മാധ്യമം ആഴ്‌ചപ്പതിപ്പിൽ വി. സുരേഷ് കുമാർ എഴുതിയ ‘അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന കഥ’ ഈയാഴ്‌ചത്തെ ഏറ്റവും നല്ല കഥയെന്നു പറയാൻ ഒരു സംശയവുമില്ല. ഈയാഴ്‌ചത്തേതെന്നു മാത്രമല്ല, ഈ വർഷത്തെ തന്നെ നല്ല കഥകളിലൊന്നാണത്. വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെയും തോറ്റപുരാവൃത്തങ്ങളുടെയും പശ്ചാത്തലത്തിൽ ഏറ്റവും പ്രസക്‌തവും കാലികവുമായ ചില പ്രശ്‌നങ്ങൾ ഉന്നയിക്കുകയാണ് ഈ കഥ.

ഉയർന്ന ജാതിക്കാർ കൊന്ന അലങ്കാരൻ എന്ന സമർത്ഥനായ കീഴാള ജാതിക്കാരനാണ് പൊട്ടൻ തെയ്യമായി മാറിയതെന്ന തമസ്‌കരിക്കപ്പെട്ട മിത്തിന്റെ ഭാവപരിസരമാണ് കഥയുടെ മിഴിവേറ്റുന്നത്. പൊട്ടൻ തെയ്യം കെട്ടുന്ന വിനോദിന്റെ അശാന്തമായ ചിന്തകളിലൂടെ, പ്രാണനും കൈയ്യിലെടുത്ത പലായനത്തിലൂടെ, അവസാനത്തെ ഇല്ലാതാവലിലൂടെ സഞ്ചരിക്കുന്ന കഥ, ദൈവക്കരുക്കളായി വേഷം കെട്ടുന്ന കീഴാളരുടെ ജീവിതത്തിന്റെ നിസഹായതകളും ദൈന്യതകളും കൃത്യമായി വരച്ചിടുന്നു. സവിശേഷമായ ജ്ഞാന വ്യവസ്ഥകളും ജീവിതരീതികളും നിരീക്ഷണങ്ങളുമുള്ള സമൂഹമാണവരുടേത്. ഭൗതികവും ആത്‌മീയവുമായ നവീകരണങ്ങൾക്കും അവർ സന്നദ്ധരാണ്. തനതായ സാംസ്‌കാരികത്തനിമകൾ, കലാ വൈദഗ്ദ്ധ്യം, നിപുണതകൾ, ഏതു തരത്തിലും മുഖ്യധാരയിൽ വരേണ്ട ജനവിഭാഗങ്ങൾ പക്ഷേ ഓരങ്ങളിലേക്ക് തുടച്ചു നീക്കപ്പെടുന്നു. വന്യമായ ഹിംസയുടെ ഇരകളാക്കപ്പെടുന്നു.  സാമൂഹ്യക്രമങ്ങളിൽ, അതിന്റെ മൂല്യവ്യവസ്ഥകളിൽ, ജാതീയ ശ്രേണികളിൽ, മാറ്റമില്ലാതെ തുടരുമ്പോൾ, മുതലാളിത്തവും സാങ്കേതിക വിദ്യയും അതിന്റെ ജഢികത കൂടുതൽ രൂക്ഷമാംവിധം സ്ഥാപിക്കുമ്പോൾ, കീഴാള വിഭാഗങ്ങൾ അക്ഷരാർത്ഥത്തിൽ തിരസ്‌കൃതരാവുന്നു, പീഡിതരാവുന്നു.

