മാതൃഭൂമി ആഴ്‌ചപ്പതിപ്പ്  എഴുത്തുകാരുടെ പേരിനു കൊടുക്കുന്ന പരിഗണന അവരെഴുതുന്ന കഥകൾക്കു കൂടി നൽകുന്ന പക്ഷം ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടാനിടയില്ലാത്ത ഒന്നാണ് കെ.പി രാമനുണ്ണിയുടെ ‘ചിരിയും കരച്ചിലും’. 10 പുറങ്ങളിലായി നീണ്ടു പരന്നു കിടക്കുന്ന കഥ മുഴുവൻ വായിച്ചവരുടെ എണ്ണം പരിമിതമായിരിക്കുമെന്നുറപ്പാണ്. 6 മെഡിക്കൽവിദ്യാർത്ഥികൾ, അൽപ്പം റിബലായ അവരുടെ പ്രവർത്തനമേഖലകൾ, താത്വികമായ ചിന്താപരിസരങ്ങൾ… കഥാകൃത്തിന്റെ ആണധികാരബോധം ഒളിപ്പിക്കാനാവാത്ത വിധം  കഥയിൽ പ്രകടമാണ്. 3 യുവഡോക്‌ടർമാരുടെ ചിന്താക്ഷോഭങ്ങൾക്കു നിദാനമായ ചോദ്യങ്ങൾ കഥയിൽ ആവർത്തിക്കുന്നുണ്ട്. പണ്ട് ശ്രീബുദ്ധനെയൊക്കെ കുഴക്കിയ അതേ പ്രശ്‌നങ്ങൾ തന്നെ. അത്തരം ചിന്തയുണ്ടാവാനുള്ള കാരണമോ? മെഡിക്കൽ കോളേജിന്റെ ചരിത്രത്തെക്കുറിച്ചൊരു ഫീച്ചറെഴുതിയതും. അതു കുഴപ്പമില്ല, കലിംഗയുദ്ധം കഴിഞ്ഞ ഉടനെ അശോകന് മാനസാന്തരമുണ്ടായിട്ടുണ്ടല്ലോ! അങ്ങനെ 3 ഡോക്‌ടർമാർ ബുദ്ധിജീവികളായി. ആയിക്കോട്ടെ, പക്ഷേ തുടർന്നുള്ള വാചകങ്ങൾ ശ്രദ്ധിക്കണം. ഈ മൂന്നു പേരോടും പറ്റിക്കൂടാൻ ശ്രമിച്ച പെൺബുദ്ധിജീവികൾ, കാപട്യം സഹിക്കവയ്യാതെ അവറ്റയെ അവർ ആട്ടിയകറ്റിയത്രേ! അവസാനം ഈ മൂവരുടെയും ബൗദ്ധികമായ പ്രക്ഷുബ്‌ധതയൊന്നും ഏറ്റെടുക്കാതെ, പക്ഷേ ദയ കൊണ്ടും വാത്‌സല്യം കൊണ്ടും അവരുടെ സംഘർഷങ്ങളെയും സന്ദിഗ്ദ്ധതകളെയും മസൃണപ്പെടുത്തുന്ന മൂന്നു പെണ്ണുങ്ങൾ അവർക്കു കൂട്ടായി. അതിലൊരുവൾ അവന് ടെൻഷനുണ്ടാകുമ്പോൾ പരസ്യമായി സ്വന്തം മാറിടം തുറന്നുകൊടുക്കുന്നുണ്ട്. അതിൽ മുഖമമർത്തുമ്പോൾ അവന് വലിയ ആശ്വാസമാണത്രേ!

