വായനാക്ഷമതയുള്ള ഒന്നിലധികം കഥകളുടേതായിരുന്നു ഈയാഴ്ച്ച. മാതൃഭൂമിയിലെ രണ്ടു കഥകളും കഥ കൊണ്ടും കഥപറച്ചിലിന്റെ രീതി കൊണ്ടും ശ്രദ്ധേയമായി. ശ്രീകണ്ഠൻ കരിക്കകത്തിന്റെ അങ്കണവാടി (മാതൃഭൂമി) കാലികമായ ഒട്ടനവധി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുമ്പോൾത്തന്നെ ഒതുക്കവും മുറുക്കവുമുള്ളതായി അനുഭവപ്പെടുന്നു. ഇമേജുകളുടെ അമിതഭാരം ചിലപ്പോഴെങ്കിലും ആഖ്യാനത്തെ ഒട്ടധികം അലംകൃതമാക്കുന്നത് അവഗണിക്കാവുന്നതേയുള്ളു. പഴയ അങ്കണവാടി കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതു കാണുന്ന അയൽവക്കക്കാരനായ ജയശീലന്റെ വിഹ്വലതകളാണ് കഥയുടെ മുഖ്യ പ്രമേയം. ഓർമ്മകൾ നഷ്‌ടപ്പെട്ട ഭാര്യ പ്രഭാവതിയെ പെട്ടന്നൊരു രാവിലെ കാണാതാവുന്നു. ദിവസങ്ങളോളം അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനാവുന്നില്ല.  മാലിന്യകേന്ദ്രത്തിലെ ജോലിക്കാർ അയാളോടു പറയുന്നു, ‘ഇനി തെളിവുകൾ എന്തെങ്കിലും നിങ്ങൾക്ക് കിട്ടുന്നെങ്കിൽ അത് ഇവിടുന്നായിരിക്കും. സാരിത്തുമ്പ്, അടിവസ്‌ത്രം, കൊല്ലാൻ ഉപയോഗിച്ച കത്തി… എത്രയെത്ര തൊണ്ടികളാണ് ഞങ്ങൾ ദിവസവുമിവിടെ കൈകാര്യം ചെയ്യുന്നത്. അങ്ങനെ ഇതും വരും’.

കാണാതായവരെല്ലാം കരിഞ്ഞും അഴുകിയും എത്തിച്ചേരുന്ന മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ, ഉപേക്ഷിക്കപ്പെട്ടവയും ഇല്ലാതാക്കപ്പെട്ടവയുമൊക്കെ അവിടെത്തന്നെ എത്തിപ്പെടുന്നു. പക്ഷേ ഒരു മാസം കാത്തിട്ടും പ്രഭാവതി അവിടെയുമെത്തിയില്ല. ഒടുവിൽ ജയശീലൻ തന്റെ വീട്ടിൽ പുതിയൊരങ്കണവാടി തുടങ്ങുന്നു. അയാൾക്കറിയാം ഇനി പ്രഭാവതി മാത്രമല്ല, വളർന്നകന്നു പോയ തന്റെ മക്കളും മറ്റനേകം മക്കളും  തിരിച്ചു വരും. ജയശീലന്റെ ആശങ്കകളിലൂടെ ഈ കഥ ബന്ധങ്ങളിലെ ഇഴയകൽച്ചകൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ, സ്വാർത്ഥരാഷ്‌ട്രീയം, കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ തുടങ്ങി നിരവധി സങ്കീർണതകളെക്കൂടി ആവിഷ്‌കരിക്കുന്നു. അവയ്‌ക്കെല്ലാമെതിരെയുള്ള ജൈവികമായൊരു പ്രതിരോധമാണ് വീണ്ടുമാരംഭിക്കുന്ന അങ്കണവാടി. കുഞ്ഞൊച്ചകളും കളിപ്പാട്ടങ്ങളും കളിചിരികളും നമ്മുടെ ലോകത്തെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നു മോചിപ്പിക്കും, നഷ്‌ടപ്പെട്ടവയെ തിരിച്ചു കൊണ്ടു വരും. പ്രിയങ്കരമായതെല്ലാം തിരിച്ചെത്തും. അങ്കണവാടി ഒരു പ്രത്യാശയാണ്. അത് ജയശീലന്റെ അയഥാർത്ഥമായ സ്വപ്‌നമോ ഉന്മാദമോ അല്ല. സ്‌പന്ദിക്കുന്ന, അടിമുടിയിളകുന്ന പ്രതീക്ഷയുടെ ചിഹ്നമാണത്. മനുഷ്യന്റെ നിലനിൽപ്പിനുള്ള അവസാനത്തെ ആശ്രയങ്ങളിലൊന്ന്. സമർത്ഥമായിത്തന്നെ അതു പറഞ്ഞു ഫലിപ്പിക്കാൻ കഥാകൃത്തിന് കഴിഞ്ഞിട്ടുമുണ്ട്.