ദളിതരെല്ലാവരും (Depressed class) ഒരേപോലെ പാർശ്വവൽകൃതരാണെന്നു പറയുമ്പോൾ അതിനുള്ളിൽത്തന്നെ കർക്കശമായ ശ്രേണീകരണം നടക്കുന്നതിലെ വൈരുദ്ധ്യം ഈ കഥ കാണിച്ചു തരുന്നുണ്ട്. പെരുവണ്ണാനെന്നും പെരുമലയനെന്നും ആ വിഭാഗത്തിൽപ്പെട്ട തെയ്യക്കാരന്മാർ ആദരിക്കപ്പെടുമ്പോൾ പൊട്ടൻ തെയ്യം കെട്ടുന്ന പുലയന് ആ മതിപ്പു കിട്ടുന്നില്ല. ജാതിവ്യവസ്ഥയെ എതിർക്കുന്ന പൊട്ടൻ തെയ്യം കെട്ടുന്നവർ ഏറ്റവും കടുത്ത രീതിയിൽ അപമാനവീകരിക്കപ്പെടുകയാണ്. അതിനുള്ള കാരണവും വിനോദ് കണ്ടെത്തുന്നുണ്ട്. മലയനും വണ്ണാനുമൊക്കെ കെട്ടുന്ന തെയ്യങ്ങൾ ജാതിയിൽ മുന്തിയവരാണ്, അവരെ അവഗണിക്കാനാവില്ല, അതു കെട്ടുന്നവരെയും. പൊട്ടൻ തെയ്യം കെട്ടുന്നവൻ സ്വന്തം ജാതി കൊണ്ടും  കെട്ടിയ തെയ്യത്തിന്റെ ജാതി കൊണ്ടും അസ്‌പൃശ്യനും നികൃഷ്‌ടനുമാകുന്നു.

ഉന്നത ജാതിക്കാരിയും സമ്പന്നയുമായ കവിത ഗവേഷണ പ്രബന്ധമെഴുത്തിന്റെ ഭാഗമായാണ് വിനോദിനെ കാണാനെത്തുന്നത്. അക്കാദമികമായ താത്‌പര്യം സാമൂഹ്യ വ്യവസ്ഥയിലെ സവർണാനുകൂലമായ നിയമങ്ങളിലേക്കും കീഴാളരുടെ അന്യവൽക്കരണത്തിലേക്കും പടർന്ന് പ്രണയത്തിലെത്തുന്നു. കഥ കൃത്യമായ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം രൂപപ്പെടുത്തിയെടുക്കുന്നത് കവിതയുമായുള്ള വിനോദിന്റെ സൗഹൃദത്തിൽ നിന്നാണ്. തൊണ്ടച്ചൻ, വിനോദിനെ വേട്ടയാടുന്ന കവിതയുടെ ബന്ധുക്കൾ – അവരെല്ലാവരും ചെറുപ്പക്കാരാണെന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം – ചുടലക്കുന്നിലെ വിനോദിന്റെ ഭ്രമാത്‌മക കാഴ്‌ചകൾ, എല്ലാം അവസാനിക്കുന്നുവെന്നറിയുമ്പോഴുള്ള കവിതയുടെ പ്രതിരോധം, എല്ലായിടത്തും ജൈവികമായൊരരദൃശ്യ സാന്നിധ്യമായി അലങ്കാരൻ… ഇവയെയെല്ലാം മനോഹരമായി കൂട്ടിയിണക്കുന്നു സുരേഷ് കുമാറിന്റെ രചനാകൗശലം.

സ്ഥാപനവൽക്കരിക്കപ്പെടുന്ന അധികാര വിനിമയങ്ങൾ, അധികാരത്തിന്റെ ജ്ഞാന മേഖലകൾ എപ്പോഴും കീഴാളരോട് ക്രൂരമായേ പെരുമാറിയിട്ടുള്ളു. അധീശ പ്രത്യയശാസ്‌ത്രങ്ങൾ നിർമ്മിച്ചെടുക്കുന്ന ചരിത്രങ്ങൾ യഥാർത്ഥ ചരിത്രത്തെ മറച്ചുവെക്കുന്നതും സ്വാഭാവികം. ഭൂതകാലത്തിന്റെ ഇരുട്ടിൽ നിന്ന് അപരവ്യവഹാരങ്ങളുടെ ചരിത്രമന്വേഷിക്കണമെന്ന നിരീക്ഷണം ഫൂക്കോയുടേതാണ്. യഥാർത്ഥചരിത്രം മറച്ചുവെക്കപ്പെട്ടവയിലായായിരിക്കും. സുരേഷ് കുമാറിന്റെ കഥ ഓർമ്മിപ്പിക്കുന്നതും അതാണ്. പക്ഷേ അലങ്കാരന്റെ കഥ പിന്നെയും തുടരുന്നു. ഓരോ കാലത്തും അവൻ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. സവർണതയുടെ, അധികാരത്തിന്റെ നിയമാവലികളും ക്രമങ്ങളും അത്രയ്ക്ക് കീഴാള വിരുദ്ധമാണ്, അക്കാലത്തും എല്ലാക്കാലത്തും.

