ഈയാഴ്ച്ചയിലെ ചില കഥകൾക്കെങ്കിലും പ്രമേയപരമായ സാദൃശ്യമുണ്ടെന്നത് വിചിത്രമായൊരു ആകസ്‌മികതയാണ്. കഥകൾ വ്യത്യസ്‌തങ്ങളാണ്, പരസ്‌പരം ചേർത്തുവെയ്ക്കാവുന്ന ഒന്നും പ്രത്യക്ഷത്തിൽ അവയ്ക്കിടയിലില്ല. പക്ഷേ, ഞാൻ/നീ, സ്വത്വം/അപരം എന്നിങ്ങനെ  മനുഷ്യനിലെ ഉണ്മകളെ ആഴത്തിൽ തിരയുന്ന ദാർശനികമായൊരു വിഷാദച്ഛായ നിറഞ്ഞ കഥകളാണ് മാധ്യമത്തിൽ ഷിനിലാൽ എഴുതിയ മധ്യേ എന്ന കഥയും സമകാലിക മലയാളത്തിൽ സലിൻ മാങ്കുഴി എഴുതിയ പേരാൾ എന്ന കഥയും. രണ്ടു കഥകളും മനുഷ്യൻ എന്ന അവസ്ഥയുടെ  ബാഹ്യവും ആന്തരികവുമായ സത്തകളെയാണന്വേഷിക്കുന്നത്. രണ്ടും രണ്ടു വിധത്തിൽ സഫലമായതു പൂർത്തീകരിക്കുകയും ചെയ്‌തിരിക്കുന്നു.

ഷിനിലാലിന്റെ കഥ അതിന്റെ അന്തരീഷസൃഷ്‌ടികൊണ്ടു കൂടിയാണ് ശ്രദ്ധേയമാവുന്നത്. സമൂഹത്തെ, അതിന്റെ ക്രമങ്ങളെ, വ്യവസ്ഥകളെ ഒക്കെ കൃത്യമായി അനുസരിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ യാദൃച്ഛികമായി പൊതു സമൂഹത്തിന്റെ നിയമങ്ങൾക്കു വെളിയിലാവുന്നു. അതൊരു അപകടമാണ്. തന്റെ തൊഴിലിന്റെ ഭാഗമായുള്ള നടത്തത്തിനിടയിൽ പൊട്ടക്കിണറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു അയാൾ. വെള്ളത്തിൽ വീഴും മുമ്പ് ഇടയ്ക്കുള്ളൊരു പൊത്തിൽ പിടിച്ചിരിക്കാൻ അയാൾക്കാവുന്നു. ഒരു പകൽ, രാത്രി. കൈയ്യെത്താത്ത അകലത്ത് തൂങ്ങിക്കിടക്കുന്ന ബാഗിൽ മൊബൈൽ ഫോണുണ്ട്, അതയാളെ തിരഞ്ഞു വരുന്ന വിളികളിൽ ഉറക്കെ ശബ്‌ദിക്കുന്നുമുണ്ട്. പക്ഷെ രക്ഷപെടാനുള്ള സാധ്യതകൾ മങ്ങി മങ്ങിവരികയാണ്. കിണറ്റിനുള്ളിലെ ആ ഇരുപ്പിൽ, വരാനുള്ളത് മരണമോ രക്ഷയോ ആവാം, കഥാനായകനു സംഭവിക്കുന്ന ആന്തരികമായ പരിണാമങ്ങളെ അനുഭവപ്പെടുത്തുന്നതിൽ ഷിനിലാൽ പ്രകടിപ്പിക്കുന്ന കൈയ്യൊതുക്കം അസാധ്യമാണ്. മുകളിലേക്കു നോക്കുമ്പോൾ കാണുന്ന ഇത്തിരിവട്ടം വെളിച്ചത്തിനുമപ്പുറം