മിനി പി.സിയുടെ ഫ്രഞ്ച് കിസ് (മാതൃഭൂമി) മധുരമായൊരു പ്രതികാരത്തിന്റെ കഥയാണ്. ആവർത്തിച്ച പ്രമേയമെങ്കിലും വ്യത്യസ്‌തമായി പറയാൻ മിനി ശ്രമിക്കുന്നുവെന്നതാണ് കഥയുടെ വിജയം. വിഷയലമ്പടനായ ഹുസൈൻ മുതലാളി താൻ ദ്രോഹിച്ച ബീനയുടെയും മറിയാനയുടെയും അടുത്ത് ചികിത്‌സയ്ക്കായെത്തുന്നു. അവർ പകരം വീട്ടുകയല്ല, അയാളെ സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. കടന്നൽചികിത്‌സ, തേനീച്ച വളർത്തൽ, സുരംഗം പണി തുടങ്ങിയ  അംശങ്ങളുടെ പുതുമയാർന്ന വിന്യസനത്തിലൂടെയാണ് മിനി ഈ പഴയ കഥാതന്തുവിനെ നവീകരിച്ചിരിക്കുന്നത്. മനുഷ്യർക്കു വേണ്ടിയുള്ള ജീവിതമല്ല, ഭൂമിക്കു വേണ്ടിയുള്ള ജീവിതമാണ് യഥാർത്ഥ ജീവിതമെന്നു പഠിച്ച ബീന. അതിനു വേണ്ടി ചെയ്യുന്നതെന്നും ശരിവഴികളാണെന്നുറപ്പുള്ളവൾ. കഥയ്ക്ക് ഹരിതദർശനത്തിന്റെ ഗഹനതയുണ്ടാവുന്നത് ബീന, മറിയാന, അപ്പൻ തുടങ്ങിയവരുടെ നിലപാടുകളിലൂടെയാണ്. മറുവശത്ത് ഹുസൈൻ മുതലാളി പ്രതിനിധീകരിക്കുന്ന ഉപഭോഗസംസ്‌കാരവും പരിസ്ഥിതി ചൂഷണവും, ലൈംഗികാതിക്രമങ്ങളും. മുതലാളിത്തത്തിന്റെ അധീശതന്ത്രങ്ങൾ. നിസഹായർക്കു നേരെയുള്ള ആക്രമണങ്ങൾ. അത്യന്തികമായ വിജയം നന്മയുടെ പക്ഷത്തിനാണെന്നത് അയഥാർത്ഥമായൊരു ഭാവനയോ സ്വപ്‌നമോ  മാത്രമാവാം. പക്ഷേ ആ സ്വപ്‌നം പോലും സന്തോഷപ്രദമാണ്.