മലയാളത്തിൽ സുനിൽ ഗോപാലകൃഷ്‌ണൻ എഴുതിയ നീലോൽപലമിഴി അപസർപ്പക കഥകളിലെ അന്വേഷണാത്‌മക സ്വഭാവം കൊണ്ട് ആകാംക്ഷയുണർത്തുന്ന കഥയാണ്. 1985ലെ ഓൾഡ് സാർജന്റ്‌സ് ലൗവ് എന്ന സിനിമയിലെ നീലക്കണ്ണുകളുള്ള നായികയുടെ യഥാർത്ഥ ജീവിതത്തിലെ ട്രാജഡിയെക്കുറിച്ചറിയുന്ന കഥാനായിക അവളുടെ കഥ പിന്തുടരുന്നതാണ് കഥയുടെ മർമ്മഭാഗം. അവിടേക്കെത്താൻ വേണ്ടി നീലോൽപലമിഴി എന്ന വരികളോടുള്ള അനിഷ്‌ടം, നീലക്കണ്ണുള്ള കുട്ടിക്കാലപ്പാവ, അതു സമ്മാനിച്ച രവിയങ്കിളിന്റെ ലൈംഗികചൂഷണം, അച്ഛന്റെ മദ്യപാനം തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്. ദ്യേബ്രാ ഹക്‌സലി എന്ന നടിയെക്കുറിച്ചും ആ സിനിമയെക്കുറിച്ചും പറയുന്ന ഭാഗങ്ങൾക്കൊക്കെ ഡോക്യുമെന്ററിയുടെ സ്വഭാവമാണുള്ളത്. മോശമല്ലാത്ത വിധം അതൊക്കെ വിരസമായിട്ടുമുണ്ട്.

സമൂഹത്തെ, സാമൂഹ്യ ജീവിതത്തെ പിന്തുടരുന്നു സിനിമ, സ്വാഭാവികമായും സിനിമയെന്ന ഉൽപ്പന്നത്തിൽ ആ സമൂഹത്തിന്റെ എല്ലാ ഘടകങ്ങൾക്കും, അതിലെ എല്ലാ ജീവികൾക്കും പങ്കാളിത്തമുണ്ട്. പക്ഷേ ആ ഉൽപ്പന്നത്തിൽ നിന്ന് അവർ അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് സിനിമ എന്ന ഉൽപ്പന്നത്തെയല്ല, അത് രൂപപ്പെട്ടുവന്ന സാമൂഹിക പ്രക്രിയയെയാണ് യഥാർത്ഥത്തിൽ പഠനവിധേയമാക്കേണ്ടത് എന്നു പുതിയ സിനിമാപഠനങ്ങൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നുണ്ട്. ഇവിടെ സുനിൽ സിനിമയിലെ നായികയുടെ വ്യക്‌തി ജീവിതത്തെയാണ് പിന്തുടരുന്നത്. അതിനുള്ള പ്രേരണയാവുന്നത് സിനിമയിലെ അവളുടെ കാരക്റ്ററും. ഒടുവിൽ നിഗൂഡതകൾ ചുരുളഴിച്ച് സിനിമയിലെ നായിക ചെയ്‌തത് ആവർത്തിക്കാനാവണം രവി അങ്കിളിന്റെ കൗമാരക്കാരൻ മകന്റെ മുറിയിലേക്ക് കഥാനായിക പോകുന്നത്. സിനിമയിലെ ജീവിതം, നടിയുടെ വ്യക്‌തിജീവിതം, കഥ പറയുന്നവളുടെ ജീവിതം, ഇങ്ങനെ മൂന്നുതരം ജീവിതങ്ങളെയാണ് ഉന്മാദത്തിന്റെ, ആസക്‌തിയുടെ, കുറ്റാന്വേഷണത്തിന്റെ ചരടിൽ കൂട്ടിക്കെട്ടിയിരിക്കുന്നത്. അവസാനത്തെ കാരണം കൊണ്ടു തന്നെ കഥ ആരും ഇടയ്ക്കു വെച്ച് ഇട്ടിട്ടു പോവാനിടയില്ല, അന്വേഷണങ്ങളുടെ അവസാനമറിയണമല്ലോ!

