മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും സമകാലിക മലയാളത്തിലും അടുത്തടുത്ത് ഒരേ കഥാകാരൻ ആവർത്തിക്കപ്പെടുന്ന കൗതുകം ഇടയ്ക്ക് ഉണ്ടാവാറുണ്ട്. പക്ഷേ ഒരേ ആഴ്ച്ചയിൽ രണ്ടിലും ഒരേ എഴുത്തുകാരൻ പ്രത്യക്ഷപ്പെടുന്നത് പുതുമയാണ്. പക്ഷേ  വിചിത്രവും അത്‌ഭുതകരവുമായിത്തോന്നുന്നത് രണ്ടിലെയും കഥകളുടെ പ്രമേയം  ഒന്നു മറ്റൊന്നിന്റെ  തുടർച്ചയോ ആരംഭമോ എന്നൊക്കെ പല വിധം  സന്ദേഹമുണ്ടാക്കുന്ന തരത്തിൽ കൂടിപ്പിണഞ്ഞിരിക്കുന്നുവെന്നതാണ്. ഒരു കഥയുടെ ബാക്കിയായി മറ്റേ കഥയെ വായിക്കാം. ഒന്നിലെ നിഗൂഡതകളുടെ ചുരുളഴിയുന്നത് മറ്റേതിലാണെന്നു പറയാം. പക്ഷേ ഏതു കഥയാണ് ആദ്യം വായിക്കേണ്ടതെന്നത് വായനക്കാരന്റെ തെരഞ്ഞെടുപ്പായിരിക്കുകയും ചെയ്യുന്നു. ഒറ്റക്കൊറ്റയ്ക്കു വായിക്കാം, ഒന്നിച്ചും വായിക്കാം. ഒന്നു മാത്രമായിട്ടും വായിക്കാം. ഒരപൂർണതയും അനുഭവപ്പെടുകയില്ല.  ക്രാഫ്റ്റിലെ, ആഖ്യാനത്തിലെ മികവിന്റെ, സാമർത്ഥ്യത്തിന്റെ തെളിവാണ് പരസ്‌പരം ആഴത്തിൽ കുരുങ്ങിപ്പിണഞ്ഞു കൊണ്ടു തന്നെ ഉപരിതലത്തിൽ വെവ്വേറെയായിരിക്കുന്ന ‘അച്ചമ്പിയും കുഞ്ഞു മാക്കോതയും’ (സമകാലിക മലയാളം), ‘അടിയാള പ്രേതം’ (മാതൃഭൂമി) എന്നീ കഥകൾ. രണ്ടും എഴുതിയത് പി.എഫ്. മാത്യുസ്.  രണ്ടിലും ഏറെക്കുറെ ഒരേ സംഭവങ്ങളാണ്. അവയാകട്ടെ അദ്ദേഹത്തിന്റെ ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിലൂടെ വായനക്കാർക്കു പരിചിതവും. കഥാപാത്രങ്ങളും നോവലിലുള്ളവർ തന്നെ. മുമ്പേ പറഞ്ഞു കഴിഞ്ഞ  കഥയാണ്, മുമ്പേ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളാണ്.  പക്ഷേ പുതുമയവസാനിക്കാത്ത വിധത്തിൽ തികച്ചും പുതിയതായിത്തന്നെ രണ്ടു കഥകളും പറയാൻ പി.എഫ്. മാത്യൂസിനു കഴിയുന്നു.

തീരദേശ കൊച്ചിയുടെ പ്രബലമായൊരു മിത്തിന്റെ അടിത്തറയിലാണ് ഈ  കഥകൾ മെനഞ്ഞിട്ടുള്ളത്. പോർച്ചുഗീസ് സായിപ്പ് ലന്തക്കാരെ ഭയന്ന് നാടുവിടും മുമ്പ് തന്റെ നിധികുംഭങ്ങൾക്ക് കാവലായി നിലവറയിൽ കൊന്നു തള്ളിയ കാപ്പിരി. കാപ്പിരിമുത്തപ്പന്റെ കനിവിനായി നിഗൂഡ കർമ്മങ്ങളിലൂടെ അയാളെ പ്രീതിപ്പെടുത്തി നിധി വീണ്ടെടുക്കാൻ ശ്രമിക്കുന്ന പുതുകാല ജന്മി. അയാളുടെ ഇരയാവുന്ന വേറൊരു അടിയാളൻ/കാപ്പിരി. ചരിത്രത്തിലുടനീളം മേലാളവർഗ്ഗത്തിന്റെ ചൂഷണവും പീഡനവും തുടർന്നു കൊണ്ടേയിരിക്കുന്നു. കഥയുടെ ജാതീയവും വംശീയവുമായ പ്രത്യയശാസ്‌ത്രങ്ങളാണ് ഈ രണ്ടു കഥകളെയും സാർവ്വകാലികവും പ്രസക്‌തവുമാക്കുന്നത്. ജാതിയുടെ ഉച്ചനീച ശ്രേണികളിലെ മേൽ കീഴ് നിലകൾ എക്കാലത്തും നിശ്ചിതങ്ങളായിരിക്കും. കീഴ്‌ജാതിക്കാരന്റെ അസ്‌തിത്വം മേലാളനോടുള്ള, മരണത്തോളം തണുപ്പുള്ള വിധേയത്വത്തിലൂന്നിയതാണ്. അയാൾ എന്നും ഇരയാവുന്നു. വർണപരവും വംശീയവുമായ വിവേചനങ്ങളുടെ ഇര. ഫ്യൂഡലിസം, മുതലാളിത്തം തുടങ്ങി പല പേരിൽ അധീശ ശക്‌തികൾ കീഴാളനെ ഉപയോഗപ്പെടുത്തുന്നു, ഹിംസിക്കുന്നു. അത്തരം തിരസ്‌കൃതരുടെ ചരിത്രമാകുന്നുവെന്നതാണ് ഈ കഥകളുടെ ശക്‌തമായ രാഷ്‌ട്രീയവും. കഥകളെ പൊതിഞ്ഞുള്ള നിഗൂഡതകൾക്കു ആക്കം കൂട്ടുന്ന സവിശേഷമായ ഭാഷയാണ് കഥകളുടെ മറ്റൊരു പ്രത്യേകത.