ക്രമബദ്ധമായ, നിർണയിക്കപ്പെട്ട അതിർത്തിരേഖകളോടും സാമൂഹ്യ മര്യാദകളോടും  കൂടിയ വേറൊരു ലോകം. കുറച്ചു മുമ്പുവരെ അയാളതിന്റെ ഭാഗമായിരുന്നു. ഇപ്പോഴയാൾ അതിൽ നിന്നൊക്കെ ബഹുദൂരമകന്നിരിക്കുന്നു. പുതിയ ലോകത്ത് ക്രമങ്ങളില്ല, നൈരന്തര്യങ്ങളില്ല, നിയമങ്ങളില്ല. അതിജീവനത്തിനുള്ള വെപ്രാളവും ജീവിതാസക്‌തിയും മാത്രം. അതിനും ആയുസു കുറവാണ്. വളരെപ്പെട്ടന്നയാൾ അത്തരം വ്യാമോഹങ്ങളിൽ നിന്നു വിമുക്‌തനാവുന്നു. കിണറിനു പുറത്തു നിൽക്കുന്നവർക്ക്  അസംബന്ധമെന്നു തോന്നിപ്പിക്കുന്ന ചിന്തകൾ, കിണറ്റിനുള്ളിലകപ്പെട്ടവനെ സംബന്ധിച്ച് ഏറ്റവും അർത്ഥവത്തായ തിരിച്ചറിവുകളാണ്. കിണറ്റിലെ വെള്ളത്തിൽ കാണുന്ന അങ്ങേയറ്റം  ക്ഷീണിതനും ഏകാകിയുമായവനുമായുള്ള ഭൗതികേതരമായ ആശയവിനിമയങ്ങൾക്കൊടുവിൽ അയാൾ അവനു കൂട്ടായി വെള്ളത്തിലേക്ക് ചാടുന്നു. ഞാനും നീയും, ഞാൻ എന്നോ നീ എന്നോ ഒരൊറ്റ ഉണ്മയായി മാറിക്കഴിഞ്ഞു. അത് ആത്‌മാന്വേഷണത്തിന്റെ, സ്വയം തിരിച്ചറിവിന്റെ അങ്ങേയറ്റമാണ്. അതിനു ശേഷം ഒന്നുമില്ല.

യഥാർത്ഥം (Real), യാഥാർത്ഥ്യം (Reality) ഇവയെ വ്യത്യസ്‌തമായ അർത്ഥത്തിലുപയോഗിക്കുന്ന ലകാന്റെ  നിരീക്ഷണം ഈ കഥയോടു ചേർത്തു വായിക്കാമെന്നു തോന്നുന്നു. പ്രതീകങ്ങളോ അർത്ഥങ്ങളോ ഒന്നുമില്ലാത്ത ലോകമാണ് Real. അർത്ഥങ്ങൾ പതിഞ്ഞ പ്രതീകങ്ങളുടെ, പ്രതിനിധാനങ്ങളുടെ ലോകമാണ് യാഥാർത്ഥ്യം, അഥവാ Reality. പൊതുസമൂഹം റിയാലിറ്റിയുടേതാണ്. ഈ കഥയിൽ നായകൻ യാഥാർത്ഥ്യത്തിൽ നിന്ന് യഥാർത്ഥത്തിലേക്കെത്തുന്നു. ആ പരിണാമത്തെ ആകാംക്ഷയും ഉദ്വേഗവുമുണർത്തുന്ന രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നുവെന്നതാണ് കഥയുടെ സവിശേഷത. എത്രയോ സന്ദർഭങ്ങളിൽ ആ കിണറ്റിനുള്ളിലെ ഇടുങ്ങിയ പൊത്തിനുള്ളിൽ പ്രാണഭയത്തോടെ അള്ളിപ്പിടിച്ചിരിക്കുന്നത് നമ്മൾ തന്നെയാണ്.

