പ്രവീൺ ചന്ദ്രന്റെ ‘ജീവിതത്തിനും മരണത്തിനും ഇടയിൽ ചില കട്ടുകൾ’ എന്ന കഥ (മാധ്യമം ആഴ്ച്ചപ്പതിപ്പ്) സമയത്തെയും കാലത്തെയും കുറിച്ചുള്ള നവീനവും മൗലികവുമായ നിരീക്ഷണങ്ങൾ കൊണ്ടാണു ശ്രദ്ധേയമാവുന്നത്. സിനിമ കാലത്തിനു മേലുള്ള കൊത്തുപണിയാണെന്നു കഥയിൽ പറയുന്നുണ്ട്. എഡിറ്റിങ്ങിന്റെ,  മിശ്രണങ്ങളുടെ അനന്ത സാധ്യതകൾ .കാലത്തെ ഘനീഭവിപ്പിക്കാനും ഒഴുക്കിവിടാനും അവിടെ അനായാസം കഴിയുന്നു. പക്ഷേ ജീവിതത്തിൽ സമയം/കാലം അങ്ങനെയല്ല. അത് നിശ്ചിതമായ പ്രവാഹവേഗതയോടെ സഞ്ചരിക്കുന്നു. ഒരിക്കലും തീർത്തും  നിശ്ചലമാവുന്നില്ല, ശീഘ്രഗതി പ്രാപിക്കുന്നുമില്ല. നിലച്ചുപോയ  വാച്ചുകൾക്ക് ഒരിക്കലും സമയത്തെ കുരുക്കിയിടാനാവുകയില്ല.

സമയമെന്ന പ്രഹേളികയെ മുൻനിർത്തി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെയും വിഹ്വലതകളെയും ആഖ്യാനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് കഥയുടെ സവിശേഷത. സംഭവങ്ങൾക്കും ആശയങ്ങൾക്കും നിയത രൂപമില്ലാതാവുന്നു. സമയം മാത്രം സത്യമാവുന്നു. എല്ലാ വ്യവഹാരങ്ങളുടെയും നിയന്ത്രണം അതിനാണ്. ജീവിതത്തിന്റെ, ലോകത്തിന്റെ യഥാർത്ഥ അധികാരി, ഒരു പക്ഷേ അവകാശിയും. തന്റെ ആദ്യ സിനിമയുടെ പ്രിവ്യു ഷോക്കിടയിൽ കുഴഞ്ഞുവീണ് ഐ.സി.യു വിലും വെന്റിലേറ്ററിലുമെത്തുന്ന സാഗർ. സിനിമയിലെ സമയത്തെയും കാലത്തെയും മുന്നും പിന്നും മാറി മാറി ക്രമീകരിക്കാൻ കെൽപ്പുള്ള എഡിറ്റർ രാജേന്ദ്രൻ അവിടെ നിസഹായനായിത്തീരുന്നു. അയാൾക്ക് ജീവിതത്തിലെ സമയത്തോട് ഒന്നും ചെയ്യാനാവില്ല. രണ്ടാഴ്ച്ച കൊണ്ട് ആശുപത്രിയിൽ സാഗർ അനേകവർഷങ്ങളുടെ ജീവിതം ജീവിച്ചു തീർക്കുന്നു .മധ്യവയസിൽ നിന്ന് വാർധക്യത്തിലേക്ക് ദിവസങ്ങൾ കൊണ്ടവൻ എത്തിച്ചേർന്നതുപോലെ രാജേന്ദ്രനു തോന്നുന്നുണ്ട്. അതും സമയം നിശ്ചലമായ, രാവും പകലും ഒരു പോലിരിക്കുന്ന ഐ.സി.യുവിനുള്ളിൽ. ഈ വൈരുദ്ധ്യത്തിലാണ് കഥയുടെ കാതൽ. സാഗറിനെ വെന്റിലേറ്ററിൽ നിന്നു മാറ്റും മുമ്പ് രണ്ടു വയസുകാരി മകളെ അയാൾക്കു കാണിച്ചു കൊടുക്കണമെന്ന് സാഗറിന്റെ ഭാര്യ മേനകക്കു ആഗ്രഹം തോന്നുന്നു. രാജേന്ദ്രൻ ഐ.സി.യുവിനുള്ളിൽ കയറി അവസാനമായി സാഗറിനെ കാണുമ്പോൾ മൂന്നു മണിയായിരുന്നു. സാഗറിന്റെ മരണം മൂന്നേമുക്കാലിനും. പക്ഷേ ആ ചെറിയ സമയത്തിനുള്ളിൽ രാജേന്ദ്രനും അയാളുടെ കാഴ്ച്ചയിൽ മേനകയും അനുഭവിച്ചു തീർത്തത് കുറച്ചൊന്നുമല്ല. ചെറിയൊരു സമയപരിധിക്കുള്ളിൽ ബഹുലമായ സംഭവങ്ങൾ, അനുഭവങ്ങൾ. സമയത്തെക്കുറിച്ചുള്ള മനുഷ്യ ധാരണകളും സങ്കൽപ്പങ്ങളും അട്ടിമറിക്കപ്പെടുന്നു. സമയമാണ് സനാതനമായ സത്യം. അതിനു മുന്നിൽ പരിഭ്രമിച്ചും ഭയന്നും നിൽക്കുന്നു മനുഷ്യൻ. അതിന്റെ വലയങ്ങളിൽ നിന്നു പുറത്തു കടക്കുക അവന് അസാധ്യവുമാണ്. സമയവും കാലസങ്കൽപ്പവുമൊക്കെ ഇഷ്‌ട വിഷയമായിട്ടുള്ള പ്രവീൺ ചന്ദ്രൻ ഒതുക്കത്തിലും ലാളിത്യത്തിലുമാണ് സമയവുമായി കൂടിക്കലർന്നു കിടക്കുന്ന ജീവിത സങ്കീർണതകളെക്കുറിച്ചു പറയുന്നത്. അതു തന്നെയാണ് കഥയുടെ വശ്യതയും.