കഥയുടെ പകുതി നിപ്പ വൈറസ് ബാധയുടെ കാലത്ത് ഈ ആറുപേരും നടത്തിയ സേവനങ്ങളെക്കുറിച്ചാണ്. രണ്ടാംഭാഗം പ്രളയകാല ദുരന്തനിവാരണ പ്രയത്‌നങ്ങളും. കഥയുടെ അവസാനം വരെ ആരും വായിച്ചെത്തില്ലെന്നുറപ്പുള്ളതുകൊണ്ടാവാം എങ്ങനെയാണ് കഥ അവസാനിപ്പിച്ചിരിക്കുന്നതെന്ന് കഥാകൃത്തിനു പോലും വലിയ പിടിയുണ്ടാവാനിടയില്ല. കെട്ടിക്കാഴ്‌ച, മനോഹരമായ ഇടുപ്പുകൾ ഉയരുന്നു… പോലത്തെ തെറ്റായ ഒട്ടനവധി പ്രയോഗങ്ങൾ. മാതംഗി മൃദുത്തു എന്നൊക്കെ വേറേം ചില പുതു ക്രിയാപദങ്ങൾ. കഥ ന്യൂജെനറേഷനെക്കുറിച്ചാണ്. എന്തായാലും വായിച്ചു കഴിഞ്ഞാൽ ആരും കഥാകൃത്തിനോട് ചോദിച്ചു പോവും, ‘ചേട്ടനിതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല, അല്ലേ?’ എന്ന്. അടുത്ത കാലത്തു വായിച്ചതിൽ ഏറ്റവും അസഹനീയമായ കഥ.

രാമനുണ്ണിയും മാതൃഭൂമിയുമൊക്കെ തീർച്ചയായും വായിക്കേണ്ട കഥയാണ് മജീദ് സെയ്‌ദ് മാധ്യമത്തിലെഴുതിയ പെൺവാതിൽ. അടിമുടി കൃത്രിമമായ, വിരസമായ രാമനുണ്ണിക്കഥയിൽ നിന്ന് എത്ര വ്യത്യസ്‌തമാണ് ഈ ചെറിയ കഥ! പ്രമേയത്തിലോ ആഖ്യാനത്തിലോ വലിയ പുതുമയൊന്നുമില്ല. എത്രയോ ആവർത്തിച്ച ദാരിദ്ര്യവും പെൺകുട്ടികളുടെ നിസഹായതയുമൊക്കെത്തന്നെ. പക്ഷേ കഥ ഓർമ്മപ്പെടുത്തുന്ന, അനുഭവിപ്പിക്കുന്ന ദൈന്യത അത്രത്തോളം മനസിനെ തൊടുന്നു. ‘ഒരിക്കലടച്ചാ തുറക്കാത്ത ഒരു വാതലെ ഈ ഇച്ചിരിക്കോളം പോന്ന  ദുനിയാവിലൊള്ളു. അത് പെണ്ണാ, എന്നു വെച്ചാൽ പെണ്ണിന്റെ വാതല് പെണ്ണു തന്നെയാണ്’. അപമാനങ്ങളും കടന്നുകയറ്റങ്ങളും ഉഴുതുമറിച്ച പെൺകുട്ടിയുടെ മനസിനും ശരീരത്തിനും ഏറ്റവും ഫലപ്രദമായൊരൊറ്റമൂലിയാണ് അംസാബി ഉപദേശിക്കുന്നത്. അവരും പെണ്ണാണ്, കടന്നു പോന്നത് സമാനമായ അനുഭവങ്ങളിലൂടെയായിരിക്കാം, എന്നിട്ടും അതിജീവിച്ചിട്ടുണ്ട്.  ആശയും അതിജീവിക്കും. നിരാശകൾക്കിടയിൽ, ഇരുട്ടിൽ പെൺവാതിൽ ജീവിതത്തെക്കുറിച്ച് പ്രത്യാശ നിലനിർത്തുന്നു. സ്വാഭാവികമായും സഹജമായും.

