സമകാലിക മലയാളത്തിൽ അനന്തപത്മനാഭൻ എഴുതിയ ‘ബാക്കി ആകുന്നത്’ എന്ന കഥ മാധ്യമ സാങ്കേതികത, സംവേദനീയത, മനുഷ്യബന്ധങ്ങളിൽ അതു സൃഷ്‌ടിക്കുന്ന സങ്കീർണ്ണതകൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങളെ  ആഖ്യാനം ചെയ്യാനുള്ള ശ്രമമാണ്.  ഒട്ടൊക്കെ മനോഹരമായി അതദ്ദേഹത്തിനു സാധിച്ചിട്ടുമുണ്ട്. മൊബൈൽ ഫോൺ, ഫോണിലൂടെയുള്ള അവിഹിത പ്രണയം, ഉദ്ദീപനങ്ങൾ, ഓൺലൈൻ രതി.. എന്നിങ്ങനെ സർവ്വസാധാരണവും വ്യാപകവുമായ  നവമാധ്യമസാങ്കേതികശീലങ്ങളെ ആവിഷ്‌കരിക്കാനാണ് കഥയിൽ കൂടുതലിടവും ഉപയോഗപ്പെടുത്തിയിരിക്കുന്നതെങ്കിലും ബാക്കി ആകുന്നത് എന്ന കഥ ബാക്കിയാക്കുന്നത്, അല്ലെങ്കിൽ പറയാനുദ്ദേശിക്കുന്നത് അത്തരം സാധാരണ കാര്യങ്ങളല്ല. സുധിയുടെ മാംസ നിബദ്ധപ്രണയത്തിന്, പോൺപോയ ട്രി സൈറ്റ് തുടങ്ങാൻ മാത്രമുള്ള ശരീരകാമനകളുടെ ചാറ്റുകൾക്ക് മറുപുറത്ത് സുദേഷ്‌ണയുണ്ട്. ‘യഥാർത്ഥപ്രണയികൾ പ്രണയത്തിന്റെ ഒരു പോയിന്റിൽ കമിതാവിന്റെ മുഖം മറന്നു പോവും… ഒരു നൊടിയിൽ ഉള്ളിൽ നിന്നു തെന്നി മാറും, പിന്നെ അതു കണ്ടെത്തുംവരെ ഉള്ളിൽ രക്‌തം പൊടിയും’ എന്നു വിശ്വസിക്കുന്ന, അതനുഭവിച്ച സുദേഷ്‌ണ. പക്ഷേ ഈ കഥ സുധിയുടെയോ അവന്റെ അമേരിക്കക്കാരി കാമുകി സമീറയുടെയോ സുദേഷ്‌ണയുടെയോ കഥയല്ല. അങ്ങനെയല്ലാതാക്കുന്നതാണ് കഥാകൃത്തിന്റെ മികവും. സുധിയുടെ ഓൺലൈൻ പ്രണയത്തിനു സമാനമെന്നു പെട്ടന്നു സന്ദേഹിപ്പിക്കുന്ന   മറ്റൊരു  ബന്ധം കൂടി സമാന്തരമായി കഥയിലുണ്ട്. അതും  ഓൺലൈൻ തന്നെ, ബിയാട്രീസ് ആൻറിയും അജ്ഞാതനായ ഏതോ പയ്യനും തമ്മിലുള്ളത്. ഭർത്താവായ ലോറൻസ്അങ്കിൾ സംശയാലുവാകുന്നു. അയാൾക്കു സാധ്യമായ രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്നു. അതാ പയ്യനെ കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യൽ തന്നെയാണ്. അവിഹിതമില്ലാതാക്കാനുള്ള ഒരു ഭർത്താവിന്റെ ന്യായമെന്നു സമൂഹം വിധിച്ച  ആ വേട്ടയിൽ പങ്കാളിയാവുന്ന സുധി തിരിച്ചറിയുന്ന യാഥാർത്ഥ്യം പക്ഷേ വേറൊന്നായിരുന്നു. അപ്പോഴെക്കും അനിവാര്യമായ ദുരന്തം സംഭവിച്ചു കഴിഞ്ഞു. ഇനി ഒന്നും തിരുത്താനാവില്ല.