എം.കെ, മനോഹരന്റെ പരിഭാഷ (മാതൃഭൂമി) പുസ്‌തകങ്ങളെക്കുറിച്ചുള്ള കഥയാണ്. പരിഭാഷാ പുസ്‌തകങ്ങൾ മാത്രം വായിക്കാനിഷ്‌ടപ്പെടുന്ന അമൽ, അവൻ വായിച്ച എണ്ണമറ്റ നോവലുകൾ, ആ നോവലുകളിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ…. ഇങ്ങനെ നിരവധിയടരുകളുള്ളതാണ് കഥയുടെ പ്രമേയ സ്ഥലി. അമലിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന പ്രശാന്തേട്ടൻ. പുസ്‌തകങ്ങളും പുസ്‌തകദൃശ്യങ്ങളുമെല്ലാം ചേർന്ന് അമലിന്റെ മനസിലുണ്ടാക്കിയ വിഭ്രാന്തിയാവാം ആ ഭീഷണി. അമലിന്റെ വിചിത്രമായ തോന്നലുകൾക്കൊടുവിൽ പ്രശാന്തേട്ടന്റെ ശരിയായ സ്വത്വം വെളിപ്പെടുന്നു. തെളിഞ്ഞ അന്തരീക്ഷ സൃഷ്‌ടിയും ആഖ്യാനത്തിലെ സുതാര്യതയും കൊണ്ട് വായനാക്ഷമമായ നല്ലൊരു കഥയെന്ന പ്രതീതിയുണ്ടാക്കുന്നുണ്ട് പരിഭാഷ. യഥാർത്ഥത്തിലിത് അമലിന്റെയോ പ്രശാന്തന്റെയോ കഥയല്ല, അമൽ വായിക്കുന്ന പുസ്‌തകങ്ങളുടെ കഥയാണ്, ആ പുസ്‌തകങ്ങൾക്കുള്ളിലെ ജീവിതങ്ങളുടെ കഥയാണ്. വൈദേശികസാഹിത്യം മാത്രമുള്ള ഗ്രന്ഥപ്പുരകൾക്ക് മലയാളത്തിൽ പ്രിയം ഏറി വരുന്ന കാലം കൂടിയാണല്ലോ ഇതെന്നു കൗതുകം തോന്നാം.

സമകാലിക മലയാളത്തിൽ സച്ചിദാനന്ദൻ എഴുതിയത് കഥകൾ എന്ന വിശേഷണത്തോടെ പ്രസിദ്ധീകരിച്ചതു കൊണ്ട് അവയെ കഥയായിത്തന്നെ വായിക്കാൻ ബാധ്യസ്ഥരാണ് വായനക്കാർ. ധ്വനിയാണ് കവിതയ്‌ക്കെന്നപോലെ കഥയ്ക്കും ചാരുതയെന്ന് ആരെങ്കിലും അദ്ദേഹത്തിനു പറഞ്ഞു കൊടുത്താൽ നന്നായിരുന്നു. ഏറ്റവും  പ്രകടമായും വിരസമായും കുറെ വസ്‌തുതകൾ എഴുതി നിറച്ചിരിക്കുന്നു രണ്ടിലും. ആയുധങ്ങളെ പ്രസവിച്ച സ്‌ത്രീകൾ, വാസയോഗ്യമല്ലാതായ നാട്, പിന്നൊരു കവിതയെയും കൂട്ടി ആ വഴി കഥ പറയുന്നയാൾ നടന്നപ്പോൾ എല്ലാം തിരിച്ചു വരുന്നു, പൂക്കൾ, തണുപ്പ്, കാറ്റ്… ആ കവിതയെയും കൂട്ടി വന്നത് കവി തന്നെയെങ്കിൽ ദയവായി കവിതയ്‌ക്കൊപ്പം തന്നെ തിരിച്ചു പോണമെന്ന് വായനക്കാരുടെ അപേക്ഷ. ഇതല്ല കഥ, ഇങ്ങനെയല്ല കഥ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account