വിനായകന്റെ ദുരന്തം കേരളം മറക്കാറായിട്ടില്ല. ആ സംഭവത്തെ ആസ്‌പദമാക്കി സിമി ഫ്രാൻസിസ് എഴുതിയ ‘ചില മൊട്ടുസൂചി വിദ്യകൾ’ (സമകാലിക മലയാളം) ആണ് ഈയാഴ്ച്ചയിലെ ശ്രദ്ധേയവും ഹൃദയസ്‌പർശിയുമായ കഥ.

അരികുജീവിതങ്ങൾ അകപ്പെടുന്ന സ്വത്വ പ്രതിസന്ധികളുടെ ആഴം ഈ കഥയിൽ കനത്തു നിൽക്കുന്നു. എല്ലായിടത്തും തെറ്റിദ്ധരിക്കപ്പെടുന്നവർ, എവിടെയും പാകമല്ലാത്തവർ. സാധാരണവും അലസവുമായ ഒരു കാത്തുനിൽപ്പിനോ വെറുതെ നിൽപ്പിനു പോലുമോ അവർ വലിയ വില കൊടുക്കേണ്ടി വരുന്നു. അവർക്കുള്ളതല്ല ഒരിടവും. മലയാളികളുടെ പ്രഖ്യാതമായ പുരോഗമനമുഖവും സമത്വാധിഷ്ഠിത നിലപാടുകളുമൊക്കെ എത്രമേൽ സന്ദേഹാസ്‌പമാണെന്ന് കഥ തെളിയിക്കുന്നു. ഇതാവട്ടെ ഒരു വെറും കഥയല്ല താനും. യഥാർത്ഥമായ സംഭവമാണ്. ഇരകൾ തന്നെ വീണ്ടും വീണ്ടും പഴിക്കപ്പെടുന്നു, അവർ തന്നെ ശിക്ഷിക്കപ്പെടുന്നു. വർണപരവും വംശീയവുമായ വിവേചനങ്ങൾ ഇല്ലാതാവുകയല്ല, വർദ്ധിച്ചുവരികയാണ്. സമൂഹ ഘടനയിൽ സവർണതയ്ക്കുള്ള ആനുകൂല്യങ്ങൾ സൂക്ഷ്‌മാർത്ഥത്തിൽ കീഴാളന്റെ വിധേയത്വത്തിലൂന്നിയതാണ്, അവന്റെ അവസരങ്ങൾ നിഷേധിക്കുന്നതിലൂടെ ഉണ്ടാക്കിയെടുത്തതുമാണ്. പൊതുനിരത്തിലൂടെ നടക്കാനുള്ള അവകാശം എത്രയധികം പൊരുതിയിട്ടാണ് കേരളത്തിലെ അവർണജനത നേടിയെടുത്തത്. പക്ഷേ ഇപ്പോഴും അവർ അതേ നിരത്തുകളിൽ ആട്ടിയോടിക്കപ്പെടുന്നു. പരസ്യമായും രഹസ്യമായും കീഴാളർ പൊതുവിടങ്ങളിൽ അപഹസിക്കപ്പെടുന്നു. നിറവും വേഷവും മാത്രം അവന്റെ ഐഡന്റിറ്റി ആവുന്നു.