കീഴാളജീവിതത്തെ അഭിമുഖീകരിക്കുന്ന മറ്റൊരു കഥയാണ് സന്തോഷ് പനയാൽ മാതൃഭൂമിയിലെഴുതിയ കടലാടിപ്പാറ. പ്രാദേശിക ഭാഷയുടെ തനിമയും തെളിച്ചവും കഥ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. താമിയെന്ന കുട്ടി, അവന്റെ കൂട്ടുകാർ, അധ്യാപകർ, അവർ ജീവിക്കുന്ന കിനാനൂരെന്ന ഭൂപ്രദേശം, അതിന്റെ നിറവുകൾ, അതിനെ ചുറ്റിപ്പറ്റി അവർ ശേഖരിക്കുന്ന, നിർമ്മിക്കുന്ന പലതരം കഥകൾ. എല്ലാ കഥകളും കീഴാള വർഗ്ഗത്തിന്റെ പ്രതിരോധത്തിന്റെത്. ‘എല്ലാ കഥയിലും വെളുമ്പന്മാരല്ലേ ജയിക്കല്. ആമയും മുയലും കഥയില് മുയലല്ലേ ജയിച്ചത്? ദേവാസുരകഥയില് ദേവന്മാര്…’, എല്ലാ കഥകളും കീഴാളവിരുദ്ധമാവുന്നു. അത് വെളുപ്പിന്റെ വിജയഗാഥകളാകുന്നു. സവർണ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള, ജാതീയമായ മേൽ കീഴ്ത്തട്ടുകൾ നിലനിർത്താനുള്ള വ്യഗ്രത കാട്ടുന്ന സാമൂഹ്യ സ്ഥാപനങ്ങളോടു നിരന്തരം കലഹിക്കാതെ കീഴാളർക്ക് അവരുടെ അസ്‌തിത്വം വീണ്ടെടുക്കാനാവില്ല. സന്തോഷ് പനയാലിന്റെ കഥ അതിന്റെ കൃത്യമായ രാഷ്‌ട്രീയം കൊണ്ടു മൂർച്ചയുള്ളതാണ്. പക്ഷേ അൽപ്പം കൂടി ഒതുക്കമുള്ളതായിരുന്നെങ്കിൽ എന്നാഗ്രഹിക്കാനുള്ള അവകാശം വായനക്കാർക്കു തീർച്ചയായുമുണ്ട്. മാധ്യമത്തിലെ കഥകൾ എല്ലാം തന്നെ അതിന്റെ ദൈർഘ്യം കൊണ്ടു വായനക്കാരെ വല്ലാതെ പരീക്ഷിക്കുന്നുണ്ടെന്നു പറയാതെ വയ്യ.

മാതൃഭൂമിയിൽ വി.കെ. ദീപ എഴുതിയ ഹിഡുംബി ബന്ധങ്ങളുടെ വൈചിത്ര്യങ്ങളെക്കുറിച്ചുള്ള ആഖ്യാനമാണ്. പരാജയപ്പെട്ട എഴുത്തുകാരന്റെ വിജയിച്ച മകൻ. രണ്ടു പേർക്കുമിടയിലെ അമ്മ. കഥയിലെ മിഴിവേറിയ കഥാപാത്രവും അമ്മയായ എസ്‌തേറാണ്. കൃത്യമായ ഭാഷ കൊണ്ട്, ആത്‌മബോധം കൊണ്ട് എസ്‌തേർ തന്റെ സ്വപ്‌ന ജീവിയായ ഭർത്താവിനെ നേരിടുന്നു. മണ്ണിൽ ശരീരം കൊണ്ടെഴുതി കവിത വിളയിക്കുന്നു. മകന്റെ ഉയർച്ചകളെ അയാളിൽ നിന്നു മറച്ചുവെക്കുന്നു, അയാളിലെ പെരുന്തച്ചൻകോംപ്ലക്‌സ്  വളരാതിരിക്കാൻ വേണ്ടി മാത്രം. എന്നിട്ടും നിർണായകമായൊരു സന്ദർഭത്തിൽ അയാളെ പുറത്താക്കാനും അവൾക്കു സന്ദേഹമില്ല. കഥാവസാനത്തിലെ അതിഭാവുകത്വത ഒഴിവാക്കിയാൽ അളന്നു മുറിച്ചെഴുതിയ, സൂക്ഷമതയും കൃത്യതയുമുള്ള കഥ.

മലയാളത്തിൽ ഫർസാന അലി എഴുതിയ ഇരട്ട നാളങ്ങൾ എന്ന കഥയുടെ അർത്ഥമോ ആശയമോ ഒന്നും വ്യക്‌തമല്ല.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account