജ്യത്വത്തെ ചെറുക്കുന്നു, അങ്ങനെ അതൊരു രാഷ്‌ട്രീയപ്രവർത്തനമാകുന്നു. ദ്വന്ദ്വങ്ങളുടെ അടയാളങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ അവയ്ക്കിടയിലുള്ള അതിരുകൾ മായ്ക്കുന്ന സവിശേഷമായൊരു തന്ത്രവും കഥയിലുണ്ട്. ദേശീയതയും ആഗോളീയതയും വേർതിരിക്കാനാവാത്ത വിധം സമ്മിശ്രമാവുന്നു. ക്ലേശകരമായ ആനന്ദാന്വേഷണങ്ങൾക്കൊടുവിലെത്തിച്ചേരുന്ന ആനന്ദത്തിന്റെ സുതാര്യമായൊരിടമാണത്.

മാധ്യമം പുതുവർഷപ്പതിപ്പ് 4 കഥകൾ കൊണ്ടു കൂടി സമൃദ്ധമാണ്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയെഴുതിയ അംബികാസുതൻ മാങ്ങാടിന്റെ വിമാനത്തെ എറിയുന്ന കല്ലുകൾ അദ്ദേഹത്തിന്റെ പതിവുശൈലിയിലുള്ള സാധാരണമായൊരു കഥയായി മാത്രം നിലനിൽക്കുന്നു. നന്മ നിറഞ്ഞ അധ്യാപകനും എൻഡോസൾഫാൻ ദുരന്തത്തിന്റെ ഇരകളുമെല്ലാം ചേർന്ന കഥ ആ യഥാർത്ഥ പത്രവാർത്ത വേദനിപ്പിച്ചത്രയും തന്നെ വേദന വായനക്കാർക്കു നൽകും. കൂടുതലില്ല. സുസ്‌മേഷ് ചന്ത്രോത്തിന്റെ അപസർപ്പക ദിനചര്യകൾ നഗരത്തിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന പബ്ലിക് സ്‌കൂളിൽ നടക്കുന്ന ഒരു ആക്‌സിഡന്റിന്റെയും സമർത്ഥനായ മാനേജർ ആ സംഭവം സമർത്ഥമായിത്തന്നെ കൈകാര്യം ചെയ്യുന്നതിന്റെയും ദീർഘമായ ആഖ്യാനമാണ്. രസകരമായി വായിച്ചു തീർക്കാം. പക്ഷേ എന്താണിതിലെ അപസർപ്പകത്വമെന്നോ യുക്‌തിയെന്നോ ആലോചിച്ചാൽ അൽപ്പം കുഴങ്ങിപ്പോവാതിരിക്കില്ല.

പി.വി. ഷാജികുമാറിന്റെ ആനന്ദം വിനോയ് തോമസിന്റെ കഥയെപ്പോലെ ശക്‌തമായൊരു രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നു. ഇറാഖ് യുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിനും തടവുകാർക്കും ഭക്ഷണമുണ്ടാക്കുന്ന ജോലിയുമായി ഇറാഖിലെ തടങ്കൽ പാളയത്തിലെത്തുന്ന അബുവിന്റെയും വിവേകിന്റെയും കഥയിലൂടെ അച്ചടക്കവും അനുസരണയും പ്രതിബദ്ധതയും ഭരണകൂടം നിർമ്മിച്ചെടുക്കുന്നതിന്റെ കിരാതത്വമെന്തെന്നു വ്യക്‌തമാവുന്നു. പോലീസും സൈന്യവും നിയമമുമൊക്കെ ഭരണകൂടത്തിന്റെ മർദ്ദകോപകരണങ്ങളും കൂടിയാണ്. അവരുടെ വ്യവസ്ഥകളും ക്രമങ്ങളും അനുസരിക്കുന്ന, നിശബ്‌ദമായ, സദാ വഴങ്ങാൻ സന്നദ്ധമായ മനസിനെയും മനുഷ്യനെയും ഈ ഉപകരണങ്ങൾ സൃഷ്‌ടിക്കുന്നു. അത് പ്രത്യയശാസ്‌ത്രപരമായ അടിമത്തവും കീഴടങ്ങലുമാണ്. ഹിംസയിൽ ആനന്ദിക്കുന്ന, സഹജീവികളെ പീഡിപ്പിച്ച് രതിമൂർച്ഛവരെ അനുഭവിക്കുന്ന വിവേക് അധിനിവേശത്തിന്റെ വാലാട്ടുന്ന അനുയായി മാത്രമായിത്തീരുന്നു. പ്രതികരണശേഷിയും നിലപാടുകളുമുള്ള അബുവിനാവട്ടെ സമ്മർദ്ദങ്ങളെ, ആധിപത്യത്തിന്റെ പീഡനങ്ങളെ അതിജീവിക്കുന്നത് ദുഷ്‌കരമാണ്. ചെറുത്തു നിൽപ്പുകളല്ല, നിശബ്‌ദമായ അനുസരണയാണ് ഭരണകൂടത്തിനാവശ്യം. അനുസരണയുള്ളവർ മാത്രം നിലനിൽക്കുന്നുവെന്ന ഗുരുതരമായ സത്യമാണ് ആനന്ദമെന്ന കഥ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യരെ യഥാർത്ഥമായും ഭയപ്പെടുത്തേണ്ടുന്ന ഭീകരമായ സത്യം.