സലിൻ മാങ്കുഴിയുടെ കഥയിലും യാഥാർത്ഥ്യത്തിൽ നിന്ന് യഥാർത്ഥത്തിലേക്കുള്ള തിരിച്ചു പോക്കുണ്ട്. കാണാതായ പ്രകാശനെ തിരഞ്ഞുള്ള അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയും അവളുടെ അച്ഛനും. ബാലൻ പ്രകാശനെത്തിരഞ്ഞ് നടത്തുന്ന ചുറ്റിക്കറക്കങ്ങൾക്ക് നിഗൂഡവും ഭീതിദവുമായ ചാരുതയുണ്ട്. അപസർപ്പകാഖ്യാനങ്ങളുടെ സമർത്ഥമായ വക്രത കൊണ്ടും അവ ഉദ്വേഗമുണർത്തുന്നു. പ്രകാശൻ സേവ്യറും മുസാഫിറുമൊക്കെയായിരുന്നുവെന്നറിയുമ്പോൾ ബാലന് തന്റെ സ്വത്വമേതെന്ന് തിരിച്ചറിയാതാവുന്നു. അയാളും മറ്റു പലതുമാവുന്നു. ജ്യോതിക്കുമുണ്ട് രഹസ്യമായൊരോർമ്മ പ്രകാശനെക്കുറിച്ച്. അയാൾ പറഞ്ഞ അടയാളങ്ങളന്വേഷിച്ചുള്ള അവളുടെ യാത്രയും വിഫലമാവുന്നു. മനുഷ്യൻ സ്വന്തം പേരിൽ നിന്ന് മേൽവിലാസങ്ങളിൽ നിന്ന് ഊരിപ്പോവുന്നതും വേറൊന്നായി, വേറൊരാളായി പുനർനിർമ്മിക്കപ്പെടുന്നതുമൊക്കെ കൗതുകകരമായി ഈ കഥ പകർത്തുന്നുണ്ട്. പ്രകാശന്റെ സൂക്ഷ്‌മമായ യാഥാർത്ഥ്യമെന്ത്, അയാളുടെ ഐഡന്റിറ്റി എന്തായിരുന്നുവെന്നു വായനക്കാരും സന്ദേഹികളാവുന്നു. അസംബന്ധങ്ങളിലൂടെ, വൈരുദ്ധ്യങ്ങളിലൂടെ ജീവിതത്തെക്കുറിച്ച്, അതിന്റെ അനിശ്ചിതത്വങ്ങളെക്കുറിച്ച്, എല്ലാറ്റിനുമുപരി പേരും മേൽവിലാസവും ഭൗതിക സാഹചര്യങ്ങളും ചേർന്നു സൃഷ്‌ടിക്കുന്ന ഒരാളുടെ സ്വത്വം എത്രമാത്രം സന്ദിഗ്ദ്ധമാണെന്നതിനെക്കുറിച്ചാണ് പേരാൾ എന്ന  കഥ സംസാരിക്കുന്നത്.