ഗുരുജിയുടെ യോഗക്ലാസിൽ ചേരുന്ന മീരയുടെ ചിന്തകളിലും വീക്ഷണങ്ങളിലും വന്ന മാറ്റത്തെ അൽപ്പമൊരു സറ്റയറിന്റെ സ്വഭാവത്തോടെ ആവിഷ്‌കരിക്കുന്ന കഥയാണ് ജേക്കബ് എബ്രഹാമിന്റെ ശ്വാസഗതി (മാധ്യമം). മുപ്പത്തിരണ്ടു വയസു വരെ ശ്വസിച്ചു തന്നെ വളർന്നതെങ്കിലും അകത്തേക്കും പുറത്തേക്കും നാസാദ്വാരങ്ങളിലൂടെ കടന്ന് നെഞ്ചിൽ നിറഞ്ഞ് രക്‌തധമനികളിലേക്ക് പോകുന്ന ഈ സംഭവത്തെ താനിത്ര ഗൗനിച്ചിട്ടില്ലല്ലോയെന്ന് മീര തിരിച്ചറിയുന്നത് ഗുരുജിയുടെ യോഗക്ലാസിലെ ശ്വസന പ്രക്രിയകൾക്കു ശേഷമാണ്. അവൾ സ്‌കൂട്ടറെടുത്തു എന്നും രാവിലെ പോകുബോൾ അതു വരെ. ഒരിക്കലും നോക്കിയിട്ടില്ലാത്ത പ്രകൃതിയിലെ ശ്വാസങ്ങൾ ശ്രദ്ധിക്കുന്നു. ഇലകളുടെയും പൂക്കളുടെയും മറ്റു മനുഷ്യരുടെയും  കൊടിച്ചിപട്ടികളുടെയും ശ്വാസഗതി. അവളെ ഉറങ്ങാനനുവദിക്കാത്ത സജീവേട്ടന്റെ ഉച്ചത്തിലുള്ള ശ്വാസഗതി, കൂടെ യോഗ ചെയ്യുന്നവരുടെ ശ്വസനം. പുഞ്ചിരി ടെക്സ്റ്റയിൽസിലെ സെയിൽസ് ഗേളായ മീര ഒരു ശ്വാസനിരീക്ഷകയായി മാറുന്നു. മഹത്തായ സ്വാതന്ത്ര്യ സമരങ്ങൾ നടത്തിയിട്ടാണ് അവൾ യോഗക്ലാസിലെത്തുന്നത്. അതവൾക്ക് പ്രയോജനപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ശ്വാസം വിടാത്ത ജീവിതം ജീവിക്കുന്ന, യുഗങ്ങളായി ശ്വാസം കെട്ടി നിന്ന് ദുഷിച്ച ശ്വാസകോശങ്ങളുള്ള പെണ്ണുങ്ങളുടെ വിമോചനം കൂടിയാണ് മീരയും സംഘവും നടത്തുന്ന ബ്രീത്ത് ഇൻ, ബ്രീത്ത് ഔട്ട് വ്യായാമമുറകൾ.  ആണുങ്ങൾ ജിമ്മിൽ പോയി ശരീരമുറപ്പിച്ചെടുക്കുമ്പോൾ സ്‌ത്രീകൾ ശ്വാസം തുറന്നു വിട്ട് കെട്ടി നിൽക്കുന്നതിനെയെല്ലാം പറത്തിക്കളഞ്ഞ് സ്വയം ശുദ്ധീകരിക്കുന്നു. അവർ ദൃഡമാക്കുന്നത് സ്വന്തം മനസുകളെയാണ്. രസകരമായി ജേക്കബ് കഥ പറയുന്നുണ്ട്. പുതിയ രാഷ്‌ട്രീയ മാനങ്ങളിലേക്കു വികസിപ്പിക്കാവുന്ന ചില സാധ്യതകൾ അവശേഷിപ്പിച്ച് കഥ സാധാരണ മട്ടിൽ പെട്ടന്നങ്ങവസാനിക്കുന്നത് അൽപ്പം നിരാശ ജനിപ്പിച്ചേക്കാമെങ്കിൽക്കൂടി നല്ലൊരു കഥ.

ഫർസാന അലിയുടെ ഒപ്പീസ് (മാധ്യമം) നിത്യരോഗിയായ മീനമ്മയുടെ മരണം അംഗീകരിക്കാനാവാത്ത ഭർത്താവ് ജോസഫിന്റെ വേവലാതികളിലാണ് ഊന്നുന്നത്. യഥാർത്ഥ സംഭവത്തിൽ നിന്നാവണം കഥയുടെ ആശയം സ്വീകരിച്ചിട്ടുണ്ടാവുക. ഹോം നഴ്‌സിന്റെ കാഴ്ച്ചയിലൂടെ ജോസഫിന്റെയും മീനമ്മയുടെയും കഥ പറയുന്നു. അതിഭാവുകത്വവും നാടകീയതയും ഫർസാനയുടെ കഥയുടെ ദൗർബല്യങ്ങളാണ്. കാര്യമായൊരു ചലനവുമുണർത്താതെ കഥ അവസാനിക്കും.

സമകാലിക മലയാളത്തിൽ എം.ബി മനോജ് എഴുതിയ മൂവർ ശബ്‌ദം ശക്‌തമായ അന്തർധാരകളുള്ള രാഷ്‌ട്രീയകഥയാണ്. ചരിത്രവും നീതിബോധവും കീഴാളരാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവുമൊക്കെ ഇവിടെ സമന്വയിക്കുന്നു. പൊൻകുന്നം വർക്കി, സി. അയ്യപ്പൻ തുടങ്ങിയ കഥാകൃത്തുക്കൾ, പെരിയോർ, കരുണാനിധി, ചതുരംഗക്കളിയുടെ  നിയമങ്ങൾ… മനോജിന്റെ കഥ പ്രതീകങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. കഥയിലെ പ്രമേയം ഏറെ പ്രസക്‌തവുമാണ്. പക്ഷേ ഇതദ്ദേഹം ഒരു ലേഖനമായെഴുതിയിരുന്നെങ്കിൽ പാവം കഥാവായനക്കാർ ഇതു കഥയായി വായിച്ചു തീർക്കുകയെന്ന ക്ലേശത്തിൽ നിന്നു രക്ഷപെട്ടേനെ!

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account