സമകാലിക മലയാളത്തിലെ എം. കമറുദീന്റെ ആരും പുണരാത്ത ഒരുടൽ എന്ന കഥയും അതിന്റെ രാഷ്‌ട്രീയസ്വഭാവം കൊണ്ടാണു ശ്രദ്ധേയമാവുന്നത്. സൗമ്യമായ ആഖ്യാനം. സ്വന്തമായ ഇടങ്ങളില്ലാതാവുന്ന അനേകം തിരസ്‌കൃതരിലൊരുവനാണ് നായകൻ. അവനെ നമ്മൾ എല്ലായിടത്തും കാണുന്നുണ്ട്. എപ്പോഴും തല കുനിച്ച് സ്വന്തം കാൽച്ചുവട്ടിലേക്കു മാത്രം നോക്കി നടക്കുന്നവൻ. സദാ ഭയചകിതൻ. മറ്റുള്ളവരിൽ നിന്നു ഒരുപുഞ്ചിരിയെങ്കിലും പ്രതീക്ഷിക്കുന്നവൻ. പക്ഷേ അവനതൊരിക്കലും കിട്ടുകയില്ല. അവന്റേതു കൂടി നമ്മൾ കവർന്നെടുത്തതു കൊണ്ടാണവനിങ്ങനെ ഉപേക്ഷിക്കപ്പെട്ടവനും ഇല്ലാത്തവനുമായതെന്നു ആരുമറിയുന്നില്ല. അനിവാര്യമായ ദുരന്തഭീതികളിൽ അവനെയും നമ്മൾ നമ്മുടെ കൂട്ടത്തിൽ പരിഗണിച്ചേക്കും ,കുറഞ്ഞത് ആ സമയത്ത് അവനെ തിരസ്‌കൃതനെന്ന് ഗൗനിക്കാതിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ ഭയമകന്ന നിമിഷം വീണ്ടും അവൻ പഴയ പോലെ അവഗണിക്കപ്പെടും. അവന്റെ മരണം പോലും ആരെയും സ്‌പർശിക്കുകയില്ല. ആഴത്തിലൊരു പോറലവശേഷിപ്പിച്ചുകൊണ്ട് കമറുദ്ദീന്റെ കഥയവസാനിക്കുമ്പോൾ അതുയർത്തുന്ന നിശബ്‌ദമായ ചോദ്യങ്ങൾ അവഗണിക്കുക വായനക്കാരെ സംബന്ധിച്ച് അസാധ്യമാവുന്നു.

-ജിസാ ജോസ്

3 Comments
  1. Prakash 10 months ago

    Good review… Nice read…

  2. Anil 10 months ago

    Nice review

  3. Sreenath 9 months ago

    വിനോയ് തോമസ്സിന്റെ എഴുത്തു ഒന്ന് വേറെ തന്നെ … നല്ല അവലോകനം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account