സുഹൃത്തിനെ കാത്ത് വിമൻസ് കോളേജിനു മുന്നിൽ നിന്ന സന്തോഷിനെ അകാരണമായാണ് പോലീസ് പിടിച്ചു കൊണ്ടുപോവുന്നത്. അവന്റെ നിറം, കളർ ചെയ്‌ത തലമുടി ഇവയൊക്കെയാണ് അവനെ ഒറ്റിക്കൊടുക്കുന്നത്. അവൻ പ്രശ്‌നക്കാരനാണെന്ന് തീരുമാനിക്കാൻ അത്രയൊക്കെ മതി. അവൻ വരുന്ന കോളനിയാണ് മറ്റൊരു ഒറ്റുകാരൻ. അത് പുലയരുടെ കോളനിയാണ്. അവിടെ നിന്നുള്ള ഒരാൾക്ക് ആ പൊതുവിടത്തിൽ അങ്ങനെ നിൽക്കാനുള്ള അധികാരമില്ല. പോലീസ് അവന്റെ തല ഷേവ് ചെയ്യുന്നു. അച്ഛനെ വിളിച്ച് താക്കീതോടെ വിട്ടയക്കുന്നു. തിരിച്ചു പോകുമ്പോഴൊക്കെ സാരമില്ല എന്ന് അവനെ ആശ്വസിപ്പിക്കണമെന്ന് ചെല്ലപ്പൻ ആഗ്രഹിച്ചു. പക്ഷേ കഴിഞ്ഞില്ല. ആ ആശ്വാസവാക്കിന് ചിലപ്പോൾ സന്തോഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞേനെ. അപമാനം സഹിക്കവയ്യാതെ അവൻ ആത്‌മഹത്യ ചെയ്യുന്നു. ദുർബ്ബലനായ അച്ഛന്റെ പ്രതിഷേധത്തിനും സമരത്തിനുമൊന്നും അധികാരത്തോട്, അതിന്റെ ഫാസിസ്റ്റ് മനോഭാവത്തോട് ഒന്നും ചെയ്യാനാവില്ല. ആ തിരിച്ചറിവുണ്ടായ ചെല്ലപ്പൻ പണ്ടു മറന്നു വെച്ച ആഭിചാരത്തിന്റെ വഴിയാണ് പ്രതികാരത്തിനായി സ്വീകരിക്കുന്നത്. കഥാവസാനം അയഥാർത്ഥമായൊരു സ്വപ്‌നം മാത്രമായിരിക്കാം. പക്ഷേ ഇത്തരം പ്രതിരോധങ്ങൾ എന്നും ചരിത്രത്തിലുണ്ടായിരുന്നു. അങ്ങനെയാണാ വർഗ്ഗം അതിജീവിച്ചതും. സിമി ഫ്രാൻസിസിന്റെ കഥ അതിന്റെ രാഷ്‌ട്രീയത്തോടു കൂടി കൃത്യവും സൂക്ഷ്‌മവുമായിരിക്കുന്നു. കേരളീയ നവോത്ഥാനത്തെ ഒരു സ്വയം വിശകലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

മാധ്യമത്തിലെ സി. ഗണേഷിന്റെ ഞാനിവിടുണ്ട് എന്ന കഥയ്ക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് കഥാകൃത്തിന്റെ ആഖ്യാനം. വളരെ സ്വാഭാവികമായി ഒരു വീട്ടമ്മയുടെ പ്രഭാതം വർണിച്ചു പോകുന്നതിനിടെ അവൾ അന്ധയാണെന്ന തിരിച്ചറിവ് വായനക്കാരെ അമ്പരപ്പിക്കുന്ന രീതിയിൽ ആവിഷ്‌കരിക്കാൻ കഥാകൃത്തിനു കഴിയുന്നുണ്ട്. രണ്ടാം ഭാഗം സാഹിന അവളുടെ കഥ പറയുന്നതാണ്. പ്രാദേശികഭാഷയും അതിന്റെ പരിമിതികളും സാഹിനയുടെ ആഖ്യാനത്തെ വല്ലാതെ ക്ലിഷ്‌ടമാക്കുന്നുണ്ട്. അവളുടെ കഥയാവട്ടെ ഒട്ടും വിശ്വസനീയവുമല്ല. കള്ള പാസ്സ്‌പോർട്ടിൽ വിസയില്ലാതെ ഒമാനിലെ ഫ്ലാറ്റിൽ ഒളിച്ചു കഴിയുകയാണിപ്പോൾ സാഹിന. ഭർത്താവും മക്കളും പോയ്ക്കഴിഞ്ഞാൽ അവൾ പുറത്തു നിന്നുള്ള എല്ലാ ശബ്ദങ്ങളെയും ഭയപ്പെടണം. ആരെങ്കിലും വന്നാൽ ഒളിച്ചിരിക്കണം. രേഖകളില്ലാതെ താമസിക്കുന്ന അന്യദേശത്ത് അസ്‌തിത്വം തന്നെ സംശയാസ്‌പദമാകുന്നതിന്റെ പ്രതിസന്ധികളാണ് സാഹിനയിലൂടെ കഥാകൃത്ത് പറയാൻ ശ്രമിക്കുന്നത്. അത് പലേടത്തും പാളിപ്പോകുന്നത് പക്ഷേ കഥയുടെ തീവ്രതയെ ഗണ്യമായി ബാധിക്കുന്നുണ്ട്.