മലയാളത്തിൽ തന്നെ സമയം രാത്രി രണ്ടുമണി എന്ന കഥ (അതുൽ പവിത്രൻ) സമകാലിക ഇന്ത്യൻ അവസ്ഥകളിൽ വളരെ സാംഗത്യമുള്ളതായി അനുഭവപ്പെടുന്നു. ഹരിലാൽവൻ എന്ന നിഗൂഡഭൂമിയിലേക്ക് ജെ.എൻ.യു വിദ്യാർത്ഥികളായ അങ്കിതും ജയേഷും നടത്തുന്ന യാത്രയുടെ ദുരന്തപര്യവസാനമാണ് കഥാതന്തു. കഥയുടെ രാഷ്‌ട്രീയവും കാലികതയുമൊക്കെ കഥയിലെ തന്നെ  വാചകത്തിൽ സംഗ്രഹിക്കാം. ‘ഒരു വേട്ടക്കാരൻ ഇരയെത്തേടി എങ്ങും പോവുന്നില്ല, ഇരകൾ സ്വന്തം ഊഴം തെരഞ്ഞെടുത്ത് വേട്ടക്കാരന്റെ അടുത്ത് പോവുന്നു. ഇരകളുടെ എണ്ണം കൂടുംതോറും ഇരയാകാൻ അവശേഷിക്കുന്നവരുടെ ത്വരയും കൂടുന്നു’. കഥ സംസാരിക്കുന്ന രാഷ്‌ട്രീയം കൃത്യമാണ്, ഇരകളാവാനുള്ള അദമ്യപ്രേരണ, വേട്ടക്കാരനോടുള്ള മാനസികവിധേയത്വം, പ്രതികരണ ശേഷിയില്ലായ്‌മ പുതിയ കാലത്തിന്റെ പ്രതിസന്ധിയായ സാഹചര്യത്തിൽ പ്രത്യേകിച്ചും. അതുലിന് തരക്കേടില്ലാതെ അതു പറഞ്ഞു ഫലിപ്പിക്കാനും പറ്റിയിരിക്കുന്നു.

മാതൃഭൂമിയിൽ രവി എഴുതിയ തുരങ്കം എന്ന കഥ മറയൂർ, കാന്തലൂർ പ്രദേശങ്ങളിലെ പരിസ്ഥിതി ചൂഷണം, പരിസ്ഥിതിതീവ്രവാദം, പ്രതിരോധം, സംഘട്ടനം തുടങ്ങി പല സംഭവങ്ങളുടെ തുന്നലഴിഞ്ഞു പോയ ആഖ്യാനമാണ്. പലരിലൂടെ, പല വീക്ഷണങ്ങളിലൂടെയാണ് കഥ പൂർത്തിയാവുന്നത്. പക്ഷേ പരസ്‌പരവൈരുദ്ധ്യം, നൈരന്തര്യമില്ലായ്‌മ, വായനക്കാരെ കൂടെ നിർത്തുന്ന ആഖ്യാനതന്ത്രത്തിന്റെ അഭാവം ഇവയൊക്കെക്കൊണ്ട് കഥാവായന ക്ലേശകരമാവുന്നു. മാധ്യമത്തിലും രവിയുടെ കഥയുണ്ട്.

മാതൃഭൂമിയിൽ ടി.കെ. ശങ്കരനാരായണനെഴുതിയ നട്ടുച്ചരൂപങ്ങൾ എന്ന കഥ അത്‌ഭുതപ്പെടുത്തുന്നത് എന്തുകൊണ്ട് ഇപ്പോഴും ഇത്തരം കഥ എന്ന സംശയം കൊണ്ടാണ്. എല്ലാ കഥകളിലുമെന്നപോലെ  തമിഴ് അഗ്രഹാരങ്ങളുടെ സ്ഥിരം പശ്ചാത്തലം. അവിശ്വസനീയമായ കഥ. ശവുണ്ഡി എന്ന അദ്ദേഹത്തിന്റെ തന്നെ നോവലും ഓർമ്മ വരുന്നു. സ്വന്തം അച്ഛനുവേണ്ടി ഒരിക്കൽ മാത്രം ശവുണ്ഡിയായ ഭർത്താവിനെ അതിന്റെ പേരിൽ ന്യൂ ജനറേഷൻ പെൺകുട്ടിയായ ലോകേശ്വരി ഉപേക്ഷിക്കുന്നുവെന്നതൊക്കെ വിചിത്രമായിരിക്കുന്നു. ആഴ്ച്ചപ്പതിപ്പ് ആവശ്യപ്പെട്ടതനുസരിച്ച് പെട്ടന്ന് എഴുതിയതാവണം ഇതെന്നനുമാനിക്കാൻ മാത്രം യുക്‌തിഭംഗങ്ങളും ആവർത്തന വൈരസ്യങ്ങളുമുണ്ട് കഥയിൽ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account