‘ചെമ്പരത്തിപ്പൂ പെൺകുട്ടി’ രഘുനാഥ് പലേരി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ  കഥയാണ്. മിഴിവുറ്റ ദൃശ്യങ്ങളുടെ ചാരുതയാണ് ഇക്കഥയെ ശ്രദ്ധേയമാക്കുന്നതെന്നു പറയാം. ലളിതമായ പ്രമേയം, കാൽപ്പനിക ഭംഗികൾ, നഷ്‌ടബോധങ്ങൾ.. കഥയുടെ അൽപം പഴയ ചേരുവകളാണദ്ദേഹം ഉപയോഗിക്കുന്നത്‌. പക്ഷേ പുതിയ കാലത്തും അത് വായനാസുഖം തരുന്നെങ്കിൽ അതിനു കാരണം ചേരുവകളുടെ മിശ്രണത്തിലെ മാജിക് തന്നെയാണ്. വായനക്കൊടുവിൽ ഇടവഴിയുടെ ഓരത്ത് ചെമ്പരത്തിപ്പൂ പൊട്ടിച്ചു കൊണ്ട് ആ പെൺകുട്ടി നിൽക്കുന്നത് വായനക്കാർ കാണുന്നു. ഒപ്പം അവളുടെ അനിയനും കണ്ണുകാണാത്ത അമ്മയുമുണ്ട്. നാൽപ്പതു വർഷങ്ങൾക്കു മുമ്പാണവരങ്ങനെ നിന്നത്. ആ വഴികളത്രയും മാഞ്ഞുപോയി. പൂവേലിത്തലപ്പുകൾ അതിരിട്ട ഇടവഴികൾ ടാർ റോഡുകളായി. മുഴുനീള പാവാടയും ചെരുപ്പില്ലാ പാദവുമൊക്കെയുള്ള അത്തരം പെൺകുട്ടികളും ഇന്നില്ല. പക്ഷേ അവരവിടെ തെളിഞ്ഞു നിൽക്കുന്നു. അങ്ങനെ നിർത്താൻ കഴിയുന്നതാണ് കഥാകാരന്റെ വിജയവും. ഗ്രാമീണഭംഗികളിലും കാൽപ്പനികച്ഛായകളിലും അഭിരമിക്കുന്നവർക്ക് മാത്രം പ്രിയങ്കരമാവുന്നൊരു പഴഞ്ചൻ കഥയല്ല ഇതൊട്ടും.