ഷെർലക് ഹോംസിന്റെ കേരളയാത്ര വിവരണം (മാധ്യമം) എഴുതിയ അനൂപ് ശശികുമാർ എന്താണു ലക്ഷ്യം വെയ്ക്കുന്നതെന്നു മനസിലാക്കുക പ്രയാസമാണ്. ആകപ്പാടെ ഇതൊരു യുക്തിരഹിതമായ തമാശക്കഥയാണെന്നു മാത്രം പറയാം. കേരളീയനവോത്ഥാനത്തെക്കുറിച്ച് കഥാകൃത്തിന് ചിലത് പറയാനുണ്ട്. ഡോ. പൽപ്പു, അയ്യങ്കാളി, ശ്രീനാരായണഗുരു, തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളാണ്. ഷെർലക് ഹോംസിനെ ഇവരുമായി ബന്ധിപ്പിക്കുന്നതും ഇവർക്കും കേരളത്തിലെ അവർണ ജനതയ്ക്കും വേണ്ടി രണ്ടു കൊലപാതകങ്ങൾ ഹോംസിനെക്കൊണ്ടു നടത്തിക്കുന്നതുമൊക്കെ ഒരു മുത്തശിക്കഥയായിപ്പോലും വായിച്ചെടുക്കുക പ്രയാസം. അത്രയധികം യുക്തിഭംഗങ്ങളാണ് കഥയൊട്ടാകെ. നീതിയെക്കുറിച്ചും നിയമവ്യവസ്ഥയെക്കുറിച്ചുമുള്ള ചില ചിന്തകളുമുണ്ട് കഥയിൽ. ഒരു ഇംഗ്ലീഷുകാരൻ ബ്രട്ടീഷ് ഭരണത്തിൻ കീഴിലുള്ള കേരളത്തിലെ നിയമ വ്യവസ്ഥയുടെ വീഴ്ച്ചകളിൽ പരിതപിച്ച്, ഇവിടെ നിലനിൽക്കുന്ന ജാതി സമ്പ്രദായത്തിന്റെ കാർക്കശ്യത്തിൽ അസ്വസ്ഥനായി രണ്ടു കൊലകളും നടത്തി മുങ്ങുന്ന നീതിബോധവും വിചിത്രം.

മാതൃഭൂമിയിൽ വി.ആർ. സുധീഷ് എഴുതിയ ‘പൂന്തോട്ടത്തിൽ ഇലഞ്ഞി’ വായിക്കുമ്പോഴും അതിന് മദനൻ വരച്ച ചിത്രങ്ങൾ കാണുമ്പോഴും കുറഞ്ഞത് മുപ്പതു വർഷം മുമ്പത്തെ മാതൃഭൂമി വാരികയാണോ തുറന്നതെന്നു വായനക്കാർ സംശയിക്കും. പറഞ്ഞു തുരുമ്പിച്ച പ്രമേയം പറഞ്ഞു പറഞ്ഞു പഴകിയ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. കിടപ്പിലായ വൃദ്ധൻ, അയാളുടെ പഴയ പ്രണയം, താലി മോഹിച്ചിട്ട് അതു തരാത്തതിൽ കാമുകിയുടെ നീരസം, അങ്ങനങ്ങനെ… വൃദ്ധനെ നോക്കാൻ വരുന്ന രാമൻകിടാവിന്റെ ജാതി സർട്ടിഫിക്കറ്റും ആധാർ കാർഡും ചോദിക്കുന്നതിലൂടെയൊക്കെ പത്തമ്പതു വർഷം മുമ്പത്തെ കഥയെ അൽപ്പമൊന്നു നവീകരിച്ചിട്ടുണ്ട്. ഇടിഞ്ഞു പൊളിഞ്ഞ മാളികക്ക് കുമ്മായമടിച്ച പോലെയുണ്ട് അതൊക്കെ.

– ജിസാ ജോസ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account