മാതൃഭൂമിയിൽ പി.ജെ.ജെ. ആന്റണി എഴുതിയ കടലാക്രമണങ്ങൾ നൊസ്റ്റാൾജിയയിൽ കുളിപ്പിച്ചെടുത്ത അച്ഛൻ-മകൻ ബന്ധത്തിന്റെ ആഖ്യാനമാണ്. വാർദ്ധക്യത്തിലെത്തിയ അച്ഛന്റെ ശിഥിലമായ ഓർമ്മകൾ, കാഴ്‌ചകൾ, മകന്റെ അനുഭാവം, സഹാനുഭൂതി, പിത്രാരാധന. ചേരുവകളെല്ലാം പഴയതാണ്. അച്ഛന്റെ കടലോർമ്മകളും കടലാക്രമണ കഥകളുമൊക്കെയാണ് കഥയുടെ സിംഹഭാഗവും. ഇതൊന്നും കണ്ടിട്ടില്ലാത്ത, വളരെക്കാലം വിദേശത്തായിരുന്ന മകനു മനസിലാവുന്നു അച്ഛന്റെ ഉള്ളിൽ ഒരൊളിപ്പാർപ്പുകാരനുണ്ട്. എപ്പോഴെങ്കിലും പുറത്തിറങ്ങുന്നവൻ. പിന്നെ അയാൾക്കു മനസിലാവുന്നു, അച്ഛന്റെ മനസിൽ മാത്രമല്ല എല്ലാവരുടെ മനസ്സിലും അതുണ്ടത്രേ. പുതുമയോ മൗലികതയോ ഇല്ലാത്ത സാധാരണ കഥ.

ഭാഷാപോഷിണിയിൽ ഇ.പി. ശ്രീകുമാറിന്റെ ഗൃഹപാഠം എന്ന കഥ അടച്ചുറപ്പുള്ള വീടില്ലാത്തവൻ ആൾത്താമസമില്ലാത്ത വില്ലകളുടെ കാവൽക്കാരനാവുന്ന വൈരുദ്ധ്യമാണ് പറയുന്നത്. സർക്കാരിന്റെ ഭവനപദ്ധതികളെക്കുറിച്ചൊക്കെ ഇടയ്ക്കും തലയ്ക്കും പറയുന്നുണ്ട്. അത്തരം വാർത്തകൾ ശേഖരിക്കുന്നത് അയാളുടെ ഹോബിയാണത്രേ. എന്തായാലും വില്ലകളിലേക്ക് വലിയൊരു കൂട്ടം പെണ്ണുങ്ങൾ തെരുവുകളിൽ നിന്നതിക്രമിച്ചു കേറുന്നു, താമസം തുടങ്ങുന്നു, കൂട്ടത്തിൽ കാവൽക്കാരൻ സ്വന്തം ഭാര്യയെയും മകളെയും കൂടി കൊണ്ടുവരുന്നു. കഥ ദാരിദ്യത്തെക്കുറിച്ചും, പാർപ്പിട പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ടെങ്കിലും അതൊരു വരണ്ട വെറും പറച്ചിലായിത്തോന്നുന്നു.

പച്ചക്കുതിരയിൽ ലാസർ ഷൈൻ എഴുതിയ സുഖിയൻ ശരിക്കും സുഖിപ്പിക്കുന്ന രചനയാണ്. മറ്റെവിടെയെങ്കിലുമാണ് ഈ കഥ പ്രസിദ്ധീകരിച്ചതെങ്കിൽ ചെറുകഥ എന്നായിരിക്കില്ല പറയുക എന്നു മാത്രം.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account