ക്രമബദ്ധമായ സംഭവപരമ്പരകൾ കൊണ്ടല്ല ഈ കഥ വിഷാദമൂകമായൊരനുഭൂതിയാവുന്നത്. സംഭവങ്ങളേ ഇല്ലായ്‌മ  കൊണ്ടാണെന്നു പോലും തോന്നാം. തീർത്തും വൈയക്‌തികമായൊരു സ്‌മരണ, അതിനെ സ്‌പന്ദിപ്പിക്കുന്ന കുഞ്ഞുകുഞ്ഞു സംഭവങ്ങൾ, സംഭവങ്ങൾ എന്നു പോലും വിശേഷിപ്പിക്കാനാവാത്തത്ര നേർത്ത മുഹൂർത്തങ്ങൾ. അതിനുള്ളിൽ ജീവിതത്തെക്കുറിച്ചും കാലത്തെക്കുറിച്ചുമൊക്കെയുള്ള ദാർശനിക ചിന്തകളും ഉള്ളടക്കിയിരിക്കുന്നു. ആന്തരികമായ അനുഭവതലങ്ങളിലൂടെ തന്റെ സത്തയെയും സ്വത്വപരമായ സന്ദേഹങ്ങളെയും കഥാനായകൻ പ്രത്യക്ഷമാക്കുന്നു. റീത്തമാഡത്തിന്റെ വീടന്വേഷിക്കുമ്പോൾ ‘നിങ്ങൾ താമസിച്ച വീട്’ ‘തന്നെ എന്നയാൾക്കു കിട്ടുന്ന മറുപടി യഥാർത്ഥത്തിൽ ആളു മാറിയോ, പിശകിയോ വന്ന ഒരുത്തരമല്ല. തന്റെ  നിലനിൽപ്പിനെക്കുറിച്ച്, താൻ യഥാർത്ഥത്തിൽ എന്താണെന്നതിനെക്കുറിച്ച് ചില സമസ്യകൾ കൂടിയാണ് ആ ഉത്തരം അയാൾക്കു മുന്നിൽ കുടഞ്ഞിടുന്നത്. ഭൂതകാലവും വർത്തമാനവും കൂടിക്കുഴയുന്നു. തന്റെ  ഇപ്പോഴത്തെ ജീവിതമാണോ, യഥാർത്ഥത്തിൽ ജീവിക്കാത്തതും പക്ഷേ ജീവിച്ചുവെന്ന് പെൺകുട്ടി പറയുന്നതുമായ ആ ഭൂതകാല ജീവിതമാണോ യഥാർത്ഥമെന്ന് അയാൾ സന്ദേഹിയാകുന്നു. ഏതോ നിമിഷം അയാൾ കാലത്തിനു പുറകോട്ടു തിരിഞ്ഞ് അവിടെ യഥാർത്ഥത്തിലില്ലാത്ത അയാളായി മാറി പെൺകുട്ടിയോടും അമ്മയോടും സംസാരിക്കുന്നുമുണ്ട്. ഒതുക്കമുള്ള ഭാഷയിലും ശൈലിയിലും സങ്കീർണമായ ജീവിതസമസ്യകളെ ആവിഷ്‌കരിക്കുന്നുവെന്നതാണ് ചെമ്പരത്തിപ്പൂ പെൺകുട്ടിയെ വ്യതിരിക്‌തമാക്കുന്നത്.

പ്രദീപ് പേരശ്ശനൂർ പ്രസാധകനിലെഴുതിയ വേന്തിരൻ രാഷ്‌ട്രീയപരമായ അന്തർധാരകളുള്ള ശ്രദ്ധേയമായ കഥയാണ്. ഹക്കീംബാബു, ഫസൽക്ക എന്ന രണ്ടു പേരിലൂടെ രണ്ടു നിലപാടുകൾ, പരസ്‌പര വിരുദ്ധമായ രണ്ടു വീക്ഷണങ്ങൾ എന്നിവയാണ് കഥ അവതരിപ്പിക്കുന്നത്. രണ്ടു പേരും ഇടപെടുന്ന പൊതുവായ സ്ഥലമാണ് കഥ പറയുന്ന ആളുടെ പായസക്കട. സുതാര്യമായ, അറിവും തെളിവുമുള്ള ഫസൽക്കയുടെ വ്യക്‌തിത്വത്തിനു എതിർ ധ്രുവത്തിലാണ് അത്യന്തം നിഗൂഡമായ ഹക്കീംബാബുവിന്റെ പ്രത്യക്ഷപ്പെടലുകൾ. രണ്ടു വൈരുദ്ധ്യങ്ങളുടെ സങ്കലനത്തിലൂടെ മാറി വരുന്ന കാലത്തെയും വർദ്ധിച്ചു വരുന്ന തീവ്രവാദത്തെയും ഹിംസകളെയും ഒതുക്കത്തോടെ പറയാൻ പ്രദീപിനു കഴിയുന്നുണ്ട്.