സതീഷ്ബാബു പയ്യന്നൂരിന്റെ രണ്ടു കഥകളാണ് ഈയാഴ്‌ച ഉള്ളത്. മാധ്യമത്തിലെ സിനിമ എന്ന കഥ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയും നിലത്തിഴയുന്ന പാവാടയുമൊക്കെയുള്ള പഴയകാല ഗ്രാമീണ പെൺകൊടിയെ അതേപടി ജീൻസിലേക്കും മൾട്ടിപ്ലെക്‌സ്  തീയേറ്ററിലേക്കും നഗരജീവിതത്തിലേക്കുമൊക്കെ  ഇറക്കി വെച്ചതു പോലുണ്ട്. വേഷം കൊണ്ടും ജീവിതശൈലി കൊണ്ടുമൊക്കെ പെൺകുട്ടി ന്യൂ ജൻ ആണ്. പക്ഷേ ചിന്തയും വീക്ഷണവുമൊക്കെ അറുപഴഞ്ചനും. വളരെ വായനാക്ഷമമായൊരു പൈങ്കിളിക്കഥ. പത്താം ക്ലാസിൽ തന്നെ പീഡിപ്പിച്ച മുഖം പോലുമറിയാത്ത ആളെ ഇപ്പോഴും അവൾ കാത്തിരിക്കുന്നതെന്തിനായിരിക്കാം? ആരുമറിയാത്ത ആ സംഭവത്തിന്റെ ഓർമ്മയിൽ ഇപ്പോഴും അവൾ അസ്വസ്ഥയായും ഏകാകിനിയായും ഇരിക്കുന്നതെന്തായിരിക്കാം? ഒരുത്തരമേ തോന്നുന്നുള്ളു – കന്യകാത്വം കവർന്നെടുക്കപ്പെട്ട, അതുകൊണ്ട് എല്ലാം നഷ്‌ടപ്പെട്ടുവെന്നു നെഞ്ചത്തടിക്കുന്ന പഴയ തലമുറ നായികമാരിലൊരുവളാണ് അവളും .

ദേശാഭിമാനിയിലെ കുടിപ്പള്ളിക്കൂടം തരക്കേടില്ലാത്ത കഥയാണ്. പാഠപുസ്‌തകങ്ങൾക്കു വെളിയിലുള്ള പ്രകൃതിപാഠങ്ങൾ പഠിപ്പിക്കുന്ന പുഷ്‌പാവതി ടീച്ചറുടെ കഥ.

സമകാലിക മലയാളത്തിൽ ലാസർ ഷൈൻ എഴുതിയ സർപ്പം എന്ന ദീർഘമായ കഥ രണ്ടു വ്യത്യസ്‌ത സാഹചര്യങ്ങളിലെ സർപ്പഭീതികളെ അനാവരണം ചെയ്യുന്നു. ആദ്യത്തേത് സ്വാഭാവികമാണ്. പുഴവെള്ളത്തിൽ ഒലിച്ചു വന്ന മലമ്പാമ്പ് കാളക്കുട്ടനെ വിഴുങ്ങുന്നു. അതിനെ വീണ്ടെടുക്കാനുള്ള വിഫലമായ ശ്രമങ്ങൾ, നാട്ടുകൂട്ടം, സഹജമായ വർത്തമാനങ്ങൾ. വിഴുങ്ങിയത് കാളയെയോ പശുവിനെയോ എന്ന തർക്കത്തിലൂടെ കൃത്യമായി വിക്ഷേപിച്ചിരിക്കുന്ന രാഷ്‌ട്രീയം, ജാതിബോധം തുടങ്ങിയ അനുസാരികളുമുണ്ട്. അന്തരീക്ഷ സൃഷ്‌ടി വളരെ സ്വാഭാവികമാണ്. രണ്ടാമത്തേത്, ഒൻപതാം നിലയിലെ ഫ്ലാറ്റിൽ കാണുന്ന കുഞ്ഞുസർപ്പം, അതുണ്ടാക്കുന്ന സന്ദേഹങ്ങൾ, ആകുലതകൾ.  രണ്ടു സാഹചര്യങ്ങളും ഇടകലർത്തി പറഞ്ഞു പോവുന്ന ആഖ്യാനം ആദ്യമൊക്കെ കൗതുകകരമെങ്കിലും പിന്നീട് ഒഴുക്കു നഷ്‌ടപ്പെട്ട് ചിന്താക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account