പരിഹാരങ്ങളോ ശരിയായ ഉത്തരങ്ങളോ ഇല്ലാത്ത വിധം നിശ്ചലമായ സാമൂഹ്യനീതികളുടെ ശരികേടുകളെയാണ് യഥാർത്ഥത്തിൽ ഈ കഥ ഉന്നം വെക്കുന്നത്. വ്യത്യസ്‌ത സാഹചര്യങ്ങളിൽ, അനുഭവ പരിസരങ്ങളിൽ മനുഷ്യരുടെ പെരുമാറ്റം നിശ്ചിത മാതൃകയിലാവണമെന്നു സമൂഹത്തിനു വിധിതീർപ്പുണ്ട്. അതിനെ അതിലംഘിക്കുന്നവർക്ക് ശിക്ഷയുമുണ്ട്. ബിയാട്രീസിന്റെ ഭാവമാറ്റങ്ങൾ, അവൾ മേയ്ക്കപ്പണിയുന്നത്, പാദസരം കെട്ടുന്നത്, ഫോണിൽ ചാറ്റു ചെയ്യുന്നത്, നിശ്ചയമായും അവൾക്കൊരു കാമുകനുള്ളതുകൊണ്ടാണ്. ദൃശ്യമോ പ്രത്യക്ഷമോ അല്ലാത്ത ആൺ പെൺ ബന്ധങ്ങളെയെല്ലാം സമൂഹം അവിഹിതത്തിന്റെ കുറ്റിയിലാണ് കെട്ടുക. മറ്റൊന്നിന് സാധ്യതയില്ലാത്ത വിധം, എല്ലാ തെരഞ്ഞെടുപ്പുകളെയും നിഷേധിച്ചു കൊണ്ട് സമൂഹവും അതിന്റെ മൂല്യബോധവും വ്യക്‌തികളെ ഒതുക്കുന്നു, മെരുക്കിയെടുക്കുന്നു. അവിടെ വ്യക്‌തിബന്ധങ്ങളെല്ലാം പൂർവ്വകൽപ്പിതമായ പാറ്റേണുകളിലായിരിക്കും. അതിനെ അതിലംഘിക്കുന്നവരെല്ലാം നിയമ ലംഘനത്തിന്റെ ശിക്ഷയനുഭവിക്കുകയും ചെയ്യുന്നു. സുധിയുടെയും സമീറയുടെയും ബന്ധം പാറ്റേണുകളുടെ നിശ്ചലതയെ, യാന്ത്രികതയെ അനുസരിക്കുന്നവയാണ്. ബിയാട്രീസിന്റെത് അങ്ങനെയല്ല. വിവരസാങ്കേതിക വിദ്യയും നവ മാധ്യമ സംസ്‌കാരവും സ്‌ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള പ്രാചീന സാമൂഹ്യസങ്കൽപ്പങ്ങളെ ഒട്ടും പരിഷ്‌കരിച്ചിട്ടില്ല. കഥ ബോധപൂർവ്വമായോ അല്ലാതെയോ പ്രശ്‌നവല്ക്കരിക്കുന്നത് അതിനെയാണ്.

ഇ.പി. ശ്രീകുമാർ മാതൃഭൂമിയിലെഴുതിയ പ്രതിലോമ ഗ്രന്ഥശാലയ്ക്ക് ഒരു ഡോക്യുമെന്ററി സ്വഭാവമുള്ള ആഖ്യാനശൈലിയാണ്. കഥയ്ക്ക്  തീവ്രമായ, പൊള്ളുന്ന രാഷ്‌ട്രീയമുണ്ട്. കീഴാളജീവിതത്തിന്റെ പ്രതിസന്ധികളെ കൃത്യമായത് അടയാളപ്പെടുത്തുന്നുമുണ്ട്. മുനിസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളിയുടെ ഗ്രന്ഥശാലയാണ് പ്രതിലോമ ഗ്രന്ഥശാല. അയാൾ ലോകത്തെ വിഖ്യാത ലൈബ്രറികളിലേക്ക് ഭ്രമാത്‌മകമായ യാത്രകൾ നടത്തുന്നുണ്ട്. പ്രതിലോമ ഗ്രന്ഥശാലയിലെ എഴുത്തുകാരന്റെ പേരോ പ്രസാധകന്റെ പേരോ രേഖപ്പെടുത്തപ്പെടാത്ത, ശീർഷകം പോലുമില്ലാത്ത  പുസ്‌തകങ്ങളിലൂടെ അയാൾ തന്റെ വർഗ്ഗത്തെ, തന്നെത്തന്നെ  തിരിച്ചറിയുന്നു. വിജ്ഞാനത്തിന്റെ നിയന്ത്രണവും കുത്തകാവകാശവും ചിലർക്കു മാത്രമാണെന്നു മനസിലാക്കുന്നു. ഗ്രന്ഥാലയം വാക്കുകളുടെ മ്യൂസിയമാക്കാനും പീഡിപ്പിക്കപ്പെടുന്ന