മാധ്യമം വാരികയിലെ മിനി പി .സി യുടെ അഹിംസ സിൽക്ക് ചെറുകഥ എന്ന വിശേഷണത്തിനല്ല, ചെറുനോവൽ എന്ന ശീർഷകത്തിനാണുചിതം. പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന ജോസാർ, മകൻ അലോഷി, അവരുടെ കുടിപ്പക തീണ്ടിയ പൗലോസ്… കഥയിൽ കഥാപാത്രങ്ങളുടെ പെരുപ്പമാണ്. ജോസാറിൽ തുടങ്ങി അലോഷിയിൽ, തെരേസയിൽ, എസ്‌തേറിൽ ഒക്കെ കുടുങ്ങി, ഇടയ്ക്കും തലയ്ക്കും പട്ടുനൂൽ പുഴുക്കളെക്കുറിച്ചും പറഞ്ഞ് അവിടൊന്നും തീരാതെ ആന്റണിയിലൂടെ മറ്റൊരു ദേശത്തേക്കും മറ്റൊരു പട്ടുനൂൽ കൃഷിയിടത്തിലേക്കും എത്തിച്ചേരുന്നു. അവിടെ പുഴുക്കളെ കൊല്ലാതെ പട്ടുനൂൽ വേർതിരിക്കുന്ന ഫ്രെഡിയെ കണ്ടെത്തുന്നു. ഫ്രെഡി തന്റെ ശത്രുവിന്റെ മകനായിട്ടും അലോഷി അവനെ ഹിംസിക്കുന്നില്ല. അഹിംസ സിൽക്ക് തന്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന പ്രത്യാശയിൽ അയാളും കഥയും തിരിച്ചു പോകുന്നു. അവിടെയെങ്കിലും കഥ അവസാനിച്ചല്ലോ എന്നു വായനക്കാരും സമാശ്വസിക്കുന്നു. ഒതുക്കിയും മുറുക്കിക്കെട്ടിയും ശക്‌തമാക്കാമായിരുന്ന ഒന്നിനെയാണ് കഥാകാരി ഇവ്വിധം നിരത്തിയിട്ടിരിക്കുന്നതെന്നു കാണുമ്പോൾ നിരാശ തോന്നും.

കലാകൗമുദിയിൽ എം. രാജീവ് കുമാറെഴുതിയ ചുക്കാനി പറഞ്ഞു പറഞ്ഞു പഴകിയ കഥാതന്തുവിന്റെ വിരസമായ ആഖ്യാനമാണ്. ജോലിയിൽ ആണ്ടു മുഴുകിയ  നാവികന്റെ കടൽ പ്രണയം, നഷ്‌ടപ്പെടുന്ന കുടുംബ ബന്ധങ്ങൾ, റിട്ടയർ ചെയ്‌തിട്ടും കപ്പലിലേക്കു തിരിച്ചു വരാനുള്ള ത്വര, ഒടുക്കം കടലിനുള്ളിലേക്കുള്ള യാത്ര… കടൽ എന്ന പശ്ചാത്തലം മാറിയിട്ടുണ്ടാവാം, പക്ഷേ ഈ ആശയം എത്ര വട്ടം എത്രയോ കഥകളിൽ വന്നു കഴിഞ്ഞു. അതിനെയൊട്ട് ആകർഷകമായി പറയാൻ രാജീവ് കുമാറിന് കഴിഞ്ഞിട്ടുമില്ല.

അതേലക്കത്തിലുള്ള വേണു കുന്നപ്പിള്ളിയുടെ കഥയുടെ പരിമിതിയും  അതു തന്നെ. ജീവിതത്തിലുടനീളം കള്ളനെന്ന ആരോപണം ഏറ്റുവാങ്ങേണ്ടി വന്ന ഒരാളുടെ ചിന്തകൾ. കഥയായി മാറാത്ത കുറെ സംഭവങ്ങളും ചിന്തകളും കൂട്ടിക്കെട്ടിവെച്ചിരിക്കുന്നു എന്നതിലപ്പുറം ഒന്നുമല്ല ‘ഒറ്റക്കഥയിൽ കോർക്കപ്പെട്ടു പോയ ഒരാൾ’ എന്ന കഥ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account