അവർണർ, കീഴാളർ, ആശ്രിതർ തുടങ്ങിയ പദങ്ങൾക്ക് നവജീവൻ കൊടുക്കാനും അയാളും വിജയനും തീരുമാനിക്കുന്നു. അവരുടെ പുസ്‌തകങ്ങൾ അപഹരിക്കപ്പെടാനും സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാനുമൊക്കെ ഉന്നം വെച്ച്  ഉപരിവർഗത്തിന്റെ ഇടപെടലുകളുണ്ടാവുന്നുണ്ട്. ചലനാത്‌മകവും പരിവർത്തനോന്മുഖവുമായ അടിത്തറയും, അതിന്റെ കരുത്തിൽ മാത്രം ഉയർത്തപ്പെട്ട രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളുടെ ഉപരിഘടനയും കഥയിൽ സൂചിപ്പിക്കപ്പെടുന്നു. രണ്ടാമത്തേത് പൊള്ളയാണ്. അടിത്തറയാണ് തനിമയാർന്നത്, കാമ്പുള്ളത്. പക്ഷേ അംഗീകരിക്കപ്പെടുന്നത് ഉപരിഘടനയുടെ സങ്കീർണതകളും കൃത്രിമത്വവും മാത്രം. കഥ പൊളിറ്റിക്കൽ കറക്‌ട്‌നെസിന്റെ കാര്യത്തിൽ വളരെ മികച്ചു നിൽക്കുന്നെങ്കിലും വായന അനുഭൂതിരഹിതമായൊരു യാന്ത്രിക പ്രക്രിയയായി ചിലപ്പോഴെങ്കിലും മാറുന്നുവെന്നത് വലിയ പരിമിതിയാണ്.

ഭാഷാപോഷിണിയിലെ ഫ്രാൻസിസ് നൊറോണയുടെ എനം ചെറുകഥയല്ല. നീണ്ടുനീണ്ട് വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന ഒന്നാണ്. സലിലയുടെ വീക്ഷണത്തിലാണ് കഥ തുടങ്ങുന്നതെങ്കിലും പകുതിയെവിടെയോ വെച്ച് അത് കഥാകൃത്തറിഞ്ഞോ അറിയാതെയോ അനൂപിലേക്ക് ചാടുന്നു. പ്രസക്‌മായ എല്ലാ സംഭവങ്ങളും കഥയിലുണ്ട്. ആർത്തവം, പ്രാദേശികത, പുരോഗമനയുവത്വം, വിപ്ലവാശയങ്ങൾ, മലയ്ക്കു പോകാനുറച്ച പെണ്ണുങ്ങൾ… ഇതിനിടയിലെല്ലാം ധാരാളം കഥാപാത്രങ്ങൾ, സംഭവങ്ങൾ… ഇവയുടെ പ്രസക്‌തി എന്തെന്നോ കഥയിൽ ഇവരെന്തിനെന്നോ ഒക്കെ ചിന്തിച്ച് വായനയ്ക്കിടയിൽ കുഴങ്ങിപ്പോവും. മടുപ്പിക്കുന്ന കഥ. ഒരു പക്ഷേ വെട്ടിയൊരുക്കി രണ്ടോ മൂന്നോ പേജിലേക്കൊതുക്കിയെങ്കിൽ ശക്‌തമാകുമായിരുന്നത്.

മാധ്യമത്തിലെ സോണിയ റെഫീഖിന്റെ 00:10:19 ജനുവരി 1 എന്ന കഥ ക്രാഫ്റ്റിലെ പുതുമ കൊണ്ടാണ് വ്യത്യസ്‌തത വരുത്താൻ ശ്രമിച്ചിരിക്കുന്നത്. പുതുവർഷ രാത്രിയിലെ 10 മിനുട്ട് ദൈർഘ്യമുള്ള ഇടവേളയിൽ അയാളുണ്ടാക്കുന്ന 3 കഥകൾ. 3 കഥകളിലെ കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും കാലികമായ പ്രാധാന്യമേറെയാണ്. പക്ഷേ സോണിയയുടെ  കഥ വിരസമാണെന്നു പറയാതെ വയ്യ. മിഥുൻ കൃഷ്‌ണയുടെ മാമസിത വളരെ തിടുക്കപ്പെട്ടു കഥ പറയുന്നതിന്റെ അസ്വസ്ഥതയാണുളവാക്കുക. അവിശ്വസനീയമായ സംഭവ പരമ്പരകളും.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account